Tuesday, April 23, 2013

അട്ടപ്പാടിയില്‍ കുടിവെള്ളവുമില്ല

കൂട്ടശിശുമരണം നടക്കുന്ന അട്ടപ്പാടി കടുത്ത ജലക്ഷാമത്തിന്റെ പിടിയില്‍. കിലോമീറ്ററുകള്‍ താണ്ടി ചില പ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. പ്രധാന ജലസ്രോതസ്സുകളായ ഭവാനി, ശിരുവാണി പുഴകള്‍ വറ്റി. പുഴകളുടെ കൈവഴികളിലെ നീരൊഴുക്കും നിലച്ചു. ഭൂഗര്‍ഭ ജലത്തിന്റെ അളവും വന്‍തോതില്‍ താഴ്ന്നു. ശുദ്ധജലത്തിന്റെ അഭാവത്തില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരാനും സാധ്യതയുണ്ട്. ഷോളയൂര്‍ പഞ്ചായത്തിലെ 16 ഊരുകളിലും വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ആയിരത്തിലധികം കുടുംബങ്ങളാണ് വെള്ളംകിട്ടാതെ വലയുന്നത്. വരടിമല അടക്കമുള്ള എസ്റ്റേറ്റുകളില്‍നിന്നാണ് ഈ പ്രദേശത്ത് വെള്ളമെത്തിയിരുന്നത്. ഇറ്റുവീഴുന്ന വെള്ളം ഗ്ലാസുകളില്‍ ശേഖരിച്ചാണ് മിക്ക ഊരുകളിലുള്ളവരും ഇപ്പോള്‍ കുടിവെള്ളമെടുക്കുന്നത്. കുളിക്കാന്‍ നാലു കിലോമീറ്റര്‍ അകലെ അരുവിയിലേക്ക് പോകണം.

പുതൂര്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളും കുടിവെള്ളക്ഷാമത്തിലാണ്. പാലൂര്‍, ദൊഡുഗട്ടി, കുളപ്പടിക, ധാന്യം, ഗൊട്ടിയാര്‍കണ്ടി ഊരുകളില്‍ വെള്ളം കിട്ടാനേയില്ല. കിലോമീറ്ററുകള്‍ അകലെ ഭവാനിപ്പുഴയില്‍നിന്ന് വാഹനത്തിലാണ് വെള്ളമെത്തിക്കുന്നത്. ഭവാനി, ശിരുവാണി പുഴകളില്‍ ചിലയിടത്തുമാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. പുഴകളില്‍ കുഴിയെടുത്താണ് നാട്ടുകാര്‍ വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലമെത്തിക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കുന്നുമില്ല. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ശിരുവാണിപ്പുഴയിലെ മലിനജലമാണ് നൂറുകണക്കിനുരോഗികള്‍ ഉപയോഗിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയും ജലദൗര്‍ലഭ്യം ബാധിക്കുന്നു. വെള്ളത്തിന്റെ കുറവും ചൂട് കൂടിയതും കന്നുകാലികള്‍ ചാകാന്‍ ഇടയാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൂടുകൂടിയതോടെ പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ കാര്‍ഷികവിളകള്‍ കരിയുകയാണ്. കുരുമുളക്, ഇഞ്ചി, ഏലം, കാപ്പി തുടങ്ങിയ വിളകളും ഫലവൃക്ഷങ്ങളും ഉണങ്ങി.
(പി എസ് പത്മദാസ്)

ശിശുമരണം: വീഴ്ച പറ്റി- മുനീര്‍

അഗളി: പോഷകാഹാരക്കുറവുമൂലം നവജാത ശിശുക്കള്‍ മരിക്കാനിടയായതില്‍ പഞ്ചായത്തുകള്‍ക്കും വീഴ്ചയെന്ന് മന്ത്രി എം കെ മുനീര്‍. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി അങ്കണവാടികളുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കാണ്. പദ്ധതിവിഹിതം ചെലവാക്കുന്നതിലും പഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി. സാമൂഹ്യക്ഷേമവകുപ്പിനും പിഴവുണ്ടായി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അട്ടപ്പാടിയിലെ എല്ലാ ആദിവാസികുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നവജാത ശിശുക്കള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അട്ടപ്പാടി സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. പ്രസവത്തോടെ കുഞ്ഞ് മരിച്ച പാലൂരിലെ കുമാര്‍, ലക്ഷ്മി ദമ്പതികളെയൂം മന്ത്രി സന്ദര്‍ശിച്ചു. അഗളിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുത്തു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ എന്നിവരും സംബന്ധിച്ചു.

deshabhimani 230413

No comments:

Post a Comment