പൊലീസ് കസ്റ്റഡിയിലെടുത്ത് അവര്‍ പറയുന്നതുപോലെ മജിസ്ട്രേറ്റിനുമുന്നില്‍ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷി പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടിക്ക് മൊഴിനല്‍കി. ബിജെപി പ്രവര്‍ത്തകനും കേസിലെ 84-ാം സാക്ഷിയുമായ പന്തക്കല്‍ തയ്യില്‍വീട്ടില്‍ ശ്രീജേഷാണ് പൊലീസ് അഞ്ചുദിവസം കസ്റ്റഡിയില്‍വച്ച് നിര്‍ബന്ധിച്ച് മൊഴിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞത്. മജിസ്ട്രേറ്റിന് മൊഴിനല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെങ്കിലും അതിന് തയ്യാറായില്ല. മൊഴി നല്‍കാന്‍ ഹാജരാകാന്‍ പയ്യോളി മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് സമന്‍സ് ലഭിച്ചിരുന്നു. പൊലീസ് നിര്‍ദേശിച്ച പ്രകാരം പറയാന്‍ തയ്യാറല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരായില്ല. പൊലീസ് പറയാന്‍ നിര്‍ബന്ധിച്ച കാര്യങ്ങള്‍ തെറ്റായിരുന്നു. പ്രോസിക്യൂഷന്‍ പ്രതികളെന്ന് ആരോപിച്ചവരെ അറിയില്ല. 2012 ഏപ്രില്‍ 24ന് വില്ലേജ് ബാറില്‍വച്ച് നാലുപേര്‍ കൊലപാതകത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായി പൊലീസിന് മൊഴി കൊടുത്തിട്ടില്ല. താന്‍ ബാറില്‍പോയി മദ്യപിക്കാറില്ലെന്നും കോടതിയില്‍ മൊഴി മാറ്റിപ്പറയുകയല്ലെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ ശ്രീജേഷ് വ്യക്തമാക്കി.
കേസിലുള്‍പ്പെട്ട രമീഷിനെ അറിയില്ലെന്ന് 83-ാം സാക്ഷി കോറോത്ത് കാരക്കെട്ടിന്റവിട സുബിന ബാബുരാജ് പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ പറഞ്ഞു. രമീഷിന്റെ സഹോദരി രമ്യക്ക് മൊബൈല്‍ സിംകാര്‍ഡ് എടുക്കാന്‍ തന്റെ വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡിന്റെ കോപ്പി കൊടുത്തിട്ടില്ല. സിംകാര്‍ഡ് അപേക്ഷയിലെ ഫോട്ടോ തന്റേതല്ല. തന്റെ പേരില്‍ രമ്യ എടുത്ത സിംകാര്‍ഡാണ് രമീഷ് ഉപയോഗിക്കുന്നതെന്ന് പൊലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും പൊലീസ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ ശരിയല്ലെന്നും സുബിന പറഞ്ഞു. വിസ്തരിച്ച 82 സാക്ഷികളില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ 47 ആയി. 168 മുതല്‍ 173 വരെയുള്ള സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കേണ്ടിയിരുന്നത്. പൊലീസ് രേഖപ്പെടുത്തിയ മൊഴി നിഷേധിക്കുമെന്ന് ഭയന്ന് 169, 170, 173 സാക്ഷികളെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 172-ാം സാക്ഷി കെ വസന്ത അസുഖമായതിനാല്‍ അവധി അപേക്ഷ നല്‍കി. ഇവരെ മെയ് രണ്ടിന് വിസ്തരിക്കും. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം അശോകന്‍, പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചു. ചൊവ്വാഴ്ച രണ്ടാം സാക്ഷി വള്ളിക്കാട് സ്വദേശി ടി പി രമേശനെ വിസ്തരിക്കും. നേരത്തേ വിസ്താരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ വിസ്തരിക്കുന്നത് കോടതി മാറ്റുകയായിരുന്നു.
രണ്ട് സാക്ഷികളെ തല്‍ക്കാലം വിസ്തരിക്കില്ല
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിലെ 190, 192 സാക്ഷികളെ തല്‍ക്കാലം വിസ്തരിക്കില്ല. 26ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ച 190-ാം സാക്ഷി ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ എസ് എന്‍ രമേശ്രാജ്, 192-ാം സാക്ഷി വോഡാഫോണ്‍ നോഡല്‍ ഓഫീസര്‍ ഷഹീന്‍ എം കോമത്ത് എന്നിവര്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കും. ഓഫീസര്‍മാരെ വിസ്തരിക്കുമ്പോള്‍ ചില പ്രോസിക്യൂഷന്‍ സാക്ഷികളുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സമയം വേണ്ടതിനാലാണ് ഇവരുടെ വിസ്താരം മാറ്റിയത്. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളായ പ്രസീത്, ടി പി രമേശന്‍, മനീഷ്, 48-ാംസാക്ഷി പ്രകാശന്‍ എന്നിവരുടെ സിഡിആര്‍(കാള്‍ ഡാറ്റ റെക്കോഡ്) ഹാജരാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജി. രണ്ടാം സാക്ഷി ടി പി രമേശന്റെ വിസ്താരം പൂര്‍ത്തിയായ ശേഷമേ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാവൂ എന്ന് ജഡ്ജി ആര്‍ നാരായണപിഷാരടി അറിയിച്ചു. സിഡിആര്‍ ഹാജരാക്കാന്‍ ഇപ്പോള്‍ നിര്‍ദേശിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ കൗണ്ടര്‍ പെറ്റീഷനും രണ്ടാം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനാല്‍ കോടതി പരിഗണിച്ചില്ല.
deshabhimani 230413
No comments:
Post a Comment