Thursday, April 4, 2013
യുഎസില്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്നു
ചിക്കാഗൊ: പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ യു എസ് നഗരമായ ചിക്കാഗൊയില്‍ വന്‍പ്രതിഷേധം. നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തിയാണ് പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്നത്. അടച്ചുപൂട്ടലിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരില് ബഹുഭൂരിപക്ഷവും ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരായ കുട്ടികള്‍.
30,000 ല്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 54 പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള തീരുമാനം ചിക്കാഗൊ വിദ്യാഭ്യാസബോര്‍ഡ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. 50,000ല്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 80 വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനാണ് തീരുമാനം. സാധാരണക്കാരായവരുടെ കുട്ടികള്‍ പഠിക്കുന്നവയാണ് ഈ പൊതുവിദ്യാലയങ്ങള്‍. അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ 80 ശതമാനവും ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരാണ്.
പൊതു വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാതിരുന്നാല്‍ അടുത്തവര്‍ഷം 100 കോടി ഡോളര്‍ നഷ്ടമാകുമെന്നാണ് ചിക്കാഗൊ വിദ്യാഭ്യാസ ബോര്‍ഡിന്റെ കണക്ക്. വേണ്ടത്ര വിദ്യാര്ഥികളില്ലായെന്ന ന്യായവും പറയുന്നുണ്ട്. പൊതു വിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള അവസരമാകും നിഷേധിക്കപെടുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം, തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സമൂഹത്തില്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് സ്ഥിതി അത്യന്തം സ്ഫോടകാത്മകമാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അധ്യാപകര്‍ക്ക് പുറമെ മറ്റ് സ്കൂള്‍ ജീവനക്കാര്‍ക്കും കോഫി ഹൗസുകളിലെയും മറ്റും പണിയെടുക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകും.
അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ഒളിമ്പിക് ഇതിഹാസമായ ജെസ്സെ ഓവന്‍സ്, പ്രശസ്തഗായിക മഹാലിയജാക്സന്, സാഹസിക സഞ്ചാരിയായിരുന്ന മാത്യു ഹെന്സന് തുടങ്ങിയ വിശ്വ പ്രശസ്തരായ ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരുടെ പേരിലറിയപ്പെടുന്നവയുമുണ്ട്.
അടച്ചുപൂട്ടല്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ചിക്കാഗൊയില്‍ പതിനായിരത്തോളം പേര് പ്രകടനം നടത്തി. പ്രകടനക്കാര്‍ ചിക്കാഗൊനഗരസഭയുടെ സിറ്റിഹാള്‍ ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 150 ല്‍പരം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കാഗൊ ടീച്ചേഴ്സ് യൂണിയന് ഉള്‍പ്പടെ നിരവധി ട്രേഡ് യൂണിയന്, സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും ഉപരോധസമരവും നടന്നത്. മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാവായ റവ. ജെസ്സെ ജാക്സണ് ഉള്‍പ്പടെ നിരവധി പുരോഹിതരും സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. ഈ പോരാട്ടം ഒരു തുടക്കം മാത്രമാണെന്ന് പ്രകടനക്കാരെ അഭിസംബോധന ചെയ്ത നേതാക്കള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമാണ് അടച്ചുപൂട്ടല്‍ നടപടിയെന്ന് ചിക്കാഗൊ ടീച്ചേഴ്സ് യൂണിയന് പ്രസിഡന്റ് കാരെന് ലൂയിസ് പറഞ്ഞു. ചിക്കാഗൊ നഗരസഭാ കൗണ്‍സിലിലെ പുരോഗമന ചിന്താഗതിക്കാരായ അംഗങ്ങളുടെ ഫോറവും പിന്തുണയുമായെത്തി. സ്ക്കൂള് അടച്ചു പൂട്ടലിന്റെ പ്രശ്നം യു എസ് കോണ്‍ഗ്രസ് മുമ്പാകെ ഉന്നയിക്കുമെന്ന് റിപ്പബ്ലിക്കന്‍ കക്ഷി അംഗമായ ബോബിറഷ് പറഞ്ഞു.
സ്ക്കൂള് അടച്ചു പൂട്ടല്‍ പ്രാബല്യത്തില്‍ വരുന്ന മെയ് മാസത്തിനുമുമ്പ് കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
janayugom 040413
Labels:
അമേരിക്ക,
വാർത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment