Thursday, April 4, 2013

പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും


പരിയാരം, കളമശേരി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് മെഡിക്കല്‍ കോളേജുകളുടെയും ആസ്തി ബാധ്യതകള്‍ വിലയിരുത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനം, സിനിമ മന്ത്രിയായിരുന്ന ഗണേശ് കുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഗണേശ് കുമാര്‍ രാജിയ്ക്ക് സ്വയം തയ്യാറാകുകയായിരുന്നു. തനിക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്നാണ് ഗണേശ് വിശദീകരിച്ചത്. മന്ത്രിമന്ദിരത്തെ ഗണേശ് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഗണേശ് യാമിനി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമായിരുന്നെന്നം അദ്ദേഹം പറഞ്ഞു.

സൗദിയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മതിയായ രേഖകളില്ലാത്ത പ്രവാസികളെ സഹായിക്കും. സൗദി പ്രതിസന്ധി മൂലം കഷ്ടതകളനുഭവിക്കുന്നവരുടെ പ്രശ്ന പരിഹാരത്തിന് കെ സി ജോസഫ് അധ്യക്ഷനായ നാലംഗ മന്ത്രിസഭാ സമിതി രൂപീകരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രത്യേക പ്രവാസി സഹായ സെല്‍ രൂപീകരിക്കും.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ 99 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയില്‍ ജലസേചന വകുപ്പിന്റെ നാല്‍പത് ഏക്കര്‍ സ്ഥലം സിആര്‍പിഎഫ് ഹെഡ്കോര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

deshabhimani

No comments:

Post a Comment