Monday, April 1, 2013
പേറ്റന്റ് നിയമം സാധു : നൊവാര്‍ട്ടിസിന്റെ ഹര്‍ജി തള്ളി
രക്താര്‍ബുദത്തിനുള്ള മരുന്ന് നേരിയ മാറ്റം വരുത്തി ഉല്‍പ്പാദനാവകാശം സ്വന്തമാക്കാനുള്ള സ്വിസ് മരുന്ന് കുത്തക കമ്പനിയായ നൊവാര്‍ട്ടിസിന്റെ നീക്കം പൊളിഞ്ഞു.പുതിയ മരുന്നിന് പേറ്റന്റ്നല്‍കാനാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കമ്പനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണിത്. പേറ്റന്റ് നിഷേധിക്കാന്‍ ആധാരമാക്കിയ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ചെറിയ മാറ്റംവരുത്തി 8000 രൂപയുടെ മരുന്ന് 120000 രൂപയ്ക്ക് വില്‍ക്കാനും ഒപ്പം മറ്റ് കമ്പനികള്‍ ഈ മരുന്ന് ജനറിക്ക് മരുന്നായി വില്‍ക്കുന്നത് തടയാനും ലക്ഷ്യമിട്ടായിരുന്നു ഹര്‍ജി. നൊവാവര്‍ട്ടിസിന്റെ വാദം തള്ളിയതോടെ കാന്‍സറിന് ഇന്ത്യയില്‍ കൂടുതല്‍ ജനറിക്ക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനാകും.
മരുന്നില്‍ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ലെന്നും അതുകൊണ്ട് പുതിയ പേറ്റന്റ് നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യന്‍ പേറ്റന്റ് നിയമം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ മരുന്ന് വിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ജ. അഫ്താബ് ആലം, ജ. രഞ്ജനപ്രസാദ് ദേശായി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ക്രോണിക്ക് മയലോയിഡ് ലൂക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ചികിത്സക്കായി ഇമാറ്റിനിബ് മെസിലേറ്റ് എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാര്‍ട്ടിസ് നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ഗ്ലീവക്ക്. നൊവാര്‍ട്ടിസ് കമ്പനിക്ക് പുറമേ ഇന്ത്യന്‍ കമ്പനികളായ നാറ്റ്കോ, സിപ്ലാ, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക്ക് ഔഷധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ മരുന്നിന്റെ പത്തിരട്ടി വിലയ്ക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്നു വില്‍ക്കുന്നത്. തങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗ്ലീവക്ക് പുതിയ മരുന്നാണെന്ന് അവകാശപ്പെട്ട് നൊവാര്‍ട്ടിസ് ചെന്നൈയിലെ പേറ്റന്റ് ഓഫീസില്‍ പേറ്റന്റിനായി അപേക്ഷിച്ചു.
തങ്ങളുടെ ഉല്പന്നം കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ് മെസിലേറ്റിന്റെ ബീറ്റാ ക്രിസ്റ്റല്‍ ഫോമിലുള്ളതാണെന്നും മറ്റ് കമ്പനികളുടേത് ചികിത്സാക്ഷമത കുറഞ്ഞ ഫ്രീ ബേസ് ഫോമിലുള്ളതാണെന്നും തങ്ങളുടെ മരുന്നിന്റെ ജൈവലഭ്യത കൂടുതലാണെന്നും അവകാശപ്പെട്ടാണ് നൊവാര്‍ട്ടിസ് പേറ്റന്റ് അപേക്ഷ നല്‍കിയത്. എന്നാല്‍ പേറ്റന്റ് കണ്‍ട്രോളര്‍ പേറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ് പ്രയോഗിച്ച് നൊവാര്‍ട്ടിസിന്റെ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. തുടര്‍ന്നാണ് നൊവാര്‍ട്ടിസ് 3(ഡി) വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ആദ്യം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. ചെന്നൈ കോടതി നൊവാര്‍ട്ടിസിന്റെ വാദം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തത്.
സുപ്രീകോടതിയില്‍ കേസ് പരിഗണിക്കാനിരുന്ന ജഡ്ജുമായി നൊവാര്‍ട്ടിസിനു ബന്ധമുണ്ടെന്ന് ജനകീയാരോഗ്യ സംഘടനകള്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചുമതലയില്‍ നിന്നും ഒഴിഞ്ഞു. മറ്റൊരു ബഞ്ചിലാണ് കേസ് കേട്ടത്.
കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റ് ഭേദഗതിക്കായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപ്രകാരം നോവാര്‍ട്ടിസിനേറതുപോലെയുള്ള കമ്പനികളുടെ അവകാശവാദങ്ങള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്ന നിയമത്തില്‍ മാറ്റം വരുത്തുകയും ഇത്തരം അവകാശവാദങ്ങളുന്നയിച്ച് പേറ്റന്റെടുക്കുന്നതു തടയുന്നതിനായി 3(ഡി) എന്നൊരു പുതിയ വകുപ്പ് എഴുതി ചേര്‍ക്കുകയുമായിരുന്നു. ഈ കേസില്‍ നൊവാര്‍ട്ടിസിനുകൂലമായി വിധിവന്നാല്‍ നിരവധി നിരര്‍ത്ഥക പേറ്റന്റുകളുടെ പ്രളയം തന്നെ ഉണ്ടാകുമെന്ന് ാശങ്ക ഉയര്‍ന്നിരുന്നു. കൂടുതൽ വായനക്ക്: ഇന്ത്യന്&്വംഷ; പേറ്റന്&്വംഷ;റ് നിയമം പരീക്ഷിക്കപ്പെടുന്നു
വിധിയുടെ പൂർണരൂപം
ഇന്ത്യന്‍ പേറ്റന്റ് നിയമം പരീക്ഷിക്കപ്പെടുന്നു
Labels:
ആരോഗ്യരംഗം,
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment