Thursday, April 25, 2013

ഭീകരതയുടെ വരവ് : ശിവഗിരിയില്‍ നരേന്ദ്ര മോഡി


ശിവഗിരി മഠത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കം ചാര്‍ത്തി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ശിവഗിരിയിലെത്തി. മാനവികതയുടെ പര്യായമായ ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനായ മോഡി എത്തിയത് സംഘപരിവാര്‍ സഹയാത്രികരായ ഒരു വിഭാഗം സന്യാസിമാരുടെ ഗൂഢനീക്കത്തിലൂടെയാണ്്. കടുത്ത പ്രതിഷേധവുമായി വര്‍ക്കലയിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങള്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നടക്കം സംഘപരിവാര്‍ പ്രവര്‍ത്തകരെ എത്തിച്ച് ശിവഗിരിയെ കാവിപ്പിടിയിലാക്കി.

ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനാണ് മോഡിയെ ക്ഷണിച്ചുവരുത്തിയത്. ഗുരുവിന്റെ സമാധിസ്ഥലവും സന്ദര്‍ശിച്ചശേഷം മോഡി രാത്രി മടങ്ങി. വൈകിട്ട് നാലിന് പ്രത്യേക വിമാനത്തിലാണ് മോഡി എത്തിയത്. വരവ് പ്രമാണിച്ച് ശിവഗിരിയിലും വര്‍ക്കലയിലും ഉള്‍പ്പെടെ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഗുജറാത്തിലെ ഉന്നത പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള സംഘം ശിവഗിരിയിലും പരിസരങ്ങളിലും തമ്പടിച്ചിരുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ടതിനാല്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകള്‍ ഏര്‍പ്പെടുത്തിയ സുരക്ഷയ്ക്ക് പുറമെയാണിവയെല്ലാം. ശിവഗിരിയില്‍ ബിജെപി നേതാക്കളുടെ വന്‍തോതിലുള്ള സാന്നിധ്യമാണുണ്ടായിരുന്നത്. ബിജെപി പതാകയുമേന്തിയാണ് വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ എത്തിയത്. വേദിയില്‍ ശ്രീനാരായണഗീതങ്ങള്‍ ആലപിക്കുമ്പോള്‍പോലും ഭാരത് മാതാ കീജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. സ്വാഗത പ്രാസംഗികനുള്‍പ്പെടെ നരേന്ദ്രമോഡിയുടെ പേരുപറയുമ്പോള്‍ കൈയടിച്ചും മറ്റും ബഹളംവച്ചു. ഒരു ഘട്ടത്തില്‍ അധ്യക്ഷ പ്രാസംഗികനായ സ്വാമി പ്രകാശാനന്ദ നിശ്ശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബഹളം തുടര്‍ന്നു. വേദിയില്‍ ചൊല്ലിയ ശ്രീനാരായണ സ്തുതി ഏറ്റുചൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്ന ശ്രീനാരായണീയര്‍ മാത്രമാണ് അത് ചെയ്തത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ബിജെപി നേതാവ് ഒ രാജഗോപാല്‍, സ്വാമി പരാനന്ദ, സ്വാമി ശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിച്ചു. സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ഗുരുപ്രസാദ് നന്ദിയും പറഞ്ഞു. മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിനെതിരെ നാടെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ശിവഗിരിയുടെ പവിത്രത തകര്‍ക്കുന്ന നടപടിക്കെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും സാംസ്കാരികപ്രവര്‍ത്തകരും ഉള്‍പ്പെടെ രംഗത്തിറങ്ങി.

കേരളത്തിന് കറുത്ത ദിനം: പിണറായി

തിരു: സാംസ്കാരികപ്രബുദ്ധതയുടെ കേന്ദ്രമായ ശിവഗിരിയില്‍നരേന്ദ്രമോഡി എത്തിയ ദിവസം കേരളത്തെ സംബന്ധിച്ച് കറുത്ത ദിനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണഗുരു നാടിന് സംഭാവന ചെയ്ത അമൂല്യമായ സംസ്കാരത്തെ ശിവഗിരിയില്‍നിന്ന് ആട്ടിപ്പുറത്താക്കിയിരിക്കയാണ്. നരേന്ദ്രമോഡി ശിവഗിരിയില്‍ കാലുകുത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയറ്റിനുമുന്നില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശിവഗിരിയെന്നാണ് ശ്രീനാരായണഗുരുവിന്റെ അനുയായികളായ സന്യാസിമാര്‍ പറഞ്ഞിരുന്നത്. ജാതിചിന്തയുടെ വേര്‍തിരിവില്ലാതെ ജീവിക്കണമെന്ന് അന്നത്തെ കാലഘട്ടത്തില്‍ പറഞ്ഞ ഗുരുവിന്റെ കേന്ദ്രത്തിലേക്കാണ് അന്യമതക്കാര്‍ കീഴാളരായി ജീവിക്കണമെന്ന് ഉദ്ഘോഷിക്കുന്ന വര്‍ഗീയതയുടെ വക്താവിനെ കൊണ്ടുവന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്നാണ് ഗുരു ഉദ്ഘോഷിച്ചത്. മനുഷ്യത്വത്തെ നിരാകരിക്കുകയും മതവിരോധത്തിന്റെ പേരില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തയാളെ ക്ഷണിച്ചതിലൂടെ ശിവഗിരിയിലെ കാഷായവസ്ത്രധാരികള്‍ വളരെ അധഃപതിച്ചു.

ഗുജറാത്തിലെ കലാപകാരികള്‍ക്ക് സംരക്ഷണം നല്‍കിയതും കലാപത്തീയില്‍ എണ്ണയൊഴിച്ചതും മോഡിയാണെന്നത് ആര്‍ക്കും മറക്കാനാകില്ല. ശിവഗിരിയില്‍ സ്ഥാനമുറപ്പിക്കാന്‍ ആര്‍എസ്എസ് നേരത്തെ ശ്രമം നടത്തിയപ്പോള്‍ സ്വാമി ശാശ്വതീകാനന്ദ അടക്കമുള്ളവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പാക്കുന്നതായി കാണാം. ഗിവഗിരിയില്‍നിന്ന് ഗുരുചിന്തയെ ചവിട്ടി പുറത്താക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് അവിടത്തെ സന്യാസിമാര്‍ ഓര്‍ക്കണം. വര്‍ണാശ്രമധര്‍മത്തിനെതിരെ നാടിനെ വലിയ തോതിലുള്ള ചിന്തയിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുവാണ.് എന്നാല്‍, വര്‍ണാശ്രമധര്‍മം തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുടെ നേതാവിനെയാണ് കാഷായ വസ്ത്രധാരികള്‍ ക്ഷണിച്ചുവരുത്തിയത്. മോഡിയെ ക്ഷണിച്ചതില്‍ എസ്എന്‍ഡിപി യോഗം നേതാവും തെറ്റൊന്നും കാണുന്നില്ല. ഇത്തരം വൈകൃതങ്ങളെ ന്യായീകരിക്കുമ്പോള്‍, ശ്രീനാരായണധര്‍മം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

deshabhimani 250413

No comments:

Post a Comment