Thursday, April 25, 2013

അംബാനിയുടെ സുരക്ഷ: വ്യാപക പ്രതിഷേധം


അതിസമ്പന്നനായ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് "ഇസഡ് കാറ്റഗറി"യിലുള്ള സുരക്ഷ നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റും നല്‍കിവരുന്ന ഉയര്‍ന്ന സുരക്ഷതന്നെയാണ് മുകേഷ് അംബാനിക്കും നല്‍കുന്നത്. ഇന്ത്യന്‍ മുജാഹിദീനില്‍നിന്ന് ഫെബ്രുവരി 24 ന് ഭീഷണിക്കത്ത് ലഭിച്ചുവെന്നതിന്റെ പേരിലാണ് അംബാനിക്ക് ഉയര്‍ന്ന സുരക്ഷ എര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭഭഅംഗീകാരം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയുടെ സുരക്ഷയ്ക്ക് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യേഗസ്ഥന്റെ നേതൃത്വത്തില്‍ 20 സിആര്‍പിഎഫ് കമാന്‍ഡോകളെ നിയോഗിക്കുന്നത്. ഗുജറാത്തില്‍ ന്യൂനപക്ഷഹത്യക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടാണ് മുകേഷ് അംബാനിക്കെതിരെ ഇന്ത്യന്‍ മുജാഹിദീന്‍ ഭീഷണി ഉയര്‍ത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ തന്റെ ബഹുനില ആഡംബരവസതിക്കു മുന്നില്‍ പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നായിരുന്നു മുകേഷ് അംബാനിയുടെ ആവശ്യം. സാധാരണ ജനങ്ങളുടെ സുരക്ഷയേക്കാള്‍ കോര്‍പറേറ്റുകളുടെ സുരക്ഷയില്‍ ഉല്‍ക്കണ്ഠയുള്ള യുപിഎ സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷതന്നെ മുകേഷ് അംബാനിക്ക് നല്‍കാന്‍ തീരുമാനിച്ചു. വീടിനും സുരക്ഷ നല്‍കും. ഒരു മാസം 16 ലക്ഷം രൂപയോളം ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരും.

ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് 1,20,000 കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ 22-ാമത്തെ സമ്പന്നനായ മുകേഷ് അംബാനി ഈ ചെലവ് വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ബാലികമാര്‍ക്കുപോലും സംരക്ഷണം നല്‍കാന്‍ കഴിയാതിരിക്കുമ്പോഴാണ് കുത്തകമുതലാളിയായ മുകേഷ് അംബാനിക്ക് സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. അംബാനിയുടെ സുരക്ഷ പിന്‍വലിക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ദനും ആവശ്യപ്പെട്ടു. മുകേഷ് അംബാനിക്ക് ഉയര്‍ന്ന സുരക്ഷ നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം അത്യന്തം ധാര്‍ഷ്ട്യമാണെന്ന് ബിഎസ്എഫിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രകാശ്സിങ് പ്രതികരിച്ചു. സുരക്ഷാ സേനയുടെ വീര്യം ചോര്‍ത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 250413

No comments:

Post a Comment