Tuesday, April 23, 2013

മോഡിയുടെ വരവില്‍ സന്യാസിമാര്‍ക്ക് എതിര്‍പ്പ്


ഗുജറാത്ത് വംശഹത്യയുടെ ചോരക്കറയുള്ള നരേന്ദ്രമോഡിയെ ശിവഗിരി മഠം ആദരിക്കുന്നതില്‍ സന്യാസി പ്രമുഖരില്‍ ചിലര്‍ എതിര്‍പ്പറിയിച്ചു. ശിവഗിരി മഠം ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് മോഡിയെ ഒരുവിഭാഗം സന്യാസിമാര്‍ ക്ഷണിച്ചത്. ശിവഗിരി ധര്‍മമീമാംസാപരിഷത്ത് കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോഡി 24ന് എത്തുന്നത്. ഇതിനായി മഠത്തിലെ രണ്ടു സ്വാമിമാരാണ് ഗൂഢമായി പ്രവര്‍ത്തിച്ചത്. ബിജെപിയുടെ കേരളത്തിലെ നേതാക്കളുമായും ഇവര്‍ കൂടിയാലോചനകള്‍ നടത്തി. മഠം ജനറല്‍സെക്രട്ടറി സ്വാമി ഋതംബരാനന്ദയും സ്വാമി പ്രകാശാനന്ദയുമാണ് ഇതിനായി ഉത്സാഹിച്ചത്.

വിവാദരഹിതമായും ശ്രീനാരായണ ആദര്‍ശങ്ങള്‍ക്ക് അനുസരണമായും നടത്തേണ്ടതാണ് ധര്‍മമീമാംസാ സമ്മേളനമെന്നാണ് സ്വാമി സൂക്ഷ്മാനന്ദയുടെയും ഒപ്പമുള്ള സന്യാസിമാരുടെയും അഭിപ്രായം. മോഡിയെ ഉദ്ഘാടകനാക്കുന്നതിനെപ്പറ്റി മഠം ഭരണസമിതിയില്‍ ആലോചന ഉണ്ടായില്ലെന്ന് അവര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. മോഡിയെ ക്ഷണിച്ചതിലൂടെ, ശിവഗിരിയെ കാവിവല്‍ക്കരിക്കാനുള്ള നീക്കം നടക്കുകയാണെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോട് വിയോജിച്ച സ്വാമി ഋതംബരാനന്ദ ശിവഗിരിയിലേക്ക് ആര്‍ക്കും വരാമെന്നും പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ മോഡി സ്വമേധയാ വരികയല്ല, ശ്രീനാരായണധര്‍മം പ്രചരിപ്പിക്കാനുള്ള കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊട്ടിഘോഷിച്ച് മഠം അധികൃതര്‍ കൊണ്ടുവരികയാണ്. ശിവഗിരി മഠം ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രകാശാനന്ദയുടെയും സൂക്ഷ്മാനന്ദയുടെയും പാനലുകള്‍ മത്സരിക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, കോടതിയുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലപ്രകാരം പ്രകാശാനന്ദപക്ഷത്തെ ആറും സൂക്ഷ്മാനന്ദപക്ഷത്തെ അഞ്ചും സ്വാമിമാര്‍ അടങ്ങുന്ന ഭരണസമിതിയാണ് ഒരുവര്‍ഷമായി അധികാരം കൈയാളുന്നത്. ഇപ്രകാരം ഭരണസമിതിയില്‍ ഒരാളുടെ ഭൂരിപക്ഷമുള്ള പ്രകാശാനന്ദപക്ഷത്തിനാണ് ജനറല്‍സെക്രട്ടറി അടക്കമുള്ള ഭാരവാഹിസ്ഥാനങ്ങള്‍. സ്വാമി പ്രകാശാനന്ദയും അഞ്ചുവര്‍ഷ കാലാവധിയുള്ള ഭരണസമിതിയുടെ ജനറല്‍സെക്രട്ടറിയും ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ മോഡിയെ കൊണ്ടുവന്ന് മഠത്തെ കാവിവല്‍ക്കരിക്കാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ മോഹത്തിന് ശക്തിപകരുകയാണ്. ഇതില്‍ സന്യാസിമാര്‍ക്കും ശ്രീനാരായണീയര്‍ക്കും അതിയായ ഉല്‍ക്കണ്ഠയുണ്ടെന്ന് ചില സന്യാസിമാര്‍ പറഞ്ഞു.

മോഡിയുടെ ശിവഗിരിയിലേക്കുള്ള വരവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രകാശാനന്ദപക്ഷത്തിന് കിട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഷിബു ബേബിജോണ്‍ അഹമ്മദാബാദില്‍ എത്തി മോഡിയെ കണ്ട് കേരളസര്‍ക്കാരിനുവേണ്ടി ഉപഹാരം സമര്‍പ്പിച്ചത്. ഇക്കാര്യത്തെപ്പറ്റി വിശദീകരണം തേടുമെന്ന് രണ്ടുദിവസം മുമ്പു പറഞ്ഞ മുഖ്യമന്ത്രി തിങ്കളാഴ്ച മലക്കംമറിഞ്ഞു. മോഡിയെ ഷിബു കണ്ടതില്‍ തെറ്റില്ലെന്നാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത്. അഹമ്മദാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ വരുന്ന മോഡിക്കുവേണ്ടി വന്‍ തയ്യാറെടുപ്പുകളാണ് കേരളസര്‍ക്കാര്‍ നടത്തുന്നത്.

deshabhimani 230413

No comments:

Post a Comment