Tuesday, June 15, 2010

രാജ്‌ഭവനില്‍ ഗവായിയുടെ രാഷ്ട്രീയക്കളി

സംസ്ഥാന ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നിരന്തരമായ ഇടപെടല്‍. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും അന്തഃസത്തയ്ക്കും നിരക്കാത്ത ഗവര്‍ണറുടെ നടപടികള്‍ ഗവര്‍മെന്റിന് വലിയ തലവേദന സൃഷ്ടിക്കുന്നു. മന്ത്രിസഭ നല്‍കുന്ന ശുപാര്‍ശകളില്‍ യഥാസമയം തീരുമാനമെടുക്കാതെ അടയിരിക്കുകയോ സംശയങ്ങള്‍ ഉന്നയിച്ച് കാലതാമസം സൃഷ്ടിക്കുകയോ ആണ് ഗവായ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഗവര്‍ണര്‍ക്കു പിന്നില്‍ ചില ഗൂഢശക്തികളുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്ന വിധത്തിലാണ് രാജ്ഭവന്റെ പോക്ക്. മന്ത്രിസഭ അംഗീകരിച്ച ഒമ്പത് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത് 8 ദിവസത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. ഈ ഓര്‍ഡിനന്‍സുകളാകട്ടെ, ഒരുവിധത്തിലുള്ള തര്‍ക്കമോ വിവാദമോ നിയമ-ഭരണഘടനാ പ്രശ്നങ്ങളോ ഇല്ലാത്തതും. ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ അംഗീകരിക്കാത്തതുകൊണ്ട് നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള തീയതി ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭയ്ക്കു കഴിഞ്ഞില്ല. നിയമസഭ വിളിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറങ്ങുംവരെ കാത്തിരിക്കേണ്ടി വന്നത്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള 4 മാസത്തെ ധനവിനിയോഗത്തിനുള്ള വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കിയാണ് നിയമസഭ പിരിഞ്ഞത്. ആഗസ്ത് മുതല്‍ 8 മാസത്തെ ചെലവ് നിര്‍വഹിക്കാന്‍ നിയമസഭ ചേര്‍ന്ന് ബജറ്റും വോട്ട് ഓണ്‍ അക്കൌണ്ടും ജൂലൈ 29നുമുമ്പ് പാസാക്കണം. ഗവര്‍മെന്റിന് അതിനു സാവകാശം കിട്ടാതിരിക്കാനാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ വച്ചുതാമസിപ്പിച്ചതെന്ന സംശയമുണ്ട്. ജൂലൈ 29നുമുമ്പ് ബജറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ സ്തംഭിക്കും. രാജ്ഭവനുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടതിനു ശേഷം ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടതായി ശനിയാഴ്ച രാത്രിയാണ് അറിയിച്ചത്. മന്ത്രിസഭാ ശുപാര്‍ശപ്രകാരം നിയമസഭ ചേരാനുള്ള ബുള്ളറ്റിന്‍ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ സഭ ചേരാന്‍ പിന്നെയും 15 ദിവസം വേണം. നിയമസഭ ചേര്‍ന്നാല്‍ത്തന്നെ വകുപ്പ് തിരിച്ച് ചര്‍ച്ചയ്ക്കും ബജറ്റ് പാസാക്കലിനും മൂന്നാഴ്ചയിലധികം എടുക്കും. ഇനി ബുധനാഴ്ച ചേരുന്ന മന്ത്രിസഭ നിയമസഭ വിളിക്കാന്‍ ശുപാര്‍ശ ചെയ്യണം. അതിനുശേഷം ബജറ്റ് പാസാക്കാന്‍ വളരെ ചുരുങ്ങിയ ദിവസങ്ങളേ ഗവര്‍മെന്റിന് ലഭിക്കൂ.

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന കെ എ മാനുവലിനെ പിഎസ്സി അംഗമായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു മേല്‍ ആറുമാസം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ തീരുമാനം ഇങ്ങനെ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ഏജീസ് ഓഫീസിലെ സമരത്തെത്തുടര്‍ന്ന് പിരിച്ചുവിട്ട മാനുവലിനെ നിയമിക്കാന്‍ തടസ്സമില്ലെന്ന് നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. അനുമതി നിഷേധിച്ച് ഗവര്‍ണര്‍ക്ക് ഫയല്‍ വേണമെങ്കില്‍ തിരിച്ചയക്കാം. എന്നാല്‍, മന്ത്രിസഭ വീണ്ടും ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ അത് അംഗീകരിക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. അതിനാലാണ് പിഎസ്സി ഫയല്‍ ഗവര്‍ണര്‍ പൂഴ്ത്തിയത്.

ജീവപര്യന്ത തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചപ്പോള്‍ മന്ത്രിസഭ വീണ്ടും ശുപാര്‍ശ നല്‍കിയാണ് അതു മറികടന്നത്. മഹാരാഷ്ട്രയിലെ ഒരു ഈര്‍ക്കില്‍ പാര്‍ടിയുടെ (റിപ്പബ്ളിക്കന്‍ പാര്‍ടി) നേതാവായ ഗവായ് രാജ്ഭവനെ സങ്കുചിതരാഷ്ട്രീയക്കളിക്കുള്ള കേന്ദ്രമാക്കിയിരിക്കയാണ്. അതിന്റെ ഭാഗമാണ് യുഡിഎഫ് സൃഷ്ടിച്ച നയപ്രഖ്യാപന വിവാദം ഏറ്റെടുത്ത് ഗവര്‍ണര്‍ നിരന്തരം സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
(ആര്‍ എസ് ബാബു)

deshabhimani 15062010

1 comment:

  1. സംസ്ഥാന ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നിരന്തരമായ ഇടപെടല്‍. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും അന്തഃസത്തയ്ക്കും നിരക്കാത്ത ഗവര്‍ണറുടെ നടപടികള്‍ ഗവര്‍മെന്റിന് വലിയ തലവേദന സൃഷ്ടിക്കുന്നു. മന്ത്രിസഭ നല്‍കുന്ന ശുപാര്‍ശകളില്‍ യഥാസമയം തീരുമാനമെടുക്കാതെ അടയിരിക്കുകയോ സംശയങ്ങള്‍ ഉന്നയിച്ച് കാലതാമസം സൃഷ്ടിക്കുകയോ ആണ് ഗവായ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ReplyDelete