Sunday, June 20, 2010

ഉന്നതവിദ്യാഭ്യാസ-ഗവേഷണബില്‍

സമിതികളുണ്ടാകില്ല; ഇനി ഉന്നതവിദ്യാഭ്യാസ കമീഷന്‍

ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ-ഗവേഷണബില്‍ തയ്യാറാക്കുന്നു. ബില്ലിന്റെ കരടിനു രൂപമായി. യുജിസി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ), ദേശീയ അധ്യാപക വിദ്യാഭ്യാസ സമിതി (എന്‍സിടിഇ) എന്നീ സ്ഥാപനങ്ങള്‍ക്ക് പകരം ഉന്നതവിദ്യാഭ്യാസഗവേഷണ കമീഷനു രൂപംനല്‍കുന്നതാണ് ബില്‍. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം ഭേദഗതികളോടെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച എല്ലാ തീരുമാനവും ദേശീയ കമീഷനാകും ഭാവിയിലെടുക്കുക. കമീഷന്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം യുജിസി, എഐസിടിഇ, എന്‍സിടിഇ സമിതികള്‍ ഇല്ലാതാകും. ഈ സമിതികളുടെയെല്ലാം അധികാരങ്ങള്‍ കമീഷനില്‍ നിഷിപ്തമാകും.

ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുക, സര്‍വകലാശാലകള്‍ തുടങ്ങാനും പൂട്ടാനുമുള്ള മാനദണ്ഡം നിശ്ചയിക്കുക, സര്‍വകലാശാലകള്‍ക്കും ഉന്നതസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുക, വിദേശസ്ഥാപനങ്ങളുടെ പ്രവേശന കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നിവയാണ് കമീഷന്റെ മുഖ്യ ചുമതലകള്‍. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വര്‍ധിപ്പിക്കുകയാണ് കമീഷന്റെ ലക്ഷ്യമെന്ന് ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (കേബ്) യോഗശേഷം മാനവശേഷി മന്ത്രി കപില്‍സിബല്‍ പറഞ്ഞു.

കമീഷന്‍ നിയമത്തിനു രൂപംനല്‍കാന്‍ ഡോ. എന്‍ ആര്‍ മാധവമേനോന്‍ അടക്കമുള്ളവരെ അംഗങ്ങളാക്കി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. സമിതി കരട് തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് പരസ്യപ്പെടുത്തി. സമിതി തയ്യാറാക്കിയ പരിഷ്കരിച്ച കരടാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കരടുനിയമം കേബ് യോഗം ചര്‍ച്ച ചെയ്തു. പല സംസ്ഥാനങ്ങളും ഭേദഗതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രം നാലാഴ്ച അനുവദിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞശേഷം ബില്ലിന് അന്തിമരൂപം നല്‍കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.

സുപ്രധാന വ്യവസ്ഥകള്‍ കരട് ബില്ലിലുണ്ട്. ദേശീയ ഉന്നതവിദ്യാഭ്യാസ ഗവേഷണ കമീഷനില്‍ അധ്യക്ഷനടക്കം ഏഴ് അംഗങ്ങളുണ്ടാകും. എല്ലാവരും അക്കാദമിക്ക് പണ്ഡിതരായിരിക്കണം. പ്രധാനമന്ത്രി തലവനും ലോക്സഭാ സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രി എന്നിവരടങ്ങിയ സമിതിയായിരിക്കും അംഗങ്ങളെ നിശ്ചയിക്കുക. കമീഷന് അഞ്ചുവര്‍ഷ കാലാവധി ഉണ്ടാകും. 70 വയസ്സുവരെ അംഗങ്ങള്‍ക്ക് തുടരാം. കമീഷനു പുറമെ ഒരു ജനറല്‍ കൌസിലുണ്ടാകും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌസില്‍ അംഗങ്ങള്‍ ഇതില്‍ അംഗങ്ങളായിരിക്കും. ഇവര്‍ക്കു പുറമെ പ്രൊഫഷണല്‍ വിദ്യാഭ്യാസസമിതികളുടെ തലവന്മാര്‍, ഗവേഷണ കൌസിലുകളുടെ തലവന്മാര്‍, കേന്ദ്രസര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, ദേശീയനിയമ സര്‍വകലാശാലകള്‍, ഭാഷാപണ്ഡിതര്‍, കല-കായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ജനറല്‍കൌസിലില്‍ അംഗങ്ങളായിരിക്കും. ജനറല്‍ കൌസിലിനു പുറമെ കമീഷന് ദിശാബോധം നല്‍കാന്‍ 30 അംഗ കൊളീജിയവും ഉണ്ടാകും. നൊബേല്‍ ജേതാക്കള്‍, ദേശീയഗവേഷണ പ്രൊഫസര്‍മാര്‍ എന്നിവരായിരിക്കും കൊളീജിയത്തിലെ ആദ്യ പത്ത് അംഗങ്ങള്‍. ഇവര്‍ മറ്റുള്ളവരെ നിശ്ചയിക്കും.
(എം പ്രശാന്ത്)

കൊമേഴ്സിനും ഏകീകൃത കരിക്കുലം

ഹയര്‍സെക്കന്‍ഡറിതലത്തില്‍ ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങള്‍ക്കു പുറമെ കൊമേഴ്സിനും ഏകീകൃത കരിക്കുലം കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് ദേശീയ വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് അംഗീകാരം നല്‍കിയതായി മാനവശേഷി വികസനമന്ത്രി കപില്‍സിബല്‍ പറഞ്ഞു. ശാസ്ത്രത്തിനും കണക്കിനും ഏകീകൃതകരിക്കുലം എന്ന നിര്‍ദേശമാണ് ആദ്യമുണ്ടായിരുന്നത്. കൊമേഴ്സിനും ഏകീകൃത കരിക്കുലം ആകാമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവരികയായിരുന്നു. തുടര്‍ന്ന് ഇത് അംഗീകരിച്ചു- സിബല്‍ പറഞ്ഞു.

അക്കാദമിക്ക് രേഖകളും സര്‍ട്ടിഫിക്കറ്റുകളും കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് ദേശീയതലത്തില്‍ സംവിധാനം കൊണ്ടുവരുന്നതിനുള്ള ദേശീയ അക്കാദമിക് ഡെപ്പോസിറ്ററി ബില്ലിന്റെ കരടും യോഗത്തില്‍ ചര്‍ച്ചചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓലൈനില്‍ പരിശോധിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും പുതിയ സംവിധാനം വഴിയൊരുക്കും. വ്യാജസര്‍ട്ടിഫിക്കറ്റ് പ്രശ്നത്തിന് ഇതുവഴി പരിഹാരം കാണാനാകും. വിദഗ്ധ തൊഴില്‍ശക്തിയുടെ വര്‍ധിച്ച ആവശ്യകത പരിഗണിച്ച് ദേശീയ വൊക്കേഷണല്‍ യോഗ്യതാ ചട്ടക്കൂട് തയ്യാറാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ഇതിന് മാനദണ്ഡമുണ്ടാക്കാന്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കും. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയെ വിദ്യാഭ്യാസ അവകാശനിയമവുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടിയെ യോഗം സ്വാഗതംചെയ്തു. ഉന്നതവിദ്യാഭ്യാസമേഖല ഉപരിതലത്തില്‍ ചിതറിപ്പോകുന്നത് ഒഴിവാക്കുന്നതിന് ദേശീയ ഉന്നതവിദ്യാഭ്യാസ-ഗവേഷണ കമീഷനെ നിയമിക്കുന്നതിനുള്ള കരട്ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ അനുമതി നല്‍കി. ബില്‍ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കര്‍മസമിതിയെ സംസ്ഥാനങ്ങള്‍ നാലാഴ്ചയ്ക്കകം അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാം. ഈ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും ബില്ലിന് അന്തിമരൂപം നല്‍കുക- കപില്‍ സിബല്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ- ഗവേഷണ ബില്‍ അവ്യക്തം: ബേബി

ഉന്നതവിദ്യാഭ്യാസ- ഗവേഷണ ബില്ലിലെ നിര്‍ദേശങ്ങള്‍ പലതിലും അവ്യക്തതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. യശ്പാല്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അന്തസത്തയ്ക്ക് യോജിക്കുന്ന വിധത്തിലല്ല ബില്‍ തയ്യാറാക്കിയത്. യുജിസി, എഐസിടിഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു പുറമെ മെഡിക്കല്‍കൌസില്‍, ദന്തല്‍കൌസില്‍ തുടങ്ങിയ മറ്റെല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും പകരമായി ദേശീയതലത്തില്‍ ഒരു സംവിധാനമാണ് യശ്പാല്‍ കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍,ഇപ്പോഴത്തെ കരടില്‍ മെഡിക്കല്‍ കൌസില്‍ അടക്കമുള്ള സമിതികളെ നിലനിര്‍ത്തിയിരിക്കയാണ്. മാത്രമല്ല, സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താതെയാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ബേബി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ-ഗവേഷണബില്‍ തയ്യാറാക്കുന്നു. ബില്ലിന്റെ കരടിനു രൂപമായി. യുജിസി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ), ദേശീയ അധ്യാപക വിദ്യാഭ്യാസ സമിതി (എന്‍സിടിഇ) എന്നീ സ്ഥാപനങ്ങള്‍ക്ക് പകരം ഉന്നതവിദ്യാഭ്യാസഗവേഷണ കമീഷനു രൂപംനല്‍കുന്നതാണ് ബില്‍. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം ഭേദഗതികളോടെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച എല്ലാ തീരുമാനവും ദേശീയ കമീഷനാകും ഭാവിയിലെടുക്കുക. കമീഷന്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം യുജിസി, എഐസിടിഇ, എന്‍സിടിഇ സമിതികള്‍ ഇല്ലാതാകും. ഈ സമിതികളുടെയെല്ലാം അധികാരങ്ങള്‍ കമീഷനില്‍ നിഷിപ്തമാകും.

    ReplyDelete