Sunday, June 13, 2010

പിണറായി: യുഡിഎഫിന്റെ വര്‍ഗീയകൂട്ടായ്മ കേരളം തിരിച്ചറിയും

വര്‍ഗീയത പ്രതിരോധിക്കുക; സെമിനാറിന് തുടക്കം

ജാതി-മത വര്‍ഗീയ ശക്തികളെ പ്രതിരോധിക്കണമെന്ന ആഹ്വാനവുമായി 'ഇ എംഎസിന്റെ ലോകം' ദേശീയ സെമിനാര്‍ തുടങ്ങി. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ആരംഭിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ മഹാനായ നേതാവായിരുന്നു ഇ എം എസ് എന്ന് പിണറായി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിന്റെ കള്ളക്കളികള്‍ അദ്ദേഹം തുറന്നുകാട്ടുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. കേരളം രൂപീകരണത്തിലും അടിത്തറയൊരുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. മുന്നണിരാഷ്ട്രീയത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പിണറായി പറഞ്ഞു. തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഇ എന്‍ മോഹന്‍ദാസ് സ്വാഗതവും എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന 'ജാതി-മത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം' എന്ന സെമിനാറില്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. വിലപേശലിലൂടെ ജാതി-മത ശക്തികള്‍ പുരോഗമന മുന്നേറ്റങ്ങളെ തടയാന്‍ ശ്രമിക്കുകയാണെന്ന് 'ജാതി-മത രാഷ്ട്രീയം കേരളത്തില്‍' എന്ന വിഷയം അവതരിപ്പിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. കെ ജി പൌലോസ് പറഞ്ഞു. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞു. അത്യന്തം അപകടകരമായ മുസ്ളിം രാഷ്ട്രവാദമാണ് ജമാഅത്തെ ഇസ്ളാമി ഉയര്‍ത്തുന്നതെന്ന് 'ന്യൂനപക്ഷം-വര്‍ഗീയത-മതമൌലികത' എന്ന വിഷയം അവതരിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു.

ഹിന്ദുത്വം മുസ്ളിങ്ങളെ മാത്രമല്ല എല്ലാ മതനിരപേക്ഷ വിഭാഗങ്ങളെയും വേട്ടയാടുമെന്ന് 'ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയ മുഖം' എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. പി അശോകന്‍ സ്വാഗതവും സി ഇബ്രഹിംകുട്ടി നന്ദിയും പറഞ്ഞു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 'കേന്ദ്ര-സംസ്ഥാന ബന്ധം പൊളിച്ചെഴുത്ത് അനിവാര്യം' എന്ന വിഷയത്തിലും ഉച്ചക്കുശേഷം 'മാധ്യമം-പ്രചാരണം-പ്രത്യയശാസ്ത്രം' എന്ന വിജയത്തിലും സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും.

പിണറായി: യുഡിഎഫിന്റെ വര്‍ഗീയകൂട്ടായ്മ കേരളം തിരിച്ചറിയും

വര്‍ഗീയകൂട്ടായ്മയ്ക്കുള്ള യുഡിഎഫിന്റെ നീക്കം കേരളത്തിലെ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിക്കാമെന്ന യുഡിഎഫിന്റെ മോഹം 'മലര്‍പ്പൊടിക്കാരന്റെ സ്വപ്ന'മാണ്. 'ഇ എം എസിന്റെ ലോകം' ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍ഡിഎഫിനെയും ജമാഅത്തെ ഇസ്ളാമിയെയും യുഡിഎഫ് ക്യാമ്പിലെത്തിക്കാന്‍ ചര്‍ച്ചയും കൂടിക്കാഴ്ചയുമെല്ലാം നടക്കുന്നു. ശത്രുവിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിക്കാമെന്ന് ബിജെപി നേതാവും പ്രഖ്യാപിക്കുന്നു. എല്‍ഡിഎഫ് മതവിശ്വാസത്തിന് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ജോസഫിനെയും മാണിയെയും ലയിപ്പിക്കാന്‍ ചില ബിഷപ്പുമാര്‍ ഇടപെടുന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ വര്‍ഗീയകൂട്ടായ്മയ്ക്കുള്ള യുഡിഎഫിന്റെ നീക്കം മനസ്സിലാകും. ഇത്തരം വര്‍ഗീയനീക്കങ്ങള്‍ മതനിരപേക്ഷ സമൂഹത്തിന് ഗുണംചെയ്യില്ല.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ മതവിശ്വാസത്തെയല്ല, അതിന്റെ പേരിലുള്ള അനാചാരങ്ങളെയാണ് എതിര്‍ക്കുന്നത്. മതവിശ്വാസികള്‍ക്കും പാര്‍ടിയുമായി യോജിച്ചുപോകാനാകും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൂടെയുള്ള ജനലക്ഷങ്ങളില്‍ നല്ലൊരു വിഭാഗം മതവിശ്വാസികളാണ്. ഒറീസയില്‍ സംഘപരിവാറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പാര്‍ടി ഓഫീസില്‍ പ്രാര്‍ഥനയ്ക്ക് സൌകര്യം നല്‍കിയതും തലശേരി കലാപത്തില്‍ പള്ളി സംരക്ഷിച്ചതും കമ്യൂണിസ്റ്റുകാരാണ്.

മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. മാണിയും ജോസഫും ലയിക്കാന്‍ ഒന്നുരണ്ട് ബിഷപ്പുമാര്‍ ഇടപെട്ടതിനെയാണ് വിമര്‍ശിച്ചത്. കത്തോലിക്കാ സഭയെയാകെ ആക്ഷേപിച്ചിട്ടില്ല. ലയനത്തില്‍ സഭയ്ക്ക് പങ്കില്ലെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ നല്ലകാര്യമാണ്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇറാഖിനു പിന്നാലെ ഇറാനെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിക്കുമ്പോഴും ഇസ്രയേല്‍ സമാധാനക്കപ്പല്‍ ആക്രമിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന് പ്രതികരണമില്ല. അമേരിക്കയെ പേടിച്ച് ഇന്ത്യയുടെ ശബ്ദം എവിടെയും മുഴങ്ങുന്നില്ല. ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദിയായ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചത് കോണ്‍ഗ്രസാണെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. സ്വന്തം ജനതയുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ- പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ളാമിയെ തുറന്നുകാട്ടും: പിണറായി

രാജ്യത്തെ വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിക്കുകയും ദേശീയ നിലപാടുകള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ളാമിയുടെ പൊയ്മുഖം തുറന്നുകാണിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 'ഇ എം എസിന്റെ ലോകം' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ളാമിയുടെ പല നിലപാടുകളും ദേശവിരുദ്ധമാണെന്ന് അവരുടെ പ്രസിദ്ധീകരണമായ 'പ്രബോധനം' തന്നെ പറയുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അവര്‍ കരുതുന്നില്ല. കാശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവരുടേത്. ഇക്കാര്യങ്ങളെല്ലാം സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടും. എന്നോ സഹായിച്ചെന്ന അവകാശവാദം ഉന്നയിച്ച് എല്ലാകാലത്തും എല്‍ഡിഎഫിന്റെ ഭാഗമായിരുന്നുവെന്നാണ് ജമാഅത്തെ ഇസ്ളാമി അമീര്‍ ആരിഫലിയുടെ കുപ്രചാരണം. സ്ഥാനാര്‍ഥിയുടെ മൂല്യം പരിശോധിച്ച് വോട്ട് ചെയ്യുമെന്നാണ് ജമാഅത്തെ ഇസ്ളാമി പറയാറുളളത്. ഒരിക്കല്‍ ടി കെ ഹംസക്കെതിരെ മത്സരിച്ച എം പി ഗംഗാധരനിലാണ് ജമാഅത്തെ ഇസ്ളാമി മൂല്യം കണ്ടത്. ദീര്‍ഘകാലം യുഡിഎഫിനെ പിന്തുണച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. കുപ്രചാരണത്തിലൂടെ എല്‍ഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകുമെന്ന് പിണറായി പറഞ്ഞു.

ഐഎന്‍എല്ലിന് എല്ലാ അംഗീകാരവും കൊടുത്തു

ഘടക കക്ഷിയല്ലെങ്കിലും ഒരു ഘടകകക്ഷിക്ക് നല്‍കുന്ന എല്ലാ അംഗീകാരവും ഐഎന്‍എല്ലിന് എല്‍ഡിഎഫ് നല്‍കിയിരുന്നതായി പിണറായി വിജയന്‍ പറഞ്ഞു. അക്കാര്യം ഐഎന്‍എല്‍ നേതാക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല. ഐഎന്‍എല്‍ നേതാവ് നിയമസഭയിലെത്തിയതും അങ്ങനെയാണ്. ഐഎന്‍എല്ലിനെ ഒരിക്കലും തളളിയിട്ടില്ല. അവരോട് മുന്നണിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലായിരുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കിയല്ല ഒരു പാര്‍ടി നിലപാട് സ്വീകരിക്കേണ്ടത്. മുസ്ളിംലീഗും കോണ്‍ഗ്രസ്സും മുസ്ളിങ്ങളെ വഞ്ചിക്കുന്നുവെന്നായിരുന്നു ഐഎന്‍എല്ലിന്റെ നിലപാട്. ഇപ്പോഴത്തെ നിലപാടുമാറ്റത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. ചിലര്‍ക്കെല്ലാം ചില ആഗ്രഹങ്ങള്‍ ഉണ്ടോയെന്നറിയില്ല. എല്‍ഡിഎഫില്‍ ഘടകകക്ഷിയാകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. എല്‍ഡിഎഫ് യോഗത്തില്‍ ഐഎന്‍എല്ലിനെ എടുക്കണമെന്ന അഭിപ്രായം ഉള്ളവരുണ്ടായിരുന്നു. സിപിഐ എം നിലപാട് തീരുമാനിച്ചിട്ടില്ലെന്നാണ് യോഗത്തില്‍ പറഞ്ഞത്. അത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഐഎന്‍എല്ലിനെ യുഡിഎഫുമായി അടുപ്പിച്ചു. അതിനിടെ ചില ഐഎന്‍എല്‍ നേതാക്കള്‍ അപക്വമായ പ്രസ്താവനകള്‍ നടത്തി. കോണ്‍ഗ്രസ്സുമായും ലീഗുമായും കൂടണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ഐഎന്‍എല്ലാണ്. ലീഗിനോടുള്ള നിലപാട് മാറിയോയെന്ന് ഐഎന്‍എല്‍ വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ ഐഎന്‍എല്‍ ഉയര്‍ത്തിയ രാഷ്ട്രീയം എവിടെപ്പോയെന്ന് പിണറായി ചോദിച്ചു.

ദേശാഭിമാനി 12062010

1 comment:

  1. ജാതി-മത വര്‍ഗീയ ശക്തികളെ പ്രതിരോധിക്കണമെന്ന ആഹ്വാനവുമായി 'ഇ എംഎസിന്റെ ലോകം' ദേശീയ സെമിനാര്‍ തുടങ്ങി. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ആരംഭിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ മഹാനായ നേതാവായിരുന്നു ഇ എം എസ് എന്ന് പിണറായി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിന്റെ കള്ളക്കളികള്‍ അദ്ദേഹം തുറന്നുകാട്ടുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. കേരളം രൂപീകരണത്തിലും അടിത്തറയൊരുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. മുന്നണിരാഷ്ട്രീയത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പിണറായി പറഞ്ഞു. തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഇ എന്‍ മോഹന്‍ദാസ് സ്വാഗതവും എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

    ReplyDelete