ചില ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ളീംലീഗും എല്‍ഡിഎഫിനെതിരെ സാമുദായികമായി ജനങ്ങളെ അണിനിരത്തുന്നതിനായി രാഷ്ട്രീയ പാര്‍ടികളെയും വര്‍ഗീയ - സാമുദായിക സംഘടനകളെയും കൂട്ടുപിടിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിപിഐ എം നേതാക്കള്‍ കേരള രാഷ്ട്രീയത്തെ വര്‍ഗീയവല്‍കരിക്കാനുള്ള ഈ പ്രവണതയിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍, അതിനെ നേരിടാന്‍ യുഡിഎഫ് നേതാക്കളും മറ്റും സിപിഐ എം ഹിന്ദുവര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതായി ആരോപിച്ചു. ആടിനെ പട്ടിയാക്കുന്നതുപോലെയാണ് അടിസ്ഥാനരഹിതങ്ങളായ ഈ ആരോപണങ്ങള്‍.
എന്തുകൊണ്ടാണ് യുഡിഎഫുകാരും അവരെ അനുകൂലിക്കുന്ന സാമുദായിക - വര്‍ഗീയ ശക്തികളും ഇങ്ങനെ വിപുലമായ വലതുപക്ഷ - സാമുദായിക - വര്‍ഗീയ കൂട്ടുകെട്ടിനു ഒരുങ്ങുന്നത്? ഇത് പുതിയ അനുഭവമല്ല. കമ്യൂണിസ്റ്റുകാരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്നതിനു സ്വയം കഴിയില്ല എന്നു 50 വര്‍ഷം മുമ്പു തന്നെ കോണ്‍ഗ്രസ് സ്വയം സമ്മതിച്ചതാണ്. വര്‍ഗീയ - സാമുദായിക ശക്തികളുമായി കൂട്ടുകൂടിയായിരുന്നു വിമോചനസമരം നടത്തിയതും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ പാര്‍ടികള്‍ മുക്കൂട്ടു മുന്നണി ഉണ്ടാക്കി മല്‍സരിച്ചതും. പിന്നീടൊരിക്കലും അവര്‍ വിമോചനസമരം നടത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിശാല വര്‍ഗീയ - സാമുദായിക മുന്നണി അവര്‍ തട്ടിപ്പടയ്ക്കാറുണ്ട്. സംഘപരിവാരം മുതല്‍ ക്രിസ്ത്യന്‍ മുസ്ളീം വര്‍ഗീയ - സാമുദായിക ശക്തികള്‍ വരെ വിപുലമായ കൂട്ടായ്മ 2001ലും അവര്‍ ഉണ്ടാക്കിയിരുന്നു. അതുപോലെ വരാന്‍ പോകുന്ന തദ്ദേശ ഭരണ - നിയമസഭാ തിരഞ്ഞെടുപ്പുകളിലും അത്തരം കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ തുടക്കമാണ് ഈയിടെ കേരളം ദര്‍ശിച്ചത്.
എന്താണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിനുശേഷവും യുഡിഎഫിനും അതിന്റെ രക്ഷാധികാരികള്‍ക്കും ആത്മവിശ്വാസമില്ലാത്തത്? എന്തുകൊണ്ടാണ് അവര്‍ വര്‍ഗീയ - സാമുദായിക ശക്തികളെ വിപുലമായ തോതില്‍ തങ്ങളോടൊപ്പം അണിനിരത്തുന്നതിനു ശ്രമിക്കുന്നത്? അത് തുറന്നു കാണിക്കപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജെപി നേതാവ് മുരളീധരനുമൊക്കെ സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട്?
ഇതു മനസ്സിലാക്കണമെങ്കില്‍ സിപിഐ എമ്മിന്റെയും കോണ്‍ഗ്രസിന്റെയും, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണനയങ്ങളെയും തിരഞ്ഞെടുപ്പു നയങ്ങളെയും താരതമ്യപ്പെടുത്തി നോക്കണം. കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റായ ഇ എം എസ് നയിച്ച കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കാര്‍ഷിക - വ്യാവസായിക - പശ്ചാത്തലസൌകര്യ-സേവനമേഖലകളിലാകെ നയങ്ങളിലും നടപടികളിലും പൊളിച്ചെഴുത്ത് നടത്തി.
കാര്‍ഷികരംഗത്ത് വിപുലമായ ഭൂപരിഷ്കരണം, ഉല്‍പാദന വര്‍ധനയ്ക്ക് ഉതകുന്ന ജലസേചനം, പച്ചിലവള നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികള്‍, മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിപോലുള്ള വന്‍ വ്യവസായശാലകളും ഒട്ടനവധി ചെറുകിട വ്യവസായശാലകളും സ്ഥാപിക്കുന്നതിനുള്ള നടപടി, ഗതാഗതസൌകര്യം തീരെ കുറവായിരുന്ന അക്കാലത്ത് ആ കുറവ് പരിഹരിക്കാന്‍ നിരവധി റോഡ് നിര്‍മാണം, വലിയ തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം ആദിയായ സേവനമേഖലയുടെ വികസനം, തൊഴില്‍ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് പോലീസിനെ ഒഴിവാക്കി തൊഴില്‍വകുപ്പിനെ ശാസ്ത്രീയമായി സംഘടിപ്പിക്കല്‍, സാമൂഹ്യനീതി വിപുലമായി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ ഇങ്ങനെ നിരവധി കാര്യങ്ങള്‍. ചിലത് പൂര്‍ത്തിയാക്കി. ചിലത് ആരംഭിച്ചു. ഇത്ര വിപുലമായ ജനപങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനം നടത്തിയ ഒരനുഭവം സംസ്ഥാനത്ത് അതിനുമുമ്പ് ഉണ്ടായിട്ടില്ല.
ഈ വഴിക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും അത് നയിക്കുന്ന മന്ത്രിസഭയ്ക്കും വലിയ ജനപിന്തുണ ഉണ്ടാകുമെന്നും അതിനെ തോല്‍പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും കണ്ടാണ് ഒരു ഭാഗത്ത് സാമുദായിക സ്ഥാപിത താല്‍പര്യക്കാരും മറുഭാഗത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ടികളും ചേര്‍ന്ന് വിമോചനസമരം നടത്തിയത്. അതോടെ സാമുദായിക - വര്‍ഗീയ ശക്തികള്‍ അവയ്ക്ക് ഒരു സ്ഥാനവുമില്ലാത്ത ജനാധിപത്യ പ്രക്രിയയില്‍ ഒരു കക്ഷിയാക്കപ്പെട്ടു. 1969 മുതല്‍ക്കുള്ള ഏതാനും വര്‍ഷങ്ങളില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ സാമുദായിക സംവരണം വേണമോ സാമ്പത്തിക സംവരണം വേണമോ എന്ന തര്‍ക്കം ഉയര്‍ത്തിവിടുകയും ചെയ്തു.
ഇത്തരത്തിലുള്ള സാമുദായിക നീക്കങ്ങള്‍ ഓരോ തിരഞ്ഞെടുപ്പുകാലത്തും കേരളത്തിലെ വലതുപക്ഷ ശക്തികള്‍ പ്രയോഗിച്ചിരുന്നു. സിപിഐ എം അവയെ നേരിട്ടത് ബദല്‍ സാമുദായിക നീക്കങ്ങളിലൂടെ ആയിരുന്നില്ല. ബഹുജനങ്ങളെ മതനിരപേക്ഷമായി ഇടതുപക്ഷ നേതൃത്വത്തില്‍ അണിനിരത്തിക്കൊണ്ടായിരുന്നു. 1969-79 കാലത്ത് ഇടതുപക്ഷ ഐക്യം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് ഒരളവുവരെ വിജയിച്ചു. എന്നാല്‍ 1979ല്‍ വീണ്ടും ഇടതുപക്ഷ ഐക്യം നിലവില്‍ വന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അവര്‍ കൂടെ അണിനിരത്തി. ഒരു സാമുദായിക ശക്തിയുടെയും പിന്തുണ ഇല്ലാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് 1987ല്‍ ജനങ്ങള്‍ തെളിയിച്ചു. ജനങ്ങളെ സമുദായാടിസ്ഥാനത്തില്‍ കൂടുതല്‍ വിപുലമായി സംഘടിപ്പിച്ചുകൊണ്ട് ഈ മതനിരപേക്ഷ മുന്നണിയെ തോല്‍പിക്കാനാണ് കോണ്‍ഗ്രസും വര്‍ഗീയ - സാമുദായിക ശക്തികളും ഒരുപോലെ ശ്രമിച്ചത്. രാജീവ്ഗാന്ധിയുടെ വധത്തെ പ്രയോജനപ്പെടുത്തിയാണ് 1991ല്‍ യുഡിഎഫ് എല്‍ഡിഎഫിനെ തോല്‍പിച്ചത്.
ഇതിനുമുമ്പത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് (1996-2001) വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നാട്ടില്‍ നടപ്പാക്കിയത്. ജനകീയാസൂത്രണം വഴി ഗ്രാമാന്തരങ്ങളില്‍ അതുവരെ ഉണ്ടാകാത്ത തോതില്‍ വികസന പ്രവര്‍ത്തനം ജനങ്ങളുടെ മുന്‍കയ്യോടെ നടപ്പാക്കപ്പെട്ടു. വൈദ്യുതി ഉള്‍പ്പെടെ നാനാ വകുപ്പുകള്‍ക്കു കീഴില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ടു. 1991-96 കാലത്ത് യുഡിഎഫ് ഗവണ്‍മെന്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് ഏതാണ്ട് 5000 കോടി രൂപയായിരുന്നു. അതിന്റെ മൂന്നിരട്ടി തുകയാണ് 1996-2001 കാലത്ത് എല്‍ഡിഎഫ് ചെലവഴിച്ചത്. അവസാനവര്‍ഷം നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവിന്റെയും 11-ാം ധനകാര്യക്കമ്മീഷന്‍ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെയും വാജ്പേയി ഗവണ്‍മെന്റ് സംസ്ഥാനത്തിനു നല്‍കേണ്ടിയിരുന്ന സഹായത്തില്‍ അവസാനഘട്ടത്തില്‍ വെട്ടിക്കുറവ് വരുത്തിയതിന്റെയും ഫലമായി ഗവണ്‍മെന്റിനു പണഞെരുക്കമുണ്ടായി. ഒരു ഭാഗത്ത് അതിനെക്കുറിച്ചും മറുഭാഗത്ത് ജാതി - മതാടിസ്ഥാനത്തില്‍ പ്രേരണ ചെലുത്തിയുമാണ് ജനങ്ങളെ യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിനെതിരാക്കി മാറ്റിയത്. 2001ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഈ വികസന പ്രവര്‍ത്തനങ്ങളൊന്നും വിഷയമാക്കപ്പെടാതിരിക്കാന്‍ ശ്രമിച്ചു. സകല ജാതി - മതവിഭാഗങ്ങളെയും സാമുദായികമായും വര്‍ഗീയമായും അണിനിരത്തിക്കൊണ്ടാണ് അവരത് ചെയ്തത്.
കേരളത്തില്‍ നാടുവാഴിത്ത സ്വാധീനം ഇല്ലാതായിട്ടുണ്ട് എന്നു പറയുമ്പോള്‍ ഭാഗികമായി മാത്രമാണ് അത് ശരിയായിട്ടുള്ളത്. ഉല്‍പാദന - തൊഴില്‍ ബന്ധങ്ങളില്‍ നാടുവാഴിത്ത സ്വാധീനം ഏറെക്കുറെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആശയതലത്തില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് വര്‍ഗ - ബഹുജന സംഘടനകളില്‍ അംഗങ്ങളാക്കപ്പെട്ടിട്ടുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍ മുതലായ വിഭാഗങ്ങളെ വലതുപക്ഷ - സാമുദായിക - വര്‍ഗീയ ശക്തികള്‍ക്ക് ചില്ലറ കാര്യങ്ങള്‍ പറഞ്ഞ് സ്വാധീനിക്കാന്‍ കഴിയുന്നത്. യുഡിഎഫില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാമുദായിക - വര്‍ഗീയ ശക്തികളാല്‍ പ്രേരിതരായ തൊഴിലാളികള്‍ അവര്‍ വോട്ട് ചെയ്ത് നിലവില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കയ്യില്‍ കിട്ടിയ അധികാരത്തെ തങ്ങളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മുതലാളിമാര്‍ക്കും സംരക്ഷണവും പിന്തുണയും നല്‍കാന്‍ ഉപയോഗിക്കുന്നതായി കണ്ടു. കമ്പോളശക്തികളുടെ ഇടപെടല്‍മൂലം തങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കയ്യും കെട്ടിയിരിക്കുന്നത് കൃഷിക്കാരും അവരുടെ കുടുംബാംഗങ്ങളും കണ്ടു. മതങ്ങള്‍ അനുഭവിച്ചുവന്ന സേവന - വേതന വ്യവസ്ഥകള്‍ തകിടം മറിച്ച് പതിനായിരക്കണക്കിനുപേരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് കണ്ട് ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കി. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളെ സ്വകാര്യ ലാഭക്കൊതിയന്മാരുടെ പിടിയിലേക്ക് സര്‍ക്കാര്‍ എറിഞ്ഞു കൊടുക്കുന്നത് കാണേണ്ടിവന്നു ജനങ്ങള്‍ക്ക്. സര്‍ക്കാര്‍ ഭൂമിയും മറ്റ് പ്രകൃതിവിഭവങ്ങളും പെട്ടാപെട്ട വിലയ്ക്ക് സ്വകാര്യമുതലാളിമാര്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത് ജനങ്ങള്‍ കണ്ടു. ഇവയ്ക്കെല്ലാം എതിരായി പ്രക്ഷോഭസമരങ്ങള്‍ നാട്ടില്‍ കൊടുമ്പിരിക്കൊണ്ടു. യുഡിഎഫ് അനുഭാവികളും യുഡിഎഫ് പ്രവര്‍ത്തകരും വരെ ഇത്തരം സമരങ്ങളില്‍ പങ്കെടുക്കാന്‍ സാഹചര്യങ്ങള്‍മൂലം തയ്യാറായി.
ആ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലെത്തുന്നത്. 2001-06 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ നീക്കിവെച്ച വികസന അടങ്കലിന്റെ ഇരട്ടിത്തുക ഈ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. മുമ്പൊരിക്കലും ഇല്ലാത്ത തോതില്‍ കാര്‍ഷികമേഖലയുടെയും വ്യവസായമേഖലയുടെയും വികസനത്തിനായി തുക വിവിധ ബജറ്റുകളില്‍ ഉള്‍ക്കൊള്ളിക്കുകയും ചെലവഴിക്കുകയും ചെയ്തു. തല്‍ഫലമായി കൃഷിക്കാരുടെ ആത്മഹത്യാ പ്രവണത തടയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ വിദര്‍ഭ പാക്കേജും മറ്റും വഴി ആയിരക്കണക്കിനു കോടി രൂപ ചെലവഴിക്കപ്പെട്ടിട്ടും കൃഷിക്കാര്‍ കടക്കെണിയിലകപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും തുടരുകയാണ്. പിരിച്ചു വിടപ്പെട്ട മിക്ക തൊഴിലാളികള്‍ക്കും പൂട്ടിയിട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പണി തിരിച്ചുകിട്ടി. പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നത് പുതിയ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. അടച്ചിട്ട നിരവധി ഫാക്ടറികള്‍ സ്വകാര്യമേഖലയില്‍പോലും തുറന്നുവരുന്നു.
ഇപ്പോള്‍പശ്ചാത്തല വികസനരംഗത്ത് - റോഡ്, പാലം, കെട്ടിടം മുതലായവയുടെ നിര്‍മാണം - അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ മൂലധനനിക്ഷേപം ഇപ്പോഴുള്ള ഉയര്‍ന്ന തോതില്‍ നടത്തിയ കാലം ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസം, ആരോഗ്യരക്ഷ, സാമൂഹ്യക്ഷേമം, കുടിവെള്ളം മുതലായവ അടങ്ങുന്ന സേവനമേഖലയില്‍ ഇത്രയേറെ വികസനം മുമ്പ് ഉണ്ടായിട്ടില്ല. വിദ്യാഭ്യാസമേഖലയില്‍ മലബാറിന്റെയും മറ്റും പിന്നോക്കാവസ്ഥ വലിയ തോതില്‍ നികത്തി. 90 ശതമാനം വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷ പാസാകുന്ന സ്ഥിതി തന്നെ വെളിവാക്കുന്നു, 'ഊരില്‍ ഇപ്പോള്‍ പഴയ പോലത്തെ പഞ്ഞം' ഇല്ല എന്ന്. ആശുപത്രികളില്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മരുന്നും ഇത്രമാത്രം ഉണ്ടായ കാലം ഉണ്ടായിട്ടില്ല. അതിനാല്‍ പനിപോലുള്ള സാംക്രമിക രോഗങ്ങള്‍ വരുമ്പോള്‍ വേഗം നിയന്ത്രിക്കപ്പെടുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായതിനാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ ഇതുമൂലമുള്ള സാമ്പത്തിക പ്രയാസം നേരിടുന്നില്ല. അഗതികള്‍ക്കും പ്രായമായവര്‍ക്കും വിവിധ അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും പെന്‍ഷന്‍ ഇത്ര വര്‍ദ്ധിപ്പിക്കുകയും വ്യാപകമാക്കുകയും കൃത്യമായി നല്‍കുകയും ചെയ്ത കാലം മുമ്പുണ്ടായിട്ടില്ല.
ഇ എം എസ് ഭവനനിര്‍മാണ പദ്ധതി വഴി വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടിനുള്ള സഹായം നല്‍കപ്പെടുന്നു. ഭൂമിയില്ലാത്തവര്‍ക്ക് വീട് വെയ്ക്കാനുള്ള ഭൂമിയും നല്‍കപ്പെടുന്നു. ഉദ്ദേശിച്ചിരുന്ന വേഗത്തില്‍ കാര്യങ്ങള്‍ നടന്നിട്ടില്ല. എങ്കിലും, ആ മേഖലയിലെ പരാതികളും ആശങ്കകളും അകറ്റിക്കൊണ്ട് ഭവനനിര്‍മാണം പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ ഏതാണ്ട് 5000 കോടി രൂപയാണ് ആ ഇനത്തില്‍ ചെലവഴിക്കപ്പെടാന്‍ പോകുന്നത്.
ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, മറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവരുടെ നാനാ പ്രശ്നങ്ങള്‍ ഇത്ര അനുഭാവപൂര്‍വമായി കൈകാര്യം ചെയ്യപ്പെടുന്ന കാലം മുമ്പുണ്ടായിട്ടില്ല.
ഇങ്ങനെ ഏതു ജനവിഭാഗവും എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് യുഡിഎഫ് നേതാക്കളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും ഉറക്കംകെടുത്തുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. രാഷ്ട്രീയമോ സാമൂഹ്യമോ ആയ കാരണങ്ങള്‍ പറഞ്ഞ് അവരുടെ നിലപാട് മാറ്റിക്കുക പ്രയാസമായതുകൊണ്ടാണ് യുഡിഎഫും സാമുദായിക - വര്‍ഗീയ പ്രമാണിമാരും ചേര്‍ന്ന് എല്‍ഡിഎഫിനെതിരെ വലതുപക്ഷ യാഥാസ്ഥിതികാടിസ്ഥാനത്തില്‍ ജനങ്ങളെ വിപുലമായി അണിനിരത്താന്‍ ശ്രമിക്കുന്നത്.
ജോസഫ് കേരളയെ മാണി കേരളയില്‍ ലയിപ്പിച്ചതിന്റെയും ജമാഅത്ത് ഇസ്ളാമിയെ കൂടെകൂട്ടാന്‍ മുസ്ളീംലീഗ് ശ്രമിച്ചതിന്റെയും പശ്ചാത്തലം ഇതാണ്. ഇടതുപക്ഷ നേതൃത്വത്തില്‍ സാര്‍വത്രികമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് തുടരുന്നതിനെ തടയുകയാണ് ഇവരുടെ ലക്ഷ്യം. കരുനീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ അവ വെളിച്ചത്തായി. തല്‍പര മാധ്യമങ്ങള്‍ അവയെ ന്യായീകരിക്കുന്നതിനു പല വാര്‍ത്തകളും കെട്ടിച്ചമച്ചെങ്കിലും അവ വിലപ്പോയില്ല. അതുകൊണ്ടാണ് എല്‍ഡിഎഫിനെതിരെ വര്‍ഗീയത ആരോപിച്ച് തടിതപ്പാന്‍ അവ ശ്രമിച്ചത്. അതും വിലപ്പോയില്ല എന്നു കണ്ടപ്പോള്‍ ഏറെ പെരുമ്പറ മുഴക്കി ഇറക്കിയ "വര്‍ഗീയത'' വാര്‍ത്തകള്‍ ഉടന്‍ മുക്കപ്പെട്ടു.
നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇതുകൊണ്ട് അടങ്ങിയിരിക്കുകയില്ല. പക്ഷേ ജനങ്ങള്‍ക്ക് ഇതൊരു താക്കീതാണ്. അവരെ സംരക്ഷിക്കുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്ന ഗവണ്‍മെന്റിനെ തോല്‍പിച്ച് ജനങ്ങളെ കൊള്ള ചെയ്യുന്ന സര്‍ക്കാരിനെ അവരോധിക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ നീക്കം. അവരുടെ കരുനീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ജനങ്ങളും നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.
സിപിഐ എമ്മിലെയും എല്‍ഡിഎഫിലെയും അഭിപ്രായവ്യത്യാസങ്ങളും അനൈക്യവും ജനങ്ങളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ക്കൊക്കെ അറിയാം. അവര്‍ അക്കാര്യത്തില്‍ വേണ്ട ജാഗ്രത പാലിക്കും. അതേസമയം യുഡിഎഫിലും കോണ്‍ഗ്രസിലും പല അഭിപ്രായവ്യത്യാസങ്ങളും തമ്മിലടിയും മൂര്‍ഛിക്കുകയാണ്. അധികാരക്കസേരകള്‍ സ്വപ്നം കണ്ടുകൊണ്ടാണ് അവ എന്നതിനാല്‍ അടുത്തൊന്നും അവ അടങ്ങാന്‍ പോകുന്നില്ല.
എല്‍ഡിഎഫിനെതിരെ സാമുദായിക - വര്‍ഗീയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കപ്പെടുന്നതും എല്‍ഡിഎഫില്‍ വര്‍ഗീയ ബന്ധങ്ങള്‍ ആരോപിക്കപ്പെടുന്നതും മേല്‍വിവരിച്ച പശ്ചാത്തലത്തിലാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
സി പി നാരായണന്‍ ചിന്ത 18062010 ലക്കം
ഇതിനുമുമ്പത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് (1996-2001) വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നാട്ടില്‍ നടപ്പാക്കിയത്. ജനകീയാസൂത്രണം വഴി ഗ്രാമാന്തരങ്ങളില്‍ അതുവരെ ഉണ്ടാകാത്ത തോതില്‍ വികസന പ്രവര്‍ത്തനം ജനങ്ങളുടെ മുന്‍കയ്യോടെ നടപ്പാക്കപ്പെട്ടു. വൈദ്യുതി ഉള്‍പ്പെടെ നാനാ വകുപ്പുകള്‍ക്കു കീഴില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ടു. 1991-96 കാലത്ത് യുഡിഎഫ് ഗവണ്‍മെന്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് ഏതാണ്ട് 5000 കോടി രൂപയായിരുന്നു. അതിന്റെ മൂന്നിരട്ടി തുകയാണ് 1996-2001 കാലത്ത് എല്‍ഡിഎഫ് ചെലവഴിച്ചത്. അവസാനവര്‍ഷം നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവിന്റെയും 11-ാം ധനകാര്യക്കമ്മീഷന്‍ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെയും വാജ്പേയി ഗവണ്‍മെന്റ് സംസ്ഥാനത്തിനു നല്‍കേണ്ടിയിരുന്ന സഹായത്തില്‍ അവസാനഘട്ടത്തില്‍ വെട്ടിക്കുറവ് വരുത്തിയതിന്റെയും ഫലമായി ഗവണ്‍മെന്റിനു പണഞെരുക്കമുണ്ടായി. ഒരു ഭാഗത്ത് അതിനെക്കുറിച്ചും മറുഭാഗത്ത് ജാതി - മതാടിസ്ഥാനത്തില്‍ പ്രേരണ ചെലുത്തിയുമാണ് ജനങ്ങളെ യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിനെതിരാക്കി മാറ്റിയത്. 2001ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഈ വികസന പ്രവര്‍ത്തനങ്ങളൊന്നും വിഷയമാക്കപ്പെടാതിരിക്കാന്‍ ശ്രമിച്ചു. സകല ജാതി - മതവിഭാഗങ്ങളെയും സാമുദായികമായും വര്‍ഗീയമായും അണിനിരത്തിക്കൊണ്ടാണ് അവരത് ചെയ്തത്.
ReplyDelete