വിദ്യാഭ്യാസം സര്‍ക്കാരിന്റെ കടമയല്ലെന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടും കച്ചവടവല്‍ക്കരണവും ലാഭമോഹികളായ കച്ചവടക്കാരുടെ തള്ളിക്കയറ്റവുംമൂലം ഉന്നത വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി മാറി. ലക്ഷങ്ങള്‍ ട്യുഷന്‍ ഫീസും പുറമെ ഹോസ്റല്‍, മെസ് ഫീസുകളും പലപേരുകളിലും രൂപത്തിലുമുള്ള തലവരിപ്പണവും കൂടിയാകുമ്പോള്‍ ഉയര്‍ന്ന ഇടത്തരക്കാര്‍ക്കുപോലും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് രൂപപ്പെട്ടത്. ഈ ദുരവസ്ഥയ്ക്ക് നേരിയ പരിഹാരമെന്ന നിലയിലാണ് വിദ്യാഭ്യാസ വായ്പകള്‍ സ്വീകരിക്കപ്പെട്ടത്.
പഠനാവശ്യാര്‍ഥം വായ്പ നല്‍കുക, ജോലി ലഭിച്ചശേഷം അത് തിരിച്ചടയ്ക്കുക-ഇതാണ് വിദ്യാഭ്യാസ വായ്പയുടെ സ്വഭാവം. ഒട്ടേറെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. വന്‍തുക ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പയെ ഒരു സൌകര്യമായി കണ്ട് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമവും നടത്തുന്നു. ഒരേ കോഴ്സിന് പലതരത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. അല്ലലും അലട്ടലുമില്ലാതെ ബാങ്കുവഴി പണം കിട്ടുമെന്നു വന്നപ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനാണ് പലരും ഒരുമ്പെട്ടത്. ബാങ്കുകള്‍ വായ്പയ്ക്ക് ചില വ്യവസ്ഥകള്‍വച്ച് തുക കുറച്ചപ്പോള്‍ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാനും മാനേജ്മെന്റുകള്‍ തയ്യാറായ അനുഭവമുണ്ട്.
വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് രൂക്ഷമായ ചില പ്രശ്നങ്ങള്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം കോടഞ്ചേരി സ്വദേശി സി ജെ തോമസ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം. മകള്‍ ശ്രുതി തോമസിന് നേഴ്സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതില്‍ മനംനൊന്താണ് തോമസ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ ബാങ്ക് മാനേജര്‍ കുറ്റക്കാരനാണെന്ന് കോഴിക്കോട് കലക്ടര്‍ ഡോ. പി ബി സലിം അന്വേഷിച്ച് കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കെതിരെ ശിക്ഷണ നടപടിയുണ്ടായി.
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ നിരവധി അവ്യക്തകള്‍ നിലനില്‍ക്കുന്നുണ്ട്. തിരിച്ചടവ് ഉറപ്പാക്കാനുള്ള ബാധ്യത വായ്പ അനുവദിക്കുന്ന മാനേജര്‍മാര്‍ക്കാകയാല്‍ അവര്‍ പരമാവധി കുറഞ്ഞ അപേക്ഷകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ. രേഖകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടവ് ശേഷി ഉറപ്പുവരുത്തി മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. അങ്ങനെ ഉറപ്പുവരുത്താന്‍ സ്വയം മാനദണ്ഡം സൃഷ്ടിക്കുമ്പോള്‍, യഥാര്‍ഥ ആവശ്യക്കാരും അര്‍ഹരും ഒഴിവാക്കപ്പെടുന്നു. രാജ്യത്തിനകത്തെ പഠനത്തിന് പത്തുലക്ഷം രൂപവരെയും വിദേശരാജ്യങ്ങളില്‍ പഠിക്കുന്നതിന് 20 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുന്നത്. നാലുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഈടു വേണ്ട. തുടര്‍ന്ന് 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് പിതാവിന്റെയോ രക്ഷാകര്‍ത്താവിന്റെയോ വരുമാനം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. അതിനുമുകളില്‍ വസ്തുവിന്റെ ആധാരം ഈട് നല്‍കണം. കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷമോ ജോലി ലഭിച്ച് ആറുമാസത്തിനകമോ ആണ് തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടവിന്റെ കാലം, പലിശ നേരത്തെ അടച്ചാലുണ്ടാകുന്ന പ്രയോജനം തുടങ്ങിയ കാര്യങ്ങളില്‍ പലരും ബോധവാന്മാരല്ല. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ അവ്യക്തത വര്‍ധിപ്പിക്കുന്നതുമാണ്.
പൊതുമേഖലാ ബാങ്കുകളാണ് ഭൂരിഭാഗം വിദ്യാഭ്യാസ വായ്പയും നല്‍കിയത്. പുത്തന്‍ സ്വകാര്യബാങ്കുകള്‍ മിക്കതും വായ്പ കൊടുക്കുന്നേയില്ല. അതേസമയം, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പരസ്യം ചെയ്താണ് പല സ്വാശ്രയ കോളേജുകളും പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിലെ ഫീസ് നിരക്കുമാത്രമേ പുറത്തുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പയായി നല്‍കാവൂ എന്നും ട്യൂഷന്‍ ഫീസും ഹോസ്റല്‍ ഫീസും മാത്രമേ നല്‍കേണ്ടതുള്ളൂ എന്നും സംസ്ഥാനതല ബാങ്കിങ് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീടിനടുത്തുള്ള ബ്രാഞ്ചാണ് വായ്പ നല്‍കേണ്ടതെന്ന വ്യവസ്ഥയുണ്ട്. പലപല ബാങ്കുശാഖകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുയരുന്നതായാണ് അനുഭവം. രക്ഷാകര്‍ത്താക്കള്‍ ബാങ്കുകള്‍ മാറിമാറിക്കയറി അന്തം വിടുന്നു. വായ്പയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ കമ്മിറ്റിയുണ്ട്. ഇതെല്ലാമായിട്ടും വായ്പ ലഭിക്കുന്നില്ലെന്ന പരാതി; അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന പരാതി നിലനില്‍ക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാതിരിക്കാനുള്ള ഉപാധിയാണ് വിദ്യാഭ്യാസ വായ്പ എന്ന പരമപ്രധാനമായ വസ്തുത മറന്നുപോകുന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍. രക്ഷിതാവിന് എത്ര സ്വത്തുണ്ടെന്നോ എത്ര വരുമാനമുണ്ടെന്നോ നോക്കിയാവരുത് കുട്ടികള്‍ക്ക് പഠിക്കാനുള്ള വായ്പ നല്‍കേണ്ടത്. മറിച്ച്, കുട്ടിയുടെ പഠനനിലവാരം; തെരഞ്ഞെടുക്കുന്ന കോഴ്സ്, തൊഴില്‍ സാധ്യത എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. വിദ്യാഭ്യാസ വായ്പയുടെ പലിശ പരമാവധി കുറയ്ക്കുക; ഫീസ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏകീകരണം വരുത്തുക; സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇനി ഒരു കുട്ടിയുടെ രക്ഷിതാവും വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യക്കൊരുങ്ങാത്ത വിധം ഇടപെടലും നടപടികളും ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനാണ് മുന്‍കൈ എടുക്കാനാവുക.
ദേശാഭിമാനി മുഖപ്രസംഗം 24062010
മറ്റൊരു വാര്‍ത്ത
വിദ്യാഭ്യാസവായ്പ ആസ്തി പ്രധാന ഘടകം; നിര്‍ദേശങ്ങള്‍ പരണത്ത്
ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. വായ്പയ്ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമല്ലെങ്കിലും അനാവശ്യ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ മുന്നോട്ടു വയ്ക്കുന്നതാണ് ഇതിനു കാരണം. നാലുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു ഈടും നല്‍കാതെ വായ്പ നല്‍കാം. സംസ്ഥാനത്ത് ഭൂരിഭാഗം വിദ്യാഭ്യാസവായ്പാ അപേക്ഷയും ഈ പരിധിയിലുള്ളതാണ്. എന്നാല്‍, രക്ഷാകര്‍ത്താവിന്റെ വരുമാനവും സ്ഥാവരജംഗമ വസ്തുക്കളുടെ ആസ്തിയും മറ്റും ബാങ്കുകള്‍ മാനദണ്ഡമാക്കുകയാണ്. പുതുതലമുറ ബാങ്കുകളാകട്ടെ വിദ്യാഭ്യാസ വായ്പയെ പാടെ അവഗണിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഇതില്‍ത്തന്നെ സ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് കൂടുതല്‍ വായ്പ നല്‍കിയത്. 1,14,722 പേര്‍ക്ക് 2129.36 കോടി രൂപയാണ് അവര്‍ നല്‍കിയത്. സ്വകാര്യബാങ്കുകളാകട്ടെ ആകെ അനുവദിച്ചത് 18,265 വായ്പമാത്രം. അതില്‍ത്തന്നെ പുതുതലമുറ വിദേശബാങ്കുകളായ സ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയും എച്ച്എസ്ബിസി, ഇന്‍ഡസ് ഇന്‍ഡ് എന്നിവയും ഒരുവായ്പപോലും അനുവദിച്ചില്ല. എച്ച്ഡിഎഫ്സി 60 വായ്പ അനുവദിച്ചപ്പോള്‍ ആക്സിസ് ബാങ്ക് നല്‍കിയത് 19ഉം ഐസിഐസിഐ നല്‍കിയത് ആറും വായ്പമാത്രം.
ഇന്ത്യയിലെ പഠനത്തിന് പത്തുലക്ഷം രൂപവരെയും വിദേശരാജ്യങ്ങളില്‍ പഠിക്കുന്നതിന് 20 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുന്നത്. നാലുമുതല്‍ 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്കുമാത്രം അച്ഛന്റെയോ രക്ഷാകര്‍ത്താവിന്റെയോ വരുമാനം വ്യക്തമാക്കുന്ന രേഖ ഹാജരാക്കിയാല്‍ മതി. 7.5 ലക്ഷംമുതല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് വസ്തുവിന്റെ ആധാരവും ഈട് നല്‍കണം. നാലുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 11 മുതല്‍ 12 ശതമാനംവരെയാണ് പലിശ. പെകുട്ടികള്‍ക്ക് പലിശയില്‍ 0.50 ശതമാനം ഇളവുണ്ട്. വായ്പത്തുക കൂടുന്നത് അനുസരിച്ച് പലിശനിരക്കും ഉയരും. വായ്പ കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുശേഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറുമാസത്തിനകമോ ഏതാണോ ആദ്യം അതിനനുസരിച്ച് തിരിച്ചടയ്ക്കണം. ഇപ്രകാരം നാലുലക്ഷം രൂപ വായ്പ എടുക്കുന്ന വിദ്യാര്‍ഥിയുടെ പഠനശേഷമുള്ള പ്രതിമാസ തിരിച്ചടവ് 9000 രൂപമുതല്‍ 12,000 രൂപവരെയാണ്. പലിശ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നാല്‍ ഇത്രയും തുക തിരിച്ചടക്കേണ്ടിവരില്ല.
എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ബാങ്കുകളോ വായ്പ എടുക്കുന്നവരോ വേണ്ടത്ര ബോധവാന്മാരല്ലെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ പ്രസാദ് പറഞ്ഞു. ജോലി ലഭിക്കുന്നതില്‍ വരുന്ന കാലതാമസവും ഇത്തരം വായ്പകള്‍ എഴുതിത്തള്ളും എന്ന രീതിയിലുള്ള ചില സംഘടനകളുടെ പ്രചാരണവും വായ്പ തിരിച്ചടവില്‍ ക്രമാതീതമായ താമസം വരുത്തുന്നുണ്ട്. കേന്ദ്രനയത്തിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നതും ബാങ്ക് വായ്പ ലഭിക്കും എന്നതിന്റെ പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട താല്‍പ്പര്യത്തോടെ ഫീസ് വര്‍ധിപ്പിക്കുന്നതും ഈ രംഗത്തെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നതായി ബാങ്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
(ടി എന്‍ സീന)
...പുതുതലമുറ ബാങ്കുകളാകട്ടെ വിദ്യാഭ്യാസ വായ്പയെ പാടെ അവഗണിക്കുകയാണ്.
ReplyDeleteകഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഇതില്‍ത്തന്നെ സ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് കൂടുതല്‍ വായ്പ നല്‍കിയത്. 1,14,722 പേര്‍ക്ക് 2129.36 കോടി രൂപയാണ് അവര്‍ നല്‍കിയത്. സ്വകാര്യബാങ്കുകളാകട്ടെ ആകെ അനുവദിച്ചത് 18,265 വായ്പമാത്രം. അതില്‍ത്തന്നെ പുതുതലമുറ വിദേശബാങ്കുകളായ സ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയും എച്ച്എസ്ബിസി, ഇന്‍ഡസ് ഇന്‍ഡ് എന്നിവയും ഒരുവായ്പപോലും അനുവദിച്ചില്ല. എച്ച്ഡിഎഫ്സി 60 വായ്പ അനുവദിച്ചപ്പോള്‍ ആക്സിസ് ബാങ്ക് നല്‍കിയത് 19ഉം ഐസിഐസിഐ നല്‍കിയത് ആറും വായ്പമാത്രം.