Sunday, June 13, 2010

ഭോപാല്‍ : മുഖം രക്ഷിക്കാനാകാതെ കോണ്‍ഗ്രസ്

ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുന്നു. രാജീവ്ഗാന്ധിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതും അര്‍ജുന്‍സിങ്ങിന്റെ മൌനവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. സുപ്രീംകോടതിയെയും രാജീവ്ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടറെയും പഴിചാരി പാര്‍ടിയുടെ മുഖം രക്ഷിക്കാന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി തന്നെ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.

ആന്‍ഡേഴ്സനെ സുരക്ഷിതനായി നാടുകടത്തിയത് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രേഖകള്‍. 'ഇന്നലെ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ കേന്ദസര്‍ക്കാര്‍ ദ്രുതഗതിയില്‍ ഇടപെട്ടു'വെന്നാണ് 1984 ഡിസംബര്‍ എട്ടിന് സിഐഎ രേഖപ്പെടുത്തിയത്. ഈ രേഖകള്‍ കഴിഞ്ഞദിവസം സ്വകാര്യചാനല്‍ പരസ്യപ്പെടുത്തി. സിഐഎതന്നെ രാജീവ്ഗാന്ധിയുടെ പങ്ക് സ്ഥിരീകരിക്കുമ്പോള്‍ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കളമൊഴിഞ്ഞ നേതാവ് അര്‍ജുന്‍സിങ്ങിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള കരുനീക്കത്തിനിടെയാണ് രാജീവ്ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. ഇതോടെ ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ആയുധമില്ലാതായി. കോടതിയെ പഴിചാരി മുഖംരക്ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്.

നീതി നിഷേധിക്കപ്പെട്ടത് കോടതിയുടെ കുറ്റംകൊണ്ടാണെന്ന് നിയമന്ത്രി വീരപ്പ മൊയ്ലി പ്രതികരിച്ചത് ഹൈക്കമാന്‍ഡില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ്. ആദ്യം തള്ളിപ്പറയാന്‍ ശ്രമിച്ചെങ്കിലും അര്‍ജുന്‍സിങ്ങിനെ മെരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം നടത്തുന്നുണ്ട്.
അതിനിടെ, വാറന്‍ ആന്‍ഡേഴ്സന്റെ പേര് കഴിഞ്ഞ 25വര്‍ഷമായി സിബിഐയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ചില മാധ്യമങ്ങളില്‍നിന്നുള്ള അന്വേഷണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭോപാല്‍ കേസിന്റെ വിവരങ്ങളും ആന്‍ഡേഴ്സന്റെ പേരും സിബിഐ വെബ്സൈറ്റില്‍ ചേര്‍ത്തത്. ആന്‍ഡേഴ്സനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് യുഎസ് വിദേശമന്ത്രാലയവക്താവ് പി ജെ ക്രൌലിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ഭോപാല്‍ കൂട്ടക്കൊല കേസില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമായിരുന്നെന്ന് സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ അഭിപ്രായപ്പെട്ടു. സിബിഐയ്ക്കുവേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം പ്രതിഭാഗത്തിനുവേണ്ടി പ്രബലരായ അഭിഭാഷകരുടെ സംഘംതന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭോപാല്‍ വിധിയെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ആന്‍ഡേഴ്സന്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
(വിജേഷ് ചൂടല്‍)

ആന്‍ഡേഴ്സന്‍: സമഗ്ര അന്വേഷണം വേണം- കാരാട്ട്

ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സന്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഭോപാല്‍ കേസിന്റെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെയാണ് ആന്‍ഡേഴ്സന്‍ രക്ഷപ്പെട്ടതെന്ന് വ്യക്തമായി. പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഭരണകൂടവും നിയമവ്യവസ്ഥയും പരാജയപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിതല സമിതിയുടെ അന്വേഷണത്തില്‍ ഒതുക്കേണ്ട പ്രശ്നമല്ലിത്.

വിദേശ ആണവകമ്പനികളെ ആണവ ദുരന്തത്തിന്റെ ബാധ്യതയില്‍നിന്ന് നിയമപരമായി ഒഴിവാക്കി സംരക്ഷണം നല്‍കുന്നതാണ് ആണവ ബാധ്യതാബില്ലിലെ വ്യവസ്ഥകള്‍. യൂണിയന്‍ കാര്‍ബൈഡ് രക്ഷപ്പെട്ടതുപോലെ അമേരിക്കന്‍ ആണവ കമ്പനികള്‍ക്കും 'നിയമവിധേയമായി' രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതുകൊണ്ട് കാര്യമില്ല. രാജ്യതാല്‍പ്പര്യത്തിന് ഹാനികരമായ ബില്‍ അപ്പടി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും കാരാട്ട് പറഞ്ഞു.

ആന്‍ഡേഴ്സനെ ആവശ്യപ്പെട്ടാല്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് അമേരിക്ക

ഭോപാല്‍ ദുരന്തത്തില്‍ പ്രതിയായ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് അമേരിക്കന്‍ വക്താവ് പി ജെ ക്രോവ്ലി പറഞ്ഞു. ദുരന്തത്തിന് ആന്‍ഡേഴ്സ ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയാണെന്ന് ഇന്ത്യ അറിയിക്കുന്ന പക്ഷം അക്കാര്യത്തില്‍ നല്ല പരിഗണന നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആവര്‍ത്തിച്ചറിയിച്ചിട്ടും പ്രതികളെ കൈമാറാനുള്ള പരസ്പരഉടമ്പടി പ്രകാരം അമേരിക്ക പരിഗണിച്ചിട്ടില്ലെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെപറഞ്ഞത്. ആയിരക്കണക്കിനാളുകളെ ദുരന്തത്തില്‍പ്പെടുത്തിയതിന് ആന്‍ഡേഴ്സ ഉത്തരവാദിയായതിനാല്‍ നിയമപ്രകാരം വിചാരണ നേരിടാനുള്ള സംവിധാനമുണ്ടാകണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഫ്രാങ്ക് പല്ലോ ആവശ്യപ്പെട്ടു.

ഭോപാല്‍ വിധി: ഉത്തരവാദി കോടതിയെന്ന് മൊയ്ലി

ഭോപാല്‍ വാതകദുരന്തക്കേസില്‍ വിധി വൈകിയതിന് ഉത്തരവാദി നീതിന്യായ വ്യവസ്ഥയാണെന്ന് കേന്ദ്ര നിയമമന്ത്രി എം വീരപ്പ മൊയ്ലി. ആന്‍ഡേഴ്സനടക്കമുള്ള പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304 (2) വകുപ്പനുസരിച്ച് പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന തരത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിനെ കാറപകടംപോലെയാണ് സുപ്രീംകോടതി ചീഫ് ജസ്റിസ് എ എച്ച് അഹമ്മദി കൈകാര്യംചെയ്തത്. രണ്ടുവര്‍ഷം ശിക്ഷ ലഭിക്കുന്ന 304 (എ) വകുപ്പായി കോടതി കുറ്റപത്രത്തില്‍ ഇളവുചെയ്തു. കേസ് നടപടി വൈകിപ്പിച്ചതും കോടതിയാണെന്ന് മൊയ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭോപാല്‍ കൂട്ടക്കൊല വെറും അപകടമല്ല, മഹാദുരന്തമാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. ഇത്തരം കേസുകള്‍ വേഗം തീര്‍പ്പാക്കാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും നിയമം കര്‍ക്കശമാക്കും. ആന്‍ഡേഴ്സനെതിരായ കേസ് അവസാനിച്ചിട്ടില്ലെന്ന് മൊയ്ലി ആവര്‍ത്തിച്ചു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടാന്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് വാറന്‍ ആന്‍ഡേഴ്സനെ വിട്ടയച്ചതെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി സി അലക്സാണ്ടറുടെ വെളിപ്പെടുത്തല്‍ അസംബന്ധമാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന്റെ വിരോധംമൂലം അലക്സാണ്ടര്‍ ബിജെപി-ശിവസേന ക്യാമ്പില്‍ ചേര്‍ന്നിരിക്കയാണ്. അലക്സാണ്ടറാണ് ആന്‍ഡേഴ്സന്‍ രക്ഷപ്പെട്ടതി ന് ഉത്തരവാദിയെന്നും മൊയ്ലി പറഞ്ഞു.

അലക്സാണ്ടര്‍ക്കെതിരെ വീരപ്പ മൊയ്ലി

യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ ഇന്ത്യ വിട്ടതില്‍ രാജീവ് ഗാന്ധിക്കും പങ്കുണ്ടാകാമെന്നു പറഞ്ഞ മുന്‍ പ്രിന്‍സിപ്പല്‍ പി സി അലക്സാണ്ടര്‍ക്കു നേരെ രോഷപ്രകടനവുമായി മന്ത്രി വീരപ്പ മൊയ്ലി. അലക്സാണ്ടര്‍ 'പരിവര്‍ത്തിത സംഘപരിവാര്‍' ആണെന്നു പരിഹസിച്ച മൊയ്ലി ആ പ്രസ്താവന ബോധപൂര്‍വം നടത്തിയതാണെന്നും പറഞ്ഞു. ബിജെപി, ശിവസേന പിന്തുണയോടെ രാജ്യസഭാംഗമായതാണ് അലക്സാണ്ടര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതുകൊണ്ടാണ് അലക്സാണ്ടര്‍ ബിജെപി ക്യമ്പില്‍ ചേക്കേറിയത്. അലക്സാണ്ടറെ പോലുള്ള നിരവധി പേര്‍ ഇപ്പോള്‍ രക്തസാക്ഷികളാകാന്‍ നോക്കുകയാണ്. ആന്‍ഡേഴ്സണ്‍ പോയതിന് ഉത്തരവാദി അലക്സാണ്ടറാണ്. കാരണം അദ്ദേഹം അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു- മൊയ്ലി ആരോപണം തിരിച്ചുവച്ചു.

deshabhimani 12062010

2 comments:

  1. ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുന്നു. രാജീവ്ഗാന്ധിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതും അര്‍ജുന്‍സിങ്ങിന്റെ മൌനവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. സുപ്രീംകോടതിയെയും രാജീവ്ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടറെയും പഴിചാരി പാര്‍ടിയുടെ മുഖം രക്ഷിക്കാന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി തന്നെ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.

    ആന്‍ഡേഴ്സനെ സുരക്ഷിതനായി നാടുകടത്തിയത് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രേഖകള്‍. 'ഇന്നലെ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ കേന്ദസര്‍ക്കാര്‍ ദ്രുതഗതിയില്‍ ഇടപെട്ടു'വെന്നാണ് 1984 ഡിസംബര്‍ എട്ടിന് സിഐഎ രേഖപ്പെടുത്തിയത്. ഈ രേഖകള്‍ കഴിഞ്ഞദിവസം സ്വകാര്യചാനല്‍ പരസ്യപ്പെടുത്തി. സിഐഎതന്നെ രാജീവ്ഗാന്ധിയുടെ പങ്ക് സ്ഥിരീകരിക്കുമ്പോള്‍ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കളമൊഴിഞ്ഞ നേതാവ് അര്‍ജുന്‍സിങ്ങിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള കരുനീക്കത്തിനിടെയാണ് രാജീവ്ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. ഇതോടെ ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ആയുധമില്ലാതായി. കോടതിയെ പഴിചാരി മുഖംരക്ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്.

    ReplyDelete
  2. കോൺഗ്രസ്സും അർജുൻസിംഗും മറുപടി പറയണം...

    കൂടെ 25 വർഷം കേസ്സ്‌ നീട്ടികൊണ്ടുപോയ കോടതികളും.

    ReplyDelete