Saturday, June 12, 2010

ഇവര്‍ മനുഷ്യരോ?

പുള്ളിപ്പുലിയുടെ പുള്ളി തേച്ചുമാച്ചുകളയാനാവില്ല. അതുപോലെയാണ് കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവവും. ഏതെങ്കിലും നേതാവ് തലപ്പത്തു വന്നതുകൊണ്ടോ ഒരു സംഘം നേതാക്കളുടെ ഇടപെടല്‍കൊണ്ടോ മാറ്റാനാകുന്ന ഒന്നല്ല അത്. ഭോപാലില്‍ കൂട്ടക്കൊല നടത്തിയ ന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും ദിഗ്വിജയ് പറയുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്നു ദിഗ്വിജയ്സിങ്. അന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നായകത്വം അര്‍ജുന്‍ സിങ്ങിനായിരുന്നു. അര്‍ജുന്‍ സിങ്ങാണ് വാറന്‍ ആന്‍ഡേഴ്സന്റെ ഒളിച്ചുകടക്കലിന് ഒത്താശചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ദിഗ്വിജയിന്റെ ഇടപെടലെങ്കിലും അതിന് കൂടുതല്‍ വിശാലമായ മാനങ്ങളുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടി കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ കൊലയാളിക്കമ്പനിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. അര്‍ജുന്‍സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ്.

ഭോപാല്‍ ദുരന്തമുണ്ടായ ഉടനെ അതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വരദരാജന്‍ കമ്മിറ്റിയെക്കുറിച്ച് ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരന്തകാരണമായി വന്‍ സുരക്ഷാപാളിച്ചകള്‍ വന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബാഹ്യതാല്‍പ്പര്യങ്ങള്‍ക്ക് അടിപ്പെടാതെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരദരാജനെ ടെലിഫോണിലൂടെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റിയാണ് കേന്ദ്ര കോണ്‍ഗ്രസ് ഗവമെന്റ് അന്ന് പ്രതികാരം ചെയ്തത്. അതിനു ചുക്കാന്‍ പിടിച്ചയാള്‍ രാജീവ് ഗാന്ധിയാണെന്ന് അന്നേ വാര്‍ത്തകള്‍ വന്നതാണ്. ആന്‍ഡേഴ്സണുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തത് കേന്ദ്രമാണ് എന്നും ആ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്നും ഇപ്പോള്‍ ദിഗ്വിജയ് സിങ് പറയുന്നു. അന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങാണ്. ഇന്ത്യയും മധ്യപ്രദേശും ഭരിച്ചത് കോണ്‍ഗ്രസാണ്. കേന്ദ്രം പറഞ്ഞു; സംസ്ഥാനം നടപ്പാക്കി എന്ന് ആണയിടുമ്പോള്‍, കോണ്‍ഗ്രസ് തീരുമാനിച്ചു; കോണ്‍ഗ്രസ് നടപ്പാക്കി എന്നാണ് അതിനര്‍ഥം. ആയിരങ്ങളെ കൊന്നൊടുക്കിയ കൊടും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ രാജ്യം ഭരിക്കുന്ന കക്ഷി ലജ്ജാശൂന്യമായി സൌകര്യമൊരുക്കിക്കൊടുത്തു എന്നാണ്.

ആന്‍ഡേഴ്സനെ ഭോപാലില്‍നിന്ന് ഡല്‍ഹിക്ക് കടത്തിയത് മുഖ്യമന്ത്രിയായിരുന്നന്ന അര്‍ജുന്‍സിങ്ങിന്റെ വിമാനത്തില്‍, മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നാണ് അന്ന് ഭോപാല്‍ കലക്ടറായിരുന്നന്ന മോത്തി സിങ് വ്യക്തമാക്കിയത്. ആന്‍ഡേഴ്സനെ സഹായിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസാണെന്ന് ഭോപാലില്‍ വ്യോമയാന ഡയറക്ടറായിരുന്നന്ന ക്യാപ്റ്റന്‍ ആര്‍ എസ് സോധിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ച് ആന്‍ഡേഴ്സന്റെ രക്ഷപ്പെടലിന് സൌകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്യാപ്റ്റന്‍ സോധി പറയുന്നത്. 1984 ഡിസംബര്‍ ഏഴിനാണ് ആന്‍ഡേഴ്സണ്‍ ഗവമെന്റിന്റെ വിമാനത്തില്‍ ഭോപാല്‍ല്‍ വിട്ടത്. ആ യാത്രയ്ക്ക് സംസ്ഥാന ഭരണത്തിന്റെ എല്ലാ സന്നാഹങ്ങളും അകമ്പടി സേവിച്ചു. ഡല്‍ഹിയിലെത്തി അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിനെ കണ്ടശേഷമാണ് ആന്‍ഡേഴ്സണ്‍ അമേരിക്കയിലേക്ക് കടന്നത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുതന്നെയാണിത്. ലോകത്തെ നടുക്കിയ കൂട്ടക്കൊലക്കേസില്‍ ഒന്നാംപ്രതിസ്ഥാനത്തുള്ള ഒരാളെ രാജ്യത്തുനിന്ന് സുരക്ഷിതനായി കടത്താന്‍ ഭരണസംവിധാനങ്ങളാകെ ഉപയോഗിക്കപ്പെടുക; അയാള്‍ രാഷ്ട്രത്തിന്റെ ഭരണത്തലവനെത്തന്നെ സന്ദര്‍ശിക്കുക; അന്ന് നടന്നതെല്ലാം കേന്ദ്ര ഗവമെന്റിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് ബന്ധപ്പെട്ട കക്ഷിയുടെ മുതിര്‍ന്ന നേതാവുതന്നെ സമ്മതിക്കുക-കോണ്‍ഗ്രസ് എവിടെയാണ് എത്തിനില്‍ക്കുന്നത്? അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ രംഗത്തുള്ളത്.

ആണവദുരന്തമുണ്ടായാല്‍ ആണവസാമഗ്രികള്‍ നിര്‍മിച്ചു നല്‍കിയ വിദേശകമ്പനികളില്‍നിന്ന് നഷ്ടം ഈടാക്കാന്‍ വ്യവസ്ഥയുള്ള ഉപവകുപ്പ് ആണവബാധ്യതാ ബില്ലില്‍നിന്ന് നീക്കിയാണ് ഭോപാല്‍ വിവാദം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ വിധേയത്വത്തിന്റെ പുതിയ അധ്യായം കേന്ദ്രസര്‍ക്കാര്‍ രചിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ല്‍ അവതരിപ്പിച്ച ബില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എതിരാണെന്ന കടുത്ത വിമര്‍ശം നിലനില്‍ക്കെയാണ് ബില്ലില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വീണ്ടും വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയത്. ജനങ്ങള്‍ കൂട്ടമരണത്തിനിടയായാലും നഷ്ടപരിഹാരം അമേരിക്കന്‍ കമ്പനികളില്‍നിന്ന് വാങ്ങാന്‍ പറ്റില്ല എന്ന് പറയുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍തന്നെയാകുമ്പോള്‍ ജനാധിപത്യത്തിന് എന്തുവില? ഭോപാലില്‍നിന്ന് ആന്‍ഡേഴ്സനെ ഒളിച്ചുകടത്തിയ അതേ മാനസികാവസ്ഥയിലാണ് ഇന്നും കോണ്‍ഗ്രസ്. അതിന്റെ പുള്ളികള്‍ ഒരുകാലത്തും മായാത്തതാണ്. ഇവരെക്കൊണ്ട് ജനങ്ങള്‍ കണക്ക് പറയിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? ഈ നാടിനുവേണ്ടിയോ അതോ അമേരിക്കന്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ? വിഷവാതകം ശ്വസിച്ച് പിടഞ്ഞുമരിച്ച ആയിരക്കണക്കിന് പാവങ്ങളെയും നരകയാതന അനുഭവിക്കുന്ന ലക്ഷങ്ങളെയും ആശ്വസിപ്പിക്കാന്‍ ഒരിറ്റ് കരുണ കാണിക്കാതെ, കൊലയാളിയെ വിമാനത്തിലേറ്റി രക്ഷപ്പെടുത്തിയ നിങ്ങള്‍ മനുഷ്യരോ ഹിംസ്രമൃഗങ്ങളോ?

ദേശാഭിമാനി മുഖപ്രസംഗം 11062010

2 comments:

  1. പുള്ളിപ്പുലിയുടെ പുള്ളി തേച്ചുമാച്ചുകളയാനാവില്ല. അതുപോലെയാണ് കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവവും. ഏതെങ്കിലും നേതാവ് തലപ്പത്തു വന്നതുകൊണ്ടോ ഒരു സംഘം നേതാക്കളുടെ ഇടപെടല്‍കൊണ്ടോ മാറ്റാനാകുന്ന ഒന്നല്ല അത്. ഭോപാലില്‍ കൂട്ടക്കൊല നടത്തിയ ന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സ— രക്ഷപ്പെട്ടതിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും ദിഗ്വിജയ് പറയുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്നു ദിഗ്വിജയ്സിങ്. അന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നായകത്വം അര്‍ജുന്‍ സിങ്ങിനായിരുന്നു. അര്‍ജുന്‍ സിങ്ങാണ് വാറന്‍ ആന്‍ഡേഴ്സന്റെ ഒളിച്ചുകടക്കലിന് ഒത്താശചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ദിഗ്വിജയിന്റെ ഇടപെടലെങ്കിലും അതിന് കൂടുതല്‍ വിശാലമായ മാനങ്ങളുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടി കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ കൊലയാളിക്കമ്പനിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. അര്‍ജുന്‍സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ്.

    ReplyDelete
  2. കോൺഗ്രസ്സും അർജുൻസിംഗും മറുപടി പറയണം...

    കൂടെ 25 വർഷം കേസ്സ്‌ നീട്ടികൊണ്ടുപോയ കോടതികളും.

    ReplyDelete