നിലവിലുള്ള ജേതാക്കളായ ഇറ്റലിയും റണ്ണറപ്പ് ഫ്രാന്‍സും ദയനീയമായി തോറ്റ് പുറത്ത്. അതേസമയം ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ മുന്നോട്ട്. ആഫ്രിക്ക ഘാനയില്‍ ഒതുങ്ങിയെങ്കിലും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യയുടെ മാനം കാത്തു- രണ്ടാംറൌണ്ടിലേക്ക് കടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ നഖചിത്രമിങ്ങനെ.
12 ടീമുകളാണ് യൂറോപ്പില്‍നിന്ന് കളിച്ചത്. ഏഴുപേര്‍ പുറത്തായി. ആഫ്രിക്കയില്‍നിന്ന് ആറ്. അവശേഷിക്കുന്നത് ഒന്ന്. ഏഷ്യക്ക് നാല്, രണ്ടുപേര്‍ ബാക്കി. കോണ്‍കാഫിന് മൂന്ന്. രണ്ടുപേര്‍ നോക്കൌട്ടില്‍. ദക്ഷിണ അമേരിക്കയ്ക്ക് അഞ്ചില്‍ അഞ്ചും. ചുരുക്കത്തില്‍ യൂറോപ്പിന് വന്‍ തകര്‍ച്ച, ദക്ഷിണ അമേരിക്കയുടെ സമഗ്രാധിപത്യം.
ലോകകപ്പിന്റെ ചരിത്രം യൂറോപ്പ്-ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടേതാണ്. കഴിഞ്ഞ 18 ടൂര്‍ണമെന്റുകളില്‍ ഒമ്പതു കിരീടം പങ്കിട്ട് ശാക്തിക ബലാബലത്തില്‍ തുല്യത പാലിച്ചു. യൂറോപ്പ് കിരീടം നേടുന്ന ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കയും ലാറ്റിനമേരിക്ക ജേതാക്കളായ ടൂര്‍ണമെന്റില്‍ യൂറോപ്പും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ഇതാദ്യമായി യൂറോപ്പ് ലോകകപ്പ് ഫുട്ബോളിന്റെ പുറമ്പോക്കിലേക്ക് പിന്തള്ളപ്പെടുകയാണ്.
ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും ആദ്യ റൌണ്ടിലെ പുറത്താകലില്‍ ഒതുങ്ങുന്നില്ല യൂറോപ്പിന്റെ തകര്‍ച്ചയുടെ ആഴം. അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയ ഇംഗ്ളണ്ട്, ജര്‍മനി എന്നിവരുടെ പ്രകടനങ്ങളിലെ ദൈന്യതകൂടി പരിഗണിച്ചാലേ ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന വന്‍കരയില്‍ കാര്യങ്ങള്‍ അടിമുടി കുഴപ്പത്തിലാണെന്ന് വ്യക്തമാകൂ. അമേരിക്കയോടും അല്‍ജീരിയയോടും സമനില വഴങ്ങിയ ഇംഗ്ളണ്ട് കഷ്ടിച്ച് സ്ളൊവേനിയയെ മറികടന്നാണ് നോക്കൌട്ട് റൌണ്ടിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചതും സമ്പന്നവുമായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഒന്നും പതിവ് നിലവാരത്തിലേക്കുയര്‍ന്നില്ല. ആദ്യ കളിയില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച ജര്‍മനി അടുത്ത കളിയില്‍ നവാഗതരായ സെര്‍ബിയയോട് തോറ്റു. മൂന്നാംകളിയില്‍ ഘാനയുടെമുന്നില്‍ വിയര്‍ത്തെങ്കിലും ഒരു ഗോളിന് ജയിച്ചു. കറുത്ത കുതിരകള്‍ എന്ന് യൂറോപ്പ് വീമ്പിളക്കിയ സെര്‍ബിയ ജയിച്ചത് ഒരു കളിയും. മൂന്നു മത്സരവും ജയിച്ച് അടുത്ത റൌണ്ടില്‍ കടന്ന ഹോളണ്ട് മാത്രമാണ് ഈ വന്‍കരയ്ക്ക് ആശ്വാസം.
ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, ചിലി എന്നീ അഞ്ചു ടീമുകളാണ് ലാറ്റിനമേരിക്കയുടെ പ്രതിനിധികള്‍. കളിച്ച 10 മത്സരങ്ങളില്‍ എട്ടു ജയം, രണ്ടു സമനില. ബ്രസീലും അര്‍ജന്റീനയും പതിവുപോലെ തുടങ്ങി. അതില്‍ അത്ഭുതവുമില്ല. എന്നാല്‍ ശേഷിക്കുന്ന മൂന്നു ടീമുകളുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. അര്‍ജന്റീനന്‍ പരിശീലകന്‍ ദ്യേഗോ മാറഡോണ പറയുന്നത് ദക്ഷിണ അമേരിക്കന്‍ ടീമുകളുടെ നാലയലത്ത് മറ്റു വന്‍കരക്കാര്‍ എത്തില്ല എന്നാണ്. ഈ ലോകകപ്പില്‍ അത് വ്യക്തമായെന്നുമാത്രം. വന്‍കരാ യോഗ്യതയില്‍ ആറാമതായിപ്പോയ ഇക്വഡോറിനുപോലും യൂറോപ്പിലെ ആരെയും തോല്‍പ്പിക്കാനാകും- അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ വിശ്വസിക്കാതെ തരമില്ല. കാരണം, കണക്കുകളും കളിയും ഇതിന് പിന്‍ബലം നല്‍കുന്നു.
മറ്റൊരു വസ്തുതകൂടി കേള്‍ക്കുക. യൂറോപ്പ് ഇതുവരെ സ്വന്തം വന്‍കരയ്ക്ക് പുറത്ത് കിരീടം നേടിയിട്ടില്ല. ഈ ബഹുമതി ദക്ഷിണ അമേരിക്കക്കാര്‍ക്കുമാത്രം. കൃത്യമായി പറഞ്ഞാല്‍ ബ്രസീലിന്. സ്വീഡന്‍ (1958), അമേരിക്ക (1994), ജപ്പാന്‍-കൊറിയ (2002) എന്നിവിടങ്ങളിലാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. ഇനി ദക്ഷിണാഫ്രിക്ക-2010?
deshabhimani 26062010
നിലവിലുള്ള ജേതാക്കളായ ഇറ്റലിയും റണ്ണറപ്പ് ഫ്രാന്‍സും ദയനീയമായി തോറ്റ് പുറത്ത്. അതേസമയം ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ മുന്നോട്ട്. ആഫ്രിക്ക ഘാനയില്‍ ഒതുങ്ങിയെങ്കിലും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യയുടെ മാനം കാത്തു- രണ്ടാംറൌണ്ടിലേക്ക് കടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ നഖചിത്രമിങ്ങനെ.
ReplyDelete