Tuesday, June 15, 2010

ഫെഡറലിസവും ബിജെപിയും

പട്നയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച, ഫെഡറലിസത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അതിശക്തമായി വിമര്‍ശിക്കുന്ന പ്രമേയം ആ പാര്‍ടിയുടെ പ്രഖ്യാപിത നിലപാടുമായി യോജിച്ച് പോകാത്തതാണ്. യുപിഎ 2 സര്‍ക്കാരിന്റെ നടപടികള്‍ ഫെഡറല്‍ തത്വങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിദ്യാഭ്യാസ മേഖലയിലെ നടപടികള്‍ അതിന്റെ പ്രകടമായ ഉദാഹരണമാണ്. നേരത്തെ സംസ്ഥാനലിസ്റ്റിലായിരുന്ന വിദ്യഭ്യാസമേഖല ഇപ്പോള്‍ കണ്‍കറന്റ് ലിസ്റ്റിലാണ്. എന്നാല്‍, പ്രയോഗത്തില്‍ കേന്ദ്രത്തിനുമാത്രം അധികാരമുള്ളതെന്ന രീതിയിലാണ് മാനവവിഭവശേഷി വകുപ്പും അതിന്റെ മന്ത്രിയും പ്രവര്‍ത്തിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്ന നടപടികള്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ, സംസ്ഥാനസര്‍ക്കാരുകളുമായൊന്നും കൂടിയാലോചിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുകയാണ്. ഇതിനെതിരെ അതിശക്തമായ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍മാരുടെ നിയമനകാര്യത്തില്‍ സുപ്രീംകോടതിതന്നെ സമീപകാലത്ത് ചില ഗൌരവമായ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിന്റെ ഭാഗമായി രാഷ്ട്രീയതാല്‍പ്പര്യംവച്ച് ഗവര്‍ണര്‍മാരെ മാറ്റുന്ന രീതി തെറ്റാണെന്നാണ് ഉന്നതനീതിപീഠം പറഞ്ഞത്. ഇതൊന്നും പരിഗണിക്കാതെ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കാനാണ് യുപിഎ 2 സര്‍ക്കാരിന്റെ ശ്രമം.

കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി മെട്രോക്ക് അനുമതി നിഷേധിക്കുന്ന നടപടി. ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ സമരനിര ഉയരുന്നുണ്ട്.

ആകെ 11 സംസ്ഥാനത്തു മാത്രം അധികാരമുള്ള പാര്‍ടിയാണ് ഇന്ന് കോണ്‍ഗ്രസ്. അതിലധികവും ചെറിയ സംസ്ഥാനങ്ങളാണ്. കേന്ദ്രവും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും കോണ്‍ഗ്രസ് തന്നെ ഭരിച്ചിരുന്ന സ്ഥിതിയല്ല ഇന്ന് രാജ്യത്തുള്ളത്. പാര്‍ലമെന്റിലാണെങ്കില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഫെഡറല്‍ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കേണ്ടത്.അതിനുപകരം അധികാരവും വരുമാനവും കൈപ്പിടിയില്‍ ഒതുക്കുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ പാര്‍ടികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ യോജിച്ച് ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഇന്ന് ബിജെപി മുന്നണിയില്‍ നില്‍ക്കുന്ന ചില പാര്‍ടികളും ഇക്കാര്യത്തില്‍ വേറിട്ട നിലപാട് സ്വീകരിക്കുന്നുണ്ട്. ഇങ്ങനെയുള്ള യോജിച്ച പ്രവര്‍ത്തനം ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അലോസരപ്പെടുത്തുന്നുണ്ട്. അതിന്റെകൂടി പ്രതിഫലനമാണ് ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിലുള്ളത്.

അടിസ്ഥാനപരമായി ഫെഡറല്‍ തത്വം അംഗീകരിക്കുന്ന പാര്‍ടിയല്ല ബിജെപി. ഇന്ത്യയുടെ വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും ബിജെപി അജന്‍ഡയിലില്ലെന്നു മാത്രമല്ല അങ്ങനെയൊക്കെ പറയുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. ശക്തമായ കേന്ദ്രമെന്ന മുദ്രാവാക്യമാണ് എന്‍ഡിഎ അധികാരത്തിലിരുന്നപ്പോള്‍ പ്രചരിപ്പിച്ചിരുന്നത്. ചെറിയ സംസ്ഥാനങ്ങള്‍ എന്ന സങ്കല്‍പ്പം അംഗീകരിക്കുന്നതും കൂടി ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. അങ്ങനെയുള്ള ബിജെപിക്ക് ഇപ്പോള്‍ തോന്നിയ ഉള്‍വിളി താല്‍ക്കാലികമായ ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണ്.

ബിജെപിക്ക് ഒപ്പം സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന പാര്‍ടികള്‍ പതുക്കെപതുക്കെ കളം മാറ്റി ചവിട്ടുകയാണ്. ഒറീസയിലെ വഴിയിലൂടെതന്നെയാണ് ബിഹാര്‍ എന്ന വാര്‍ത്തകളും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഈ പാര്‍ടികളെല്ലാം ചേര്‍ന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതിനുള്ള പല കുറുക്കുവഴികളും സ്വീകരിക്കാനും മടിക്കില്ല. ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരായ വിപുലമായ സമരനിരയില്‍ ബിജെപിയുടെ സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് ഇടമില്ലാത്തത് ആ പാര്‍ടിയുടെ തനിനിറം ശരിക്കും അറിയാവുന്നതുകൊണ്ടുകൂടിയാണ്.

ദേശാഭിമാനി മുഖപ്രസംഗം 15062010

1 comment:

  1. പട്നയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച, ഫെഡറലിസത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അതിശക്തമായി വിമര്‍ശിക്കുന്ന പ്രമേയം ആ പാര്‍ടിയുടെ പ്രഖ്യാപിത നിലപാടുമായി യോജിച്ച് പോകാത്തതാണ്. യുപിഎ 2 സര്‍ക്കാരിന്റെ നടപടികള്‍ ഫെഡറല്‍ തത്വങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    ReplyDelete