ആളിക്കത്തും
സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചു. അഭൂതപൂര്‍വമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുമ്പോഴാണ് യുപിഎ സര്‍ക്കാരിന്റെ ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് മൂന്നരയും ഡീസലിന് രണ്ടും മണ്ണെണ്ണയ്ക്ക് മൂന്നും രൂപയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകം സിലിണ്ടറിന് 35 രൂപ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ നിലവില്‍വന്നു. കേരളത്തിലെത്തുമ്പോള്‍ വില ഇതിലും കൂടും.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചാണ് വന്‍ വിലവര്‍ധന അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍ വില നിയന്ത്രണമാണ് തല്‍ക്കാലം നീക്കിയത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണവും പടിപടിയായി എണ്ണക്കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണാതീതമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ധനവിലസംബന്ധിച്ച മന്ത്രിസഭാസമിതി വെള്ളിയാഴ്ച ഉച്ചയ്ക്ക് യോഗം ചേര്‍ന്നാണ് വില കൂട്ടാനും നിയന്ത്രണം ഒഴിവാക്കാനും തീരുമാനിച്ചത്. വിലവര്‍ധനയെ ഇടതുപാര്‍ടികളും ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സിഐഐ, ഫിക്കി തുടങ്ങി വ്യവസായികളുടെ സംഘടനകള്‍ സ്വാഗതംചെയ്തു.
രണ്ടാം യുപിഎ സര്‍ക്കാര്‍ രണ്ടാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. മൂന്നു മാസംമുമ്പ് ബജറ്റിലെ തീരുവ വര്‍ധനയിലൂടെ മൂന്നു രൂപയോളം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രകമ്പോളത്തില്‍ ബാരലിന് 77 ഡോളര്‍ എന്ന താരതമ്യേന കുറഞ്ഞ നിരക്കിലുള്ളപ്പോഴാണ് ന്യായീകരിക്കാനാകാത്ത ഈ വിലവര്‍ധന രാജ്യത്ത് അടിച്ചേല്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ പെട്രോള്‍വില നിയന്ത്രണത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറുന്നതെന്ന് മന്ത്രി മുരളി ദേവ്റയും പെട്രോളിയം സെക്രട്ടറി എസ് സുന്ദരേശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 3.73 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനുള്ള സബ്സിഡി. മൂന്നരരൂപ വര്‍ധിപ്പിച്ചതോടെ പെട്രോള്‍വിലയില്‍ സബ്സിഡി ഇല്ലാതായി.
എണ്ണക്കമ്പനികളാണ് ഇനി സാര്‍വദേശീയ വിലയുടെ മാറ്റത്തിനനുസരിച്ച് പെട്രോള്‍വില നിശ്ചയിക്കുക. റിലയന്‍സ്, എസ്സാര്‍ എന്നീ സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിലനിയന്ത്രണം ഒഴിവാക്കിയത്. വില നിയന്ത്രണമുള്ളതിനാല്‍ ഈ സ്വകാര്യ കമ്പനികള്‍ എണ്ണവിപണിയില്‍ നിന്ന് മാറിനില്‍ക്കുകയിരുന്നു. ഇനി അവര്‍ക്കിഷ്ടം പോലെ വിലനിശ്ചയിക്കാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലവര്‍ധന എന്നാണ് ഔദ്യോഗിക വിശദീകരണം. ഡീസലിന്റെ വിലനിയന്ത്രണവും ക്രമേണ ഒഴിവാക്കുമെന്ന് പെട്രോളിയം സെക്രട്ടറി പറഞ്ഞു. രണ്ടു രൂപ വില വര്‍ധിപ്പിച്ചതോടെ ഡീസലിന്റെ സബ്സിഡി 1.80 രൂപമാത്രമാകും. പാചകവാതകത്തിനുള്ള സബ്സിഡി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിക്കാനാണ് പെട്രോളിയംമന്ത്രി മുരളി ദേവ്റ ആവശ്യപ്പെട്ടതെങ്കിലും 35 രൂപയാണ് വര്‍ധിപ്പിച്ചത്. വിലനിയന്ത്രണം ഒഴിവാക്കിയാല്‍ 227 രൂപകൂടി ഒരു സിലിണ്ടറിന് വര്‍ധിക്കും. മണ്ണെണ്ണയുടെ വിലവര്‍ധനയെ പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ന്യായീകരിച്ചത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 19 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നും അത് പിന്‍വലിക്കാത്തത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്നും മുരളി ദേവ്റ അവകാശപ്പെട്ടു. വിലവര്‍ധനക്കെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം ഉയരുകയാണ്.
(വി ബി പരമേശ്വരന്‍)
ആഘാതം കേരളത്തിന്; കേന്ദ്രം തട്ടുന്നത് 1200 കോടി
നാലു മാസത്തിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രണ്ടാമതും കൂട്ടിയത് കേരളത്തിന് കനത്ത ആഘാതമാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എരിതീയില്‍ എണ്ണ പകരുന്നതിന് സമമാണ് ഇന്ധനവില വര്‍ധന. ഇന്ധനവില കൂട്ടിയതിലൂടെ കേരളീയരുടെ പോക്കറ്റില്‍നിന്നും കേന്ദ്രം ഒറ്റയടിക്ക് തട്ടിയെടുക്കുന്നത് 1200 കോടി രൂപയാണ്. പെട്രോളിന്റെ വില വര്‍ധന വഴി 400 കോടി രൂപയും ഡീസലിന്റെ വില വര്‍ധനമൂലം 350 കോടിയും കേന്ദ്രത്തിന് അധികം കിട്ടും. മണ്ണെണ്ണ, പാചക വാതകം എന്നിവയില്‍നിന്നുള്ള അധികവരുമാനം ഇതിനു പുറമെയാണ്.
90 കോടി ലിറ്റര്‍ പെട്രോളും 200 കോടി ലിറ്റര്‍ ഡീസലുമാണ് കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കണമെന്നതിനു പുറമെ നാനാമേഖലയിലും അധിക ബാധ്യത അടിച്ചേല്‍പ്പിക്കപ്പെടും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. ബസ് യാത്രാ നിരക്ക് ഉള്‍പ്പെടെ യാത്രാക്കൂലി കൂടും. കടത്തുകൂലി കൂടുന്നത് ജീവന്‍ രക്ഷാ ഔഷധവിലയില്‍വരെ പ്രതിഫലിക്കും. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബസ് കൂലി വര്‍ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. ടാക്സി- ഓട്ടോ നിരക്കുവര്‍ധന വേണമെന്നും ഉടന്‍ ആവശ്യം ഉയരും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രനടപടി കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
സകല നിത്യോപയോഗ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളിയുടെ കുടുംബ ബജറ്റ് പാടെ തകരും. റേഷന്‍ മണ്ണെണ്ണ ക്വാട്ട കേരളത്തിന് നിഷേധിക്കുമെന്നതാണ് പതിയിരിക്കുന്ന മറ്റൊരു അപകടം. പാചക വാതക വിലവര്‍ധനയില്‍നിന്ന് ആശ്വാസം തേടി മണ്ണെണ്ണയെ ആശ്രയിക്കാനും കഴിയില്ല. വൈദ്യുതീകരണത്തിന്റെ തോത് അനുസരിച്ച് മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശ. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഊന്നല്‍ നല്‍കുന്ന കേരളത്തിന് ഇത് മറ്റൊരു തിരിച്ചടിയാകും. റേഷന്‍ മണ്ണെണ്ണയില്‍ അധികം വരുന്നതാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിന് നല്‍കി വരുന്നത്. റേഷന്‍ മണ്ണെണ്ണ കുറച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭിക്കാതെ വരും. ഇത് മത്സ്യമേഖലയില്‍ വന്‍ പ്രത്യാഘാതത്തിന് വഴിയൊരുക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേരളം നടത്തിവരുന്ന വിപണി ഇടപെടലും പ്രതിസന്ധിയിലാകും. സപ്ളൈകോ വഴിയുള്ള വിപണി ഇടപെടലിന് കഴിഞ്ഞ വര്‍ഷം 200 കോടി രൂപയാണ് ചെലവഴിച്ചത്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ ഇരട്ടി തുകയെങ്കിലും വേണ്ടിവരും.
(കെ ശ്രീകണ്ഠന്‍)
കടത്തുകൂലി 15 % കൂടും അരിവില ഉയരും
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം ചരക്കുകടത്തുകൂലി 15 ശതമാനംവരെ വര്‍ധക്കും. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാകും കൂടുതല്‍ ദോഷകരമായി ബാധിക്കുക. നിലവില്‍ കേരളത്തില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള കടത്തുകൂലിയെക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ കൂടുതലാണ് തിരികെ ഇങ്ങോട്ടുള്ള ഇറക്കുകൂലി. ഇത് വീണ്ടും ഉയരും. ഒരുകിലോഗ്രാം അരിയുടെ വില 30 മുതല്‍ 50 പൈസവരെ ഉയരും. ആന്ധ്രയില്‍നിന്ന് 10 ട അരി എത്തുന്നതിന് ഇപ്പോഴുള്ള കടത്തുകൂലി 16,000 രൂപയാണ്. ഇത് ചുരുങ്ങിയത് ഏഴു ശതമാനമെങ്കിലും വര്‍ധിക്കും. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ ലോറിഉടമകള്‍ വരുംദിവസങ്ങളില്‍ത്തന്നെ കടത്തുകൂലി വര്‍ധിപ്പിക്കാനിടയുള്ളതിനാല്‍ ഉടനെ ഇതിന്റെ പ്രത്യാഘാതം സംസ്ഥാനത്തുണ്ടാകും.
മേട്ടുപ്പാളയത്തുനിന്ന് 65 കിലോയുടെ ഒരുചാക്ക് പച്ചക്കറി എറണാകുളത്ത് എത്തിക്കാന്‍ 55 രൂപയാണ് കൂലി. കര്‍ണാടകത്തിലെ ഹുസൂരില്‍നിന്നുള്ള ചരക്കാണെങ്കില്‍ നല്‍കേണ്ടത് 65 രൂപ. ഇത് അഞ്ചുമുതല്‍ ഏഴുരൂപവരെയായി വര്‍ധിക്കാനിടയുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി കെ പി സാദത്ത് പറഞ്ഞു. നേരത്തെ ഡീസലിന് മൂന്നുരൂപ ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ചരക്കുകൂലി വര്‍ധിപ്പിക്കാതിരിക്കാനാവില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു. നിലവില്‍ അയല്‍സംസ്ഥാനങ്ങളിലേക്കാള്‍ കുറഞ്ഞ ചരക്കുകൂലിയാണ് കേരളത്തില്‍. കയറ്റുമതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്ടെയ്നര്‍ ട്രെയ്ലറിന്റെ കൂലിയിലും 10 ശതമാനംവരെ വര്‍ധന വരുത്താതിരിക്കാനാവില്ലെന്ന് കണ്ടെയ്നര്‍ ലോറി ആന്‍ഡ് കാരിയേഴ്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി രാമചന്ദ്രന്‍ പറഞ്ഞു. മാര്‍ബിള്‍, ഗ്രാനൈറ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളും അയല്‍സംസ്ഥാനങ്ങളില്‍നിന്നായതിനാല്‍ ഈ മേഖലയിലും കരിനിഴല്‍പടരും.
(ഷഫീഖ് അമരാവതി)
അംബാനിമാര്‍ക്ക് തുണ, പ്രഹരം ജനങ്ങള്‍ക്ക്: എല്‍ഡിഎഫ്
നിലവിലുള്ള വിലക്കയറ്റം പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാര്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണ നയങ്ങളുടെ തിക്താനുഭവങ്ങള്‍ കൂടുതല്‍ തീവ്രമായി ഇന്ത്യന്‍ജനതയില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. പെട്രോള്‍- ഡീസല്‍ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാവുന്നതോടെ ഇനി എണ്ണക്കമ്പനികളുടെ കൊള്ളയാണുണ്ടാവുക. മുകേഷ് അംബാനിയുടെയും അതുപോലുള്ള കുത്തകകളുടെയും താല്‍പ്പര്യമാണ് ഈ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്.
പണപ്പെരുപ്പ-വിലക്കയറ്റ നിരക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചിരിക്കുന്ന സ്ഥിതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് ഇതുവരെ കേന്ദ്രസര്‍ക്കാരായിരുന്നു. ആഗോള വിപണിക്കനുസൃതമായി വില നിശ്ചയിക്കണമെന്ന കിരിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ മറവിലാണ് വിലനിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്. 2009 ജൂലൈയില്‍ പെട്രോളിന് നാലും ഡീസലിന് രണ്ടും രൂപ കൂട്ടിയതാണ്. 2010 ഫെബ്രുവരിയിലെ പൊതുബജറ്റില്‍ ഇന്ധനങ്ങളുടെ വില 2.50 രൂപ വര്‍ധിപ്പിച്ച് 28,000 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുപിഎ സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ വികാരത്തെ തീരെ മാനിക്കാത്ത നടപടിയാണിത്. സാധാരണക്കാരുടെ ഇന്ധനമായ മണ്ണെണ്ണയ്ക്കുപോലും വില വര്‍ധിപ്പിച്ചു. കുടുംബബജറ്റിനെ പ്രതികൂലമാക്കുന്നതായി പാചകവാതക വില കൂട്ടല്‍. ജനഹിതത്തെ ഒട്ടും മാനിക്കാത്ത മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ ഗവമെന്റിന്റെ ജനദ്രോഹത്തിനു മുന്നില്‍ കേരളജനത മുട്ടുമടക്കരുത്. അതിവിപുലമായ ജനകീയ പ്രതിഷേധം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്ക് വിരാമമിടാനാവൂവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കുത്തകകളെ കയറൂരി വിട്ടു: മുഖ്യമന്ത്രി
ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിലക്കയറ്റവും അരാജകത്വവും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളഞ്ഞത് കുത്തകകളെ കയറൂരിവിടുന്ന നിലപാടാണ്. പെട്രോളിയം കമ്പനികളെ സഹായിക്കാനാണിത്. സബ്സിഡികൂടി എടുത്തുകളഞ്ഞത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. പബ്ളിക് ലൈബ്രറി ഹാളില്‍ പി വിശ്വംഭരന്‍ ശതാഭിഷേക ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് യുപിഎ സര്‍ക്കാര്‍ പെട്രോളിയംവില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്. ക്രൂഡോയിലിന് നേരത്തെ 2.5 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ദുരിതത്തിനിടയിലാണ് വീണ്ടും വിലവര്‍ധന - മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കുക: കെഎസ്കെടിയു
അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൊടുംപട്ടിണിക്കാരാക്കുന്നതാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഇന്ധന വിലവര്‍ധനയെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. വിലക്കയറ്റത്തിന്റെ തോത് ഭീമമായി ഉയര്‍ത്തും. പാവപ്പെട്ടവന്റെ ജീവിതം വഴിമുട്ടിക്കുന്ന മണ്ണെണ്ണ വിലവര്‍ധനയും മടിയില്ലാതെ നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ സാധാരണ ജനങ്ങളോടല്ല സ്വകാര്യ എണ്ണക്കമ്പനികളോടാണ് കൂറുകാണിക്കുന്നത്. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത വിലവര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധമുന്നേറ്റത്തില്‍ കര്‍ഷകത്തൊഴിലാളികളും മുന്നണിയിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും അണിനിരക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഇന്ന് ഹര്‍ത്താല്‍; കേരളം നിശ്ചലമാകും
പെട്രോളിയം ഉല്‍പ്പന്നവില വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം നീക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് മുന്നണി കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര ജനദ്രോഹത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഇന്ധനവില നിര്‍ണയ നിയന്ത്രണം എടുത്തുകളയരുതെന്ന് പാര്‍ലമെന്റിന്റെ പെട്രോളിയം- പ്രകൃതിവാതക സ്റാന്‍ഡിങ് കമ്മിറ്റി ഏപ്രില്‍ 22ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകകണ്ഠമായി നിര്‍ദേശിച്ചത് തള്ളി കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ പരാമര്‍ശിച്ച്, വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് കേരളീയനായ ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ യോഗം ജൂലൈ ഏഴിന് ചേരും. പി സി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യം അന്നു ചര്‍ച്ചചെയ്യുമെന്ന് ചോദ്യത്തിന് മറുപടിയായി കണ്‍വീനര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി തൊഴിലാളികളും പണിമുടക്കും
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ തൊഴിലാളികളും ശനിയാഴ്ച പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ അഭ്യര്‍ഥിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ എംഎല്‍എ അറിയിച്ചു.
ദേശാഭിമാനി 26062010
സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചു. അഭൂതപൂര്‍വമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുമ്പോഴാണ് യുപിഎ സര്‍ക്കാരിന്റെ ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് മൂന്നരയും ഡീസലിന് രണ്ടും മണ്ണെണ്ണയ്ക്ക് മൂന്നും രൂപയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകം സിലിണ്ടറിന് 35 രൂപ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ നിലവില്‍വന്നു. കേരളത്തിലെത്തുമ്പോള്‍ വില ഇതിലും കൂടും.
ReplyDeleteപെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചാണ് വന്‍ വിലവര്‍ധന അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍ വില നിയന്ത്രണമാണ് തല്‍ക്കാലം നീക്കിയത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണവും പടിപടിയായി എണ്ണക്കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.