കേരളം നിശ്ചലമായി
വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് ജനങ്ങളെയാകെ വലിച്ചെറിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കൊടുംചതിക്കെതിരായ പ്രതിഷേധക്കൊടുങ്കാറ്റില്‍ കേരളം നിശ്ചലമായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചതിലും വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനം ഏകമനസ്സോടെ ഏറ്റെടുത്തു. നിത്യോപയോഗസാധന വില വീണ്ടും കുതിച്ചുകയറാന്‍ അവസരം ഒരുക്കിയതിനെതിരെ ആഞ്ഞടിച്ച ജനരോഷം കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതായി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. നഗര-ഗ്രാമവ്യത്യാസമില്ലാതെ റോഡുകള്‍ വിജനമായി. കടകമ്പോളങ്ങളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു. പെട്ടിക്കടപോലും പലയിടത്തും തുറന്നില്ല. ജീവനക്കാരും ഫാക്ടറികളിലെയും വ്യവസായശാലകളിലെയും തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിച്ചില്ല. അപൂര്‍വം സ്വകാര്യവാഹനങ്ങള്‍മാത്രമാണ് റോഡിലിറങ്ങിയത്. സ്വകാര്യബസും ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ തുടങ്ങിയ വാഹനങ്ങളും ഓടിയില്ല. തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ കെഎസ്ആര്‍ടിസി ബസും ഓടിയില്ല. ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. സംഘടനാ വ്യത്യാസമില്ലാതെ വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കാളികളായി. എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല.
പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും യുവജനങ്ങളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം അണിചേര്‍ന്ന പ്രതിഷേധപ്രകടനം സംസ്ഥാനത്താകെ നടന്നു. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം ഏജീസ് ഓഫീസിനുമുന്നില്‍ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. ഹര്‍ത്താല്‍ പൂര്‍ണവിജയമാക്കിയ കേരളജനതയെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിവാദ്യംചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനനയം തുടരാനാണ് ഭാവമെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങളാകെ അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ഹര്‍ത്താല്‍ വിജയിപ്പിച്ച തൊഴിലാളികളെയും ബഹുജനങ്ങളെയും സിഐടിയു സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്തു. ഇന്ധനവിലവര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം പുനഃസ്ഥാപിക്കാനും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ പ്രകടനം നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
രാജ്യമാകെ പ്രതിഷേധാഗ്നി
സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ശനിയാഴ്ച തെരുവിലിറങ്ങി. ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ ബിജെപിയും മറ്റ് കക്ഷികളും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പശ്ചിമബംഗാളില്‍ വാഹനപണിമുടക്ക് പൂര്‍ണമായിരുന്നു. ത്രിപുരയില്‍ തിങ്കളാഴ്ച ഇടതുമുന്നണി ബന്ദിന് ആഹ്വാനംചെയ്തു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വന്‍ പ്രതിഷേധമുണ്ടായി. ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിഷേധ റാലികള്‍ നടത്തി. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് പാര്‍ടികളുടെ സംയുക്തറാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും നേതൃത്വം നല്‍കി. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സിഐടിയു നേതൃത്വത്തില്‍ തുമകൂറുവില്‍ പ്രതിഷേധപ്രകടനം നടത്തി. മഹിളാ അസോസിയേഷന്‍ ബംഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഹുബ്ബള്ളിയില്‍ കര്‍ണാടക രക്ഷണവേദികെ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിച്ചു. മൈസൂരുവില്‍ വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ റോഡ് തടഞ്ഞു.
deshabhimani 27062010
സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ശനിയാഴ്ച തെരുവിലിറങ്ങി. ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ ബിജെപിയും മറ്റ് കക്ഷികളും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
ReplyDelete