Sunday, June 20, 2010

സിഎംഎസ് പ്രിന്‍സിപ്പല്‍ നിലപാട് തിരുത്തണം

സിഎംഎസ് പ്രിന്‍സിപ്പല്‍ നിലപാട് തിരുത്തണം: സിപിഐ എം

പഠനത്തില്‍ അതിസമര്‍ത്ഥനായ വിദ്യാര്‍ഥിയുടെ ഭാവി തകര്‍ക്കുന്ന സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിന്റെ നിലപാട് തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമായ ആരോപണങ്ങളുന്നയിച്ച് രണ്ടു കുട്ടികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. ഒരാളെ പരീക്ഷ എഴുതാന്‍ സമ്മതിച്ചു. എന്നാല്‍ മറ്റൊരു വിദ്യാര്‍ഥിയായ ജെയ്ക് സി തോമസിനെ പുറത്താക്കി. പഠിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് 50 ദിവസം സത്യഗ്രഹ സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന പ്രിന്‍സിപ്പലിന്റെ നടപടിക്ക് നീതീകരണമില്ല. ഇത്തരം വിഷയങ്ങളില്‍ പക്വമായ സമീപനമാണ് പ്രിന്‍സിപ്പലിന്റേതുപോലുള്ള മഹത്തായ പദവികളില്‍ നിന്ന് ഉണ്ടാകേണ്ടത്. വ്യക്തിപരമായ നിലപാടുകളും വിരോധങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്.

കോളേജില്‍ നിന്ന് പുറത്താക്കിയ കുട്ടിയെ പഠിക്കാന്‍ അനുവദിക്കണമെന്നാണ് എസ്എഫ്ഐ സമരത്തിലൂടെ ഉന്നയിച്ചത്. ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. തികച്ചും സമാധാനപരമായി അമ്പതു ദിവസത്തിലേറെ സമരം നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായി ഉണ്ടായ കാര്യങ്ങളെയും പ്രവര്‍ത്തികളെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നുറു ശതമാനവും ന്യായമാണ്.

സംസ്ഥാനത്ത് പല കോളേജിലും പല സംഘടനകളും സമരം നടത്തുകയും അവയ്ക്കെല്ലാം ഒത്തുതീര്‍പ്പും ഉണ്ടായിട്ടുണ്ട്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലും മറ്റിടങ്ങളിലും പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്തിട്ടുണ്ട്. സിഎംഎസില്‍ പ്രിന്‍സിപ്പലിന്റെ ചില ശാഠ്യങ്ങള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. യുഡിഎഫ് നേതാക്കളും ആര്‍ച്ച്ബിഷപ്പ് പവ്വത്തിലടക്കമുള്ളവരും കോളേജ് സന്ദര്‍ശിച്ച് മുതലക്കണ്ണീര്‍ ഒഴുക്കി.

മുഹമ്മദ് മുസ്തഫ, എം എസ് പ്രസാദ്, ജി ഭുവനേശ്വരന്‍ തുടങ്ങിയ എസ്എഫ്ഐയുടെ ഉശിരുള്ള വദ്യാര്‍ഥികളെ കാമ്പസില്‍ കുത്തിവീഴ്ത്തിയപ്പോള്‍ ഇക്കൂട്ടരെല്ലാം എവിടെയായിരുന്നുവെന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. സിഎംഎസ് കാമ്പസില്‍ അജീഷ് വിശ്വനാഥനെന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസ് സംഘം അടിച്ചു കൊലപ്പെടുത്തിയപ്പോഴും ബിഷപ്പുമാരടക്കമുള്ളവര്‍ നിശ്ശബ്ദരായിരുന്നു. അതില്‍ നിന്നെല്ലാം ഇക്കൂട്ടരുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് വ്യക്തമാകുന്നത്. സിഎംഎസ് കോളേജിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ പക്വതയോടെ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്ന് സിപിഐ എം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 20062010

1 comment:

  1. പഠനത്തില്‍ അതിസമര്‍ത്ഥനായ വിദ്യാര്‍ഥിയുടെ ഭാവി തകര്‍ക്കുന്ന സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിന്റെ നിലപാട് തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമായ ആരോപണങ്ങളുന്നയിച്ച് രണ്ടു കുട്ടികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. ഒരാളെ പരീക്ഷ എഴുതാന്‍ സമ്മതിച്ചു. എന്നാല്‍ മറ്റൊരു വിദ്യാര്‍ഥിയായ ജെയ്ക് സി തോമസിനെ പുറത്താക്കി. പഠിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് 50 ദിവസം സത്യഗ്രഹ സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന പ്രിന്‍സിപ്പലിന്റെ നടപടിക്ക് നീതീകരണമില്ല. ഇത്തരം വിഷയങ്ങളില്‍ പക്വമായ സമീപനമാണ് പ്രിന്‍സിപ്പലിന്റേതുപോലുള്ള മഹത്തായ പദവികളില്‍ നിന്ന് ഉണ്ടാകേണ്ടത്. വ്യക്തിപരമായ നിലപാടുകളും വിരോധങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്.

    ReplyDelete