Wednesday, June 9, 2010

ഇസ്രയേലി ധാര്‍ഷ്ട്യം; ഇന്ത്യന്‍ അധഃപതനം

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഗാസയിലെ 60 ശതമാനം കുടുംബത്തിനും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 75 ശതമാനം ജനങ്ങളും ലോകരാഷ്ട്രങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷ്യസഹായത്തെ ആശ്രയിച്ചാണ് വിശപ്പടക്കുന്നത്. 60 ശതമാനം ജനങ്ങള്‍ക്കും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. തീര്‍ത്തും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ഗാസയിലേത് എന്നര്‍ഥം. 15 ലക്ഷം ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ തടവറയിലാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനെതിരെയാണ് ലോകരാജ്യങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നത്. ഈ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മെയ് 31ന് 'മവി മര്‍മാര' എന്ന കപ്പല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഗാസതീരത്തേക്ക് പോകാന്‍ ശ്രമിച്ചത്. ഗാസയിലെ വിശക്കുന്ന ജനതയെ സഹായിക്കുക മാത്രമായിരുന്നു നിരായുധരായ ഈ സംഘത്തിന്റെ ലക്ഷ്യം. നൊബേല്‍ സമ്മാന ജേതാക്കളും യൂറോപ്യന്‍രാഷ്ട്രങ്ങളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ കപ്പല്‍ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ത്തന്നെ ഇസ്രയേല്‍സേന തടഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ പോകുന്ന കപ്പല്‍ തടയുന്നത് കടല്‍ക്കൊള്ളയ്ക്കു സമാനമാണ്. സോമാലിയയിലെ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ് ഇസ്രയേല്‍ പെരുമാറിയതെന്നര്‍ഥം.

ഈ കപ്പലില്‍ ഉണ്ടായിരുന്ന ലോകപ്രസിദ്ധ ഡിറ്റക്ടീവ് നോവലിസ്റ്റ് ഹെന്നിങ് മാങ്കെല്‍ (പ്രസിദ്ധ സിനിമാ സംവിധായകന്‍ ഇംഗ്മെര്‍ ബെര്‍ഗ്മാന്റെ മകള്‍ ഇവ ബര്‍ഗ്മാന്റിന്റെ ഭര്‍ത്താവാണ് സ്വീഡിഷ്കാരനായ ഈ നോവലിസ്റ്റ്) പറഞ്ഞത് ഇസ്രയേല്‍സേന കൊള്ളക്കാരെപ്പോലെ അദ്ദേഹത്തിന്റെ ക്യാമറയും മൊബൈല്‍ ഫോണും ഷൂസിന്റെ സോക്സുപോലും മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ്. കൂട്ടക്കൊലതന്നെയാണ് ഇസ്രയേല്‍ പ്രതിരോധസേന നടത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി. തുര്‍ക്കി വിദേശമന്ത്രി അഹ്മേത് ദവതൂനും ഇസ്രയേല്‍സേന കൊള്ളക്കാരാണെന്ന ഹെന്നിങ് മാങ്കെലിന്റെ നിരീക്ഷണത്തെ ശരിവച്ചു.

തൊട്ടടുത്ത ദിവസം ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം കപ്പലില്‍ നടന്നത് ഇസ്രയേലി കൂട്ടക്കൊലയാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് തുര്‍ക്കിക്കാരെയാണ് ഇസ്രയേല്‍സേന അന്ന് വധിച്ചത്. വളരെ അടുത്തുനിന്ന് നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒമ്പതുപേരെ വധിക്കാന്‍ 30 വെടിയുണ്ടയാണ് ഉപയോഗിച്ചത്. ഒന്നിലധികം തവണ ഒരാള്‍ക്കു നേരെതന്നെ വെടിവച്ചു എന്നര്‍ഥം. ഇബ്രാഹിം ബില്‍ഗന്‍ എന്ന അറുപത്തൊന്നുകാരനെ നാലു തവണയാണ് വെടിവച്ചത്. അദ്ദേഹത്തിന്റെ നെഞ്ചിലും പുറത്തും കാല്‍മുട്ടിലും വെടിവച്ചു. പത്തൊമ്പതുകാരനായ ഫല്‍ക്കന്‍ ദൊഗാനെതിരെ അഞ്ചു തവണയാണ് വെടിവച്ചത്. മുഖത്തും തലയ്ക്കും മറ്റുമായിരുന്നു ഉന്നംവച്ചത്. അതായത്, കപ്പലിലുള്ളവര്‍ നടത്തിയ ആക്രമണത്തെ ചെറുക്കാനാണ് വെടിവയ്പ് നടത്തിയതെന്ന ഇസ്രയേല്‍സേനയുടെ സിദ്ധാന്തമാണ് ഇവിടെ പൊളിയുന്നത്. ഒരാള്‍ക്കുനേരെ അഞ്ചുതവണ വെടിവയ്ക്കാന്‍ ഇസ്രയേല്‍ സേനയ്ക്ക് കഴിഞ്ഞുവെന്നതുതന്നെ ആക്രമണം ഏകപക്ഷീയമാണെന്നതിന്റെ തെളിവാണ്.

ലോകമെങ്ങും ഈ ആക്രമണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും ലോകധ്രുവനായകനായ അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ടുതന്നെ ഇസ്രയേല്‍ കുലുങ്ങിയില്ല. സമാധാനസന്ദേശവുമായി ജൂണ്‍ അഞ്ചിന് രണ്ടാം തവണയും എം വി റേച്ചല്‍ കോറി എന്ന കപ്പല്‍ ഗാസതീരം ലക്ഷ്യമാക്കി നീങ്ങി. ഇസ്രയേലിനെ സംരക്ഷിച്ചുനിര്‍ത്തുന്ന അമേരിക്കയ്ക്കെതിരായ പ്രതീകാത്മകമായ പ്രതിഷേധംകൂടിയായിരുന്നു ഈ സമാധാന ദൂത്. 2003ല്‍ ഗാസയിലേക്ക് നീങ്ങിയ ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ തടയാനുള്ള ശ്രമത്തില്‍ ചതഞ്ഞരഞ്ഞു മരിച്ച അമേരിക്കന്‍ പൌരത്വമുള്ള വനിതയായിരുന്നു റേച്ചല്‍ കോറി. അയര്‍ലന്‍ഡാണ് ഈ കപ്പല്‍ ഗാസയിലേക്ക് അയച്ചത്. സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച മെയ്റീഡ് കൊറിഗന്‍ ഉള്‍പ്പെടെ പല പ്രഗത്ഭരും ഈ കപ്പലില്‍ ഉണ്ടായിരുന്നു. എന്നിട്ടുപോലും ഈ കപ്പലും ഇസ്രയേല്‍സേന കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര നിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണ് ഇസ്രയേല്‍ സേന പെരുമാറിയതെന്നതില്‍ തര്‍ക്കമില്ല.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അധികാരമേറിയ ഉടനെ ഈജിപ്തിലെ കെയ്റോയില്‍ നടത്തിയ പ്രസംഗത്തില്‍ അക്രമം അവസാനിപ്പിക്കാന്‍ അദ്ദേഹം പലസ്തീനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇസ്രയേലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഒബാമ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇന്ത്യയും ഇസ്രയേലിനെ വിമര്‍ശിക്കാന്‍ തയ്യാറായില്ല. അമേരിക്കയുമായുള്ള ആദ്യത്തെ തന്ത്രപ്രധാന ചര്‍ച്ചയ്ക്കായി വാഷിങ്ടണില്‍ ഉണ്ടായിരുന്ന വിദേശമന്ത്രി എസ് എം കൃഷ്ണയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍പോലും തയ്യാറായില്ല. എന്തിനധികം പറയുന്നു വിദേശമന്ത്രാലയ വക്താവ് വിഷ്ണു പ്രകാശുപോലും വാചികമായി എന്തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. വിദേശമന്ത്രാലയം ഒരു പത്രക്കുറിപ്പ് ഇറക്കുകമാത്രമാണ് ചെയ്തത്. ചിലരുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച ഇന്ത്യ വിവേചനരഹിതമായി നടത്തിയ ബലപ്രയോഗത്തെ ന്യായീകരിക്കാനാകില്ലെന്നും പറഞ്ഞു. എന്നാല്‍, ആരാണ് വിവേചനരഹിതമായ ബലപ്രയോഗം നടത്തിയതെന്നു പറയാന്‍ പ്രസ്താവന കൂട്ടാക്കുന്നില്ല. ഇസ്രയേലാണ് തെറ്റ് ചെയ്തതെന്ന് തുറന്നു പറയാന്‍പോലും ഇന്ത്യ മടിച്ചു നില്‍ക്കുകയാണ്. സംഭവത്തെ അപലപിക്കുകമാത്രം ചെയ്ത അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രസ്താവനയെ അതേപടി അനുകരിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രസ്താവന.

'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' പത്രം ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി. ഇന്ത്യന്‍ 'പ്രതികരണം അമേരിക്കയെ അപ്പടി അനുകരിക്കുന്നതായി. ഒബാമ ജീവിതനഷ്ടത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചപ്പോള്‍ ന്യൂഡല്‍ഹിയും ദാരുണമാംവിധമുള്ള ജീവിതനഷ്ടത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.' നിയമവാഴ്ചയെ കാറ്റില്‍ പറത്തി ഇസ്രയേല്‍ എന്ന രാഷ്ട്രം നടത്തിയ ആക്രമണത്തെ തുറന്നെതിര്‍ക്കാന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായില്ല. നേരത്തെ സൂചിപ്പിച്ച 'ഓപ്പറേഷന്‍ കാസ്റ്റ് ലീഡിനെയും' തുറന്നു വിമര്‍ശിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇന്ത്യന്‍ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് അനുരൂപമായിരിക്കണമെന്ന ആണവകരാറിന്റെ മുന്നോടിയായി അമേരിക്കന്‍ പാര്‍ലമെന്റ് പാസാക്കിയ ഹൈഡ് ആക്ടിലെ 102(6)(ബി) വകുപ്പ് പൂര്‍ണമായും പാലിച്ചിരിക്കുന്നെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വീണ്ടും അമേരിക്കയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ വിദേശനയത്തെ അമേരിക്കവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ മുസ്ളിംലീഗും അംഗമാണെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. യുപിഎ സര്‍ക്കാരിന്റെ ഈ അമേരിക്കന്‍ പ്രീണനനയത്തെ ഒരവസരത്തില്‍പ്പോലും എതിര്‍ക്കാന്‍ മുസ്ളിംലീഗിന്റെ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രകടനം കണ്ടായിരിക്കണം ഐഎന്‍എല്ലും യുഡിഎഫിനൊപ്പം പോകുന്നത്.

ഭീകരവാദത്തെ വേരോടും ശാഖകളോടുംകൂടി പിഴുതെറിയുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ 'റിപ്പോര്‍ട്ട് കാര്‍ഡ്' പുറത്തിറക്കവെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ എന്ന ഭീകരരാഷ്ട്രം 'ഭീകരാക്രമണ'ത്തിന് തയ്യാറായപ്പോള്‍ അതിനെ തുറന്നെതിര്‍ക്കാന്‍പോലും കരുത്ത് കാട്ടാന്‍ പ്രധാനമന്ത്രിക്കായില്ല.

അമേരിക്കയുമൊത്ത് പുതിയ ചരിത്രനിര്‍മിതിക്ക് ഇന്ത്യ ഒരുങ്ങുമ്പോള്‍ ലോകരാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യ അകലുകയാണ്. അമേരിക്കന്‍ പാവരാഷ്ട്രമായി മഹത്തായ രാജ്യം അധഃപതിക്കുകയാണ്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 09062010

2 comments:

  1. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഗാസയിലെ 60 ശതമാനം കുടുംബത്തിനും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 75 ശതമാനം ജനങ്ങളും ലോകരാഷ്ട്രങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷ്യസഹായത്തെ ആശ്രയിച്ചാണ് വിശപ്പടക്കുന്നത്. 60 ശതമാനം ജനങ്ങള്‍ക്കും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. തീര്‍ത്തും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ഗാസയിലേത് എന്നര്‍ഥം. 15 ലക്ഷം ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ തടവറയിലാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനെതിരെയാണ് ലോകരാജ്യങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നത്. ഈ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മെയ് 31ന് 'മവി മര്‍മാര' എന്ന കപ്പല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഗാസതീരത്തേക്ക് പോകാന്‍ ശ്രമിച്ചത്. ഗാസയിലെ വിശക്കുന്ന ജനതയെ സഹായിക്കുക മാത്രമായിരുന്നു നിരായുധരായ ഈ സംഘത്തിന്റെ ലക്ഷ്യം. നൊബേല്‍ സമ്മാന ജേതാക്കളും യൂറോപ്യന്‍രാഷ്ട്രങ്ങളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ കപ്പല്‍ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ത്തന്നെ ഇസ്രയേല്‍സേന തടഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ പോകുന്ന കപ്പല്‍ തടയുന്നത് കടല്‍ക്കൊള്ളയ്ക്കു സമാനമാണ്. സോമാലിയയിലെ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ് ഇസ്രയേല്‍ പെരുമാറിയതെന്നര്‍ഥം.

    ReplyDelete
  2. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഉപരോധം രാജ്യാന്തര കുറ്റകൃത്യമാണെന്ന് റെഡ്ക്രോസ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജനീവചട്ടങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടപടി. നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന ഉപരോധം ഗാസയിലെ 15 ലക്ഷം വരുന്ന ജനതയ്ക്ക് കൂട്ടശിക്ഷയായി മാറി. ഉപരോധംമൂലം ഗാസയില്‍ തൊഴിലില്ലായ്മയും ദാരിദ്യ്രവും വളരുന്നു. ആരോഗ്യസംരക്ഷണ സംവിധാനം പാടേ തകര്‍ന്നു. നൂറില്‍പ്പരം അവശ്യമരുന്നുകള്‍ക്ക് കടുത്ത ദൌര്‍ലഭ്യം നേരിടുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല. വൈദ്യുതിവിതരണം താറുമാറായി-പ്രസ്താവന തുടര്‍ന്നു. അതേസമയം ഗാസയിലേക്ക് വന്ന ദുരിതാശ്വാസ കപ്പല്‍വ്യൂഹത്തെ ഇസ്രയേല്‍ കമാന്‍ഡോകള്‍ ആക്രമിച്ചതിനെക്കുറിച്ച് സ്വന്തമായ നിലയില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സന്നദ്ധപ്രവര്‍ത്തകരായ ഒന്‍പത് തുര്‍ക്കിക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേപ്പറ്റി രാജ്യാന്തര അന്വേഷണം വേണമെന്ന യുഎന്‍ ആവശ്യം ഇസ്രയേല്‍ നേരത്തെ തള്ളിയിരുന്നു. ഇസ്രയേല്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ജേക്കബ് ടര്‍ക്കേലിന്റെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

    ReplyDelete