Saturday, June 19, 2010

കഴിവ് തെളിയിച്ച കേരള പൊലീസ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ രണ്ട് കൊടും ക്രിമിനലുകളേയും മണിക്കൂറുകള്‍ക്കകം പിടിക്കപ്പെട്ടത് കേരള പൊലീസിന്റെ കര്‍മശേഷിയുടെ മികച്ച ദൃഷ്ടാന്തമാണ്. ആധുനിക നിരീക്ഷണ-സുരക്ഷാ സംവിധാനങ്ങളും കനത്ത കാവലുമുള്ള ജയിലില്‍നിന്ന് രണ്ടുപേര്‍ക്ക് ചാടിപ്പോകാന്‍ കഴിഞ്ഞ സാഹചര്യം തീര്‍ച്ചയായും അപലപനീയമാണ്. അശ്രദ്ധയും അനാസ്ഥയും കാണിച്ചവരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കുകതന്നെ വേണം. അതേസമയം, ജയിലിലെ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്ത് തന്ത്രപൂര്‍വം രക്ഷപ്പെട്ട കൊലയാളി ജയാനന്ദനെ അതിവിദഗ്ധമായി കുടുക്കിയ പൊലീസ് അനല്‍പ്പമായ അഭിനന്ദനമര്‍ഹിക്കുന്നു. കാര്യക്ഷമമായ നേതൃസംവിധാനവും സൌകര്യങ്ങളുമുണ്ടെങ്കില്‍ നമ്മുടെ പൊലീസ് ഏറ്റവും ഉന്നതമായ നിലവാരമുള്ളവരാണെന്നതിന് തെളിവാണ് ഈ സംഭവം.

ഒറ്റപ്പെട്ട ചിലതൊഴികെ സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷമായി ഉണ്ടാകുന്ന കേസിലെല്ലാം കുറ്റമറ്റപ്രവര്‍ത്തനമാണ് പൊലീസ് കാഴ്ചവയ്ക്കുന്നത്. ഈ അടുത്ത ദിവസം കോടതി ശിക്ഷവിധിച്ച ചെങ്ങന്നൂര്‍ കാരണവര്‍വധക്കേസ് ഇതിനുദാഹരണമാണ്. സംഭവം നടന്ന് നാലാംദിവസം കുറ്റവാളികളെ കണ്ടെത്താനും കാലവിളംബംകൂടാതെ കേസ് കോടതിയിലെത്തിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു. വര്‍ക്കല ശിവപ്രസാദ് വധക്കേസിനും ആദ്യം ഒരു തുമ്പുമുണ്ടായിരുന്നില്ല. എന്നാല്‍, സംഭവത്തിന് തൊട്ടടുത്തദിവസം ഡിഎച്ച്ആര്‍എം എന്ന സംഘടനയുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാനായി.

പത്തനംതിട്ടയിലെ വാസുക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന് ദിവസങ്ങള്‍ക്കകം തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാണ്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങള്‍ മര്യാദയുടെ സീമകള്‍ ലംഘിച്ച് പൊലീസിനെ അധിക്ഷേപിച്ചു. അങ്ങനെ ആക്ഷേപിക്കപ്പെട്ട സംസ്ഥാന പൊലീസിന്റെ കുറ്റപത്രം പിന്നീട് അതേപടി സ്വീകരിക്കപ്പെടുകയാണുണ്ടായത്. പൊന്ന്യം, പെരിയ ബാങ്ക് കവര്‍ച്ചകള്‍, നൂറുകണക്കിനു ക്ഷേത്രമോഷണം, ഇന്റര്‍നെറ്റുവഴിയുള്ള തട്ടിപ്പുകള്‍ തുടങ്ങിയ നിരവധി കേസ് അതിവിദഗ്ധമായി തെളിയിച്ച് ഇന്ത്യയിലെ മികച്ച പൊലീസ് സേന എന്ന ഖ്യാതിയാണ് കേരള പൊലീസ് നേടിയത്.

കശ്മീരില്‍ മലയാളികള്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട കേസില്‍ സുപ്രധാന വിവരങ്ങളെല്ലാം കേരള പൊലീസിന് ശേഖരിക്കാന്‍ കഴിഞ്ഞു. ഒരു വ്യാജമേല്‍വിലാസമുള്ള ഐഡി കാര്‍ഡില്‍നിന്നാണ് ഈ കേസിന് തുമ്പുണ്ടാക്കാനും വിലപ്പെട്ട തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കാനും കഴിഞ്ഞത്. അപവാദകഥകളിലൂടെ പല ശക്തികളും അട്ടിമറിക്കാന്‍ ശ്രമിച്ച ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസ്, ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യംചെയ്യണമെന്നതിന് മാതൃകയാണ്. ഈ കേസിലെ മുഖ്യപ്രതികള്‍ക്ക് ഒരു വര്‍ഷത്തിലേറെ സുപ്രീംകോടതിയില്‍നിന്നുപോലും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവന്നു.

യുഡിഎഫ് കാലത്ത് നടന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍സ്, കെ ആര്‍ ഫിനാന്‍സ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകേസുകളുടെ ഗതി എന്തായിരുന്നെന്ന് മലയാളികള്‍ക്ക് നന്നായറിയാം. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകക്കേസിലെ പ്രതികളെ അറസ്റ് ചെയ്യാന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു. സിബിഐ അന്വേഷിച്ച മാള ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ കുടുക്കിയത് കേരള പൊലീസാണ്.

ജയില്‍ചാടി അന്യസംസ്ഥാനത്തിലേക്കു കടന്ന കുറ്റവാളിയെ മണിക്കൂറുകള്‍ക്കകവും മറ്റൊരു കുറ്റവാളിയെ അതിനടുത്ത ദിവസവും പിടികൂടിയ പൊലീസിനെ, അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ മറയില്ലാതെ അഭിനന്ദിക്കുമ്പോഴും ജയില്‍ചാട്ടത്തിന്റെ ഗൌരവം വിട്ടുകളയാനാകില്ല. തടവുകാരുടെ ബാഹുല്യം ഇന്ത്യയിലൊട്ടാകെ ജയിലുകള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് ഷാ കമീഷന്‍ റിപ്പോര്‍ട്ടില്‍ത്തന്നെ ഇന്ത്യന്‍ ജയിലുകളിലെ സ്ഥിതി സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തില്‍ ഉദയഭാനു കമീഷന്‍ അടക്കം ജയിലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിച്ചത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്.

സംസ്ഥാനത്തെ 41 ജയിലില്‍ നാലുവര്‍ഷംമുമ്പ് നടത്തിയ ഒരു പഠനത്തില്‍ തടവുകാരുടെ എണ്ണം 6000ല്‍ അധികമാണെന്നു കാണുകയുണ്ടായി. എന്നാല്‍, ജയിലുകളില്‍ 3665 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യം മാത്രമാണുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ ജയിലുകള്‍ തുറക്കാന്‍ നടപടിയെടുത്തത്. ചീമേനിയില്‍ തുറന്ന ജയിലടക്കം എട്ട് പുതിയ ജയില്‍ ആരംഭിച്ചു. നാല് ജയിലിന്റെ പണി പൂര്‍ത്തിയാവുകയാണ്. വിചാരണത്തടവുകാരുടെ ബാഹുല്യം കുറയ്ക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്തി. ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സിസി ടിവി അടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നു. കേരളത്തിലെ ജയിലുകള്‍ ഒരുകാലത്തും കണ്ടിട്ടില്ലാത്ത പരിഷ്കരണ സുരക്ഷാ സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിവരുന്നത്.

എന്നാല്‍, ഇതൊന്നും പൂര്‍ണമായും കുറ്റമറ്റ രീതിയിലല്ല എന്നാണ് ഇപ്പോഴത്തെ ജയില്‍ചാട്ടം സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ പരിശീലനം അടക്കം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം. ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കുറ്റവാളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ളതാകണം ജയില്‍ശിക്ഷ. ജയിലില്‍ ഒരുതരത്തിലുള്ള അനാശാസ്യ നടപടിയും അനുവദിക്കരുത്. പുതിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ത്തന്നെ, ജയിലുകളില്‍ അച്ചടക്കം പാലിക്കാനുള്ള നിഷ്കര്‍ഷ എന്ത് വിലകൊടുത്തും ഉറപ്പാക്കണം

ദേശാഭിമാനി മുഖപ്രസംഗം 18062010

1 comment:

  1. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ രണ്ട് കൊടും ക്രിമിനലുകളേയും മണിക്കൂറുകള്‍ക്കകം പിടിക്കപ്പെട്ടത് കേരള പൊലീസിന്റെ കര്‍മശേഷിയുടെ മികച്ച ദൃഷ്ടാന്തമാണ്. ആധുനിക നിരീക്ഷണ-സുരക്ഷാ സംവിധാനങ്ങളും കനത്ത കാവലുമുള്ള ജയിലില്‍നിന്ന് രണ്ടുപേര്‍ക്ക് ചാടിപ്പോകാന്‍ കഴിഞ്ഞ സാഹചര്യം തീര്‍ച്ചയായും അപലപനീയമാണ്. അശ്രദ്ധയും അനാസ്ഥയും കാണിച്ചവരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കുകതന്നെ വേണം. അതേസമയം, ജയിലിലെ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്ത് തന്ത്രപൂര്‍വം രക്ഷപ്പെട്ട കൊലയാളി ജയാനന്ദനെ അതിവിദഗ്ധമായി കുടുക്കിയ പൊലീസ് അനല്‍പ്പമായ അഭിനന്ദനമര്‍ഹിക്കുന്നു. കാര്യക്ഷമമായ നേതൃസംവിധാനവും സൌകര്യങ്ങളുമുണ്ടെങ്കില്‍ നമ്മുടെ പൊലീസ് ഏറ്റവും ഉന്നതമായ നിലവാരമുള്ളവരാണെന്നതിന് തെളിവാണ് ഈ സംഭവം.

    ReplyDelete