Tuesday, June 8, 2010

കെ.എസ്.ഡി.പി വികസന ലക്ഷ്യത്തിലേക്ക്

എട്ടുവര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ച ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധ നിര്‍മ്മാണശാല (കെ.എസ്.ഡി.പി), എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിലൂടെ 17.28 കോടി രൂപയുടെ റെക്കോഡ് ഉല്‍പ്പാദനത്തിലെത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുണമേന്മയുള്ള മരുന്ന് ഉല്‍പാദിപ്പിച്ചു നല്‍കുന്ന സ്ഥാപനമായി ഇപ്പോള്‍ കെ.എസ്.ഡി.പി മാറിയിരിക്കുന്നു. പുനരുദ്ധാരണത്തിന് 38 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഏഴു കോടി രൂപ അനുവദിച്ചത് കെ.എസ്.ഡി.പിക്ക് കൈമാറി.

2004ല്‍ യുഡിഎഫ് ഗവണ്‍മെന്റ് വിആര്‍എസ് നല്‍കി ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ അവസരം നല്‍കി. 165 പേര്‍ അങ്ങനെ സ്ഥാപനം വിട്ടു. എന്നാല്‍ അവര്‍ക്ക് മുഴുവന്‍ ആനുകൂല്യവും നല്‍കിയില്ല. ഈ ഗവണ്‍മെന്റ് വന്നശേഷമാണ് മൂന്നു കോടി രൂപ ആനുകൂല്യ കുടിശിക നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് കെ.എസ്.ഡി.പിയെ തകര്‍ക്കുക എന്നതാണെന്ന് വ്യക്തമായതോടെ എട്ടുവര്‍ഷംമുമ്പ് ഈ സ്ഥാപനം ഏറ്റെടുക്കാന്‍ കഴുകന്റെ കണ്ണുമായി സ്വകാര്യ മരുന്നു നിര്‍മ്മാണ കമ്പനിക്കാര്‍ ഇവിടെ വട്ടം പറന്നു. എംഎല്‍എ ആയിരുന്ന ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തൊഴിലാളികളും നാട്ടുകാരും നിശ്ചയദാര്‍ഢ്യത്തോടെ തുടര്‍ച്ചയായ സമരം നടത്തി. കലക്ടറേറ്റ് മാര്‍ച്ചും സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇതിനായി സംഘടിപ്പിച്ചു. തൊഴിലാളികള്‍ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികളും ട്രേഡ് യൂണിയനുകളും രംഗത്തെത്തിയതോടെ ബഹുജന പ്രക്ഷോഭമായി.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെ.എസ്.ഡി.പിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുമെന്നത്. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ വാക്കു പാലിച്ചു. ഇവിടത്തെ ജനപ്രതിനിധി കൂടിയായ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് മുന്‍കയ്യെടുത്തു അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം തയ്യാറാക്കി. പ്രവര്‍ത്തന മൂലധനമായി 2006-07ല്‍ മൂന്നു കോടി രൂപ അനുവദിച്ചു. കെ.എസ്.ഡി.പി ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നും ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി പി കെ ശ്രീമതിയുടെയും വ്യവസായമന്ത്രി എളമരം കരീമിന്റെയും സാന്നിദ്ധ്യത്തില്‍ ധാരണയായി. മരുന്നുവിലയുടെ 85 ശതമാനം അഡ്വാന്‍സായി നല്‍കാനും തീരുമാനിച്ചു.

2006-07 വര്‍ഷത്തില്‍ തന്നെ ഏഴുകോടി രൂപയുടെ മരുന്ന് ഉല്‍പാദിപ്പിക്കാനായി. രണ്ടാം വര്‍ഷം അത് ഒമ്പതുകോടിയും, മൂന്നാം വര്‍ഷം 12 കോടി ആയി ഉല്‍പാദനം വര്‍ധിച്ചു. നാലുവര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് ഉല്‍പാദനം 17.28 കോടി രൂപയുടേതായത്. വി ആര്‍ എസ് എടുക്കാതെ സ്ഥാപനത്തില്‍ പിടിച്ചുനിന്ന തൊഴിലാളികള്‍ക്ക്, മുന്‍ ഗവണ്‍മെന്റ് അധികാരം ഒഴിയുമ്പോള്‍ 26 മാസത്തെ ശമ്പള കുടിശിക ലഭിക്കാനുണ്ടായിരുന്നു. വൈദ്യുതി കണക്ഷനും വിഛേദിച്ചിരുന്നു. തുടക്കത്തില്‍ തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കി. ശമ്പള കുടിശികയിലെ പകുതിയും നല്‍കി. ബാക്കിയുള്ളത് ലാഭത്തിലായശേഷം മതിയെന്ന് തൊഴിലാളികള്‍ മാനേജ്മെന്റിനോട് സമ്മതിച്ചു.

സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ 1974ലാണ് കെ.എസ്.ഡി.പി പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍മുലേഷന്‍ ഡിവിഷന്‍ ആണ് ആദ്യം തുടങ്ങിയത്. 1983ല്‍ വൈറ്റമിന്‍ എ പ്ളാന്റ് ആരംഭിച്ചു. 2001ലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കെ.എസ്.ഡി.പി പ്രതിസന്ധിയിലായി. 2003ല്‍ വൈറ്റമിന്‍ എ പ്ളാന്റ് അടച്ചുപൂട്ടി. ഫോര്‍മുലേഷന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം നാമമാത്രമായി ചുരുങ്ങി. 1991ല്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കി തുടങ്ങിയ ആഗോളവല്‍ക്കരണനയം, ഈ പൊതുമേഖലാ സ്ഥാപനത്തെയും പ്രതിസന്ധിയിലാക്കുകയായിരുന്നു. സെന്‍ട്രല്‍ പര്‍ച്ചേയ്സ് കമ്മിറ്റി (സിപിസി) നിലവില്‍ വരുംവരെ കമ്പനി ലാഭത്തിലായിരുന്നു. സര്‍ക്കാര്‍ ഓര്‍ഡര്‍ ടെന്റര്‍ കൂടാതെ അതുവരെ കിട്ടിയിരുന്നെങ്കില്‍ പിന്നീട് സ്വകാര്യ കമ്പനികളുമായി മല്‍സരിക്കേണ്ടിവന്നു. ഔഷധങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താതെ, എത്ര തരംതാണ മരുന്നും വേണ്ടത്ര പരിശോധന കൂടാതെ മാര്‍ക്കറ്റില്‍ വിറ്റഴിക്കാവുന്ന സ്ഥിതിയുണ്ടായി. അത്തരം മരുന്നുകള്‍ വില കുറച്ചു നല്‍കി ടെന്ററില്‍നിന്ന് കെ.എസ്.ഡി.പിയെ പുറന്തള്ളാനുള്ള പ്രവണതയാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് പിന്നീടുണ്ടായത്. കെ.എസ്.ഡി.പിയുടെ ഓര്‍ഡര്‍ തട്ടിയെടുത്ത സ്വകാര്യ കമ്പനികളുടെ മരുന്നിന്റെ ഗുണനിലവാരം വിലയിരുത്താനും അധികാരികള്‍ക്കായില്ല. ഗവണ്‍മെന്റ് ഈ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു! കെ.എസ്.ഡി.പി മാനേജ്മെന്റിലുള്ള ചിലരും ഇവരുടെ ഏജന്റുമാരെപോലെ പ്രവര്‍ത്തിച്ചു.

1991നുമുമ്പ് 181 ഇനം മരുന്നുകള്‍ ഇവിടെ നിര്‍മ്മിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഇവിടെ ഉണ്ടായിരുന്നത് 1997-98ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ്; 13 കോടി രൂപയുടേത്. ദല്‍ഹിയിലുള്ള കമ്പനിയുമായി ചേര്‍ന്നു അഞ്ചുകോടി രൂപയുടെ മരുന്നുകള്‍ വേറെയും ഉല്‍പാദിപ്പിച്ചു. ലാഭത്തിലായ കെ.എസ്.ഡി.പിയുടെ തകര്‍ച്ചയ്ക്കു കാരണമായത്, സംസ്ഥാന ഗവണ്‍മെന്റ് സ്വന്തം ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ കെ.എസ്.ഡി.പിയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതാണ്. ഗുണമേന്മയുള്ള മരുന്നു രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ചെറിയ വിലക്കുറവിന്റെ സാങ്കേതികത്വം പറഞ്ഞ് അവര്‍വാങ്ങികൂട്ടുകയായിരുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റാകട്ടെ, ഉല്‍പ്പാദന ചെലവിന് അനുസൃതമായ വില നല്‍കിയാണ് ഇപ്പോള്‍ മരുന്നു മുഴുവന്‍ ഏറ്റെടുക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന 'പാരസെറ്റമോള്‍' മാര്‍ക്കറ്റില്‍ ഗുണമേന്മയില്‍ ഒന്നാമതാണ്. ക്യാപ്സൂളുകള്‍, ലിക്വിഡ് മരുന്നുകള്‍, അവില്‍ ടാബ്ലറ്റുകള്‍ തുടങ്ങിയവയുടെയും ഗുണനിലവാരം ഏറെയായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വൈറ്റമിന്‍ എ പ്ളാന്റ് 2003ല്‍ പൂട്ടിയപ്പോള്‍ ഇവിടെ നിന്നു പിരിച്ചുവിട്ട 50 തൊഴിലാളികളെ കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍മുലേഷന്‍ പ്ളാന്റില്‍ സ്ഥിരപ്പെടുത്തി വീണ്ടും നിയമിച്ചു. 22 വര്‍ഷം വരെ പഴക്കമുള്ള താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തില്‍ ഇവര്‍ക്ക് വീണ്ടും സ്ഥിരതയോടെ തൊഴില്‍ തിരിച്ചുകിട്ടിയപ്പോള്‍, ജീവിതത്തിന്റെ താളം തെറ്റിയ നിരവധി കുടുംബങ്ങള്‍ക്ക് രക്ഷയായി. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് പണിയില്ലാതെ പട്ടിണിയില്‍ കഴിഞ്ഞ തൊഴിലാളികളില്‍ ഏഴുപേര്‍ ചികില്‍സാസഹായം പോലും ലഭിക്കാതെ അകാലത്തില്‍ മരണപ്പെട്ടു. ഏറെ ക്ളേശകരമായ സാഹചര്യത്തിലായ അവരുടെ കുടുംബങ്ങളെ രക്ഷിക്കാനായി മരിച്ചവരുടെ ആശ്രിതര്‍ക്ക് സ്ഥാപനത്തില്‍ ജോലി നല്‍കി. ധനവകുപ്പും വ്യവസായവകുപ്പും ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയോടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഈ സ്ഥാപനത്തിനും തൊഴിലാളികള്‍ക്കും രക്ഷയായത്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇനിയും നൂറോളം പേര്‍ക്ക് പുതുതായി ഇവിടെ തൊഴില്‍ ലഭിക്കും. ഇപ്പോള്‍ 135 തൊഴിലാളികളാണുള്ളത്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ അമ്പതിലേറെപ്പേര്‍ വേറെയും. കമ്പനി ലാഭകരമായതോടെ ഉല്‍പാദനം സുഗമമാക്കാന്‍ ദീര്‍ഘകാല കരാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ തൊഴിലാളി പ്രതിനിധികളും മാനേജ്മെന്റുമായി തുടങ്ങിയിട്ടുണ്ടെന്ന് കെ.എസ്.ഡി.പി എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി കെ ആര്‍ ഭഗീരഥന്‍ പറഞ്ഞു.

കലവൂരിന് തെക്കുള്ള കെ.എസ്.ഡി.പിയുടെ കിഴക്കുഭാഗത്ത് (എന്‍എച്ച് 47ന്റെ അരികില്‍) അധികമുള്ള ഒന്നര ഏക്കര്‍ സ്ഥലം 'ഹോംകോ'യ്ക്ക് ഈയിടെ കൈമാറി. പൊതുമേഖലയിലുള്ള ഒരു വ്യവസായ സ്ഥാപനത്തിന് ആവശ്യമില്ലാത്ത വസ്തു, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൈമാറാമെന്ന ഗവണ്‍മെന്റിന്റെ വ്യവസായനയത്തിന്റെ ഭാഗമായാണിങ്ങനെ നല്‍കിയത്. ഇതിന്റെ വിലയായി കിട്ടുന്ന വന്‍ തുകയും കെ.എസ്.ഡി.പിയുടെ പ്രവര്‍ത്തന മൂലധനത്തിലുണ്ടാകും. ഇഞ്ചക്ഷന്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന പ്ളാന്റ് പുനരുദ്ധരിക്കാന്‍ ആഗോള ടെന്റര്‍ വിളിച്ചിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഗുണമേന്മയുള്ള ഇഞ്ചക്ഷന്‍ മരുന്നുകള്‍ വന്‍തോതില്‍ ആശുപത്രികള്‍ക്ക് നല്‍കാനാകും. ഒരു വര്‍ഷത്തിനകം പുനരുദ്ധാരണ പ്രവര്‍ത്തനം ലക്ഷ്യത്തിലെത്തും.

പി വി പങ്കജാക്ഷന്‍ chintha weekly 11602010

1 comment:

  1. എട്ടുവര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ച ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധ നിര്‍മ്മാണശാല (കെ.എസ്.ഡി.പി), എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിലൂടെ 17.28 കോടി രൂപയുടെ റെക്കോഡ് ഉല്‍പ്പാദനത്തിലെത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുണമേന്മയുള്ള മരുന്ന് ഉല്‍പാദിപ്പിച്ചു നല്‍കുന്ന സ്ഥാപനമായി ഇപ്പോള്‍ കെ.എസ്.ഡി.പി മാറിയിരിക്കുന്നു. പുനരുദ്ധാരണത്തിന് 38 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഏഴു കോടി രൂപ അനുവദിച്ചത് കെ.എസ്.ഡി.പിക്ക് കൈമാറി.

    ReplyDelete