Thursday, June 10, 2010

35 പൊതുമേഖല സ്ഥാപനംകൂടി ഓഹരിവിപണിയിലേക്ക്

പൊതുമേഖല വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷംകൊണ്ട് 35 പൊതുമേഖലാസ്ഥാപനങ്ങളെക്കൂടി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഘനവ്യവസായ സഹമന്ത്രി അരു യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കമ്പനികള്‍ ലിസ്റ്റ് ചെയ്യാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി വേണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഘനവ്യവസായമന്ത്രാലയം നടപടികളുമായി മുന്നോട്ടുപോകും. ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25 ശതമാനം ഓഹരി പൊതുജന ഉടമസ്ഥതയിലാകണമെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിലൂടെ ലിസ്റ്റ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളുടെയും 25 ശതമാനം ഓഹരിവീതം വില്‍ക്കാനാകും. അഞ്ചുവര്‍ഷത്തിനകം ഒന്നര ലക്ഷം കോടി സമാഹരിക്കാമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. പ്രതിവര്‍ഷം 30,000 കോടി രൂപ വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടും.

29 പൊതുമേഖലാ കമ്പനികളാണ് നിലവില്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയെല്ലാംതന്നെ വന്‍ പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. നവരത്ന കമ്പനികളും ഇക്കൂട്ടത്തില്‍പ്പെടും. പുതിയതായി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്ന സ്ഥാപനങ്ങളും പ്രധാനപ്പെട്ട കമ്പനികളാണ്. നടപ്പുവര്‍ഷം ഓഹരി വിറ്റ് 40,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. എംഎംടിസി, കോള്‍ ഇന്ത്യ, എന്‍ജിനിയേഴ്സ് ഇന്ത്യ, ഷിപ്പിങ് കോര്‍പറേഷന്‍ തുടങ്ങി പത്ത് പൊതുമേഖലാ സ്ഥാപനങ്ങളാണ് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വില്‍പ്പന പട്ടികയിലുള്ളത്. ഇതില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരിവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. എന്‍ജിനിയേഴ്സ് ഇന്ത്യയുടെ ഓഹരി വില്‍ക്കുന്ന കാര്യത്തില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന് ഓഹരിവില്‍പ്പനകാര്യ സെക്രട്ടറി സുമിത് ബോസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം 25,000 കോടിയായിരുന്നു വില്‍പ്പനയിലൂടെ കേന്ദ്രം സമാഹരിച്ചത്. ധനകമ്മി കുറയ്ക്കാനും റവന്യൂ ചെലവ് നേരിടാനുമാണ് പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ പണം സമാഹരിക്കുന്നത്.

ദേശാഭിമാനി 10062010

1 comment:

  1. പൊതുമേഖല വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷംകൊണ്ട് 35 പൊതുമേഖലാസ്ഥാപനങ്ങളെക്കൂടി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഘനവ്യവസായ സഹമന്ത്രി അരു യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete