Tuesday, June 29, 2010

തൃശൂരില്‍ ബിജെപി പിളരുന്നു

തൃശൂരില്‍ ബിജെപി പിളരുന്നു; ഓണത്തിനു മുമ്പ് പുതിയ പാര്‍ടി

ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് കൂട്ടരാജികള്‍ തുടരുന്ന തൃശൂരില്‍ ബിജെപി പിളര്‍പ്പിലേക്ക്. ഓണത്തിനു മുമ്പ് വിമതപക്ഷം ഔദ്യോഗികമായി വേറിട്ട് പുതിയ പാര്‍ടിയാകാനാണ് തീരുമാനം. മുന്‍ ജില്ലാ പ്രസിഡന്റും മുകുന്ദന്‍ പക്ഷ നേതാവുമായ ശ്രീശന്‍ അടിയാട്ടാണ് വിമതവിഭാഗത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെയും നയങ്ങള്‍ക്കെതിരായി കഴിയുന്നത്ര പ്രവര്‍ത്തകരെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി യോജിച്ച് ഔദ്യോഗിക ബിജെപിക്കെതിരെ മത്സരിക്കുമെന്ന് വിമതപക്ഷത്തിന്റെ വക്താവ് 'ദേശാഭിമാനി'യോടു പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായി വി മരുളീധരനും ജില്ലാ പ്രസിഡന്റായി ബി ഗോപാലകൃഷ്ണനും വന്നതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയതെന്നാണ് വിമതരുടെ ആരോപണം. അഞ്ചുമാസം മുമ്പാണ് ബി ഗോപാലകൃഷ്ണനെ പ്രസിഡന്റായും എ നാഗേഷിനെ ജനറല്‍ സെക്രട്ടറിയുമായും ആര്‍എസ്എസ് പിന്തുണയോടെ സംസ്ഥാന പ്രസിഡന്റ് നിയമിച്ചത്. തുടര്‍ന്ന് പാര്‍ടിക്കുള്ളില്‍ ജനാധിപത്യം ഇല്ലാതായെന്ന് ആരോപിച്ചാണ് ബിജെപിയുടെയും മോര്‍ച്ചകളുടെയും നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിടാന്‍ തുടങ്ങിയത്. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി സുധീര്‍ബാബു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീര്‍ ജി കൊല്ലാറ, സി എ വേലായുധന്‍ എന്നിവരുള്‍പ്പെടെ പല പ്രധാന നേതാക്കളും പാര്‍ടി വിട്ടു. 54 ജില്ലാ ഭാരവാഹികളില്‍ 35 പേരും ഔദ്യോഗിക നേതൃത്വത്തിനെതിരാണെന്ന് ഒരു വിമതപക്ഷം നേതാവ് പറഞ്ഞു. പതിനായിരത്തോളം അനുഭാവികള്‍ ബിജെപി വിട്ടു. കഴിഞ്ഞ ദിവസം പാവറട്ടിയില്‍ 500 കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി രാജിവച്ചു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഇനിയും പാര്‍ടി വിട്ടുവരുമെന്നും വിമതപക്ഷം അവകാശപ്പെടുന്നു.

എന്നാല്‍, തൃശൂര്‍ ജില്ലയില്‍ സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുകയാണെന്നും ചിലര്‍ പാര്‍ടി വിടുന്നതില്‍ തെല്ലും ഉല്‍ക്കണ്ഠയില്ലെന്നും ഈയിടെ വി മുരളീധരന്‍ വിമതരെ ഓര്‍മ്മിപ്പിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ കളിമ മാഫിയയുടെ നേതൃത്വം ബിജെപി ജില്ലാ നേതൃത്വത്തിനാണെന്നും ഒ രാജഗോപാല്‍, സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഇവരുടെ അന്യായങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് തുറന്നുപറയാന്‍ തയ്യാറാവണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം.

മറ്റൊരു വാര്‍ത്ത

പാവറട്ടിയില്‍ വിമതയോഗം ബിജെപിയില്‍ വീണ്ടും കൂട്ടരാജി: അഞ്ഞൂറോളംപേര്‍ പാര്‍ടിവിട്ടു

ബിജെപിയില്‍ വീണ്ടും രാജി. ജില്ലാ നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധനടപടിയില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തിലെ പാവറട്ടിയില്‍ അഞ്ഞൂറോളംപേര്‍ രാജിവച്ചു. ഞായറാഴ്ച രാവിലെ പാവറട്ടി വ്യാപാരഭവനില്‍ ചേര്‍ന്ന ഔദ്യോഗികവിഭാഗത്തിന് എതിരായുള്ള യോഗത്തിലാണ് കൂട്ടരാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ നിരവധി നേതാക്കള്‍ രാജി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി രാജിവച്ചത്. പ്രകടനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന് എതിരായി മുദ്രാവാക്യം വിളിച്ചു. ജില്ലയില്‍ കളിമലോബിയില്‍നിന്നും പണംപറ്റുന്ന ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അണികളാവാന്‍ തങ്ങളെ കിട്ടില്ലെന്ന് വിളിച്ചുപറഞ്ഞു.

ബിജെപി ജില്ലാ പഠനകേന്ദ്രം ചെയര്‍മാനായിരുന്ന അരവിന്ദന്‍ ചൂണ്ടല്‍, പാവറട്ടി പഞ്ചായത്ത് ഒന്നാംവാര്‍ഡ് അംഗം സിന്ധു അനില്‍കുമാര്‍, പാവറട്ടി സഹ. ബാങ്ക് ഡയറക്ടര്‍ അനില്‍കുമാര്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരന്‍, യുവമോര്‍ച്ച മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് സെന്തില്‍ വെട്ടിയാര്‍, സെക്രട്ടറി എ പി മണികണ്ഠന്‍, എബിവിപി സംസ്ഥാനകമ്മിറ്റി അംഗം വി എന്‍ സുജിത്ത്, കെ പി ശശിധരന്‍, മനോജ് വാക, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ കെ വിജയന്‍, രമേശ് പി നായര്‍, ഇ ആര്‍ സുനില്‍കുമാര്‍, സതീശ് പൂവത്തൂര്‍, ഇ എസ് മുകുന്ദന്‍, ഷാജി തൈക്കാട്, ബൈജു വാക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും രാജിയും. യോഗത്തില്‍ കെ പി സുധീര്‍ബാബു, ചൂണ്ടല്‍ അരവിന്ദന്‍, സജീവന്‍ പാലയ്ക്കല്‍, സുഭാഷ് കോട്ടപ്പുറം, വി നന്ദകുമാര്‍, ഇ ആര്‍ സുധീഷ്കുമാര്‍, തങ്ക കുഞ്ഞുണ്ണി, പി എ അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതൃത്വം പിടിച്ചടക്കുന്നതിന് നേതൃത്വം വൃത്തികെട്ട കളികളാണ് നടത്തിയതെന്ന് പാര്‍ടിവിട്ട നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ ശ്രീശന്‍ അടിയാട്ടിന്റെ നേതൃത്വത്തില്‍ ജനാധിപത്യബോധമുള്ള പ്രതികരണശക്തിയായി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം രാജിവച്ചതോടെ ജില്ലയില്‍ പൊട്ടിത്തെറി രൂക്ഷമായി. യുവമോര്‍ച്ച ജില്ലാ ഭാരവാഹികളും കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപിപ്രവര്‍ത്തകരും രാജിക്കൊരുങ്ങിയിട്ടുണ്ട്. ജില്ലാതലത്തില്‍ രാജിവച്ചവരുടെ കൂട്ടായ യോഗം വിളിക്കാന്‍ ആലോചനയുണ്ട്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താനും തീരുമാനമുണ്ട്.

ദേശാഭിമാനി 29062010

1 comment:

  1. ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് കൂട്ടരാജികള്‍ തുടരുന്ന തൃശൂരില്‍ ബിജെപി പിളര്‍പ്പിലേക്ക്. ഓണത്തിനു മുമ്പ് വിമതപക്ഷം ഔദ്യോഗികമായി വേറിട്ട് പുതിയ പാര്‍ടിയാകാനാണ് തീരുമാനം. മുന്‍ ജില്ലാ പ്രസിഡന്റും മുകുന്ദന്‍ പക്ഷ നേതാവുമായ ശ്രീശന്‍ അടിയാട്ടാണ് വിമതവിഭാഗത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെയും നയങ്ങള്‍ക്കെതിരായി കഴിയുന്നത്ര പ്രവര്‍ത്തകരെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി യോജിച്ച് ഔദ്യോഗിക ബിജെപിക്കെതിരെ മത്സരിക്കുമെന്ന് വിമതപക്ഷത്തിന്റെ വക്താവ് 'ദേശാഭിമാനി'യോടു പറഞ്ഞു.

    ReplyDelete