Thursday, June 17, 2010

ബംഗാളിന്റെ വിശേഷങ്ങളും മാധ്യമലോകവും

ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ കോട്ടയായ ബംഗാള്‍ എല്ലാക്കാലവും മാധ്യമ ശ്രദ്ധയിലുണ്ടായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ ആക്രമിക്കുന്നതിന്റെ ഭാഗമായി ബംഗാള്‍ എല്ലായ്പ്പോഴും മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയാറുണ്ട്. 1977ല്‍ വംഗനാട്ടില്‍ അധികാരത്തില്‍വന്ന ഇടതുമുന്നണിയുടെ മന്ത്രിസഭകള്‍ക്ക് സമാനതകളില്ലാത്ത അധികാര തുടര്‍ച്ച നല്‍കാന്‍ ബംഗാള്‍ ജനത തയ്യാറായിട്ടുണ്ട്. പോളിംഗ് ബൂത്തുകള്‍ കയ്യൂക്കുകൊണ്ട് കീഴടക്കിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടി ബംഗാള്‍ ജയിക്കുന്നതെന്നായിരുന്നു ഒരു കാലത്തെ പ്രചരണങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്താണ് വോട്ടിംഗ് നടത്തിച്ചത്. ബംഗാളിനെ വരിഞ്ഞുമുറുക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരമേറ്റ മന്ത്രിസഭയാണ് ഇപ്പോള്‍ ബംഗാള്‍ ഭരിക്കുന്നത്.

പശ്ചിമബംഗാളിന്റെ നേട്ടങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. 'ഓപ്പറേഷന്‍ ബര്‍ഗ'' എന്നപേരില്‍ ബംഗാളില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണവും, ഗ്രാമീണ വികസനവും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. പഞ്ചായത്ത്രാജിലെ ബംഗാള്‍ മാതൃകയാണ് പിന്നീട് ഭാരതം പകര്‍ത്തിയത്. ഗ്രാമീണ ബംഗാളിലെ കാര്‍ഷിക മേഖലയുടെ കുതിപ്പ് അഭിമാനകരമായിയെന്നു മാത്രമല്ല, ആഗോളവല്‍ക്കരണകാലത്തെ കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ ബംഗാളില്‍ നിന്ന് നാം കേള്‍ക്കുകയുണ്ടായില്ല.

ഇത്രയേറെ നേട്ടങ്ങളുടെ തിളക്കത്തില്‍ അഭിമാനമുയരുമ്പോഴും മാധ്യമങ്ങളില്‍ ഇടംപിടിച്ച ബംഗാള്‍ മറ്റൊന്നായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ബംഗാള്‍ തകരുമെന്ന് മനോരമയുടെ തപസ്ഗാംഗുലി മുതല്‍ ഓരോ മാധ്യമ പ്രവര്‍ത്തകനും വിധിയെഴുതിക്കൊണ്ടിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സിപിഐ (എം) തന്നെ തീരുമാനിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മനോരമ പടച്ചുവിടുന്നത്. ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ പരാജയം ചൂണ്ടിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിധി ജനങ്ങള്‍ നേരത്തെതന്നെയെഴുതിക്കഴിഞ്ഞുവെന്ന മട്ടിലാണ് മാധ്യമങ്ങള്‍.

എന്താണ് യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ സംഭവിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കുന്നവര്‍ക്കെതിരായ ബഹുജനവികാരം പലപ്പോഴും തെരഞ്ഞെടുപ്പ് വിധിയില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്രയുംകാലം ബംഗാള്‍ അതിനപവാദമായിരുന്നു. ത്രിപുരയില്‍ തുടര്‍ച്ചയായി പത്തുകൊല്ലം അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരിനെയാണ് തീവ്രവാദികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഒരിക്കല്‍ തകര്‍ത്തത്. ത്രിപുര തിരിച്ചുപിടിച്ച് ഇടതുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും സമാധാനമുള്ള സ്ഥലമായി ത്രിപുരയെ മാറ്റിയിരിക്കുന്നു.

1972ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വലതുപക്ഷം നടത്തിയതെന്തെന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജ്യോതിബസുവിനെപ്പോലും പരാജയപ്പെടുത്തിയ ഇരുണ്ട ചരിത്രം ബംഗാളിനുണ്ട്. തുടര്‍ന്നുനടന്ന ഇടതുപക്ഷ വേട്ട, രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്കാണ് എത്തിച്ചത്. ഇപ്പോള്‍ ബംഗാളില്‍ മാവോയിസ്റ്റുകാരെ മുതല്‍ മമതയെവരെ മുന്‍നിര്‍ത്തി വലതുപക്ഷം നടത്തുന്ന നെറികെട്ട പരീക്ഷണങ്ങള്‍ ബംഗാളിനെ മാത്രമല്ല, രാജ്യത്തെയാകെ തന്നെ എവിടെയെത്തിക്കുമെന്ന് അല്‍പമെങ്കിലും ചിന്തിക്കാനുള്ള ശേഷിപോലും മാധ്യമങ്ങള്‍ക്കും ബുദ്ധിജീവി നാട്യക്കാര്‍ക്കും നഷ്ടപ്പെട്ടുപോയതെന്തുകൊണ്ട്? ബംഗാളിലെക്കാള്‍ മെച്ചപ്പെട്ട ഏതു മാതൃകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ളത്.

എഴുപതിലേറെവര്‍ഷം നിലനിന്ന സോവിയറ്റ് സോഷ്യലിസം അട്ടിമറിക്കപ്പെട്ടത് എങ്ങനെയാണ്? എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതില്‍ അസാമാന്യ വിജയം നേടിയ സോവിയറ്റ് യൂണിയനെ തകര്‍ത്ത് ഛിന്നഭിന്നമാക്കിയപ്പോള്‍ വലതുപക്ഷ രാഷ്ട്രീയക്കാരുടെ കലിയടങ്ങി. ഇപ്പോള്‍ റഷ്യയിലെ ജനങ്ങള്‍ക്ക് ഏതു സ്വര്‍ഗ്ഗമാണ് ലഭിച്ചത് ? കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണകാലത്തേക്കാള്‍ മെച്ചപ്പെട്ട എന്താണ് ഇന്നത്തെ റഷ്യക്ക് പറയാനുള്ളത്? ഇതിന് സമാനമായി ബംഗാളിനെ അട്ടിമറിക്കാന്‍ എന്തെല്ലാം കള്ളക്കഥകള്‍ മിനയുന്നു.

ബംഗാളിലെ പുതിയ തലമുറയ്ക്ക് അനുഭവ പാഠങ്ങളില്ല. മമതാബാനര്‍ജി വാഗ്ദാനംചെയ്യുന്ന പുതിയ സ്വര്‍ഗ്ഗം അരാജകത്വത്തിന്റേതാണ്. സ്വന്തം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തീവണ്ടി അട്ടിമറിച്ച് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുമ്പോഴും മാവോയിസ്റ്റുകളെ ലജ്ജാകരമായി പിന്തുണയ്ക്കുന്ന മമതാബാനര്‍ജി ലളിതവേഷം ധരിച്ചെത്തിയ രാക്ഷസീയ ഭാവത്തിനുടമയാണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. ഒരു വര്‍ഷത്തിനിടയില്‍ 210 സിപിഐ (എം) പ്രവര്‍ത്തകരേയും നേതാക്കളേയും കൊന്നു തള്ളിയ വലതുപക്ഷ കൂട്ടുകെട്ടില്‍ ബിജെപി മുതല്‍ കോണ്‍ഗ്രസ് വരെയും, മമത മുതല്‍ മത തീവ്രവാദികള്‍ വരെയും സര്‍വ്വോപരി മാവോയിസ്റ്റുകളും ഒരുമിച്ചിരിക്കുന്നു. ശത്രുക്കള്‍ തമ്മില്‍ ഇണചേരുന്ന ഈ മഹാസഖ്യം ബംഗാളിന് എന്ന നന്മയാണ് പ്രദാനംചെയ്യുന്നത്. കടുത്ത കള്ള പ്രചാരണത്തിലൂടെയും മോഹന വാഗ്ദാനങ്ങളിലൂടെയും തല്‍ക്കാലം ജനസമ്മിതി പിടിച്ചുവാങ്ങുന്ന തന്ത്രങ്ങള്‍ വിജയകരമായി ബംഗാളില്‍ പയറ്റുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മമതാബാനര്‍ജി മമതാ എക്സ്പ്രസാണ്.

ഇക്കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ കൊട്ടിഘോഷിക്കുന്ന വിജയത്തിനിടയിലും 81 മുനിസിപ്പാലിറ്റികളില്‍ 26 എണ്ണം മാത്രമേ മമതാ ബാനര്‍ജിക്ക് ലഭിച്ചിട്ടുള്ളൂവെന്നത് മാധ്യമങ്ങള്‍ മറന്നുപോയി. ഇടതുപക്ഷത്തിന്റെ 18ഉം കോണ്‍ഗ്രസിന്റെ എട്ടും കഴിച്ചാല്‍ ബാക്കി തൂക്കു സഭയാണ്. നഗരങ്ങള്‍ സാധാരണയായി ഇടതുപക്ഷത്തോടൊപ്പമല്ല നിന്നിരുന്നത്. ഇപ്പോള്‍ അവിടെപ്പോലും അസന്നിഗ്ദമായ വിജയം മമത നേടിയിട്ടില്ല എന്നതും ആവേശത്തിനിടയില്‍ മാധ്യമങ്ങള്‍ മറന്നുപോകുന്നുണ്ട്.

കൃഷിഭൂമികൂടി ഉള്‍പ്പെട്ട ഭാഗം വ്യവസായത്തിനായി ഏറ്റെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെതുടര്‍ന്ന് എന്തെല്ലാം കള്ളങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ബംഗ്ളാദേശില്‍നിന്ന് കുടിയേറ്റപ്പെട്ട ധാരാളം കുടുംബങ്ങള്‍ ബംഗാളിലുണ്ട്. കൈവശരേഖപോലും കയ്യിലില്ലാത്ത അവരോട് പറഞ്ഞതെന്തൊക്കെയാണ്. നന്ദിഗ്രാമിലും സിംഗൂരിലും ഉടമകള്‍ക്ക് പണം നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ കൈവശരേഖപോലുമില്ലാത്തവരെ പൊലീസ് ഇറക്കിവിടുമെന്നായി പ്രചാരണം. യഥാര്‍ത്ഥത്തില്‍ ഇടതുസര്‍ക്കാര്‍ ചിന്തിക്കാത്ത എത്രയോ കാര്യങ്ങള്‍ കള്ളപ്രചാരണങ്ങളില്‍ ഉള്‍പ്പെടുന്നു. പുരൂളിയ ആയുധം വീഴ്ത്തല്‍ എങ്ങനെയുണ്ടായി? മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ആകാശത്തുനിന്നാണ്.

ബംഗാളിലെ വലതുപക്ഷ പ്രവര്‍ത്തനങ്ങളുടെ കാണാച്ചരടുകള്‍ മാധ്യമങ്ങള്‍ക്ക് കണ്ടെത്താനാകുന്നില്ല. ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളില്‍ അവര്‍ അഭിരമിക്കുകയാണ്. അടിസ്ഥാനമില്ലാത്ത പ്രചരണങ്ങളുടേയും ഒരിക്കലും നടക്കാത്ത സംഘട്ടനങ്ങളുടേയും ആരവങ്ങള്‍ക്കിടയില്‍ ബംഗാള്‍ ഇടതുപക്ഷത്തെ മുട്ടുകുത്തിക്കാനാണ് ശ്രമം. പോരാടുന്ന ബംഗാളിന് അത്രവേഗം തലതാഴ്ത്താനില്ല.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 18062010

2 comments:

  1. ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ കോട്ടയായ ബംഗാള്‍ എല്ലാക്കാലവും മാധ്യമ ശ്രദ്ധയിലുണ്ടായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ ആക്രമിക്കുന്നതിന്റെ ഭാഗമായി ബംഗാള്‍ എല്ലായ്പ്പോഴും മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയാറുണ്ട്. 1977ല്‍ വംഗനാട്ടില്‍ അധികാരത്തില്‍വന്ന ഇടതുമുന്നണിയുടെ മന്ത്രിസഭകള്‍ക്ക് സമാനതകളില്ലാത്ത അധികാര തുടര്‍ച്ച നല്‍കാന്‍ ബംഗാള്‍ ജനത തയ്യാറായിട്ടുണ്ട്. പോളിംഗ് ബൂത്തുകള്‍ കയ്യൂക്കുകൊണ്ട് കീഴടക്കിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടി ബംഗാള്‍ ജയിക്കുന്നതെന്നായിരുന്നു ഒരു കാലത്തെ പ്രചരണങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്താണ് വോട്ടിംഗ് നടത്തിച്ചത്. ബംഗാളിനെ വരിഞ്ഞുമുറുക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരമേറ്റ മന്ത്രിസഭയാണ് ഇപ്പോള്‍ ബംഗാള്‍ ഭരിക്കുന്നത്.

    ReplyDelete