Thursday, June 24, 2010

പുറമ്പോക്കിന്റെ കപ്പ്

സ്നേഹത്തിന്റെ പരിശീലകന്‍

കളിക്കാര്‍ക്കൊപ്പം ചിരിക്കാനും കളിക്കാനും കരയാനും ഒരാള്‍- ദ്യേഗോ മാറഡോണ. ഫുട്ബോള്‍ പരിശീലകന്‍ ഇങ്ങനെയായിരിക്കണമെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളുടെ എല്ലാ ഗോപുരങ്ങളും ഇവിടെ തകര്‍ന്നുവീഴുന്നു. പ്രൊഫഷണല്‍ കോച്ചിന്റെ ജാടയില്ല, കാപട്യമില്ല, അച്ചടക്കത്തിന്റെ കൃത്രിമത്വമില്ല- പച്ചയായ മനുഷ്യന്‍. അര്‍ജന്റീന കളത്തിലിറങ്ങുമ്പോള്‍ പന്ത്രണ്ടാമനായി മാറഡോണയുണ്ട്. കുമ്മായവരയ്ക്കരികെ ആര്‍ത്തുവിളിച്ചും പൊട്ടിച്ചിരിച്ചും സങ്കടപ്പെട്ടും ഈ മനുഷ്യനുണ്ട്. നല്ല നീക്കങ്ങളില്‍ കൈകൊട്ടിയും പിഴവുകളില്‍ പൊട്ടിത്തെറിച്ചും സന്തോഷത്തില്‍ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും നിറഞ്ഞ സാന്നിധ്യമാകുന്ന മാറഡോണ ഈ ലോകകപ്പിലും തരംഗം സൃഷ്ടിക്കുന്നു.

എന്തുകൊണ്ടാണ് ഈ മനുഷ്യനെ ലോകം ഇഷ്ടപ്പെടുന്നത്?

ഉത്തരം ലളിതം. സാധാരണ മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ഒളിയും മറയുമില്ലാതെ പ്രകടിപ്പിക്കുന്നു എന്നതുതന്നെ. മാറഡോണയില്‍ എല്ലാവരും അവനവനെത്തന്നെ കണ്ടുപോകുന്നു. കളിക്കാരനായിരുന്നപ്പോഴും പരിശീലകനായപ്പോഴും മാറഡോണ കൂട്ടുകാരനാണ്, രക്ഷിതാവാണ്. മാറഡോണയുടെ സാന്നിധ്യംതന്നെ കളിക്കാരെ ഉത്തേജിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു തലോടല്‍, ഒരു സ്പര്‍ശം, ഒരു ചുംബനം, ഒരു ആശ്ളേഷം- അതുണ്ടാക്കുന്ന തീപ്പൊരി അര്‍ജന്റീന കളത്തില്‍ കാണിക്കുന്നു. സ്നേഹം എന്ന ഒരേയൊരു മന്ത്രത്തില്‍ അദ്ദേഹം അത്ഭുതം കാണിക്കുന്നു.

ഒരുവേള നായകനായും പ്രതിനായകനായും അവതരിച്ചു ഈ 'ജീനിയസ്'. അന്നും ഇന്നും ഈ അരാജകവാദി ആരെയും തള്ളിപ്പറഞ്ഞില്ല. ആരെയും ഒറ്റുകൊടുത്തുമില്ല. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് ഈ വിശ്വാസമാണ്. വെറും വികാരപ്രകടനങ്ങള്‍മാത്രമാണോ മാറഡോണയുടെ കൈമുതല്‍. അല്ലേയല്ലെന്ന് അര്‍ജന്റീനയുടെ മൂന്നു കളികള്‍തന്നെ സാക്ഷ്യം. ഏതൊരു പ്രൊഫഷണല്‍ കോച്ചിനെയും അമ്പരപ്പിക്കുന്ന തന്ത്രങ്ങളാണ് മാറഡോണയില്‍ നിന്നുണ്ടായത്. മധ്യനിര ഒരുവേള മുന്നേറ്റക്കാരാവുകയും മുന്നേറ്റക്കാര്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കുകയുംചെയ്യുന്നു. പ്രതിരോധക്കാര്‍ എല്ലാ മുന്നേറ്റത്തിനും കൂട്ടുപോകുന്നു. മെസ്സിയെന്ന പ്രതിഭയില്‍ എതിരാളികള്‍ തളച്ചിടപ്പെടുമ്പോള്‍ ഗോളടിക്കാന്‍ ഹിഗ്വയ്ന്‍മാരെയും പാലെര്‍മോമാരെയും സൃഷ്ടിച്ചു മാറഡോണ. ദക്ഷിണകൊറിയയെ തോല്‍പ്പിച്ച ടീമില്‍നിന്ന് ഏഴുപേര്‍ക്ക് വിശ്രമം നല്‍കി ഗ്രീസിനെതിരെ ഇറങ്ങാന്‍ ധൈര്യം കാണിച്ചു മാറഡോണ.

രണ്ടാം റൌണ്ട് ഉറപ്പായിട്ടും മെസ്സിക്ക് വിശ്രമം നല്‍കാതിരുന്നതിന് അദ്ദേഹം പറഞ്ഞ കാരണവും ലോകം ശ്രദ്ധിച്ചു.

"ഈ ചെറുപ്പക്കാരന്റെ കളി കാണാനാണ് ലോകം കാത്തിരുന്നത്. മെസ്സിയെ മാറ്റിനിര്‍ത്തുന്നത് ഫുട്ബോളിനെ സ്നേഹിക്കുന്നവരോടുള്ള ക്രൂരതയായിരിക്കും''-

അതാണ് മാറഡോണ.

പുറമ്പോക്കിന്റെ കപ്പ്

ഫുട്ബോളില്‍ അട്ടിമറി എളുപ്പമല്ല. കളിമികവിനൊപ്പം മാനസികമായ മുന്‍തൂക്കവും ഫലത്തെ ബാധിക്കും. അതുകൊണ്ടുതന്നെ പാരമ്പര്യവും പെരുമയുമുള്ളവരെ വരുതിക്കു നിര്‍ത്തുക പ്രയാസവും. എന്നാല്‍ ചരിത്രത്തിന്റെയും കണക്കുകളുടെയും പിന്‍ബലമില്ലാത്തവര്‍ ഈ ലോകകപ്പില്‍ വമ്പന്മാരെ വിറപ്പിച്ചു. ചാമ്പ്യന്മാരായ ഇറ്റലിയെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. സെര്‍ബിയ ഒരു ഗോളിന് ജര്‍മനിയെ തകര്‍ത്തു. പന്തയക്കുതിരകളായ സ്പെയിനിനെ സ്വിറ്റ്സര്‍ലന്‍ഡ് ചട്ടം പഠിപ്പിച്ചു. ദക്ഷിണാഫ്രിക്ക, ഫ്രാന്‍സിന് പുറത്തേക്കുള്ള വഴികാട്ടി...

ഇവയില്‍ ന്യൂസിലന്‍ഡിനെ സമനിലയില്‍ തളച്ചത് ദുര്‍ബലരായ മറ്റ് ടീമുകള്‍ നേടിയ വിജയത്തേക്കാള്‍ മികച്ചത്. കാരണം ന്യൂസിലന്‍ഡില്‍ ഫുട്ബോള്‍ എന്ന കായിക വിനോദം ന്യൂനപക്ഷത്തിന്റെ തലവേദന മാത്രമാണ്. റഗ്ബിയും ക്രിക്കറ്റും അരങ്ങു വാഴുന്ന ഇവിടെ ഫുട്ബോള്‍ താരങ്ങള്‍ പന്തിക്കു പുറത്തും. 43 ലക്ഷത്തോളമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. ഇറ്റലിയിലെ ഫുട്ബോള്‍ കളിക്കുന്നവരുടെ എണ്ണം ഇതിലേറെ വരും. ക്വിവീസില്‍ ഫുട്ബോള്‍ കളിക്കുന്നത് ഇരുപതിനായിരത്തോളം പേര്‍. ഇവരില്‍ പ്രൊഫഷണല്‍ താരങ്ങളുടെ എണ്ണം വെറും മൂന്നും. ദേശീയ ടീം നായകന്‍ റ്യാന്‍ നെല്‍സ മാത്രമാണ് അല്‍പ്പമെങ്കിലും അറിയപ്പെടുന്ന ക്ളബ്ബില്‍ കളിക്കുന്നത് -ഇംഗ്ളണ്ടിലെ ബ്ളാക്ക്ബേണ്‍ റോവേഴ്സില്‍. ലോകകപ്പ് ടീമിലെ രണ്ടുപേര്‍ക്ക് ക്ളബ്ബുകളേ ഇല്ല. ഇതില്‍ ആന്‍ഡി ബാര ബാങ്ക് ജീവനക്കാരനാണ്. വൈകുന്നേരങ്ങളില്‍ വെല്ലിങ്ട്ടണില്‍ പ്രദേശവാസികള്‍ക്കൊപ്പം കളിക്കാനിറങ്ങുന്നതു മാത്രമാണ് ഫുട്ബോളുമായുള്ള ബാരന്റെ ബന്ധം. ബാങ്ക് മേധാവികളുടെ കാലുപിടിച്ചാണ് ദക്ഷിണാഫ്രിക്കയിലേക്ക് വരാന്‍ ബാരന്‍ അവധി സംഘടിപ്പിച്ചത്.

ഇറ്റലി, പരാഗ്വേ, സ്ളൊവാക്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് അവര്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഈ മൂന്നു ടീമുകളുടെയും ഫിഫ റാങ്കിങ് ഒന്നിച്ചുകൂട്ടിയാലും ന്യൂസിലന്‍ഡിന്റെ 78ന് ഒപ്പമെത്തില്ല. എങ്കിലും ആദ്യമത്സരത്തില്‍ അവര്‍ സ്ളൊവാക്യയെ 1-1ന് തളച്ചു -ലോകകപ്പില്‍ കിവീസിന്റെ ആദ്യ ഗോളും ആദ്യ പോയിന്റും. പിന്നാലെ ഇറ്റലിയെയും തളച്ചു. ഏഴാം മിനിറ്റില്‍ ഷെയ്ന്‍ സ്മെല്‍റ്റ്സ് ഫ്രീ കിക്കിലൂടെ ന്യൂസിലന്‍ഡിന് ലീഡ് നല്‍കി. ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തിയുടെ വലയില്‍ പുറമ്പോക്കുകാരുടെ വക ഗോള്‍. ഇറ്റലിക്ക് സമനില പിടിക്കാന്‍ 29-ാം മിനിറ്റില്‍ സമനില വേണ്ടിവന്നു.

മത്സരശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി ജോ കീ ഡ്രസിങ്റൂമിലെത്തി ടീമംഗങ്ങളെ അഭിനന്ദിച്ചു. ലോക മാധ്യമങ്ങള്‍ ഈ സമനില ആഘോഷിച്ചു. ഇറ്റലിക്കൊപ്പം രണ്ടു പോയിന്റാണ് ന്യൂസിലന്‍ഡിന്റെ സമ്പാദ്യം. അവസാനകളിയില്‍ പരാഗ്വേയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് കടക്കാം. പക്ഷേ അതത്ര എളുപ്പമല്ല. അടുത്തറൌണ്ടില്‍ കടന്നില്ലെങ്കിലും കിവി താരങ്ങള്‍ക്ക് ഒട്ടും ദുഃഖമില്ല. കാരണം അവര്‍ ലോകത്തിനു കാട്ടിക്കൊടുത്തു, ന്യൂസിലന്‍ഡിനും കളിക്കാനറിയുമെന്ന്.

ഭൂകമ്പഭൂമിയില്‍ നിന്നൊരു പതാക

ഒരു ജീര്‍ണിച്ച പതാകയ്ക്ക് എത്രമാത്രം ഒരു ടീമിനെ ഉത്തേജിപ്പിക്കാന്‍ കഴിയും? വലിയതോതില്‍ എന്നാണ് ചിലി ടീമിന്റെ ഉത്തരം. ഫെബ്രുവരിയില്‍ ചിലിയിലുണ്ടായ ഭൂകമ്പപ്രദേശത്തുനിന്നു കണ്ടെടുത്ത ദ്രവിച്ച പതാകയുമായാണ് ടീം ലോകകപ്പിനെത്തിയത്. ഈ പതാക കളിക്കാര്‍ക്ക് ആത്മവിശ്വാസവും ആവേശവും നല്‍കുമെന്ന് ക്യാപ്റ്റന്‍ ക്ളോഡിയോ ബ്രാവോ കരുതുന്നു. പരിശീലനസമയത്തും കളിക്കളത്തിലും ഈ പതാകയുണ്ടാകും. വെള്ളിയാഴ്ച സ്പെയിനിനെ നേരിടുന്ന ടീമിന് പതാക ഊര്‍ജം നല്‍കുമെന്നാണു പ്രതീക്ഷ. ഏഴുതവണ ഇരു ടീമുകളും മുഖാമുഖം കണ്ടപ്പോഴും ചിലിക്ക് ജയിക്കാനായിട്ടില്ല. 2008ല്‍ ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു ഗോളിനാണ് സ്പെയിന്‍ ജയിച്ചത്.

ദേശാഭിമാനിയില്‍ നിന്ന്...

1 comment:

  1. കളിക്കാര്‍ക്കൊപ്പം ചിരിക്കാനും കളിക്കാനും കരയാനും ഒരാള്‍- ദ്യേഗോ മാറഡോണ. ഫുട്ബോള്‍ പരിശീലകന്‍ ഇങ്ങനെയായിരിക്കണമെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളുടെ എല്ലാ ഗോപുരങ്ങളും ഇവിടെ തകര്‍ന്നുവീഴുന്നു. പ്രൊഫഷണല്‍ കോച്ചിന്റെ ജാടയില്ല, കാപട്യമില്ല, അച്ചടക്കത്തിന്റെ കൃത്രിമത്വമില്ല- പച്ചയായ മനുഷ്യന്‍. അര്‍ജന്റീന കളത്തിലിറങ്ങുമ്പോള്‍ പന്ത്രണ്ടാമനായി മാറഡോണയുണ്ട്. കുമ്മായവരയ്ക്കരികെ ആര്‍ത്തുവിളിച്ചും പൊട്ടിച്ചിരിച്ചും സങ്കടപ്പെട്ടും ഈ മനുഷ്യനുണ്ട്. നല്ല നീക്കങ്ങളില്‍ കൈകൊട്ടിയും പിഴവുകളില്‍ പൊട്ടിത്തെറിച്ചും സന്തോഷത്തില്‍ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും നിറഞ്ഞ സാന്നിധ്യമാകുന്ന മാറഡോണ ഈ ലോകകപ്പിലും തരംഗം സൃഷ്ടിക്കുന്നു

    ReplyDelete