മികവിനു പകരം പിഴവിന്റെ പേരില്‍ ഓര്‍മിക്കപ്പെടുക- ഇത് ഫുട്ബോളിലെ വലകാവല്‍ക്കാരുടെ വിധി. ഗോള്‍ വരള്‍ച്ച അനുഭവപ്പെടുന്ന ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളിമാര്‍ ചര്‍ച്ചചെയ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെ. അതാകട്ടെ മുമ്പെങ്ങുമില്ലാത്തവിധവും. ഇംഗ്ളണ്ടിന്റെ റോബര്‍ട്ട് ഗ്രീനില്‍ തുടങ്ങി കാമറൂണിന്റെ സുലൈമാനു ഹമിദൌവില്‍ എത്തിനില്‍ക്കുന്നു നടപ്പു ലോകകപ്പില്‍ പിഴവുവരുത്തി ഗോള്‍ വഴങ്ങിയ ഗോളിമാരുടെ പട്ടിക. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും കടന്നാണ് എതിരാളികള്‍ ഗോളിയെ പരീക്ഷിക്കുക. അതായത് പത്തുപേരെ കീഴ്പെടുത്തി എത്തുന്നവരുടെ മുന്നില്‍ ഒരാള്‍ ഒറ്റയ്ക്കു പെട്ടുപോകുക. തടുക്കാന്‍ പലപ്പോഴും ഗോളി ഇതില്‍ പരാജയപ്പെടും, അത് സ്വാഭാവികം. എന്നാല്‍, ഗോള്‍ വീണത് ഗോളിയുടെ അബദ്ധംമൂലമാണെങ്കിലോ- പിന്നെ കുരിശുമരണം ഉറപ്പ്.
ഇംഗ്ളണ്ടിന്റെ ഗ്രീനിനും കാമറൂണിന്റെ ഹമിദൌവിനും പുറമേ ഫൌസി ചൌചി (അല്‍ജീരിയ), ജസ്റ്റോ വില്ലാര്‍ (പരാഗ്വേ), റി മ്യോങ് ജുക് (ഉത്തരകൊറിയ), അലക്സാന്ദ്രോസ് ടോര്‍വാസ് (ഗ്രീസ്) വിന്‍സന്റ് എന്യാമ (നൈജീരിയ), ഐജി കവാഷിമ (ജപ്പാന്‍), റിച്ചാര്‍ഡ് കിങ്സ്റ്റ (ഘാന) എന്നീ ഗോളിമാരും ദക്ഷിണാഫ്രിക്കയിലെ ഗോളിമാരും ഓരോരുത്തരായി കുരിശുമരണം കാത്തിരിക്കുന്നവരാണ്. ഈ ലോകകപ്പ് കഴിഞ്ഞാല്‍ ഇവരില്‍ പലരും കുറ്റവിചാരണചെയ്യപ്പെടും. ഒടുവില്‍ അവഗണനയുടെ, ഒറ്റപ്പെടലിന്റെ ശിക്ഷ ഏറ്റുവാങ്ങി വിസ്മൃതിയിലുമാകും. കരിയറിലുടനീളം വിശ്വസ്തനായ കാവല്‍ക്കാരനായി പ്രവര്‍ത്തിച്ചാലോ, ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ തടഞ്ഞാലോ ഗോളിമാരെ ആരും ഓര്‍ക്കാറില്ല. എന്നാല്‍, ഇവര്‍ വരുത്തിയ അബദ്ധവും പിഴവും ചരിത്രം രേഖപ്പെടുത്തിവയ്ക്കും, തലമുറകള്‍ക്കു കൈമാറും.
ഇംഗ്ളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോളിമാരിലൊരാളായ പീറ്റര്‍ ഷില്‍ട്ടണും ആക്രമിച്ചുകളിച്ച കൊളംബിയയുടെ റെനെ ഹിഗ്വിറ്റയും ഓര്‍മിക്കപ്പെടുന്നത് മികവിനെക്കാള്‍ ഇവര്‍ കാട്ടിയ അബദ്ധങ്ങളുടെ പേരിലും. 1990 ഇറ്റലി ലോകകപ്പിലാണ് ഇരുവരും ഈ ചരിത്രത്തിന്റെ ഭാഗമായത്. ലൂസേഴ്സ് ഫൈനലില്‍ റോബര്‍ട്ടോ ബാജിയോയ്ക്ക് ഷില്‍ട്ട ഗോള്‍ ദാനംചെയ്തപ്പോള്‍ ഇറ്റലി ജയിച്ചു. ഷില്‍ട്ടന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുകയുംചെയ്തു. മുടി നീട്ടിവളര്‍ത്തി, വര്‍ണക്കുപ്പായമണിഞ്ഞ് എത്തുന്ന ഹിഗ്വിറ്റ മൈതാനത്തെ കാഴ്ചകളിലൊന്നായിരുന്നു. തടയുന്നതിനേക്കാള്‍ അടിക്കുന്നതില്‍ താല്‍പ്പര്യമുണ്ടായിരുന്ന ഈ ഗോളിയുടെ പിഴവ് മുതലെടുത്താണ് റോജര്‍ മില്ല ഗോള്‍ നേടി കാമറൂണിനെ ക്വാര്‍ട്ടറിലെത്തിച്ചത്.
ഇവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, നടപ്പു ലോകകപ്പില്‍ ഗോളിമാര്‍ക്ക് അബദ്ധം പതിവായിമാറി. ഗതി നിര്‍ണയിക്കാനാകാതെ പറക്കുന്ന ജബുലാനി പന്ത്, തണുത്ത കാലാവസ്ഥ, പിച്ചിലെ ഈര്‍പ്പം തുടങ്ങിയവയൊക്കെ ഇവിടെ ഗോളിമാരെ ചതിക്കുന്നു. കളത്തിലിറങ്ങുന്ന എല്ലാവര്‍ക്കും ഈ സാഹചര്യം ബാധകമാണെങ്കിലും കാവല്‍ക്കാരാണ് ചതിയില്‍പ്പെടുക. വിശ്വോത്തര താരങ്ങള്‍ നല്‍കുന്ന ലക്ഷ്യംതെറ്റിയ പാസുകള്‍ പിടിച്ച് എതിരാളികള്‍ ഗോളടിക്കുന്നതും ഗോളിലേക്ക് ലക്ഷ്യവയ്ക്കുന്ന ഷോട്ടുകള്‍ പുറത്തേക്കു പറക്കുന്നതും ആഫ്രിക്കയിലെ പതിവു കാഴ്ചയാണ്. പന്തും കാലാവസ്ഥയുമൊക്കെയാണ് ഇവരെ ചതിക്കുന്നത്. എന്നാല്‍, ഇവരെ ആരെയും കല്ലെറിയാറില്ല. പക്ഷേ, ഗോളി ഇതേ സാഹചര്യത്തില്‍, ഇതേ കുറ്റംചെയ്താല്‍പിന്നെ പാപം ചെയ്തവരും കല്ല് കൈയിലെടുക്കും. ഈ ലോകകപ്പിലെ ഗോളിമാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. സ്വന്തം ടീം ലീഡ് നേടാത്തതിന്റെ ആശങ്കയേക്കാള്‍ തന്റെ അബദ്ധംകൊണ്ട് എതിരാളികള്‍ ഗോളടിക്കുമോ എന്ന ഭയത്തോടെയാണ്ഇവര്‍ കളിക്കുന്നത്. മറ്റു സാഹചര്യങ്ങള്‍ക്കൊപ്പം ഈ സമ്മര്‍ദം കൂടിയാകുമ്പോള്‍ അബദ്ധം ശീലമാകുന്നു.
തടുക്കുമ്പോള്‍ ആയിരം തൊടുക്കുമ്പോള്‍ ഒന്ന്
ലോകകപ്പ് ആദ്യറൌണ്ട് പിന്നിടുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ നിരാശരാണ്. ഇഷ്ട ടീമിനെചൊല്ലി ആരാധകര്‍ ആവേശംകൊള്ളുന്നുണ്ടെങ്കിലും ലോകമേളയില്‍ പ്രതീക്ഷിച്ച മിന്നുന്ന നീക്കങ്ങളോ കിടിലന്‍ ഷോട്ടുകളോ പ്രതിഭയുടെ മഹാപ്രകടനങ്ങളോ ഇല്ല. കാണികളുടെ മനസിലല്ലാതെ മൈതാനത്ത് ആവേശം നിറയുന്നില്ല. കളിക്കാരുടെ പ്രതിഭ വറ്റിയതല്ല കാരണം. ഫുട്ബോള്‍ ഇന്ന് കണക്കുകൂട്ടലുകളുടെ കളിയാണ്. എതിരാളിയുടെ ശക്തിയും ദൌര്‍ബല്യവും ആയുധബലവും പഠിച്ച് തന്ത്രവും ശൈലിയും ആസൂത്രണം ചെയ്യുന്ന യുദ്ധക്കളമായിരിക്കുന്നു ഫുട്ബോള്‍. കണക്കില്‍ സൂത്രവാക്യത്തിന്റെ കുരുക്കഴിക്കുംപോലെ മുന്‍നിശ്ചിതമാണ് ഇന്ന് ഓരോനീക്കവും. നിശ്ചയിച്ചുറപ്പിച്ച വഴികളിലൂടെമാത്രം പോകാന്‍ നിര്‍ബന്ധിതരായ കാലാള്‍പ്പടയാണ് കളിക്കാര്‍. വഴിമാറി സഞ്ചരിച്ചാല്‍ ടീം ജയിക്കില്ലെന്ന് മാത്രമല്ല തോറ്റെന്നും വരാം. പരിശീലകര്‍ തോല്‍വി ഇഷ്ടപ്പെടുന്നില്ല.
ഗോള്‍ നേടുക. കൂടുതല്‍ ഗോളടിച്ച് ജയിക്കുക -ഫുട്ബോളില്‍ അടിസ്ഥാന ലക്ഷ്യം ഇതാണ്. കളിയുടെ ലളിതമായ നിര്‍വചനവും ഇതുതന്നെ. എന്നാല്‍, ഗോളടിക്കുന്നതിനേക്കാള്‍ വാങ്ങാതിരിക്കുന്നതിലാണ് ഇന്ന് ഫുട്ബോളില്‍ പ്രാമുഖ്യം. 'കോട്ട കാക്കുക, ഗോള്‍ നേടാന്‍ സമയമുണ്ട്' എന്നാണ് പരിശീലകരും ഫുട്ബോള്‍ പണ്ഡിതരും ഒരേ സ്വരത്തില്‍ പറയുന്നത്.
ആഫ്രിക്ക ലോകകപ്പ് ആദ്യറൌണ്ട് പിന്നിടുമ്പോള്‍ പ്രതിരോധ-അതിജീവന തന്ത്രങ്ങള്‍ സര്‍വ്വശക്തിയോടെ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരയെയും കോട്ടകാവല്‍ ഏല്‍പ്പിക്കുന്നത് പണ്ടേ പതിവാണ്. ഗോള്‍മുഖം അടിച്ചുടയ്ക്കേണ്ട സ്ട്രൈക്കര്‍മാര്‍ എന്ന മുന്നണിപ്പോരാളികളെപ്പോലും പ്രതിരോധത്തിന് നിയോഗിക്കുകയാണിന്ന് പരിശീലകര്‍. മുന്നേറ്റക്കാരില്‍ ചിലരെ അല്‍പ്പം പിന്നോട്ടിറക്കിനിര്‍ത്തി എതിര്‍ ആക്രമണത്തെ മുളയിലേ നുള്ളുന്നു. പല ടീമുകളും ഒരേയൊരു സ്ട്രൈക്കറെയാണ് ആക്രമണത്തിന് ചുമതലപ്പെടുത്തുന്നത്.
കളി ആസൂത്രണം ചെയ്യുകയും പ്രതിരോധത്തില്‍ വിള്ളല്‍ കണ്ടെത്തി എതിരാളിയുടെ അങ്കണത്തിലേക്ക് പന്തെത്തിക്കുകയും ചെയ്യുന്നത് മധ്യനിരക്കാരാണ്. മധ്യനിരയിലെ ആധിപത്യമാണ് വിജയത്തിലേക്കുള്ള വഴിതുറക്കുന്നത്. എന്നാല്‍ ഇന്ന് മധ്യമേഖല പ്രതിരോധനിരപോലെ കോട്ടകൊത്തളങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കളി ആസൂത്രണം ചെയ്യാനോ നീക്കങ്ങള്‍ക്ക് വഴിമരുന്നിടാനോ അവിടെ ഇടമില്ല. എതിരാളിയെ പിടിച്ചുകെട്ടാന്‍ മധ്യമേഖലയിലും മതിലുകള്‍ ഉയര്‍ന്നതോടെ സ്വതന്ത്രമായി വിഹരിക്കുന്ന മിഡ്ഫീല്‍ഡ് ജനറല്‍മാര്‍ അപ്രത്യക്ഷരായി. തിരിച്ചുവരാത്തവിധം അവര്‍ക്ക് വംശനാശം സംഭവിച്ചാലും അതിശയിക്കേണ്ട.
അര്‍ജന്റീനയുടെ ലയണല്‍ മെസി മാത്രമാണ് ലോകകപ്പില്‍ ഇതിന് അപവാദം. ഇറങ്ങിക്കളിക്കുന്ന സ്ട്രൈക്കര്‍ ആണെങ്കിലും മധ്യനിരയിലെ ആസൂത്രകന്റെ റോളിലാണിന്ന് മെസി. പരിശീലകരുടെ കണക്കുകളില്‍ ഒതുങ്ങാത്ത പ്രതിഭയാണ് അദ്ദേഹം. അതിനാല്‍ മെസിയുടെ ശരീരത്തിനും ബുദ്ധിക്കും പ്രതിഭയുടെ ഇച്ഛക്കനുസരിച്ചേ സഞ്ചരിക്കാനാകൂ. അതാണ് ലോകകപ്പില്‍ മെസിയെ സ്വന്തം ശൈലിയില്‍ കളിക്കാന്‍ സഹായിക്കുന്നത്. പരിശീകരുടെ തന്ത്രങ്ങള്‍ക്കപ്പുറത്തേക്ക് കളിയെ ഉയര്‍ത്തിയ ഇതിഹാസതാരം മാറഡോണയെ കോച്ചായി കിട്ടിയതും മെസിയുടെയും അര്‍ജന്റീനയുടെയും സൌഭാഗ്യമാണ്. കോച്ചുകളുടെ തേച്ചുമിനുക്കിയ പ്രൊഫഷണല്‍ മുഖം മാറഡോണക്ക് ഒട്ടുമില്ലല്ലോ. യൂറോപ്യന്‍ ശൈലിയുടെ പ്രത്യേകിച്ച് ക്ളബ്ബ് ഫുട്ബോളിന്റെ ആധിപത്യമാണ് ലോകമെങ്ങും കളിയുടെ ചിന്താഗതി തന്നെ മാറ്റിമറിച്ചത്. വികാരത്തിന് സ്ഥാനമില്ലാത്ത അതിജീവനത്തിന്റെയും കളിച്ചില്ലെങ്കിലും ജയിച്ചാല്‍ മതിയെന്ന ചിന്തയുടെയും സന്തതിയാണ് ലോകകപ്പിനെ ഗ്രസിച്ച ഈ വൈരസ്യം. അതിജീവനത്തിന്റെ വഴിയേപോയി ചൈതന്യം നഷ്ടമാവുന്ന ബ്രസീലിന്റെ കളി ഇതിന് ഉദാഹരണമാണ്. വിയര്‍ക്കാതെ ആദ്യറൌണ്ട് പിന്നിടാനുള്ള തന്ത്രമാണ് ഈ വിരസക്കളിയെന്ന് സമാധാനിക്കുന്നവരുണ്ട്. അങ്ങനെയാവട്ടെയെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍.
ദേശാഭിമാനി 21062010
മികവിനു പകരം പിഴവിന്റെ പേരില്‍ ഓര്‍മിക്കപ്പെടുക- ഇത് ഫുട്ബോളിലെ വലകാവല്‍ക്കാരുടെ വിധി. ഗോള്‍ വരള്‍ച്ച അനുഭവപ്പെടുന്ന ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളിമാര്‍ ചര്‍ച്ചചെയ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെ. അതാകട്ടെ മുമ്പെങ്ങുമില്ലാത്തവിധവും. ഇംഗ്ളണ്ടിന്റെ റോബര്‍ട്ട് ഗ്രീനില്‍ തുടങ്ങി കാമറൂണിന്റെ സുലൈമാനു ഹമിദൌവില്‍ എത്തിനില്‍ക്കുന്നു നടപ്പു ലോകകപ്പില്‍ പിഴവുവരുത്തി ഗോള്‍ വഴങ്ങിയ ഗോളിമാരുടെ പട്ടിക. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും കടന്നാണ് എതിരാളികള്‍ ഗോളിയെ പരീക്ഷിക്കുക. അതായത് പത്തുപേരെ കീഴ്പെടുത്തി എത്തുന്നവരുടെ മുന്നില്‍ ഒരാള്‍ ഒറ്റയ്ക്കു പെട്ടുപോകുക. തടുക്കാന്‍ പലപ്പോഴും ഗോളി ഇതില്‍ പരാജയപ്പെടും, അത് സ്വാഭാവികം. എന്നാല്‍, ഗോള്‍ വീണത് ഗോളിയുടെ അബദ്ധംമൂലമാണെങ്കിലോ- പിന്നെ കുരിശുമരണം ഉറപ്പ്.
ReplyDelete