Wednesday, June 23, 2010

ഭോപാല്‍: നഷ്ടപരിഹാരം കമ്പനി നല്‍കട്ടെ

ഇരുപത്താറു വര്‍ഷത്തിനുശേഷം ഉറക്കമുണര്‍ന്ന് ഭോപാല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ തിരക്കുകൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം നല്ലതുതന്നെ. എന്നാല്‍, അങ്ങനെയൊരു ശ്രമത്തിന്റെ ഉല്‍പ്പന്നമായി പുറത്തുവന്നിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതി റിപ്പോര്‍ട്ട് കണ്ണുമടച്ച് സ്വാഗതം ചെയ്യാനാകുന്നതല്ല; അതേപടി അംഗീകരിക്കാനാകുന്നതുമല്ല. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സിനെ തുണയ്ക്കുന്നതാണ് ആ റിപ്പോര്‍ട്ട്. ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിക്കുന്നതാണ് അത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള സൌകര്യം നല്‍കുകയും അമിതലാഭമോഹത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന വിപത്തുകളുടെ ദുരിതഭാരം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വിവിധതലത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഭോപാല്‍ ദുരന്തബാധിതരുടെ പ്രതിനിധികളും പരിശോധിച്ച് തെറ്റുകുറ്റങ്ങള്‍ തിരുത്തിയശേഷംമാത്രമേ മന്ത്രിസഭാ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാവൂ.

ദുരിതബാധിതര്‍ക്കായി 1500 കോടിയുടെ പാക്കേജാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഭോപാലിലെ വിഷമാലിന്യം കുഴിച്ചുമൂടാനുള്ള സാമ്പത്തികബാധ്യത കേന്ദ്രസര്‍ക്കാരിനാണെന്നും സമിതി പറയുന്നു. അതിനര്‍ഥം അതിന്റെ ഭാരവും സാധാരണ ഇന്ത്യക്കാര്‍ക്കാണെന്നാണ്. അതേസമയം, യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സ് ഒരു ബാധ്യതയുമില്ലാത്തവരായി മാറുകയുംചെയ്യുന്നു.

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. ചിദംബരം അമേരിക്കന്‍ കമ്പനിക്കുവേണ്ടി ഇടപെട്ടു എന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഭോപാല്‍ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ അവസരവും ഒരുക്കിക്കൊടുത്തത് മധ്യപ്രദേശും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. യൂണിയന്‍ കാര്‍ബൈഡിനും പിന്നീട് ഡൌ കെമിക്കല്‍സിനുംവേണ്ടി അളവറ്റ സേവനമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തുകൊടുത്തിട്ടുള്ളത്. ഡൌ കെമിക്കല്‍സിന് രാജ്യത്ത് അനേകം കമ്പനികളും ഇതര സംരംഭങ്ങളുമുണ്ട്. നിക്ഷേപക പ്രോത്സാഹനമെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് അനേകം സൌജന്യങ്ങളും സഹായങ്ങളും ചെയ്തുകൊടുത്തിട്ടുമുണ്ട്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിങ് എന്നിവര്‍മുതല്‍ പി ചിദംബരംവരെയുള്ള പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് വിമര്‍ശത്തിനിരയാകുന്നു.

കാല്‍ലക്ഷം മനുഷ്യജീവനെടുക്കുകയും ഒരുനാടിനെയും ജനതയെയും തീരാദുരിതത്തിലാക്കുകയം ചെയ്തവര്‍ക്ക് നാടിന്റെ ഭരണാധികാരികള്‍തന്നെ കൈമെയ് മറന്ന് സഹായം നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ഏറ്റവും ഹീനമായ അവസ്ഥകൂടിയാണ് തെളിയുന്നത്. അതിന്റെ ജാള്യം മറയ്ക്കാനാണ് തിരക്കിട്ട അഭ്യാസങ്ങളിലൂടെ മന്ത്രിസഭാ സമിതിയുണ്ടാക്കിയതും അതിവേഗം അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടതും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും സ്ഥിരമായ അവശത അനുഭവിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കാനാണ് സമിതിയുടെ ശുപാര്‍ശയെന്നാണ് വാര്‍ത്ത. ഇത് അപര്യാപ്തമാണ്.

ഒരു സര്‍ക്കാരിന്റെയും കണക്കില്‍പ്പെടാത്ത അനേകായിരങ്ങള്‍ ഭോപാലില്‍ ഇന്നും ദുരിതമനുഭവിക്കുന്നുണ്ട്. എത്രയോ പേര്‍ മരണമടഞ്ഞിട്ടുണ്ട്. ദുരന്തബാധിതരില്‍ 92 ശതമാനം പേര്‍ക്കും നിസ്സാരമായ പരിക്കു മാത്രമേ ഉള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്ക്. ഇവര്‍ക്ക് പരമാവധി 25,000 രൂപയുടെ നഷ്ടപരിഹാരം മാത്രമേ ലഭിക്കൂ. 1997നുശേഷം ദുരന്തബാധിതരുടെ കണക്കെടുപ്പ് നടന്നിട്ടില്ലെന്നും ഭോപാല്‍ ദുരന്തബാധിതരുടെ സംഘടന വ്യക്തമാക്കുന്നു. ഇതൊന്നും കണക്കിലെടുക്കാത്ത നഷ്ടപരിഹാര പാക്കേജിന് പൂര്‍ണതയില്ല. അതുകൊണ്ട് നിര്‍ദിഷ്ട നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നല്‍കുന്നതിനുമുമ്പ് കേന്ദസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് തര്‍ക്കവിഷയങ്ങളില്‍ വ്യക്തത വരുത്തണം. നഷ്ടപരിഹാരത്തിന്റെ ഭാരം കുറ്റക്കാരായ കമ്പനിക്കുതന്നെ വരുന്നു എന്നുറപ്പാക്കണം. അല്ലാത്ത ഏതൊരു തീരുമാനവും ദുരന്ത ബാധിതരോടും രാജ്യത്തോടാകെയുമുള്ള വെല്ലുവിളിയാകും.

ദേശാഭിമാനി 23062010

2 comments:

  1. ഇരുപത്താറു വര്‍ഷത്തിനുശേഷം ഉറക്കമുണര്‍ന്ന് ഭോപാല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ തിരക്കുകൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം നല്ലതുതന്നെ. എന്നാല്‍, അങ്ങനെയൊരു ശ്രമത്തിന്റെ ഉല്‍പ്പന്നമായി പുറത്തുവന്നിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതി റിപ്പോര്‍ട്ട് കണ്ണുമടച്ച് സ്വാഗതം ചെയ്യാനാകുന്നതല്ല; അതേപടി അംഗീകരിക്കാനാകുന്നതുമല്ല. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സിനെ തുണയ്ക്കുന്നതാണ് ആ റിപ്പോര്‍ട്ട്. ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിക്കുന്നതാണ് അത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള സൌകര്യം നല്‍കുകയും അമിതലാഭമോഹത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന വിപത്തുകളുടെ ദുരിതഭാരം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വിവിധതലത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഭോപാല്‍ ദുരന്തബാധിതരുടെ പ്രതിനിധികളും പരിശോധിച്ച് തെറ്റുകുറ്റങ്ങള്‍ തിരുത്തിയശേഷംമാത്രമേ മന്ത്രിസഭാ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാവൂ.

    ReplyDelete
  2. നികുതിപണമായാലും ആദ്യം ദുരിതബാധിതർക്ക്‌ നഷ്ടപരിഹാരം നല്കട്ടെ... കേസ്സും കോടതിയെല്ലാം കഴിഞ്ഞ്‌ “വല്ലതും” കിട്ടിയാൽ അത്‌ സർക്കാർ എടുക്കട്ടെ. ഇനിയും ദുരിതബാധിതർ കാത്തിരിക്കേണ്ടതില്ല. 25 കൊല്ലം മുൻപ്‌ വിതരണം ചെയ്യേണ്ട തുകയാണ്‌ ഇപ്പോൾ കൊടുക്കുമെന്ന്‌ പറയുന്നത്‌...

    ReplyDelete