Wednesday, June 23, 2010

കോമളപുരം സ്പിന്നിങ് മില്ലില്‍ പ്രതിബദ്ധതയുടെ 'സൈറണ്‍'

ആക്രി കച്ചവടക്കാരന്റെ മനോഭാവത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പൊളിച്ചു വില്‍ക്കാന്‍ ശ്രമിച്ച കേരള സ്പിന്നേഴ്സ്-എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് 'കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷ'ന് കൈമാറിയപ്പോള്‍ ലോകോത്തര നിലവാരമുള്ള തുണിയും നൂലും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറിയാകുകയാണ്. മുപ്പത്താറ് കോടി രൂപയുടെ മുതല്‍മുടക്കോടെ 'കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിങ് മില്‍സ്' യാഥാര്‍ഥ്യമാകുകയാണ്. വ്യവസായവകുപ്പ് മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ ഉത്സവഛായ പകര്‍ന്ന ചടങ്ങില്‍ ഇവിടത്തെ ജനപ്രതിനിധികൂടിയായ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്, പുനര്‍നിര്‍മ്മിക്കുന്ന സ്ഥാപനത്തിനു ശിലയിട്ടു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ - ട്രേഡ്യൂണിയന്‍ നേതാക്കളും വേദിക്ക് നിറ സാന്നിദ്ധ്യമായി; ആഹ്ളാദത്തോടെ അണിനിരന്ന ആയിരങ്ങളും.

ഏഴുവര്‍ഷംമുമ്പ് യുഡിഎഫ് ഗവണ്‍മെന്റിന്റെകാലത്ത് പൂര്‍ണ്ണമായി അടച്ചുപൂട്ടി, കേരള സ്പിന്നേഴ്സ് നടത്തിയിരുന്ന ഉദ്ദംഗ്രൂപ്പ് ഉടമകള്‍ സ്ഥലംവിട്ടു. ബിര്‍ളയാണ് ഈ സ്ഥാപനം ഉദ്ദം ഗ്രൂപ്പിനു വിറ്റത്. ഈ വ്യവസായഗ്രൂപ്പിന്റെ ലക്ഷ്യം കമ്പനിയുടെ ഉയര്‍ച്ചയും തൊഴിലാളി താല്‍പര്യം സംരക്ഷിക്കലുമായിരുന്നില്ല. ലാഭം കൊയ്യാനുള്ള അതിമോഹത്തില്‍ എല്ലാം വിറ്റുതുലയ്ക്കാനുള്ള വ്യഗ്രതയും പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായി. കമ്പനി 2003ല്‍ അടച്ചുപൂട്ടിയത് തൊഴിലാളികള്‍ സമരംചെയ്തിട്ടല്ല. ബിര്‍ളയെപ്പോലെ ഒറ്റ മാനേജുമെന്റല്ലായിരുന്നു. ഉദ്ദംഗ്രൂപ്പില്‍ പലര്‍ക്കും ഷെയറുണ്ടായിരുന്നു. 42 ശതമാനം ഷെയര്‍ ഉണ്ടായിരുന്ന സര്‍ക്കാരിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യുഡിഎഫ് ഗവണ്‍മെന്റ് പരാജയപ്പെട്ടു. ഗവണ്‍മെന്റിന്റെ വഴക്കം, ഭൂരിപക്ഷം ഷെയറുള്ള കമ്പനിയുടെ പിടിമുറുക്കത്തില്‍ കലാശിച്ചു.

ബിര്‍ളയില്‍നിന്ന് 2000-ല്‍ കമ്പനി ഏറ്റെടുത്ത ഉദ്ദം ഗ്രൂപ്പ് വ്യവസായത്തിനാവശ്യമായ പ്രവര്‍ത്തന മൂലധനം ഇറക്കിയില്ല. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ക്ഷയോന്മുഖമായ കമ്പനികള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങി പൊളിച്ചുവില്‍ക്കുന്ന ബിസിനസ്സിലാണ് ഈ

'മാര്‍വാടി' കമ്പനി ഏറെ ശ്രദ്ധിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഗുജറാത്തില്‍നിന്ന് കുറഞ്ഞ കൂലിക്ക് പണിയെടുക്കാനായി തൊഴിലാളികളെ കോമളപുരത്തു കൊണ്ടുവന്നു പാര്‍പ്പിച്ചു. 'കരിങ്കാലിപ്പണി'യുടെ നിലവാരത്തിലേക്ക് അത് എത്തിയപ്പോള്‍ തൊഴിലാളി സംഘടനകള്‍ എതിര്‍ത്തു. കമ്പനിയുടെ വിശ്വസ്തരായ അവര്‍ക്ക് കൂലി കുറവാണെങ്കിലും മറ്റാനുകൂല്യങ്ങള്‍ പലതും സ്ഥിരം തൊഴിലാളികളെ അവഗണിച്ചുനല്‍കുകയും ചെയ്തിരുന്നു. ഈ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും നല്‍കണമെന്ന് മറ്റ് തൊഴിലാളികള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികാര നടപടികള്‍ക്ക് തുടക്കമായി.

മുന്നൂറോളം താല്‍ക്കാലിക തൊഴിലാളികള്‍ കമ്പനിയില്‍ കയറേണ്ടെന്ന് ഉത്തരവിട്ടു. കാന്റീന്‍ അടച്ചുപൂട്ടുന്നതിനെ ചോദ്യംചെയ്തതിന്റെ ആദ്യ പ്രതികാരമായിരുന്നു ഇത്. പിന്നീട് സ്ഥിരം തൊഴിലാളികളില്‍ അമ്പതു ശതമാനം പിരിഞ്ഞു പോകണമെന്ന് നോട്ടീസ് പതിച്ചു. ശേഷിക്കുന്ന അമ്പതുശതമാനം കൂലി കുറച്ചു ജോലിയെടുക്കണമെന്ന ആവശ്യവും. തൊഴില്‍ മന്ദഗതിയിലായി. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞു. തൊഴിലാളികള്‍ ശക്തിയായി പ്രതിഷേധിച്ചു. സിഐടിയു നേതൃത്വത്തിലുള്ള യൂണിയന്‍ ജനറല്‍സെക്രട്ടറി വി കെ കുഞ്ഞുകുഞ്ഞിന്റെ പ്രസ്താവനയില്‍, ഗുജറാത്തിലെ തൊഴില്‍ സാഹചര്യവും സംസ്കാരവുമല്ല കേരളത്തിലും ആലപ്പുഴയിലും എന്ന് വ്യക്തമാക്കിയിരുന്നു. കുഞ്ഞുകുഞ്ഞിനെ പ്രതിയാക്കി കേസ് കൊടുക്കാന്‍ ഇത് കാരണമാക്കി. ഇതിനിടെ തൊഴിലാളികള്‍ അറിയാതെ കമ്പനിയിലെ സാധനങ്ങള്‍ ഉടമ കടത്തിക്കൊണ്ടുപോയി. ഇവിടെ അവശേഷിച്ച മറുനാട്ടുകാരായ പണിക്കാരെയും കയറ്റിക്കൊണ്ടുപോയി. പിന്നീടായിരുന്നു 2003ലെ ലോക്കൌട്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ലോക്കൌട്ടിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങുംമുമ്പുതന്നെ ആലപ്പുഴയിലെ കമ്പനി ഗസ്റ്റ്ഹൌസ് ഓഫീസിലെത്തി പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റാനായി നിര്‍ദ്ദേശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കമ്പനിക്കെതിരെ ഒരു നിലപാടും സ്വീകരിക്കാന്‍ തയ്യാറായില്ല. തൊഴിലാളി സംഘടനാ നേതാക്കള്‍ ഇടപെട്ടു പതിനഞ്ചിലേറെ തവണ നടത്തിയ അനുരഞ്ജന ചര്‍ച്ചകളില്‍ ഒന്നില്‍പോലും പിടിവാശിയില്‍നിന്ന് അയയുന്ന സമീപനം കമ്പനി സ്വീകരിച്ചില്ല. അപ്പോഴും കമ്പനിക്കെതിരെ ഒരു നടപടിക്കും സര്‍ക്കാര്‍ ഒരുക്കമല്ലായിരുന്നു. ഇതിനെതിരെ തൊഴിലാളികളുടെ പ്രക്ഷോഭ, സമരങ്ങള്‍ ശക്തമായി. മൂന്നുവര്‍ഷം കമ്പനി നടത്തി അടച്ചുപൂട്ടുമ്പോള്‍ തന്‍മാസത്തെ ശമ്പളംപോലും നല്‍കാന്‍ തയ്യാറാകാത്ത കമ്പനിക്കെതിരെ തൊഴില്‍ വകുപ്പും മൌനംപാലിച്ചു.

2006ലെ തെരഞ്ഞെടുപ്പ് വേളയില്‍ കേരള സ്പിന്നേഴ്സില്‍ പണിയില്ലാതെ പട്ടിണിയില്‍ കഴിയുന്ന തൊഴിലാളികള്‍ പ്രക്ഷോഭത്തിലായിരുന്നു. തൊഴിലാളികളോടും നാട്ടുകാരോടും എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനം, അധികാരം കിട്ടിയാല്‍ കേരള സ്പിന്നേഴ്സ് തുറപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു. വി എസ് സര്‍ക്കാര്‍ അധികാരമേറ്റു. ഇവിടത്തെ എംഎല്‍എ കൂടിയായ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും വ്യവസായമന്ത്രി എളമരം കരീമും കയര്‍-സഹകരണവകുപ്പ് മന്ത്രി ജി സുധാകരനും മുന്‍കയ്യെടുത്തു പലതവണ അനുരഞ്ജനചര്‍ച്ചയ്ക്കായി കോണ്‍ഫറന്‍സ് വിളിച്ചു. ഉദ്ദം ഗ്രൂപ്പിന്റെ മുംബെയിലുള്ള എംഡിയെ കണ്ടെത്തി മന്ത്രി തോമസ് ഐസക് ചര്‍ച്ചനടത്തി. എന്നിട്ടും വഴങ്ങിയില്ല. വീണ്ടും പല തവണ സമ്മര്‍ദ്ദം ചെലുത്തി. രണ്ടുവര്‍ഷത്തിനിടെ പറഞ്ഞ പല അവധികളും തെറ്റി. വീണ്ടും കബളിപ്പിക്കലാണെന്ന് ബോധ്യമായപ്പോള്‍ ഗവണ്‍മെന്റ് വാടകയ്ക്ക് നല്‍കിയ 31 ഏക്കര്‍ സ്ഥലവും കെട്ടിടവും തിരിച്ചുപിടിച്ചു. 'ഉദ്ദംഹോള്‍ഡേഴ്സി'ന്റെ പേരില്‍ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന നാലര ഏക്കര്‍ സ്ഥലവും ആലപ്പുഴ പട്ടണത്തിലുള്ള ഗസ്റ്റ്ഹൌസും സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞവര്‍ഷം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ കഴിഞ്ഞ നവംബറില്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ച് വിതരണംചെയ്തു. സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരം 5.18 കോടി രൂപയാണ് ഇങ്ങനെ നല്‍കിയത്. പിന്നീട് അത്യാധുനിക സംവിധാനത്തോടെ മില്‍ തുടങ്ങാനായി, ഗവണ്‍മെന്റിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് താക്കോല്‍ ഏല്‍പിച്ചത് എല്ലാ ബാധ്യതകളും തീര്‍ത്താണ്. കഴിഞ്ഞ ബജറ്റില്‍ 34 കോടി രൂപ ഇതിനായി നീക്കിവെച്ചു.

കേരള സ്പിന്നേഴ്സിനെക്കുറിച്ച് അല്‍പം പൂര്‍വ്വചരിത്രം: 1967-69ലെ ഇ എം എസ് ഗവണ്‍മെന്റാണ് കോമളപുരത്ത് ടെക്സ്റ്റയില്‍ വ്യവസായം ലക്ഷ്യംവെച്ച് 31 ഏക്കര്‍ സ്ഥലം വാങ്ങി മൂന്നു കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ് മുന്‍കയ്യെടുത്ത് പ്രമുഖ വ്യവസായിയായ ബിര്‍ളയുമായി ചര്‍ച്ചനടത്തി. ഗ്വാളിയോര്‍ റയോണ്‍സ്പോലെ ബിര്‍ളയുടെ ഒരു വ്യവസായ സ്ഥാപനം ഇവിടെ ആരംഭിച്ചുകൊണ്ട് കയര്‍ വ്യവസായരംഗത്തെ സ്തംഭനാവസ്ഥയില്‍ തൊഴില്‍രഹിതരാകുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം ഉണ്ടാക്കുക എന്നതായിരുന്നു ഇ എം എസ് സര്‍ക്കാരിന്റെ ലക്ഷ്യം. 1970ല്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ കേരള സ്പിന്നേഴ്സ് പ്രവര്‍ത്തനം തുടങ്ങി. ആയിരത്തോളംപേര്‍ക്ക് നേരിട്ടും മുന്നൂറോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചു. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ അധികനികുതി കൊടുക്കുന്ന സ്ഥാപനമായി കേരള സ്പിന്നേഴ്സ് ഉയര്‍ന്നു. ബിര്‍ളയുടെ കാലത്ത് 25.83 ശതമാനംവരെ ഉയര്‍ന്നതോതില്‍ തൊഴിലാളികള്‍ക്ക് ബോണസ് ലഭിച്ചിരുന്നു. മൂന്നു വര്‍ഷങ്ങളില്‍ തുടരെ ഇരുപതു ശതമാനം ബോണസ് ലഭിച്ച ഘട്ടങ്ങളുണ്ട്. തര്‍ക്കങ്ങളുണ്ടെങ്കിലും തൊഴിലാളി സംഘടനകളുമായുള്ള അനുരഞ്ജനചര്‍ച്ചകളില്‍ ബിര്‍ള ഗ്രൂപ്പ് മാന്യത പുലര്‍ത്തിയിരുന്നു. ഈ കാലയളവില്‍ സിഐടിയു യൂണിയന്റെ പ്രസിഡന്റുമാരായിരുന്ന കെ കെ കുമാരന്‍, ജി സുധാകരന്‍, സെക്രട്ടറിമാരായിരുന്ന വി എന്‍ ബാലകൃഷ്ണപിള്ള, ആര്‍ രാധാകൃഷ്ണന്‍, വി കെ കുഞ്ഞുകുഞ്ഞ് തുടങ്ങിയവരാണ് അന്ന് അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. ചില സംഘടനകള്‍ ആദ്യംമുതല്‍ക്കേ മാനേജ്മെന്റ് നിലപാടിനെ അനുകൂലിച്ചിരുന്നു. നിഷേധാത്മക രീതിയില്‍ തൊഴിലാളികളുടെ പൊതുതാല്‍പര്യത്തിനെതിരായും അവര്‍ നിന്നിട്ടുണ്ട്. ഈ സാഹചര്യം, രണ്ടായിരത്തിനുശേഷം ഈ സ്ഥാപനം നടത്താന്‍ വന്ന ഉദ്ദം ഗ്രൂപ്പ് മുതലെടുക്കുകയും ചെയ്തു.

ഈ സര്‍ക്കാര്‍ വന്നശേഷം ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ ഓരോതവണയും അംഗീകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതെ, അടുത്ത യോഗത്തില്‍ മറ്റൊരു ഉപാധിയുമായി ഉദ്ദംഗ്രൂപ്പ് പ്രതിനിധി കടന്നുവരും. ഒടുവില്‍ ഇവരുടെ നീക്കം മനസ്സിലാക്കിയ വ്യവസായമന്ത്രിയും ധനകാര്യമന്ത്രിയും ഉപാധികള്‍ നിരസിച്ചു. അവസാനമായി ഉദ്ദം ഗ്രൂപ്പ് ഒരു നിര്‍ദ്ദേശംകൂടി വെച്ചു - 5.5 കോടി രൂപ സര്‍ക്കാര്‍ തന്നാല്‍ കമ്പനി തുടങ്ങാമെന്ന്. മറിച്ച് ഗവണ്‍മെന്റും ഒരു ഉപാധിവെച്ചു. 5.5 കോടി രൂപ സര്‍ക്കാര്‍ തരാം. പക്ഷേ, നിങ്ങളും 5.5 കോടി രൂപ മുടക്കണം. പതിനൊന്നുകോടി രൂപയുടെ ജോയിന്റ് അക്കൌണ്ട് വേണം. ഗവണ്‍മെന്റ് പ്രതിനിധിയുടെ കൂടി സാന്നിദ്ധ്യത്തില്‍ ഈ തുക കമ്പനി ആവശ്യത്തിനു മാത്രമായി ചെലവഴിക്കുന്നതിന് ഉറപ്പുവേണം. കരാര്‍ അംഗീകരിച്ചുപോയ ഉദ്ദംഗ്രൂപ്പ് പ്രതിനിധികള്‍ പിന്നെ കേരളത്തിലേക്ക് വന്നില്ല. ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നുകണ്ടാണ് കാത്തിരിക്കാതെ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തത്.

നിയമാനുസൃതം സര്‍ക്കാര്‍ ഏറ്റെടുത്ത മില്‍ പൊതുമേഖലാ സ്ഥാപനമായ ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കൈമാറിയപ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഘട്ടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 19 റ്റിംഗ് ഫ്രയിമുകളും 960 സ്പിന്‍നൂലുകളും 30 എയര്‍ ജെറ്റ് ലൂമുകളും ഉള്‍ക്കൊള്ളുന്ന ആധുനിക യന്ത്രസാമഗ്രികളുണ്ടാകും. ഗുണമേന്മയുള്ള

7,45,936 കിലോ നൂല്‍ വിവിധതരങ്ങളിലായി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കും. നൂല്‍ ഉല്‍പാദനംകൊണ്ടുമാത്രം 12.11 കോടി രൂപ വില്‍പ്പന വിലയായി ലഭിക്കും. 95% ഉല്‍പാദനക്ഷമത പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 400 പേര്‍ക്ക് പ്രത്യക്ഷത്തിലും 100 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

കോമളപുരം സ്പിന്നിങ് മില്ലിനോടൊപ്പം ഏതാനും സ്ഥാപനങ്ങള്‍കൂടി ഈ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുക്കും. കാസര്‍കോഡ് ജില്ലയിലെ ഉദുമയിലും കണ്ണൂര്‍ ജില്ലയിലെ പിണറായിയിലും തുണിമില്ലുകള്‍ ആരംഭിക്കും. കുണ്ടറ അലിന്‍ഡ്, പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ്, കോഴിക്കോട് കോംട്രസ്റ്റ് എന്നിവയാണ് ഏറ്റെടുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍.

ആഗോളവല്‍ക്കരണകാലത്ത് യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ ഓരോന്നായി തുറക്കുകയാണ്. തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ വ്യവസായശാലകള്‍ പൂട്ടാം തൊഴിലാളികളെ തെരുവിലിറക്കിയാല്‍ ആരും ചോദ്യം ചെയ്യാനില്ല എന്ന മുതലാളിമാരുടെ അഹങ്കാരത്തിന് തിരിച്ചടി നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിയമാനുസൃതമായ ഏറ്റെടുക്കല്‍ പ്രക്രിയ. സ്വകാര്യ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹജനകമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ഒരുവിഭാഗം ധാര്‍ഷ്ട്യത്തോടെ ഗവണ്‍മെന്റിനെ വെല്ലുവിളിക്കുകയാണ്. അക്കൂട്ടര്‍ക്കും ഇത് പാഠമാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ പ്രഖ്യാപനങ്ങളോടെ വ്യവസായങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും സ്ഥാപിച്ച തറക്കല്ലുകള്‍ വര്‍ഷങ്ങളായി 'ശ്വാനപ്രദര്‍ശന' കേന്ദ്രങ്ങളാണ്. നാടിനോടും തൊഴിലാളികളോടും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള വി എസ് സര്‍ക്കാരിന്റെ പ്രതിബദ്ധതയും ഇഛാശക്തിയുമാണ് ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുക്കലിലൂടെ തെളിയുന്നത്. കോമളപുരം സ്പിന്നിങ് മില്ലിന്റെനാല്‍പതാണ്ടത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാണിത്. പൊതുമേഖലയോടുള്ള ഈ സര്‍ക്കാരിന്റെ നയവും സദ്ഫലങ്ങളും മൂലം ഇവിടെ ഇനി പുതിയ തൊഴില്‍ സംസ്കാരത്തിന്റെയും പ്രതിബദ്ധതയുടെയും സൈറണ്‍ മുഴങ്ങും.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക 25062010

2 comments:

  1. ആക്രി കച്ചവടക്കാരന്റെ മനോഭാവത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പൊളിച്ചു വില്‍ക്കാന്‍ ശ്രമിച്ച കേരള സ്പിന്നേഴ്സ്-എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് 'കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷ'ന് കൈമാറിയപ്പോള്‍ ലോകോത്തര നിലവാരമുള്ള തുണിയും നൂലും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറിയാകുകയാണ്. മുപ്പത്താറ് കോടി രൂപയുടെ മുതല്‍മുടക്കോടെ 'കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിങ് മില്‍സ്' യാഥാര്‍ഥ്യമാകുകയാണ്. വ്യവസായവകുപ്പ് മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ ഉത്സവഛായ പകര്‍ന്ന ചടങ്ങില്‍ ഇവിടത്തെ ജനപ്രതിനിധികൂടിയായ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്, പുനര്‍നിര്‍മ്മിക്കുന്ന സ്ഥാപനത്തിനു ശിലയിട്ടു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ - ട്രേഡ്യൂണിയന്‍ നേതാക്കളും വേദിക്ക് നിറ സാന്നിദ്ധ്യമായി; ആഹ്ളാദത്തോടെ അണിനിരന്ന ആയിരങ്ങളും.

    ReplyDelete
  2. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ 15ന് ഉദ്ഘാടനംചെയ്യുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. മില്ലിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ പലവട്ടം മാനേജ്മെന്റുമായി ചര്‍ച്ച ചെയ്തെങ്കിലും കമ്പനി തുറക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ സര്‍ക്കാര്‍ കമ്പനി ദേശസാല്‍ക്കരിച്ചു. ഫാക്ടറി ഏറ്റെടുത്തതിനുശേഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നേരിട്ടു നല്‍കി. വെറും ഏഴുമാസംകൊണ്ടാണ് കമ്പനി ഇത്രയും മികച്ച രീതിയില്‍ നവീകരിച്ചത്. മൂന്ന് ഷിഫ്റ്റുകളിലാണ് ഫാക്ടറി നവീകരണപണി നടക്കുന്നത്. ഇത്രയും നാളിനുള്ളില്‍ ദേശീയ പണിമുടക്ക്ദിവസം മാത്രമാണ് കമ്പനിയില്‍ പണി നിര്‍ത്തിവച്ചത്. 19,000 സ്പിന്‍ഡിലുകളും ഒരുഡസന്‍ വീവിങ് ലൂമുകളും കമ്പനിയില്‍ സ്ഥാപിക്കും. കോടതിയുടെ അംഗീകാരത്തോടെയാണ് കമ്പനിയിലേക്കുള്ള നിയമനത്തിന് എഴുത്തുപരീക്ഷ നടത്തിയതെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കമ്പനിയിലെ ബദലി തൊഴിലാളികളായിരുന്നവരുടെ പ്രശ്നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പകുതി മെഷീനറികളാണ് ഇപ്പോള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങുക. പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ മൂന്നുമാസംകൂടി വേണമെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യല്‍ ഓഫീസര്‍ ചന്ദ്രസേനന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രിയോടു വിശദീകരിച്ചു.

    ReplyDelete