Wednesday, June 23, 2010

വയനാട് നല്‍കുന്ന പാഠം

സമൂഹത്തിന്റെ മാതൃകാപരവും മനുഷ്യത്വപരവുമായ പ്രത്യേക പരിഗണനയും പരിരക്ഷയും ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗമാണ് പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും. രാഷ്ട്രത്തിന്റെ ഈ ഉത്തരവാദിത്വം ബോധ്യപ്പെട്ടതുകൊണ്ടാണ് ഭരണഘടനാ വിധാതാക്കള്‍, ഭരണഘടനയുടെ 46-ാം അനുച്ഛേദത്തില്‍, ഈ വിഭാഗങ്ങളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളെ സാമൂഹ്യമായ അനീതികളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നത്. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട കോടതികള്‍, ഈ അടുത്തകാലത്തായി, അതിന്റെ അന്തഃസത്തയെ നിഷേധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

മാനവ സംസ്കൃതിയെ മണ്ണിനോട് ദൃഢമായി ബന്ധിപ്പിക്കുന്ന ആദിമ ഘടകമായ ആദിവാസികളെ, ലാത്തിച്ചാര്‍ജ് നടത്തിയിട്ടായാലും ശരി, വെടിവെച്ചിട്ടായാലും ശരി, അവര്‍ കുടില്‍കെട്ടിത്താമസിക്കുന്ന ഇടങ്ങളില്‍നിന്ന് ഇറക്കിവിട്ട്, വയനാട്ടിലെ യഥാര്‍ത്ഥ ഭൂമികയ്യേറ്റക്കാരായ പ്രമാണിമാരെ സംരക്ഷിക്കണമെന്ന ഹൈക്കോടതിവിധി അതിന്റെ ഉദാഹരണമാണ്. ഹൈക്കോടതിവിധിയിലെ അനീതിയും അപ്രായോഗികതയും പരിമിതമായ സമയപരിധിയും ചൂണ്ടിക്കാട്ടി സംസ്ഥാന ഗവണ്‍മെന്റ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, സുപ്രിംകോടതിയില്‍നിന്നുണ്ടായ നിര്‍ദ്ദേശവും തികച്ചും സഹതാപ ശൂന്യമായിരുന്നു. നൂറ്റാണ്ടുകളായി സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാതെ, ഭൂമിയില്‍ സ്ഥിരാവകാശമില്ലാതെ, നരകിക്കുന്ന ആദിവാസികളുടെ കണ്ണീര്‍ കാണാന്‍ കോടതികള്‍ക്ക് സഹാനുഭൂതിയുണ്ടായില്ല. ആ കാര്യം സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല. മറിച്ച്, നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും പൊതുസ്ഥലവും അനധികൃതമായി കയ്യേറി സ്വന്തമാക്കിവെച്ചിരിക്കുന്ന ഭൂപ്രഭുക്കളുടെ വാദമുഖങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ കോടതികള്‍ക്ക് ഒരു മടിയുമുണ്ടായില്ല. യഥാര്‍ഥ കയ്യേറ്റക്കാര്‍ ഈ പ്രമാണിമാരാണെന്നും അവരുടെ കയ്യില്‍ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനുള്ള യാതൊരു രേഖയുമില്ലെന്നും അവര്‍ കയ്യടക്കിവെച്ചിരിക്കുന്നത് സര്‍ക്കാര്‍വക ഭൂമിയാണെന്നുമുള്ള കാര്യം കോടതി ചിന്തിച്ചതേയില്ല. പ്രമാണിമാരുടെ വന്‍കിട കയ്യേറ്റങ്ങളെ സംരക്ഷിക്കുന്ന ഈ വര്‍ഗ പക്ഷപാതം മുമ്പ് മൂന്നാറിലും മറ്റ് നിരവധി ഉദാഹരണങ്ങളിലും കണ്ടതാണ്.

നിരാലംബരായ ആദിവാസികളെ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ലാത്തിച്ചാര്‍ജുചെയ്തും വെടിവെച്ചും ഇറക്കിവിട്ടാലുണ്ടാകാവുന്ന മാനുഷിക-സാമൂഹ്യ-രാഷ്ട്രീയ-ദേശീയ-സാര്‍വദേശീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ധൃതിപിടിച്ച് അന്യായമായി വിധി കല്‍പിച്ചവര്‍, പക്ഷേ സാമൂഹ്യ ചരിത്രത്തിന്റെ ബാലപാഠങ്ങള്‍ വിസ്മരിച്ചു; ഭരണകൂടത്തിന്റേയും കോടതികളുടെയും കല്ലേപ്പിളര്‍ക്കുന്ന ഉത്തരവുകളിലൂടെയല്ലല്ലോ സമൂഹം പുരോഗമിച്ചത്; സാമൂഹ്യ പരിവര്‍ത്തനം സംഭവിച്ചത്. കയറിക്കിടക്കാന്‍ കൂരയില്ലാത്ത ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരവും ഇത്തരം ചില ഉത്തരവുകള്‍കൊണ്ട് തടഞ്ഞുനിര്‍ത്താനാവില്ല. അടിമത്തത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കും മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കുമുള്ള സാമൂഹ്യമാറ്റത്തിന്റെ കാല പ്രവാഹത്തില്‍ എത്രയോ ഭരണകൂടങ്ങള്‍ തകര്‍ന്നു; കോടതികളുടെപോലും രൂപവും ഭാവവും മാറി മറിഞ്ഞു. അടിമകള്‍ ഭൂവുടമകളായി മാറി.

കാടിന്റെ മക്കളെ കയ്യേറ്റക്കാരായും യഥാര്‍ഥ കയ്യേറ്റക്കാരെ ഭൂവുടമകളായും വ്യാഖ്യാനിക്കുന്ന കോടതിവിധികള്‍ സമൂഹത്തിന്റെ പൊതുബോധത്തിനും ജനാധിപത്യത്തിനും ഭരണഘടനയുടെ അന്ത:സത്തയ്ക്കും വിരുദ്ധമാണ്. ആ വിലക്കുകളെ അതിലംഘിച്ച് ആദിവാസികളുടെ ഭൂസമരം മുന്നേറുകതന്നെ ചെയ്യും. അങ്ങനെ എത്രയോ സമരങ്ങള്‍ മുന്നേറിയിട്ടുണ്ട്; വിജയിച്ചിട്ടുണ്ട്; ഒന്നുമില്ലാത്തവര്‍ക്ക് കിടപ്പാടവും കൃഷിഭൂമിയും ലഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതരായ ആദിവാസികളോട് തെല്ലും സഹാനുഭൂതിയില്ലാത്ത ഇത്തരം വിധികളെ മറികടന്നുകൊണ്ട് ആദിവാസി സമരം വിജയിക്കുകതന്നെ ചെയ്യും. അതാണ് വയനാട് ചൂണ്ടിക്കാണിക്കുന്നത്.

editorial chintha weekly 25062010

1 comment:

  1. സമൂഹത്തിന്റെ മാതൃകാപരവും മനുഷ്യത്വപരവുമായ പ്രത്യേക പരിഗണനയും പരിരക്ഷയും ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗമാണ് പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും. രാഷ്ട്രത്തിന്റെ ഈ ഉത്തരവാദിത്വം ബോധ്യപ്പെട്ടതുകൊണ്ടാണ് ഭരണഘടനാ വിധാതാക്കള്‍, ഭരണഘടനയുടെ 46-ാം അനുച്ഛേദത്തില്‍, ഈ വിഭാഗങ്ങളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളെ സാമൂഹ്യമായ അനീതികളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നത്. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട കോടതികള്‍, ഈ അടുത്തകാലത്തായി, അതിന്റെ അന്തഃസത്തയെ നിഷേധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

    ReplyDelete