Monday, June 28, 2010

കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച കടുത്ത ജനവിരുദ്ധനടപടിക്ക് യുപിഎയിലെ പ്രമുഖ കക്ഷികളുടെ പിന്തുണപോലും ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഭരണാധികാരംമാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചില പാര്‍ടികള്‍ സാങ്കേതികമായി പിന്തുണ പിന്‍വലിച്ചിട്ടില്ലെങ്കില്‍പ്പോലും മന്ത്രിസഭയുടെ സുപ്രധാനമായ ഒരു തീരുമാനത്തിന് ഭരണസഖ്യത്തിലെ രണ്ടു പ്രമുഖ കക്ഷികള്‍ ഭിന്നാഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ലമെന്ററി ജനാതിപത്യവ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തം ഭരണത്തിന്റെ ആണിക്കല്ലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച നടപടിയോട് യോജിപ്പില്ലാത്തതുകൊണ്ടാണ് ബോധപൂര്‍വം വിട്ടുനിന്നതെന്നും വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മമത ബാനര്‍ജി തുറന്നുപറഞ്ഞിരിക്കുന്നു. ഇതൊരു കപടനാടകമാണെങ്കില്‍പ്പോലും സര്‍ക്കാരിന്റെ നടപടിക്ക് പരസ്യമായി പിന്തുണ നല്‍കിയാല്‍ ജനങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെടാനിടയാകുമെന്ന ഭയമാണ് ഈ വെളിപ്പെടുത്തലിനുള്ള അടിസ്ഥാനമെന്ന് വ്യക്തമാണ്. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെയുടെ നേതാവ് അഴഗിരിയും തീരുമാനവുമായി യോജിക്കുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വിചിത്രമായ കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ടിവന്നു എന്നതാണ്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് വി എം സുധീരന്‍ ആവശ്യപ്പെട്ടതായി കാണുന്നത്. ഉമ്മന്‍ചാണ്ടിയും വിലവര്‍ധന പിന്‍വലിക്കണമെന്നാണ് പറയുന്നത്. മറ്റു പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ അഭിപ്രായമുണ്ടെന്നാണ് ന്യായമായും അനുമാനിക്കേണ്ടത്. വില വര്‍ധിപ്പിച്ച ധിക്കാരപരമായ നടപടിയെ പിന്തുണയ്ക്കാന്‍ സ്വന്തം കക്ഷിയിലുള്ളവര്‍പോലും തയ്യാറല്ലെന്ന ഗതികേടില്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രഭരണ നേതൃത്വവും എത്തപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍തന്നെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ ഒറ്റപ്പെടല്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഒരുവര്‍ഷംമുമ്പ് മുന്നൂറിലധികം ലോക്സഭാ അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇത്രവേഗം ന്യൂനപക്ഷമായി മാറിയത്. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഖണ്ഡനോപക്ഷേപം വോട്ടിനിട്ടപ്പോള്‍ ഭരണമുന്നണിക്ക് അനുകൂലമായി 289 വോട്ടാണ് ലഭിച്ചത്. അതാകട്ടെ പ്രതിപക്ഷത്തുള്ള മായാവതി നയിക്കുന്ന ബിഎസ്പിയുടെ 21 എംപിമാരുടെയും ഷിബു സോറന്റെയും പിന്തുണ ലഭിച്ചതുമൂലമാണ്. അതില്ലായിരുന്നെങ്കില്‍ 267 വോട്ടേ അനുകൂലമായി രേഖപ്പെടുത്തുള്ളൂ. കേവല ഭൂരിപക്ഷത്തിന് അഞ്ച് വോട്ട് കുറവുണ്ടെന്നത് വ്യക്തം. 23 അംഗങ്ങളുള്ള പ്രതിപക്ഷത്തെ സമാജ്വാദി പാര്‍ടിയും നാല് അംഗങ്ങളുള്ള ആര്‍ജെഡിയും വോട്ടെടുപ്പുസമയത്ത് ഇറങ്ങിപ്പോക്ക് നടത്തിയത് ഭരണമുന്നണിയുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണെന്നതും രഹസ്യമല്ല. നഗ്നമായ പാര്‍ലമെന്ററി കുതന്ത്രം പ്രയോഗിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മൂന്നു പാര്‍ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നേടിയത്. അതിന് നല്‍കേണ്ടിവന്ന വിലയുടെ കാര്യവും രഹസ്യമല്ല. കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തില്‍ എതിര്‍പ്പുണ്ടെന്നും പിന്തുണ പ്രശ്നാധിഷ്ഠിതമാണെന്നുമാണ് മായാവതി പറയുന്നത്. ഖണ്ഡനോപക്ഷേപത്തിന് പിന്തുണ നല്‍കിയ ബിഎസ്പി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയെ പരസ്യമായി എതിര്‍ത്തിരിക്കുകയാണ്. വിലവര്‍ധനയ്ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധം അടങ്ങാത്ത ജനരോഷത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനംചെയ്ത ഹര്‍ത്താലിന് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ലഭിച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഹര്‍ത്താല്‍ പൂര്‍ണവിജയമാണെന്ന് സകലര്‍ക്കും ബോധ്യമായി കഴിഞ്ഞതാണ്. പശ്ചിമബംഗാളില്‍ നടന്ന പ്രതിഷേധപണിമുടക്കിനും വമ്പിച്ചതോതിലുള്ള പിന്തുണയാണ് ലഭിച്ചതെന്ന് മാധ്യമങ്ങള്‍ ഏകസ്വരത്തില്‍ സമ്മതിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ കടുത്ത എതിരാളിയായ മമത ബാനര്‍ജിക്കുപോലും പണിമുടക്കിനെ ഭംഗ്യന്തരേണ അംഗീകരിക്കേണ്ടിവന്നു. അതായത് കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നുമാത്രമല്ല യുപിഎയില്‍പോലും ഒറ്റപ്പെടുന്ന നിലയുണ്ടായിരിക്കുന്നു.

1984ല്‍ നടന്ന ഭോപാല്‍ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരവും കോണ്‍ഗ്രസ് നേതൃത്വത്തിന് അപഖ്യാതി വരുത്തുന്നതാണെന്നതില്‍ സംശയമില്ല. 1984 ഡിസംബര്‍ രണ്ടിനാണ് ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് അപകടം സംഭവിച്ചത്. ഇരുപതിനായിരത്തോളം നിരപരാധികളായ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു. യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സ അറസ്റുചെയ്യപ്പെട്ടു. നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡേഴ്സനെ അറസ്റുചെയ്ത് കസ്റഡിയില്‍വച്ചത്. ജാമ്യം ലഭിക്കാനിടയില്ലാത്ത വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ആന്‍ഡേഴ്സനെ ജാമ്യത്തില്‍ വിട്ടപ്പോള്‍ ഒപ്പിട്ട കരാറനുസരിച്ച് പൊലീസോ കോടതിയോ ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയുണ്ടായിരുന്നു എന്ന് ഹിന്ദു പത്രം വെളിപ്പെടുത്തിയത് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് ആന്‍ഡേഴ്സന്റെ സന്ദര്‍ശനവിവരം അറിയാമായിരുന്നു. ആന്‍ഡേഴ്സനെ സുരക്ഷിതമായി എത്തിച്ചതിന്റെ ഉത്തരവാദിത്തം അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ തലയില്‍വച്ച് കൈകഴുകാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുതന്ത്രം പൊളിഞ്ഞുപോയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടല്ല കോണ്‍ഗ്രസിന്റെ കൂറെന്നും അമേരിക്കയിലെ കോര്‍പറേറ്റ് ഭീമനോടാണെന്നും വ്യക്തമായിരിക്കുന്നു. ആണവസുരക്ഷാ ബില്ലിന്റെ കാര്യത്തിലും ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നമല്ല കോണ്‍ഗ്രസിന് പ്രധാനം. അമേരിക്കയിലെ റിയാക്ടര്‍ ഉടമകളുടെ താല്‍പ്പര്യമാണ് പ്രധാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യമല്ല, റിലയന്‍സുള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനും യുപിഎ സര്‍ക്കാരിനും വ്യഗ്രതയുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള കുത്തകകളും ബഹുരാഷ്ട്രകുത്തകകളുമാണ് ഇക്കൂട്ടര്‍ക്ക് പ്രിയപ്പെട്ടത്. ഇന്ത്യയിലെ ജനങ്ങളല്ലെന്ന് വ്യക്തം. ഈ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുക എന്നതാണ് പ്രധാനം. ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 28062010

1 comment:

  1. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച കടുത്ത ജനവിരുദ്ധനടപടിക്ക് യുപിഎയിലെ പ്രമുഖ കക്ഷികളുടെ പിന്തുണപോലും ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഭരണാധികാരംമാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചില പാര്‍ടികള്‍ സാങ്കേതികമായി പിന്തുണ പിന്‍വലിച്ചിട്ടില്ലെങ്കില്‍പ്പോലും മന്ത്രിസഭയുടെ സുപ്രധാനമായ ഒരു തീരുമാനത്തിന് ഭരണസഖ്യത്തിലെ രണ്ടു പ്രമുഖ കക്ഷികള്‍ ഭിന്നാഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ലമെന്ററി ജനാതിപത്യവ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തം ഭരണത്തിന്റെ ആണിക്കല്ലാണ്.

    ReplyDelete