Monday, June 21, 2010

വൈദ്യുതിരംഗത്തും കേരളമാതൃക

നൂറ് മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി ജൂണ്‍ 19ന് മുഖ്യമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആകെ 225 മെഗാവാട്ടായി വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധിച്ചതോടെ കുറ്റ്യാടി ജലവൈദ്യുതപദ്ധതി കേരളത്തിലെ ഒരു മേജര്‍ പദ്ധതിയായി മാറിയിരിക്കുന്നു. 2001ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് 50 മെഗാവാട്ടിന്റെ കുറ്റ്യാടി വിപുലീകരണ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതടക്കം പലവിധ തര്‍ക്കങ്ങളില്‍പ്പെട്ട് പദ്ധതി പ്രവര്‍ത്തനം സ്തംഭനത്തിലായി. മുടങ്ങിക്കിടന്ന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി മന്ത്രിതന്നെ പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുമാണ് പദ്ധതിപ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇടയ്ക്ക് മണ്ണിടിച്ചിലടക്കമുള്ള ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉണ്ടായെങ്കിലും നല്ല ആസൂത്രണത്തോടെ പണി മുന്നോട്ട് കൊണ്ടുപോയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. അങ്ങനെ ഇടതുപക്ഷജനാധിപത്യ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനമായി ഈ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തിനുള്ളില്‍ മറ്റെല്ലാ മേഖലകളിലുമെന്നപോലെ വൈദ്യുതി മേഖലയിലും രാജ്യത്തിനാകെ മാതൃകയായി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകളിലെല്ലാം എടുത്തുപറയത്തക്ക മുന്നേറ്റമാണ് നേടിയത്. കഴിഞ്ഞ നാലുകൊല്ലത്തിനുള്ളില്‍ 196 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ആകെ 26.6 മെഗാവാട്ട് ശേഷി മാത്രമാണ് വര്‍ധിപ്പിച്ചത്. കുറ്റ്യാടി പദ്ധതിയിലെന്നപോലെ ഉല്‍പ്പാദനരംഗത്തെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലായിരുന്നു. യുഡിഎഫ് ഭരണകാലത്ത് പരമാവധി 39 മില്യന്‍ യൂണിറ്റ് മാത്രമായിരുന്നു പ്രതിദിന വൈദ്യുതി ഉപഭോഗം. എന്നിട്ടും അക്കാലത്ത് മൂന്നുവര്‍ഷത്തോളം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ഇപ്പോള്‍ വൈദ്യുതി ഉപഭോഗം 56 മില്യന്‍ യൂണിറ്റ് വരെയായി വര്‍ധിച്ചിട്ടും ലോഡ് ഷെഡിങ്ങോ പവര്‍കട്ടോ ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം.

പള്ളിവാസല്‍ എക്സ്റന്‍ഷന്‍, തോട്ടിയാര്‍, പൂഴിത്തോട് വിലങ്ങാട്, ചാത്തങ്കോട്ടുനട, ചെങ്കുളം ഓഗ്മെന്റേഷന്‍ എന്നീ പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ടെന്‍ഡര്‍ ചെയ്ത് പണി തുടങ്ങിയതാണ്. ഇതോടൊപ്പം ഏകദേശം 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതികളാണ് നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലായുള്ളത്. കേരളത്തിന്റെ വരുന്ന 10 വര്‍ഷത്തിനു ശേഷമുള്ള വൈദ്യുതി ആവശ്യകത മുന്നില്‍ക്കണ്ട് ബൃഹദ് പദ്ധതികള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഒറീസയില്‍ 1000 മെഗാവാട്ട് കല്‍ക്കരിപ്പാടത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി നേടിയത്. ഇതോടൊപ്പം ചീമേനിയില്‍ 2400 മെഗാവാട്ടിന്റെ ഒരു സൂപ്പര്‍ താപനിലയം നടപ്പാക്കാന്‍ നടപടികളായി. ഇതിനായി സ്ഥലം ഏറ്റെടുത്തു. കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ബോര്‍ഡിന്റെതന്നെ ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ട് പദ്ധതിക്കുള്ള നടപടികളും ആരംഭിക്കുകയാണ്. ഇങ്ങനെ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 3000-4000 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാനാണ് നടപടികള്‍ നീങ്ങുന്നത്.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം താല്‍ക്കാലികമായി പ്രതിസന്ധി തരണംചെയ്യുന്നതിന് വൈദ്യുതി സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കുക എന്നിങ്ങനെ രണ്ട് പ്രധാന തന്ത്രം ഉപയോഗിച്ചാണ് നമ്മള്‍ പ്രതിസന്ധിയെ താല്‍ക്കാലികമായി നേരിടുന്നത്. 1800 കോടി രൂപയുടെ പ്രസരണ മാസ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ 206 സബ്സ്റേഷന്റെ പണി നടന്നുവരുന്നു. ഇതില്‍ 85 എണ്ണം പൂര്‍ത്തിയാക്കി. വിതരണ രംഗത്താവട്ടെ 10000 കിലോമീറ്ററോളം 11 കെവി ലൈന്‍ വലിച്ചുകഴിഞ്ഞു. ഇത് കേരളത്തിലുള്ള ആകെ 11 കെവി ലൈനിന്റെ നാലിലൊന്ന് വരും. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് ആകെ വലിച്ചത് 4776കി.മീ. മാത്രമായിരുന്നു. പതിനയ്യായിരത്തോളം ട്രാന്‍സ്ഫോര്‍മറാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ചത്. ഈ വര്‍ഷംമാത്രം 6000 ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് ആകെ 5600 ട്രാന്‍സ്ഫോര്‍മറാണ് സ്ഥാപിച്ചത്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 26.6 ശതമാനമായിരുന്ന പ്രസരണ വിതരണ നഷ്ടം ഇപ്പോള്‍ 18 ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞു. അത് 15 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ പ്രാധാന്യമാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം സിഎഫ്എല്‍ സൌജന്യമായി വിതരണംചെയ്തു. ഇപ്പോള്‍ ഒന്നര കോടി സിഎഫ്എല്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നു. സംസ്ഥാനസര്‍ക്കാര്‍ 45 കോടി രൂപയും വൈദ്യുതി ബോര്‍ഡ് 50 കോടി രൂപയും ചെലവഴിച്ചാണ് സിഎഫ്എല്‍ വിതരണംചെയ്യുന്നത്. ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളില്‍ ഉണ്ടായ പൊതു വികസനത്തിന്റെ ഭാഗമായി നിയമസഭാമണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ 38 മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചു. 80 മണ്ഡലത്തില്‍ പ്രവര്‍ത്തനം നടക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തൃശൂര്‍ ജില്ലയും ഏറെക്കുറെ ഈ നേട്ടത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. മറ്റുജില്ലകളിലും സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് കേരളം സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിക്കുമെന്നാണ് മുഖ്യമന്ത്രി കക്കയത്ത് കുറ്റ്യാടി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രഖ്യാപിച്ചത്. ലോഡ്ഷെഡിങ്ങും പവര്‍ക്കട്ടുമില്ലാത്ത ഇന്നില്‍നിന്ന് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ നാളെയിലേക്കുള്ള ആ ഉയര്‍ച്ചയാണ് എല്‍ഡിഎഫ് ഗവമെന്റ് സൃഷ്ടിക്കുന്ന വൈദ്യുതിരംഗത്തെ കേരളമാതൃക. അതുതന്നെയാണ് ഗവമെന്റിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയും.

ദേശാഭിമാനി മുഖപ്രസംഗം 22062010

2 comments:

  1. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തിനുള്ളില്‍ മറ്റെല്ലാ മേഖലകളിലുമെന്നപോലെ വൈദ്യുതി മേഖലയിലും രാജ്യത്തിനാകെ മാതൃകയായി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകളിലെല്ലാം എടുത്തുപറയത്തക്ക മുന്നേറ്റമാണ് നേടിയത്. കഴിഞ്ഞ നാലുകൊല്ലത്തിനുള്ളില്‍ 196 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ആകെ 26.6 മെഗാവാട്ട് ശേഷി മാത്രമാണ് വര്‍ധിപ്പിച്ചത്. കുറ്റ്യാടി പദ്ധതിയിലെന്നപോലെ ഉല്‍പ്പാദനരംഗത്തെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലായിരുന്നു. യുഡിഎഫ് ഭരണകാലത്ത് പരമാവധി 39 മില്യന്‍ യൂണിറ്റ് മാത്രമായിരുന്നു പ്രതിദിന വൈദ്യുതി ഉപഭോഗം. എന്നിട്ടും അക്കാലത്ത് മൂന്നുവര്‍ഷത്തോളം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ഇപ്പോള്‍ വൈദ്യുതി ഉപഭോഗം 56 മില്യന്‍ യൂണിറ്റ് വരെയായി വര്‍ധിച്ചിട്ടും ലോഡ് ഷെഡിങ്ങോ പവര്‍കട്ടോ ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം.

    ReplyDelete
  2. അഭിവാദ്യങ്ങൾ....തുടർന്നെഴുതൂ ധീരമായി....
    http://manavanboologathil.blogspot.com/

    ReplyDelete