Tuesday, June 15, 2010

ശതാബ്ദി നിറവിലും കോരേട്ടന്റെ മനം നിറയെ വിപ്ളവവീര്യം

എളേരി: നൂറാംവയസിലും വിപ്ളവവീര്യം കൈവിടാതെ കോരേട്ടന്‍ പോരാട്ട ചരിത്രങ്ങള്‍ അയവിറക്കുന്നത് വര്‍ധിതാവേശത്തോടെ. ബഡൂരിലെ പടിഞ്ഞാറെവീട്ടില്‍ പി കോരന്‍ എന്ന നാട്ടുകാരുടെ കോരേട്ടന് കഴിഞ്ഞ വ്യാഴാഴ്ച നൂറ് വയസ് തികഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പ് കമ്യൂണിസ്റ്റുകാ‍ര്‍ക്ക് നാട്ടിലിറങ്ങാനാവാത്ത കാലത്ത് കാനാ കുഞ്ഞികൃഷ്ണന്‍, ടികെസി എന്നിവര്‍ക്കൊപ്പം ഒളിവില്‍ താമസിച്ചത് പറയുമ്പോള്‍ കോരേട്ടന് ഇന്നും ചെറുപ്പം. 1942 കാലയളവില്‍ ഇ കെ നായനാരും അഴീക്കോടനും ചീമേനി, എളേരിത്തട്ട് പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതാണ് ജീവിതത്തിലെ ധന്യമായ നിമിഷങ്ങളെന്ന് കോരേട്ടന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്കും അഭിമാനം തോന്നും.

യുവാവായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ നീറുന്ന പ്രശ്നങ്ങള്‍ക്കായി പോരടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയോട് അടുപ്പം തോന്നി. തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം മലയോരമേഖലയില്‍ പാര്‍ടി പ്രവര്‍ത്തനത്തെ സഹായിക്കാന്‍ തയ്യാറായി. കാക്കടവ്, ചീമേനി, കയ്യൂര്‍, എളേരിത്തട്ട്, നര്‍ക്കിലക്കാട്, മൌക്കോട്, ബഡൂര്‍ പ്രദേശങ്ങളില്‍ നടന്ന മിക്ക പ്രക്ഷോഭ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. 1971ല്‍ ചീമേനി മിച്ചഭൂമി സമരത്തിന് നേതൃത്വം നല്‍കാനും കോരേട്ടനുണ്ടായിരുന്നു.

സാക്ഷരതയിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടിയ കോരേട്ടന്‍ ദേശാഭിമാനിയുള്‍പ്പെടെ മിക്ക പത്രങ്ങളും സ്ഥിരം വായിക്കും. സാധാരണക്കാരന്റെ വേദനകളറിയുന്ന പാര്‍ടിയെയും നേതാക്കളെയും തളര്‍ത്താന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ഇന്നുള്ളതില്‍ ഭൂരിഭാഗവും. പഴയകാലത്തെ ദുരിതാനുഭവങ്ങളും ചരിത്രവും അറിയാത്തവരും ഇന്നത്തെ കാലത്ത് കഷ്ടപ്പാടുകളില്ലാതെ സുഖലോലുപരായി കഴിയുന്നവരുമായ പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഇവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇവരുടെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ടിയെ സംരക്ഷിക്കാന്‍ ഇപ്പോഴുള്ള പുതുതലമുറയ്ക്ക് കഴിയണം- കോരേട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നു.

ചെറുവത്തൂര്‍ പുതിയകണ്ടത്തുള്ള തറവാട്ട് വീട്ടിലാണ് ഇദ്ദേഹം ആദ്യം താമസിച്ചിരുന്നത്. വാഹനസൌകര്യമില്ലാത്തതിനാല്‍ അവിടെനിന്നും കാല്‍നടയായി നീലേശ്വരത്തെത്തി ബോട്ടില്‍കയറി പെരുമ്പട്ടയിലോ മുക്കടയിലോ ഇറങ്ങിയാണ് ബഡൂരിലെത്തിയത്. പിന്നീട് ബഡൂരില്‍ സ്ഥിരതാമസമാക്കി പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായി. എംസ്പിക്കാരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയതിരുന്ന കാലത്ത് പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ രാത്രിയില്‍ ഓലകൊണ്ടുള്ള ചൂട്ട് കത്തിച്ചാണ് സഞ്ചരിക്കുന്നത്. ബഡൂര്‍ മിച്ചഭൂമി സമരത്തിലും സജീവമായി പങ്കെടുത്ത കോരേട്ടന്‍ രണ്ട് വര്‍ഷം മുമ്പ്വരെ കൃഷിപ്പണികളിലും സജീവമായിരുന്നു. പ്രായം ശരീരത്തെ തളര്‍ത്തിയെങ്കിലും മനസിനെ കീഴടക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോരേട്ടന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കെ സി ലൈജുമോന്‍ ദേശാഭിമാനി വാര്‍ത്ത

1 comment:

  1. എളേരി: നൂറാംവയസിലും വിപ്ളവവീര്യം കൈവിടാതെ കോരേട്ടന്‍ പോരാട്ട ചരിത്രങ്ങള്‍ അയവിറക്കുന്നത് വര്‍ധിതാവേശത്തോടെ. ബഡൂരിലെ പടിഞ്ഞാറെവീട്ടില്‍ പി കോരന്‍ എന്ന നാട്ടുകാരുടെ കോരേട്ടന് കഴിഞ്ഞ വ്യാഴാഴ്ച നൂറ് വയസ് തികഞ്ഞു.

    സ്വാതന്ത്ര്യത്തിന് മുമ്പ് കമ്യൂണിസ്റ്റുകാ‍ര്‍ക്ക് നാട്ടിലിറങ്ങാനാവാത്ത കാലത്ത് കാനാ കുഞ്ഞികൃഷ്ണന്‍, ടികെസി എന്നിവര്‍ക്കൊപ്പം ഒളിവില്‍ താമസിച്ചത് പറയുമ്പോള്‍ കോരേട്ടന് ഇന്നും ചെറുപ്പം. 1942 കാലയളവില്‍ ഇ കെ നായനാരും അഴീക്കോടനും ചീമേനി, എളേരിത്തട്ട് പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതാണ് ജീവിതത്തിലെ ധന്യമായ നിമിഷങ്ങളെന്ന് കോരേട്ടന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്കും അഭിമാനം തോന്നും.

    ReplyDelete