Friday, June 25, 2010

കൂട്ടം ചേരാന്‍ സ്വാതന്ത്ര്യമില്ലേ?

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിന്, ചെറിയ ഒരു പ്രത്യേക കാര്യം സാധിക്കാന്‍ ആകപ്പാടെ കുഴപ്പമുണ്ടാക്കുക എന്ന അര്‍ഥമാണ്. പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് അത്തരമൊരു ചൊല്ലിനെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. റോഡരികില്‍ ആളുകള്‍ കൂട്ടംകൂടി ആശയം പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. അങ്ങനെ പൊതുയോഗം കൂടിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവന്ന് അപകടമുണ്ടാക്കുമെന്നുമൊക്കെ ഉത്തരവിലുള്ളതായി വാര്‍ത്ത വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, സമരം ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉത്തരവുകളുടെ ശ്രേണിയിലാണ് ഇതും. ലളിതമായ വാക്കുകളില്‍, ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ ഇടപെടല്‍.

ആലുവ റെയില്‍വേസ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാണിച്ച് ആലുവയിലെ ഒരാള്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായത്. റോഡരികില്‍ പൊതുയോഗം നടത്താന്‍ പൊലീസോ റവന്യൂ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനുമതി നല്‍കരുത്; ഇതു ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കണം; പൊതുയോഗം നടത്തുന്നതിന് നിര്‍മിച്ചിട്ടുള്ള മൈതാനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല എന്നിവയാണ് ഉത്തരവിലെ പ്രധാന കാര്യങ്ങള്‍. ഗതാഗതം തടസ്സപ്പെടുകയും റോഡപകടങ്ങള്‍ വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് കോടതി വിശദീകരിച്ചിട്ടുമുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗതാഗതം മുടക്കിയുള്ള പൊതുപരിപാടികള്‍ താരതമ്യേന കുറഞ്ഞ നാടാണ് കേരളം. രാഷ്ട്രീയ പാര്‍ടികളുടെ പൊതുപരിപാടികള്‍, ആരാധനാലയങ്ങളോടനുബന്ധിച്ച ഉത്സവങ്ങള്‍, പൊതുപങ്കാളിത്തമുള്ള ഓണാഘോഷം, യുവജനോത്സവങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍-ഇവയെല്ലാം നടക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും റോഡ് തടസ്സപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാറുമുണ്ട്. വിവിഐപി സഞ്ചാരത്തിന് മറ്റെല്ലാ വാഹനങ്ങളും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തുന്നത് കേരളത്തില്‍ വിരളമെങ്കിലും അന്യസംസ്ഥാനങ്ങളില്‍ പതിവാണ്. അങ്ങനെ റോഡ് തടസ്സപ്പെടുന്നതുകൊണ്ട് സുരക്ഷാ പ്രശ്നമുള്ള വിവിഐപികള്‍ സഞ്ചരിക്കുകയേ വേണ്ട എന്ന് തീര്‍പ്പുകല്‍പ്പിക്കാനാകുമോ? പാതയോരത്ത് നില്‍ക്കുന്നത് വാഹനാപകടത്തിന് കാരണമാകുമെന്ന കാരണത്താല്‍ റോഡരികിലുള്ള ബസ്ഷെല്‍ട്ടറുകളും കടകളും പൊളിച്ചുകളയാന്‍ പറ്റുമോ?

താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പൊതുസ്ഥലങ്ങള്‍ കുറവും. പൊതുയോഗത്തിനു പറ്റുന്ന മൈതാന സൌകര്യമുള്ള എത്ര പട്ടണങ്ങളുണ്ട് കേരളത്തില്‍? ഇത്തരമൊരു സാഹചര്യത്തില്‍ റോഡരികുകള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാകുന്നത് സ്വാഭാവികമാണ്. അത് ഒരു നിയന്ത്രണവുമില്ലാതെ, ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വേണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍, പൊതുയോഗങ്ങള്‍ ചേരാനേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. അങ്ങനെ വന്നാല്‍, ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് ആശയപ്രചാരണത്തിന് മറ്റ് ഏത്ഉപാധിയാണ് സ്വീകരിക്കാനാവുക? മൂലധനതാല്‍പ്പര്യവും അതിന്റെ രാഷ്ട്രീയവും സംരക്ഷിക്കുന്ന വന്‍കിട ദൃശ്യമാധ്യമങ്ങളുടെ തടവുകാരായി മനുഷ്യന്‍ കഴിഞ്ഞാല്‍ മതിയോ? കൂട്ടിനകത്തുതന്നെ ഇരുന്ന് ചുറ്റും നടക്കുന്നതെല്ലാം അവഗണിച്ചാല്‍ മതിയോ?

രാഷ്ട്രീയ പാര്‍ടികളും അവയുടെ പ്രവര്‍ത്തനവും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കൂടുതല്‍ സീറ്റുകിട്ടിയാല്‍ ഭരണത്തിലേറുന്നതും രാഷ്ട്രീയ പാര്‍ടികളാണ്. ആ പാര്‍ടികള്‍ക്ക് തങ്ങളുടെ നയപരിപാടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; അവകാശമുണ്ട്. പൊതുയോഗം ജനങ്ങളുടെ കൂട്ടായ്മയാണ്. ജനാധിപത്യവും ജനങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിഉത്തരവ് ജനാധിപത്യത്തിന്റെ നിരാസമാണ്. ഭരണഘടനാദത്തമായ ആശയപ്രകാശന സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനാകെയും എതിരാണത്. അതിലുപരി, നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്നതുമാണ്. നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും അനുസരിച്ചുള്ള അനുമതിയാണ് പൊതുയോഗങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ദൌര്‍ഭാഗ്യകരമായ ഈ കോടതിയുത്തരവ് അസ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും തേടേണ്ടതുണ്ട്. റോഡരികിലെ പൊതുയോഗം ആലുവയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് പ്രത്യേക പ്രശ്നമായി കണ്ട് പരിഹാരം തേടുന്നതിനുപകരം നാട്ടിലൊരിടത്തും പാതയോരത്ത് പൊതുയോഗം നടത്താന്‍ പാടില്ല എന്നുവരുന്നത് ഒരര്‍ഥത്തിലും ആശാസ്യമല്ല. അരാഷ്ട്രീയ ആശയങ്ങളുടെ വക്താക്കളെയാണ് ഈ ഉത്തരവ് ഏറെ സന്തോഷിപ്പിക്കുക. അതോടൊപ്പം വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെയും. അവര്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ടല്ലോ. സാധാരണക്കാരന്റെ പ്രശ്നങ്ങളും ആശങ്കകളുമാണല്ലോ കവലയില്‍ മൈക്കുകെട്ടി ചര്‍ച്ചചെയ്യുന്നത്. അത് ചര്‍ച്ച ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന മനോഭാവം ജനവിരുദ്ധമാണ്.

ദേശാഭിമാനി മുഖപ്രസംഗം 25062010

5 comments:

  1. എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിന്, ചെറിയ ഒരു പ്രത്യേക കാര്യം സാധിക്കാന്‍ ആകപ്പാടെ കുഴപ്പമുണ്ടാക്കുക എന്ന അര്‍ഥമാണ്. പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് അത്തരമൊരു ചൊല്ലിനെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. റോഡരികില്‍ ആളുകള്‍ കൂട്ടംകൂടി ആശയം പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. അങ്ങനെ പൊതുയോഗം കൂടിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവന്ന് അപകടമുണ്ടാക്കുമെന്നുമൊക്കെ ഉത്തരവിലുള്ളതായി വാര്‍ത്ത വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, സമരം ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉത്തരവുകളുടെ ശ്രേണിയിലാണ് ഇതും. ലളിതമായ വാക്കുകളില്‍, ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ ഇടപെടല്‍.

    ReplyDelete
  2. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കൊണ്ട് അക്രമങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അവര്‍ക്ക് രാഷ്ട്രീയം പാടില്ല (അപ്പോള്‍ മുതിര്‍ന്നവരുടെ രാഷ്ട്രീയ അക്രമങ്ങളുടെ കാര്യമോ എന്ന് ചോദിക്കരുത്!), ബന്ദ് / ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അവ പാടില്ല... ഇങ്ങനെയുള്ള വിധികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി...

    വിധിയെക്കുറിച്ച് കേട്ട് ഒരു ‘കുരുത്തം കെട്ടവന്റെ’ ചോദ്യം: തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ ഏതാണ്ട് ഒന്നടങ്കം കൈയടക്കുന്ന ഒരു ചടങ്ങാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. ഗതാഗത തടസ്സത്തിന്റെ പേരില്‍ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി അതേ ന്യായം പറഞ്ഞ് പൊങ്കാലയും നിരോധിക്കാന്‍ തയ്യാറാകുമോ? തൃശൂര്‍ പൂരത്തിന് സ്വരാജ് റൌണ്ടിലും അനുബന്ധ റോഡുകളിലും ഗതാഗത തടസ്സമുണ്ടാകുന്നു എന്നതു കൊണ്ട് പൂരവും സമാനമായ ന്യായപ്രകാരം വിവിധ പള്ളികളിലെ പെരുന്നാളുകളും മറ്റു മത ചടങ്ങുകളും കൂടി നിരോധിക്കാന്‍ ഏതെങ്കിലും ന്യായാധിപന്‍ ധൈര്യപ്പെടുമോ? എങ്കില് ഹൈക്കോടതിയുടെ ഇന്നലത്തെ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു!

    ReplyDelete
  3. Beyond the party lines, cant all of us believe in the motto “live and let live”. I have the right to walk free on the road. And this freedom comes with a great duty attached to it. That is, I don’t have the right to take away anybody’s right to walk on the road. Out roads being small and the number of vehicles ever increasing, why can’t we think of more practical and friendly ways of protests. Why shouldn’t we think of alternatives.
    Why are we so arrogant on the demand that we should not be prevented from doing demonstrations on roads in a way that is disturbing the freedom common citizens? Ideally the protest mechanisms like bandh and harthal is the protest of the people to the authorities. But most of the times it end up as a protest by a minority against a majority of common man whose freedom to move around freely is questioned. On a banth or harthal day none of the authorities are troubled. Only the common man is troubled.
    I am not against demonstrations. But the freedom of expression and freedom to demonstrate should not be used as a tool to “teach common men a lesson”. Like the demonstrators, the one why do not participate in demonstration also have rights!!!

    ReplyDelete
  4. ആശയപ്രചരണത്തിനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്. ഈ വിധി കേട്ടാൽ തോന്നും പൊതുയോഗം നടത്തുന്നത് റോഡിന്റെ മദ്ധ്യത്തിലാണെന്ന്.

    വലിയ നേതാക്കൽ വലിയ ടൌണുകളുടെ കേന്ദ്രസ്ഥാനത്ത് വന്ന് നിന്ന് പ്രസംഗിച്ചാൽ പോലും പറയത്തക്ക തടസ്സമൊന്നും ഉണ്ടാകാറില്ല എന്നതാണ് യാഥാർത്ഥ്യം. പൌരാവകാശങ്ങൾ അടിച്ചമർത്തുന്ന വിധികൾ നൽകിയാൽ അവ ലംഘിക്കുവാൻ ജനങ്ങൾ തയ്യാറാകും. അവിടെ കോടതികളുടെ വിലയും വിശ്വാസ്യതയുമാണ് തകരുന്നത്.

    സ്വന്തംകാര്യം സിന്ദാബാദെന്നു കരുതി അരാഷ്ട്രീയതയും കൊണ്ടു നടക്കുന്ന പിന്തിരിപ്പൻ മൂരാച്ചികൾ മാത്രമേ ഈ വിധി നല്ലതാണെന്നു പറയുകയുള്ളു. റോടപകടങ്ങളുടെ കാരണം കണ്ടു പിടിച്ചിരിക്കുന്നു!ആളുകൾ കൽളുംകുടിച്ച് ലക്കും ലഗാനുമില്ലതെ വണ്ടിയോടിച്ച് അപകടങ്ങൾ വരുത്തി വയ്ക്കുന്നതിനും രാഷ്ട്രീയക്കാർക്കായി ഇപ്പോൾ പഴി.

    പാതയോരങ്ങളിൽ പടുകൂറ്റൻ പരസ്യബോർഡുകളിൽ വണ്ടിയോടിക്കുന്നവരുടെ കോൺസണ്ട്രേഷൻ തെറ്റിക്കുന്ന തരത്തിൽ തുണിമാറ്റി മലർത്തി കിടത്തിയിരിക്കുന്ന സ്വർലോകസുന്ദരിമാരെ “കെട്ടിച്ചയച്ചാൽ“ തന്നെ കുറെ അപകടങ്ങൾ കുറഞ്ഞു കിട്ടും.

    ഈ നിയമമൊന്നും മതപരമായ ആഘോഷങ്ങലുടെ കാര്യത്തിൽ ബാധകമാക്കാൻ ധൈര്യപ്പെടാത്തതെന്തേ? സമാന്യജനത്തിന് ഒരു നിയമം. മതങ്ങൽക്ക് മറ്റൊരുനിയമം.

    ഈയുള്ളവന്റെ പുതിയ പോസ്റ്റും ഈ വിഷയത്തിലുള്ളതായിരുന്നു.

    ReplyDelete
  5. റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

    റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

    റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

    കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

    ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

    ReplyDelete