Friday, June 11, 2010

ഭോപ്പാല്‍ പുറത്തുവരുന്ന സത്യങ്ങള്‍

ആന്‍ഡേഴ്സനെ രക്ഷിച്ചത് രാജീവ്ഗാന്ധി

ആന്‍ഡേഴ്സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്നു സിഐഎ രേഖകളില്‍ സൂചന. ദുരന്തമുണ്ടായി നാലുദിവസത്തിനുശേഷം ഡിസംബര്‍ ഏഴിന് ആന്‍ഡേഴ്സ അറസ്റ്റിലായിരുന്നു. കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരം പ്രത്യേക വിമാനമൊരുക്കിയാണ് അറസ്റ്റുചെയ്യപ്പെട്ട അന്നുതന്നെ ആന്‍ഡേഴ്സ ഡല്‍ഹിയിലെത്തിച്ചത്. മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ആന്‍ഡേഴ്നെ വിട്ടയച്ച് ഡല്‍ഹിലെത്തിച്ചതെന്ന് ജില്ലാകലക്ടര്‍ മോട്ടിസിങ് പറഞ്ഞിരുന്നു. 2009 ല്‍ സിജെഎം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും സിബിഐക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് കോടതിരേഖകള്‍ പറയുന്നു.

ആന്‍ഡേഴ്സനെ കടത്തിയത് അര്‍ജുന്‍സിങ്

ഭോപാല്‍ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനി തലവന്‍ വാറന്‍ ആന്‍ഡേഴ്സനെ ഭോപാലില്‍നിന്ന് കടത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍സിങ്ങിന്റെ വിമാനത്തില്‍. മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് ദുരന്തസമയത്ത് ഭോപാല്‍ കലക്ടറായിരുന്ന മോത്തി സിങ് വ്യക്തമാക്കി. ആന്‍ഡേഴ്സനെ രാജ്യം വിടാന്‍ സഹായിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസാണെന്ന് മധ്യപ്രദേശിലെ മുന്‍ വ്യോമയാന ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാകാം ആന്‍ഡേഴ്സനെ രക്ഷിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദുരന്തസമയത്ത് മധ്യപ്രദേശ് മന്ത്രിയുമായിരുന്ന ദിഗ്വിജയ് സിങ് പ്രതികരിച്ചു. വ്യോമയാന ഡയറക്ടറായിരുന്ന ആര്‍ എസ് സോധി വ്യാഴാഴ്ച സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു തന്നെ വിളിച്ച് ആന്‍ഡേഴ്സന്റെ രക്ഷപ്പെടലിന് സൌകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്.

1984 ഡിസംബര്‍ ഏഴിനാണ് ആന്‍ഡേഴ്സന്‍ ഭോപാല്‍ വിട്ടത്. സംസ്ഥാന ഗവര്‍മെന്റിന്റെ വിമാനത്തിലാണ് ഡല്‍ഹിക്ക് പോയത്. പൈലറ്റിനോട് വിമാനത്തില്‍ ആന്‍ഡേഴ്സനാണെന്ന വിവരം അറിയിച്ചിരുന്നില്ല. അദ്ദേഹത്തെ യാത്രയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ളവരും ജില്ലാ പൊലീസ് സൂപ്രണ്ടും കലക്ടറും വിമാനത്താവളത്തില്‍ എത്തിയിരുന്നതായും സോധി അവകാശപ്പെട്ടു. ദുരന്തത്തെത്തുടര്‍ന്ന് കേശവ് മഹീന്ദ്ര, ബി ആര്‍ ഗോഖ്ലെ എന്നിവര്‍ക്കൊപ്പമാണ് ആന്‍ഡേഴ്സന്‍ മുംബൈയില്‍നിന്ന് ഭോപാലില്‍ എത്തിയത്. വിമാനത്താവളത്തില്‍ മൂവരെയും കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റഡിയിലെടുത്തു. തുടര്‍ന്ന് ശമാര ഹില്‍സിലെ യൂണിയന്‍ കാര്‍ബൈഡ് ഗസ്റ്ഹൌസിലെത്തിച്ച് അറസ്റ് രേഖപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി, തന്നെയും പൊലീസ് മേധാവിയെയും മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും ആന്‍ഡേഴ്സനെ വിടണമെന്ന് ആവശ്യപ്പെട്ടെന്നും മോത്തി സിങ് പറഞ്ഞു. വിമാനം തയ്യാറാക്കി നിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് വിളിച്ചുപറഞ്ഞതെന്ന് ഭോപാലില്‍ വ്യോമയാന ഡയറക്ടറായിരുന്ന ക്യപ്റ്റന്‍ ആര്‍ എസ് സോധി വ്യക്തമാക്കി. ആന്‍ഡേഴ്സണു മാത്രമായി മുഖ്യമന്ത്രിയുടെ വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റന്‍ എസ് എച്ച് അലിയോട് യാത്രക്കാരന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഡല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ ആന്‍ഡേഴ്സനായി കാര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെന്ന് അലി വെളിപ്പെടുത്തി. ഡല്‍ഹിയില്‍ പ്രസിഡന്റ് ഗ്യാനി സെയില്‍സിങ്ങിനെ കണ്ടശേഷമാണ് ആന്‍ഡേഴ്സന്‍ അമേരിക്കയിലേക്ക് മുങ്ങിയത്.

ദുരന്തബാധിതരുടെ ആരോഗ്യപ്രശ്നം സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ മുഖ്യ അന്വേഷകനായിരുന്ന എന്‍ ആര്‍ ഭണ്ഡാരി വെളിപ്പെടുത്തി. വിവിധ സംഘടനകള്‍ക്കൊപ്പം മുന്‍ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരംമുട്ടി. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രസക്തിയില്ലെന്നുമാത്രമാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ അഭിഷേക് സിങ്വി യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡോഡ് കെമിക്കല്‍സിന്റെ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതും വിവാദമായിട്ടുണ്ട്.

ഇളവുനല്‍കിയ ജഡ്ജി ഇപ്പോള്‍ കാര്‍ബൈഡ് ട്രസ്റ്റ് തലവന്‍

ഭോപാല്‍ ദുരന്തക്കേസില്‍ പ്രതികള്‍ക്കെതിരായ കേസില്‍ വെള്ളംചേര്‍ത്ത സുപ്രീം കോടതി ബെഞ്ചിന്റെ തലവനായിരുന്ന ചീഫ് ജസ്റ്റിസ് എ എം അഹമ്മദി ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി രൂപീകരിച്ച ട്രസ്റ്റിന്റെ തലവന്‍. 1996ല്‍ കേസില്‍ നിര്‍ണായകമായ വിധിപറഞ്ഞ അഹമ്മദി 1997ല്‍ വിരമിച്ചശേഷം കാര്‍ബൈഡ് കമ്പനിയുടെ ഭോപാല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ 'ആജീവനാന്ത ചെയര്‍മാനാ'ണ്. സുപ്രീം കോടതി തന്നെയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയോഗിച്ചത്. ഭോപാല്‍ ദുരന്തബാധിതര്‍ക്ക് ആശുപത്രി സ്ഥാപിക്കാന്‍ 1991ലാണ് സുപ്രീം കോടതി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബ്രിട്ടനില്‍ ഭോപാല്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത് 1997ലാണ്. ഈ സമയത്താണ് ജസ്റ്റിസ് അഹമ്മദിയെ ചെയര്‍മാനായി സുപ്രീംകോടതി നിര്‍ദേശിച്ചത്്്. ദുരന്തബാധിതരുടെ സംഘടനകള്‍ ഈ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവുകിട്ടാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പനുസരിച്ചാണ് ഭോപാല്‍ കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് ലഘൂകരിക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. അഹമ്മദിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കുറ്റങ്ങളില്‍ ഇളവുവരുത്തി 304 എ വകുപ്പനുസരിച്ചാക്കി. ഇതാണ് പ്രതികളുടെ ശിക്ഷയില്‍ ഇളവുവരുത്തിയ വിധിക്ക് അടിസ്ഥാനം.

ഭോപാലിന്റെ 'ദുരിതം തീര്‍ക്കാന്‍' വീണ്ടും മന്ത്രിസമിതി

ഭോപാല്‍ വാതകദുരന്തക്കേസിലെ കോടതിവിധിയെത്തുടര്‍ന്ന് ദുരിതബാധിതരുടെ പുനരധിവാസ നടപടികള്‍ കൈകാര്യംചെയ്യുന്ന മന്ത്രതലസമിതി പുനഃസംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടര പതിറ്റാണ്ടിനുശേഷം രൂപീകരിച്ച സമിതി ഭോപാല്‍ വാതകദുരന്തത്തിന്റെ എല്ലാ വശവും പരിശോധിച്ച് പരിഹാരമാര്‍ഗം നിര്‍ദേശിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. 2004ല്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമിതി ഇപ്പോള്‍ ആഭ്യന്തരമന്ത്രി പി ചിദംബരം ചെയര്‍മാനായാണ് പുനഃസംഘടിപ്പിച്ചത്. ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമിതി പരിശോധിക്കും. കേന്ദ്രമന്ത്രിമാരായ എം വീരപ്പ മൊയ്ലി, ഗുലാം നബി ആസാദ്, എസ് ജയ്പാല്‍ റെഡ്ഡി, കമല്‍നാഥ്, കുമാരി ഷെല്‍ജ, എം കെ അളഗിരി, പൃഥ്വിരാജ് ചവാന്‍, ജയറാം രമേശ് എന്നിവര്‍ക്കൊപ്പം മധ്യപ്രദേശ് മന്ത്രിസഭയിലെ ഒരംഗത്തെയും ഉള്‍പ്പെടുത്തും.

ഭോപാല്‍ ദുരന്തത്തില്‍ ഇന്ത്യക്കാരായ ഏഴു പ്രതികള്‍ക്ക് രണ്ടുവര്‍ഷത്തെ തടവും തൊട്ടുപിന്നാലെ ജാമ്യവും അനുവദിച്ച ഭോപാല്‍ സിജെഎം കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ പുതിയ സമിതി രൂപീകരിച്ചത്. ഭോപാല്‍ കേസ് ഇതോടെ അവസാനിച്ചെന്നും യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നുമുള്ള അമേരിക്കയുടെ നിലപാടിനോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരോ കോഗ്രസോ തയ്യാറായില്ല. കൂട്ടക്കൊലയുടെ പ്രധാന ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ രക്ഷിക്കാന്‍ നരസിംഹറാവു സര്‍ക്കാര്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ കോഗ്രസിന് കനത്ത പ്രഹരമായി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരം പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആന്‍ഡേഴ്നെ നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ പ്രത്യേക വിചാരണ സെല്‍ രൂപീകരിക്കുകയാണ് വേണ്ടതെന്ന് ദുരന്തബാധിതരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
(വിജേഷ് ചൂടല്‍)

മധ്യപ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

ഭോപാല്‍ വാതകദുരന്തക്കേസിലെ വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ഇതു സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ പറഞ്ഞു. വൈകിവന്ന വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭോപാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ തയ്യാറാക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 10 ദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരു മാസത്തിനകം അപ്പീല്‍ നല്‍കും. യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറ ആന്‍ഡേഴ്സനെ വിട്ടുകിട്ടുന്നകാര്യത്തില്‍ സിബിഐ ഗൌരവമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ചൌഹാന്‍ പറഞ്ഞു.

കേന്ദ്രത്തിന് പാശ്ചാത്യ മാധ്യമങ്ങളുടെ രൂക്ഷവിമര്‍ശം

ലണ്ടന്‍/ന്യൂയോര്‍ക്ക്: ഭോപാല്‍ വാതകദുരന്തക്കേസിലെ കോടതിവിധിയുടെ പേരില്‍ പ്രമുഖ വിദേശമാധ്യമങ്ങള്‍ ഇന്ത്യാ ഗവമെന്റിനെ രൂക്ഷമായി വിമര്‍ശിച്ചു. വന്‍കിട കോര്‍പറേറ്റുകളുടെ ബാധ്യതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഹൃദയശൂന്യവും വ്യക്തതയില്ലാത്തതുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. വിദേശകമ്പനികളെ ആകര്‍ഷിക്കാന്‍ ബാധ്യതാപരിധി ചുരുക്കിനിശ്ചയിക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തം നടന്ന് 26 വര്‍ഷം കഴിഞ്ഞുണ്ടായ വിധി നിരാശാജനകമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ദാ ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. തികച്ചും പ്രതിലോമപരമായ വിധിയുടെ ഉത്തരവാദി കേന്ദ്രസര്‍ക്കാരും നീതിന്യായവ്യവസ്ഥയുമാണ്. വിദേശകമ്പനികളെയും സര്‍ക്കാരുകളെയും ആകര്‍ഷിക്കാന്‍ ഉദാരവ്യവസ്ഥകള്‍ ഒരുക്കുന്നത് ഇന്ത്യയിലെ ഭരണകൂടം തുടരുകയാണെന്ന് ആണവബാധ്യതാബില്‍ പരാമര്‍ശിച്ച് ഈ മാധ്യമങ്ങള്‍ പറഞ്ഞു. ദുരന്താവശിഷ്ടങ്ങള്‍ നീക്കാന്‍ തയ്യാറാകാത്ത, ഭോപാലിലെ കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ഡൌ കെമിക്കല്‍സിനെയും മുഖ്യപ്രതിയും യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യക്കു വിട്ടുനല്‍കാത്ത അമേരിക്കയെയും മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ പ്രകാരം, ആണവദുരന്തമുണ്ടായാല്‍ പരമാവധി നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്ന 500 കോടി രൂപ തീര്‍ത്തും അപര്യാപ്തമാണെന്ന് ബ്രിട്ടനിലെ ടൈംസ് പറഞ്ഞു. നിക്ഷേപം നടത്തണമെങ്കില്‍ തങ്ങളുടെ ബാധ്യതയെക്കുറിച്ച് കമ്പനികള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. ഇന്ത്യ വളരെ ചെറിയ തുകയാണ് ആവശ്യപ്പെടുന്നത്- ടൈംസ് ചൂണ്ടിക്കാട്ടി. പണമുണ്ടെങ്കില്‍ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ വിലയ്ക്കെടുക്കാമെന്നാണ് ഭോപാല്‍ വിധി തെളിയിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി. അമേരിക്കയില്‍ ഒരിക്കലും ഇതു നടക്കില്ലെന്നും അവിടെ ഇത്തരം കേസുകളില്‍ അതിവേഗം നീതി ലഭിക്കുമെന്നും പത്രം പറഞ്ഞു.

ആന്‍ഡേഴ്സണെ വിട്ടത് യുഎസ് സമ്മര്‍ദ്ദത്തില്‍: കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: ഭോപാലില്‍ ആയിരങ്ങളെ കൊന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരാവാദിയെന്നും അമേരിക്കയുടെ സമ്മര്‍ദ്ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇതിന്റെ പേരില്‍ അര്‍ജുന്‍ സിങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ദിഗ്വിജയ് സിങ് വ്യക്തമാക്കി. മധ്യപ്രദേശ് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലായിരുന്നു. തീരുമാനങ്ങളെല്ലാം എടുത്തത് കേന്ദ്രമാണ്. ആ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കേസ് അന്വേഷിച്ചത് സിബിഐയാണ്. എന്നാല്‍ എല്ലാത്തിനും ഉത്തരവാദി സംസ്ഥാനമാണെന്ന്കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദി പ്രതികരിച്ചു.

ദേശാഭിമാനി 11062010

2 comments:

  1. ആന്‍ഡേഴ്സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്നു സിഐഎ രേഖകളില്‍ സൂചന. ദുരന്തമുണ്ടായി നാലുദിവസത്തിനുശേഷം ഡിസംബര്‍ ഏഴിന് ആന്‍ഡേഴ്സ അറസ്റ്റിലായിരുന്നു. കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരം പ്രത്യേക വിമാനമൊരുക്കിയാണ് അറസ്റ്റുചെയ്യപ്പെട്ട അന്നുതന്നെ ആന്‍ഡേഴ്സ ഡല്‍ഹിയിലെത്തിച്ചത്. മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ആന്‍ഡേഴ്നെ വിട്ടയച്ച് ഡല്‍ഹിലെത്തിച്ചതെന്ന് ജില്ലാകലക്ടര്‍ മോട്ടിസിങ് പറഞ്ഞിരുന്നു. 2009 ല്‍ സിജെഎം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും സിബിഐക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് കോടതിരേഖകള്‍ പറയുന്നു.

    ReplyDelete
  2. ഭോപാല്‍ കൂട്ടക്കൊലയ്ക്ക് മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സണെ രക്ഷപ്പെടുത്തിയതില്‍ നിന്ന് കോണ്‍ഗ്രസിന് ഒരുതരത്തിലും ഒഴിഞ്ഞുമാറാനാകില്ലെന്ന് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്രയും വ്യക്തമായ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    25,000 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തെ നിസാരമാക്കി തള്ളിക്കളയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കിയത് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. രാജീവ് ഗാന്ധിക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം.വി എസ് ചൂണ്ടിക്കാട്ടി.

    ReplyDelete