Wednesday, June 23, 2010

കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിഭ്രമങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 91-ാം വാര്‍ഷികസമ്മേളനം അംഗീകരിച്ച പ്രമേയങ്ങളും അവിടെ നടന്ന പ്രസംഗങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

“പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ മാര്‍ പവ്വത്തില്‍ സഭാ മേലധ്യക്ഷരെ വിഭജിച്ച് സഭയെ ബലഹീനമാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്”എന്നാണ് പരിതപിച്ചത്.

ആരാണീ ചിലര്‍? ഇവര്‍ ശത്രുക്കളാണെങ്കില്‍ അവരെ പരസ്യമായി പറയാന്‍ മടിക്കുന്നതെന്തിനാണ്?

“സഭാ മേലധ്യക്ഷരെ വിഭജിക്കാനും സഭയെ ദുര്‍ബലപ്പെടുത്താനും 'ചിലര്‍' ശ്രമിക്കുന്നു”എന്നത് വസ്തുതയാണെങ്കില്‍ ആരാണ് ആ ചിലര്‍ എന്ന് മറയില്ലാതെ പറയാന്‍ അനുയോജ്യമായ വേദിതന്നെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംസ്ഥാനസമ്മേളനവേദി. എന്തുകൊണ്ടോ പവ്വത്തില്‍ പിതാവ് ചിലര്‍ എന്നിടത്ത് ഒതുക്കുകയാണ്.

സമ്മേളനത്തിന്റെ പ്രമേയങ്ങളും പ്രസംഗങ്ങളും ഇതടക്കം സവിശേഷമായ ചില ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട്. കേരളകോണ്‍ഗ്രസുകളുടെ ലയനകാര്യത്തില്‍ സഭാപിതാക്കള്‍ ഇടപ്പെട്ടു എന്ന കാര്യം ലയനത്തിന് നേതൃത്വം കൊടുത്തവരും ലയിച്ചവരുംതന്നെയാണ് പരസ്യപ്പെടുത്തി പറഞ്ഞത്. അത് കേട്ടവര്‍ക്കൊന്നും അവിശ്വസനീയത തോന്നിയതുമില്ല. മതാധികാരികളുടെ സൂപ്പര്‍ ക്യാബിനറ്റുകള്‍പോലും കണ്ടുപരിചയിച്ച മലയാളികള്‍ക്ക് ആ പരസ്യപ്പെടുത്തലില്‍ അതിശയകരമായി ഒന്നും തോന്നിയതുമില്ല. “കക്ഷിരാഷ്ട്രീയത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല“ എന്ന് ആണയിട്ടു പറയുന്നതില്‍ പലരെയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇലക്ഷന്‍ ഏജന്റുമാരെയും പോളിങ് ഏജന്റുമാരെയും കേരളം കണ്ടതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെ ചൂണ്ടി “നിശ്ശബ്ദമായ വിമോചനസമരത്തിന്റെ ഉജ്വല വിജയം” എന്നു പുകഴ്ത്തിയത് കക്ഷിരാഷ്ട്രീയത്തില്‍ ഒരു താല്‍പ്പര്യവുമില്ലാത്ത “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് നിരന്തരം പറഞ്ഞു പോരുന്ന പിതാക്കന്മാരില്‍ ഒരാളാണല്ലോ. അതുകൊണ്ടുതന്നെ ലയനകാര്യത്തില്‍ പുരോഹിത ശ്രേഷ്ഠന്മാര്‍ ഇടപെട്ടു എന്നത് ആരും അവിശ്വസിക്കുകയുണ്ടായില്ല എന്നത് നേരാണ്. ഈ ഇടപെടലുകളോടു കേരളസമൂഹം അങ്ങേയറ്റത്തെ അതൃപ്തിയുടെ പ്രതികരണമാണ് രേഖപ്പെടുത്തിയത്. അരുതാത്ത ഒരു കാര്യം ചെയ്തവര്‍ എന്ന നിലയില്‍ത്തന്നെയാണ് ഈ ഇടപെടലുകാരെ പരിഗണിച്ചത്. ഈ ബഹുജനാതൃപ്തിയുടെ വിവിധ രൂപങ്ങളാണ് ലയിച്ചുചേര്‍ന്നവരിലും വലതുമുന്നണിയിലും അതിലെ പാര്‍ടികള്‍ക്കുള്ളിലും തീക്ഷ്ണമായ പ്രതികരണങ്ങളിലെത്തിയത്. ഈ സാഹചര്യമാണ് സഭാ പിതാക്കന്മാരെക്കൊണ്ട് കൈ കഴുകിക്കുന്നത് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ മനസ്സിലാകും.

“സാംസ്കാരികരംഗം ചില പ്രത്യയശാസ്ത്രങ്ങളെമാത്രം പിന്തുടരുന്നവരുടെ പിടിയിലമര്‍ന്നിരിക്കുകയാണെ“ന്ന് മാര്‍ പവ്വത്തില്‍ ഗൌരവപ്പെടുന്നുണ്ട്. ഇവിടെയും 'ചില‘ എന്ന പ്രയോഗം കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഇക്കാര്യത്തിലും കാര്യങ്ങള്‍ തെളിച്ചുപറയാന്‍ ഒരു വൈമുഖ്യം പ്രകടിപ്പിക്കേണ്ടിവരുന്നത്?

കാലഹരണപ്പെട്ട സാമ്പത്തിക സാമൂഹ്യഘടനകളുടെ പ്രഘോഷണങ്ങളും മഹത്വവല്‍ക്കരണ പരിശ്രമങ്ങളുംകൊണ്ട് മുഖരിതമായ സാംസ്കാരികരംഗം തൊട്ടുമുന്നില്‍ ഇരുട്ടും വെളിച്ചവുമായി നല്ല വ്യക്തതയില്‍ കാണാന്‍ കഴിഞ്ഞിട്ടും എന്തേ അവ്യക്തതയുടെ തിരശ്ശീലയ്ക്കു പിന്നില്‍നിന്നു പോകുന്നു? ഏക സംസ്കാരവും ഹിന്ദുത്വ സംസ്കാരവും അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ കാണാതെയാകില്ലല്ലോ ഈ മറഞ്ഞുനില്‍പ്പ്? “ചാത്തന്‍ ചാണം കോരട്ടെ” എന്നും “ചാക്കോ നാടു ഭരിക്കട്ടെ” എന്നും അലറിപ്പറഞ്ഞ വിമോചനസമര പ്രത്യയശാസ്ത്രത്തിന് വേണ്ടതുപോലെ മലയാളി സമൂഹത്തില്‍ ഇടം കിട്ടാത്തതിന്റെ നൈരാശ്യം ഇതില്‍ നിഴലിടുന്നുണ്ട്.

“ചാക്കിലെ പൂച്ച” ശരിക്കും പുറത്ത് ചാടുന്നത് സമ്മേളനം പാസാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രമേയത്തിലാണ്. “വര്‍ഗസമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ടി സംരക്ഷിക്കാനുമായി വര്‍ഗീയത ആയുധമാക്കുന്നുവെന്ന് ഒരു തത്തമ്മേ പൂച്ചപൂച്ച”പ്രയോഗം പ്രമേയത്തില്‍ നീണ്ടുനിവര്‍ന്നങ്ങനെ ഉടുമുണ്ടില്ലാതെ കിടപ്പുണ്ട്. വര്‍ഗസമരഭൂമികളില്‍ പൊരുതിവീണവരെ കുരുതിക്കളങ്ങളില്‍ പിടഞ്ഞുവീഴുന്ന ബലിമൃഗങ്ങള്‍”എന്ന നിലയില്‍ കാണാന്‍ ഏതു ചരിത്രബോധമാണ് കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ തുണയാകുന്നത്?

പ്രമേയത്തിലെ ആ പ്രയോഗം മിതമായ വാക്കുകളില്‍ പറഞ്ഞാല്‍ പുതിയ ജീവിതത്തിനുവേണ്ടി വിവിധ ഘട്ടങ്ങളില്‍ പടവെട്ടി പിടഞ്ഞുവീണവരെ അവഹേളിക്കുന്ന നെറികേടാണ്. പുതിയ ജീവിതം പൊരുതി നേടിത്തന്നവരെ ആദരിക്കുന്നതിനു പകരം നിന്ദിക്കുന്ന ഈ ഏര്‍പ്പാട് ആരെ പ്രീണിപ്പിക്കാനാണ്?

വര്‍ഗസമരം എന്നു പറയുന്നത് പാര്‍ടികളോ സംഘടനകളോ തീരുമാനിച്ചു നടത്തുന്ന പിക്കറ്റിങ്, സത്യഗ്രഹം എന്നിവയെപ്പോലുള്ള ഒരു സമരം എന്നാണ് ഈ കൂട്ടരുടെ ധാരണ എന്നുതോന്നുന്നു. 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ആദ്യ അധ്യായത്തിലെ ആദ്യ വാചകമായി “നാളിതുവരെ നിലനിന്ന എല്ലാസമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്”എന്ന് സംശയരഹിതമായി രേഖപ്പെടുത്തുമ്പോള്‍ മാര്‍ക്സിനും എംഗല്‍സിനും, അവരെ ആ മാനിഫെസ്റ്റോ എഴുതാന്‍ ചുമതലപ്പെടുത്തിയ കമ്യൂണിസ്റ്റ് ലീഗിനും ഏതായാലും അവര്‍ കമ്മിറ്റികൂടി തീരുമാനിച്ചുണ്ടാക്കിയതാണ് വര്‍ഗസമരം എന്ന ധാരണ ഉണ്ടായിരുന്നില്ലല്ലോ.

ലോകത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ വിപ്ളവപ്രസ്ഥാനത്തിന്റെ കരുത്തിനെ ഭയപ്പെട്ടവര്‍- മിശിഹായെ ഭയന്ന റോമന്‍ ചക്രവര്‍ത്തിയെപ്പോലെ പരിഭ്രാന്തരായി. “യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസം എന്ന ഭൂതം”എന്ന് അലമുറയിട്ടപ്പോഴും, വര്‍ഗസമരം ആരെങ്കിലും കമ്മിറ്റികൂടി നടത്തുന്ന ഒന്നാണ് എന്ന ധാരണ അവരെയും ബാധിച്ചിരുന്നില്ല.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ മഹാപണ്ഡിതര്‍ ദയവുചെയ്ത് “അഞ്ജനമെന്നത് ഞാനറിയും”എന്ന് ആര്‍ത്തുവിളിക്കരുത്. അധികാരം നിലനിര്‍ത്താനും പാര്‍ടി സംരക്ഷിക്കാനുമായി വര്‍ഗീയത ആയുധമാക്കുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നത് ഇന്ത്യ ഭരിക്കുന്നവരെക്കുറിച്ചാണോ? ആണെങ്കില്‍ ആ നിരീക്ഷണം പൂര്‍ണമായും ശരിതന്നെയാണല്ലോ. ഭൂതക്കാലത്തേക്കൊന്നും ഒട്ടും പോകേണ്ടതില്ല. ഇക്കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഒറീസയില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തുപിടിച്ച് മത്സരിക്കുന്ന മനോഹരദൃശ്യം കണ്ട് കത്തോലിക്കാ കോണ്‍ഗ്രസുകാരും സായുജ്യമടഞ്ഞിട്ടുണ്ടാകുമല്ലോ. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികളുടെ നെഞ്ചിലെ ചോര ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത കൊലക്കത്തികള്‍ പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒറീസയിലെ സംഘപരിവാറുകാരുമായി ചങ്ങാത്തംകൂടി മത്സരിക്കാന്‍ ചെറിയൊരു മനക്കടുപ്പമൊന്നും പോരാ. അവരെക്കുറിച്ചാണോ പ്രമേയത്തിലെ ഈ ഭാഗം? അല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത് ഇടതുപക്ഷത്തിന്റെ പള്ളയ്ക്കൊരു കുത്താണ്! നിര്‍ഭാഗ്യവശാല്‍ അത് കൊള്ളുന്നത് പറയുന്നവരുടെ മര്‍മസ്ഥാനങ്ങളില്‍ത്തന്നെയാണ്.

മതാടിസ്ഥാനത്തിലുള്ള ഏകീകരണത്തിനും ദൃഢീകരണത്തിനും വേണ്ടി കരുനീക്കം നടത്തുന്നവര്‍ ആരാണ്? മത-ജാതി ശക്തികളുടെ സമ്പൂര്‍ണമായ ഏകോപനസമിതിയായി യുഡിഎഫിനെ മാറ്റിത്തീര്‍ക്കാന്‍ മെനക്കെടുന്നവര്‍ ആരാണ്? ക്രിസ്ത്യാനികളുടെ മക്കള്‍ ക്രിസ്ത്യാനികളുടെ വിദ്യാലയങ്ങളില്‍ത്തന്നെ പഠിക്കണമെന്ന് ആഹ്വാനം നല്‍കിയത് ആരാണ്? ക്രിസ്ത്യാനിയുടെ കാര്യം പറയാന്‍ ക്രിസ്ത്യാനിക്കും മുസല്‍മാന്റെ കാര്യം പറയാന്‍ മുസല്‍മാനുമാണ് അധികാരം എന്ന നിലപാട് സ്വീകരിക്കുന്നവര്‍ ആരാണ്? അവരുടെ തലയിലാണ് പ്രമേയത്തിലെ ഈ ആക്ഷേപത്തൊപ്പി ചാര്‍ത്തി കൊടുക്കേണ്ടത്. അത് ഇടതുപക്ഷത്തിന്റെ നേര്‍ക്ക് നീട്ടിക്കാണിക്കേണ്ടതില്ല.

“വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന നിയമപരിഷ്കരണ നിര്‍ദേശങ്ങളിലെ ക്രൈസ്തവ വിരുദ്ധ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭത്തെ നേരിടേണ്ടി വരും”എന്നൊരു മുന്നറിയിപ്പും പ്രമേയത്തിലുള്ളതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൊരു തമാശയാണ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്നതുപോലുള്ളൊരു നിയമപരിഷ്കരണ നിര്‍ദേശം കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെയോ അതിന് നേതൃത്വം നല്‍കുന്ന മുന്നണിയുടെയോ പരിഗണനയിലില്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കമീഷന്‍ ശുപാര്‍ശകള്‍ കമീഷന്റേതാണ്. ഗവണ്‍മെന്റ് അവ അംഗീകരിക്കുമ്പോഴാണല്ലോ അത് തീരുമാനങ്ങളാകുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവരവും വിവേകവും കത്തോലിക്കാ കോണ്‍ഗ്രസുകാര്‍ക്ക് ഇല്ലാത്തതല്ല പ്രശ്നം- വഴക്കുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ഇലയില്‍ ചവുട്ടിയും അതുണ്ടാക്കുക എന്നതാണല്ലോ നമ്മുടെ പരിചിതപരിപാടി.

പഴയകാലത്തെപ്പോലെ ഈ വിലാപങ്ങളും വെളിപാടുകളും ഏശുന്നില്ലെന്നതാണ് ഇക്കൂട്ടരില്‍ പലരെയും അരിശം കൊള്ളിക്കുന്നത്. വിമോചനസമരകാലത്തെക്കുറിച്ചുള്ള ഒരു നൊസ്റ്റാള്‍ജിയ മനസ്സിന്റെ സമനില തെറ്റിക്കുന്നിടത്തോളം പോവുകയാണ്. എന്തുചെയ്യാം! കാലം മാറിപ്പോയി. ആളുകള്‍ അക്ഷരം വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ റഷ്യയിലെ പള്ളികളൊക്കെ ഭ്രാന്താശുപത്രികളും കാഴ്ചബംഗ്ളാവുകളും ആക്കിയെന്നും 60 കഴിഞ്ഞവരെയൊക്കെ വെടിവച്ചുകൊല്ലുകയാണെന്നും എല്ലാ അപ്പന്മാര്‍ക്കുംകൂടി അമ്മമാരുടെ കൂട്ടമാണെന്നും ഒക്കെ കേട്ട് രോഷംകൊണ്ടിരുന്ന ഒരു പഴയ തലമുറയുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ മക്കള്‍ ലോകം കണ്‍മുമ്പില്‍ കാണുകയാണ്. അവരെ എന്തെങ്കിലും പറഞ്ഞ് വഴിതെറ്റിക്കാനാവുകയില്ല.

ബേബി ജോണ്‍ ദേശാഭിമാനി 23062010

3 comments:

  1. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 91-ാം വാര്‍ഷികസമ്മേളനം അംഗീകരിച്ച പ്രമേയങ്ങളും അവിടെ നടന്ന പ്രസംഗങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

    “പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ മാര്‍ പവ്വത്തില്‍ സഭാ മേലധ്യക്ഷരെ വിഭജിച്ച് സഭയെ ബലഹീനമാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്”എന്നാണ് പരിതപിച്ചത്.

    ആരാണീ ചിലര്‍? ഇവര്‍ ശത്രുക്കളാണെങ്കില്‍ അവരെ പരസ്യമായി പറയാന്‍ മടിക്കുന്നതെന്തിനാണ്?

    ReplyDelete
  2. “പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ മാര്‍ പവ്വത്തില്‍ സഭാ മേലധ്യക്ഷരെ വിഭജിച്ച് സഭയെ ബലഹീനമാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്”എന്നാണ് പരിതപിച്ചത്.

    ആരാണീ ചിലര്‍? ഇവര്‍ ശത്രുക്കളാണെങ്കില്‍ അവരെ പരസ്യമായി പറയാന്‍ മടിക്കുന്നതെന്തിനാണ്?


    "ചിലര്" ആരാണെന്നുള്ള ബോധ്യത്തില്‍ നിന്നും ഉണ്ടായ പോസ്ടായിരിക്കുമല്ലോ ഇത് ...

    ReplyDelete