Wednesday, June 16, 2010

വിവാദ ഭേദഗതി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍

ദോഷകരമായ വ്യവസ്ഥകളോടുകൂടിയ ആണവബാധ്യതാ ബില്‍ തിടുക്കത്തില്‍ നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം. വിമര്‍ശം ശക്തമായപ്പോള്‍ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമെന്ന് സര്‍ക്കാര്‍. ബില്ലില്‍ നിര്‍ദേശിച്ച വിവാദഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ആണവോര്‍ജവകുപ്പ് സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി യോഗത്തെ അറിയിച്ചു. ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണംചെയ്യുന്ന വിദേശകമ്പനികള്‍ക്ക്കൂടി ബാധ്യത കൊണ്ടുവരുന്ന ബില്ലിലെ 17(ബി) വകുപ്പ് എടുത്തുകളയുന്നതടക്കം ചില ഭേദഗതികള്‍ കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് തല്‍ക്കാലത്തേക്ക് പിന്‍വലിക്കാമെന്ന ഉറപ്പാണ് ആണവോര്‍ജവകുപ്പ് നല്‍കിയത്.

ഭോപാല്‍ കൂട്ടക്കൊലയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ബില്ലിനെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടാന്‍ അവസരമൊരുക്കണമെന്നും സമിതിയിലെ പ്രതിപക്ഷ പാര്‍ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലോക്സഭയില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗം സുബ്ബിരാമി റെഡ്ഡി തലവനായ ശാസ്ത്ര- സാങ്കേതിക സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ പരിഗണനയിലാണ്. ചൊവ്വാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തെ പല അംഗങ്ങളും വിമര്‍ശിച്ചു. ബില്ലിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വ്യവസായസംഘടനകളായ ഫിക്കിയുടെയും സിഐഐയുടെയും പ്രതിനിധികളും ആണവോര്‍ജ വകുപ്പടക്കം ബില്ലുമായി ബന്ധപ്പെട്ട അഞ്ച് വകുപ്പിന്റെ സെക്രട്ടറിമാരും സന്നിഹിതരായിരുന്നു. സര്‍ക്കാരിന്റെയും വ്യവസായലോബിയുടെയും മാത്രം അഭിപ്രായങ്ങള്‍ കേട്ട് നിഗമനത്തിലെത്താനാകില്ലെന്നും സ്വതന്ത്രരായ വിദഗ്ധരുടെ അഭിപ്രായങ്ങള്‍കൂടി ആരായണമെന്നും സമിതിയംഗങ്ങള്‍ പറഞ്ഞു.

ബില്ലിന്റെ ഇപ്പോഴത്തെ രൂപപ്രകാരം ആണവദുരന്തമുണ്ടായാല്‍ ആണവസാമഗ്രികള്‍ വിതരണംചെയ്യുന്ന വിദേശ ആണവകമ്പനികള്‍ക്ക് നേരിട്ട് ബാധ്യത വരുന്നില്ല. എന്നാല്‍, പരോക്ഷബാധ്യത കൊണ്ടുവരുന്നതാണ് 17(ബി) വകുപ്പ്. ദുരന്തത്തിന് കാരണം വിദേശവിതരണ കമ്പനിയുടെ അശ്രദ്ധയാണെങ്കില്‍ ആണവനിലയം നടത്തുന്ന കമ്പനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവസരമൊരുക്കുന്നതാണ് 17(ബി) വകുപ്പ്. ഈ വകുപ്പ് എടുത്തുകളയാന്‍ അമേരിക്കയിലെ സ്വകാര്യ ആണവകമ്പനികള്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിങ്കമ്മിറ്റി മുമ്പാകെ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഭോപാല്‍ വിധി വന്നതോടെ ആണവബാധ്യതാ ബില്ലിനെതിരെ വ്യാപകമായ വിമര്‍ശം ഉയര്‍ന്നു. തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ഭേദഗതി പിന്‍വലിക്കാമെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.
(എം പ്രശാന്ത്)

ദേശാഭിമാനി 16062010

3 comments:

  1. ദോഷകരമായ വ്യവസ്ഥകളോടുകൂടിയ ആണവബാധ്യതാ ബില്‍ തിടുക്കത്തില്‍ നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം. വിമര്‍ശം ശക്തമായപ്പോള്‍ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമെന്ന് സര്‍ക്കാര്‍. ബില്ലില്‍ നിര്‍ദേശിച്ച വിവാദഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ആണവോര്‍ജവകുപ്പ് സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി യോഗത്തെ അറിയിച്ചു. ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണംചെയ്യുന്ന വിദേശകമ്പനികള്‍ക്ക്കൂടി ബാധ്യത കൊണ്ടുവരുന്ന ബില്ലിലെ 17(ബി) വകുപ്പ് എടുത്തുകളയുന്നതടക്കം ചില ഭേദഗതികള്‍ കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് തല്‍ക്കാലത്തേക്ക് പിന്‍വലിക്കാമെന്ന ഉറപ്പാണ് ആണവോര്‍ജവകുപ്പ് നല്‍കിയത്.

    ReplyDelete
  2. ആണവബാധ്യതാ ബില്ലിനെക്കുറിച്ച് പൊതുവായ അഭിപ്രായം തേടണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബില്ലിനെക്കുറിച്ച് ട്രേഡ്യൂണിയനുകളുടെ അഭിപ്രായം തേടണമെന്ന സിഐടിയുവിന്റെ അഭിപ്രായം സ്വീകരിക്കാനും ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. ആണവമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും വിഷയത്തില്‍ താല്‍പ്പര്യമുള്ളവരുടെയും അഭിപ്രായം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ബന്ധമായും കേള്‍ക്കണമെന്ന് സമിതിയിലെ സിപിഐ എം അംഗമായ സമന്‍പാഥക്കാണ് ആവശ്യപ്പെട്ടത്. സിപിഐ, ആര്‍എസ്പി, ആര്‍ജെഡി അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ആണവശാസ്ത്രജ്ഞനും ആണവോര്‍ജ നിയന്ത്രണസമിതിയുടെ മുന്‍ അധ്യക്ഷനുമായ ഡോ. എ ഗോപാലകൃഷ്ണന്റെയും ഡല്‍ഹി സയന്‍സ് ഫോറം പ്രവര്‍ത്തകനും ഊര്‍ജവിദഗ്ധനുമായ പ്രബീര്‍ പുര്‍കായസ്തയുടെയും അഭിപ്രായം സമിതി ആരായും. ആണവബാധ്യതാ ബില്ലിനെ ഇന്നത്തെ രൂപത്തില്‍ ശക്തമായി എതിര്‍ക്കുന്നവരാണ് ഇരുവരും. സുരക്ഷ മനസ്സിലാക്കുന്നതിന് രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സമിതി തീരുമാനിച്ചു.

    ReplyDelete
  3. ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണമെന്ന് സമിതിയുടെ മുമ്പില്‍ ഹാജരായ വ്യവസായികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ഫിക്കി, അസോച്ചം, സിഐഐ സംഘടനകളുടെ പ്രതിനിധികളുമായാണ് ആണവബാധ്യതാ ബില്ലിനെക്കുറിച്ച് പാര്‍ലമെന്ററി സമിതി ബുധനാഴ്ച ആശയവിനിമയം നടത്തിയത്. 1957ലെ ആണവോര്‍ജ നിയമത്തില്‍ പൊതുമേഖലയ്ക്ക് നിര്‍വചനമായി നല്‍കിയിരിക്കുന്നത് 51 ശതമാനം സര്‍ക്കാര്‍ ഓഹരിയാണെന്നും അതിനാല്‍ പ്രസ്തുത നിയമമനുസരിച്ചുതന്നെ 49 ശതമാനം സ്വകാര്യവല്‍ക്കരണം ആകാമെന്നുമാണ് വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍ വാദിച്ചത്. പൊതു-സ്വകാര്യ സംരംഭങ്ങള്‍ക്ക് ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്ക് താല്‍പ്പര്യമുണ്ടെന്നും അവര്‍ സമിതിയെ അറിയിച്ചു. ലോക്സഭയില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണിപ്പോള്‍.

    ReplyDelete