Tuesday, June 29, 2010

എണ്ണമേഖല റിലയന്‍സിന്റെ കൈപ്പിടിയിലേക്ക്

രാജ്യത്തെ പെട്രോളിയംമേഖല പൂര്‍ണമായും റിലയന്‍സിന്റെ കൈകളിലേക്ക്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് പൊതുമേഖലയുടെ കുത്തകയായിരുന്ന ഈ രംഗം റിലയന്‍സിന്റെ കൈപ്പിടിയിലെത്തിക്കുന്നത്. എണ്ണമേഖലയിലെ ഭീമനായി റിലയന്‍സ് കമ്പനിയെ വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യമേഖലയ്ക്ക് വിട്ടത്.

തന്ത്രപ്രധാനമായ ഊര്‍ജമേഖലയില്‍ പൊതുമേഖലയെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി സ്വകാര്യമേഖലയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് റിലയന്‍സും എസ്സാറും മറ്റും ഈ മേഖലയിലേക്ക് കടന്നുവന്നത്. റിലയന്‍സ് പ്രധാനമായും എണ്ണശുദ്ധീകരണരംഗത്താണ് ശ്രദ്ധിച്ചത്. ശുദ്ധീകരണത്തിന് പൊതുമേഖലയില്‍ ആവശ്യത്തിന് സൌകര്യമുണ്ടായിട്ടും റിലയന്‍സിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. ഇതോടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ 35 ശതമാനമായി അധിക ഉല്‍പ്പാദനമുണ്ടായി. പിന്നീട് റിലയന്‍സിനെ സഹായിക്കാന്‍ കയറ്റുമതി അനുവദിച്ചു. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ അസംസ്കൃത എണ്ണ നികുതിയില്ലാതെ ഇറക്കുമതി അനുവദിച്ചു. വന്‍ തുക സബ്സിഡിയും നല്‍കി. 2008-09ല്‍ മാത്രം സ്വകാര്യകമ്പനികള്‍ 85,000 കോടി രൂപയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് കയറ്റുമതിചെയ്തത്. 2005-06ല്‍ റിലയന്‍സ് മാത്രം ഈ ഇടപാടില്‍ 5915 കോടി രൂപ നേടിയപ്പോള്‍, 2008-09ല്‍ ഇത് 15,000 കോടിയായി ഉയര്‍ന്നു.

അമേരിക്കയില്‍പ്പോലും റിഫൈനറികള്‍ അമിതലാഭനികുതി കൊടുക്കണം. എന്നാല്‍, ഇന്ത്യയില്‍ റിലയന്‍സും മറ്റും ഇത്തരമൊരു നികുതി നല്‍കാതെയാണ് കൊള്ളലാഭം കൊയ്യുന്നത്. പെട്രോളിയം രാസവള മന്ത്രാലയത്തിന്റെ സ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നികുതി നടപ്പാക്കിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഐഒസിയും മറ്റും സര്‍ക്കാരിന് നികുതിയും ലാഭവിഹിതവും നല്‍കണം. ഇതിനു പുറമെ സെസ് നല്‍കണമെന്നും സര്‍ക്കാര്‍ ശഠിച്ചു.

ഒരു ടണ്ണിന് 900 രൂപയാണ് 2000-01ല്‍ സെസ്സായി നല്‍കേണ്ടതെങ്കില്‍ 2006ല്‍ 2500 രൂപയായി വര്‍ധിച്ചു. 1974നു ശേഷംമാത്രം ഈയിനത്തില്‍ 80,000 കോടിയാണ് സര്‍ക്കാര്‍ ലഭിച്ചത്. റിലയന്‍സിന് സെസ് നല്‍കേണ്ടതില്ല. കയറ്റുമതി പ്രോത്സാഹനത്തിനായി എണ്ണശുദ്ധീകരണത്തിനും അനുമതി നല്‍കി. തുടര്‍ന്ന് ആഭ്യന്തരകമ്പോളത്തില്‍ ചില്ലറ വില്‍പ്പനയ്ക്കും അനുവാദം നല്‍കി. ഇത് റിലയന്‍സിന് വന്‍ ലാഭം നേടിക്കൊടുത്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ ഈ ലാഭം പതിന്മടങ്ങ് വര്‍ധിക്കുമെന്ന് കണ്ട റിലയന്‍സ് ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ഇതില്‍ വിജയിച്ചതോടെ റീട്ടെയ്ല്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഗോദാവരി തീരത്തുനിന്നും റിലയന്‍സ് വാതകം ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചതോടെ അതില്‍നിന്നും കൊള്ളലാഭം നേടാന്‍ അംബാനിയെ സഹായിക്കാനും സര്‍ക്കാര്‍ തയ്യാറായി. ഒരു യൂണിറ്റ് വാതകത്തിന് 1.8 ഡോളറാണ് പൊതുമേഖലാ കമ്പനികള്‍ ഈടാക്കിയത്. എന്നാല്‍, റിലയന്‍സ് ഈ രംഗത്ത് വന്നതോടെ കഴിഞ്ഞവര്‍ഷം ഈ തുക 4.2 ഡോളറായി ഉയര്‍ത്തി. ഇതിലൂടെയും കോടികളാണ് റിലയന്‍സ് കീശയിലാക്കിയത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 29062010

2 comments:

  1. രാജ്യത്തെ പെട്രോളിയംമേഖല പൂര്‍ണമായും റിലയന്‍സിന്റെ കൈകളിലേക്ക്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് പൊതുമേഖലയുടെ കുത്തകയായിരുന്ന ഈ രംഗം റിലയന്‍സിന്റെ കൈപ്പിടിയിലെത്തിക്കുന്നത്. എണ്ണമേഖലയിലെ ഭീമനായി റിലയന്‍സ് കമ്പനിയെ വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യമേഖലയ്ക്ക് വിട്ടത്.

    ReplyDelete
  2. കോടീശ്വരന്മാര്‍ നീണാള്‍ വാഴട്ടെ!

    ReplyDelete