പിഎസ്സി പരീക്ഷയുടെ ഉത്തരക്കടലാസ് സ്വയം മൂല്യനിര്‍ണയം നടത്തി ഉദ്യോഗാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പുനര്‍ മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലാത്ത പരീക്ഷയില്‍ അതു നടത്താന്‍ ഉത്തരവിട്ട കോടതിനടപടി തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ സിവില്‍ജഡ്ജി നിയമനത്തിനു നടത്തിയ പിഎസ്സി പരീക്ഷയാണ് തര്‍ക്കവിഷയമായത്. മറ്റ് അധികാരസ്ഥാനങ്ങളുടെ ചുമതലകള്‍ സ്വയം ഏറ്റെടുത്ത് കോടതികള്‍ക്ക് ഉത്തരവുകള്‍ ഇറക്കാനാവില്ലെന്നത് സുപ്രീം കോടതി മുമ്പുതന്നെ തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെന്ന് ജ. ഡോ. ബി എസ് ചൌഹാനും ജ. സ്വന്തേര്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2010 മെയ് 25ന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
സിവില്‍ജഡ്ജി നിയമനത്തിനുള്ള പരീക്ഷയ്ക്ക് സിവില്‍ നിയമം-2 വിഷയത്തിന് 45 ശതമാനം മാര്‍ക്ക് കിട്ടാതിരുന്ന ഉദ്യോഗാര്‍ഥിയായ മുകേഷ് താക്കൂറാണ് കോടതിയിലെത്തിയത്. നിയമന ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ വിഷയത്തിലും 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ലഭിച്ചാലേ നിയമനത്തിന് അര്‍ഹത ലഭിക്കൂ. മറ്റു വിഷയങ്ങള്‍ക്ക് താക്കൂറിന് 45 ശതമാനം മാര്‍ക്കുണ്ട്. കിട്ടാത്ത വിഷയത്തില്‍ പുനര്‍ മൂല്യനിര്‍ണയം ആവശ്യപ്പെട്ടാണ് താക്കൂര്‍ ഹിമാചല്‍ ഹൈക്കോടതിയിലെത്തിയത്. കോടതി പിഎസ്സിയോട് താക്കൂറിന്റെ ഉത്തരക്കടലാസ് ആവശ്യപ്പെട്ടു. ഉത്തരക്കടലാസ് പരിശോധിച്ച കോടതി രണ്ടു ചോദ്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇവയുടെ ഉത്തരം ശരിയായി മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. താക്കൂറിനായി പ്രത്യേക ഇന്റര്‍വ്യു നടത്താനും ഇടക്കാല ഉത്തരവില്‍ പറഞ്ഞു. പിഎസ്സി നല്‍കിയ അപ്പീലില്‍ ഈ ഇടക്കാല ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. കേസ് വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി.
പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലെന്ന് പിഎസ്സി ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും ഉത്തരക്കടലാസ് മറ്റൊരു പരീക്ഷകന് അയക്കാനാണ് വീണ്ടും കേസ് പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടത്. ഈ പരീക്ഷകന്‍ താക്കൂറിന് 45 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കി. ഇതു പരിഗണിച്ച് താക്കൂറിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവും നല്‍കി. കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലായി. പുനര്‍മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലാത്ത പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിന് ഉത്തരവിട്ടത് തെറ്റാണെന്ന് പിഎസ്സി വാദിച്ചു. രണ്ടു ചോദ്യങ്ങള്‍ ശരിയായല്ല തയ്യാറാക്കിയിരിക്കുന്നതെന്ന നിഗമനത്തിനും അര്‍ഥമില്ല. ആ പ്രശ്നം എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഒരുപോലെ ബാധകമായതാണ്. അതിന്റെ പേരില്‍ ഒരാളുടെ ഉത്തരക്കടലാസ് മാത്രം പുനര്‍മൂല്യനിര്‍ണയം നടത്തിയാല്‍ ശരിയാകില്ല. അങ്ങിനെയാണെങ്കില്‍ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെ ഉത്തരങ്ങളും വീണ്ടും വിലയിരുത്തേണ്ടിവരും.
എന്നാല്‍ ചോദ്യങ്ങളില്‍ കോടതി കുഴപ്പം കണ്ടതിനാലും കോടതി നിര്‍ദേശിച്ച മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതിനാലും നിയമനത്തിന് അര്‍ഹതയുണ്ടെന്ന് താക്കൂറും വാദിച്ചു. പരീക്ഷയുടെ ചട്ടങ്ങള്‍ സുപ്രീം കോടതി പരിശോധിച്ചു. അതില്‍ പുനര്‍മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ല. ജോലിക്കുള്ള പരസ്യത്തില്‍ത്തന്നെ ഇക്കാര്യം പറയുന്നുമുണ്ട്. ഹൈക്കോടതി രണ്ടു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയ്ക്കു കിട്ടിയ മാര്‍ക്ക് പോരെന്നും വിലയിരുത്തുന്നു. ഇത് കോടതി ചെയ്യേണ്ട കാര്യമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍ യാദൃച്ഛികമായി വിഷയം നിയമമായതുകൊണ്ട് ഹൈക്കോടതിക്ക് ഉത്തരങ്ങള്‍ വിലയിരുത്താനായി. വിഷയം ഊര്‍ജതന്ത്രമോ, രസതന്ത്രമോ, ഗണിതശാസ്ത്രമോ ആയിരുന്നെങ്കില്‍ കോടതിക്ക് എന്തുചെയ്യാന്‍ കഴിയുമായിരുന്നു?- സുപ്രീം കോടതി ചോദിച്ചു. കോടതി ചെയ്യാന്‍പാടുള്ള കാര്യമല്ല ഈ വിഷയത്തില്‍ ചെയ്തത് എന്നുതന്നെയാണ് തങ്ങളുടെ സുചിന്തിത അഭിപ്രായം- ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നിയമപ്രകാരം സ്ഥാപിതമായ അധികാരസ്ഥാനങ്ങളുടെ ചുമതലകള്‍ കോടതികള്‍ ഏറ്റെടുക്കരുതെന്ന് മുമ്പും സുപ്രീം കോടതി പല വിധികളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള ഏതാനും മുന്‍കാല വിധികളും ഈ വിധിയില്‍ സുപ്രീം കോടതി ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച മുന്‍കാല വിധികളും സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. പുനര്‍മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലാത്ത ഒരു പരീക്ഷയുടെ ഉത്തരക്കടലാസ് വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന് ഉത്തരവിടാന്‍ കോടതികള്‍ക്ക് അധികാരമില്ല. പുനര്‍മൂല്യനിര്‍ണയം വേണ്ട എന്നത് നയപരമായ തീരുമാനമെടുത്ത് ചട്ടങ്ങളില്‍ ചേര്‍ത്തിട്ടുള്ള കാര്യമാണ്. ആ നയപരമായ തീരുമാനം ശരിയല്ലെന്നു തോന്നിയാലും ആ വ്യവസ്ഥ നിലവിലുള്ള ഏതെങ്കിലും ചട്ടങ്ങളുടെ ലംഘനമാണെങ്കിലുംമാത്രമേ കോടതിക്ക് ഇടപെടാന്‍ കഴിയൂ. മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ആന്‍ഡ് അനദര്‍ വേഴ്സസ് പരിതോഷ് ഭൂപേഷ് കുമാര്‍ സേത്ത്, പ്രഷോഭ്കുമാര്‍ ശ്രീവാസ്തവ വേഴ്സസ് ചെയര്‍മാന്‍, ബിഹാര്‍ പിഎസ്സി തുടങ്ങിയ കേസുകളിലൊക്കെ ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്- വിധിയില്‍ പറഞ്ഞു.
അഡ്വ. കെ ആര്‍ ദീപ deshabhimani
പിഎസ്സി പരീക്ഷയുടെ ഉത്തരക്കടലാസ് സ്വയം മൂല്യനിര്‍ണയം നടത്തി ഉദ്യോഗാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പുനര്‍ മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലാത്ത പരീക്ഷയില്‍ അതു നടത്താന്‍ ഉത്തരവിട്ട കോടതിനടപടി തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ സിവില്‍ജഡ്ജി നിയമനത്തിനു നടത്തിയ പിഎസ്സി പരീക്ഷയാണ് തര്‍ക്കവിഷയമായത്. മറ്റ് അധികാരസ്ഥാനങ്ങളുടെ ചുമതലകള്‍ സ്വയം ഏറ്റെടുത്ത് കോടതികള്‍ക്ക് ഉത്തരവുകള്‍ ഇറക്കാനാവില്ലെന്നത് സുപ്രീം കോടതി മുമ്പുതന്നെ തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെന്ന് ജ. ഡോ. ബി എസ് ചൌഹാനും ജ. സ്വന്തേര്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2010 മെയ് 25ന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ReplyDelete