Monday, June 28, 2010

എണ്ണവിലയില്‍ ഇന്ത്യ മുന്നില്‍ത്തന്നെ

കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു എണ്ണവിലയില്‍ ഇന്ത്യ മുന്നില്‍ത്തന്നെ

പെട്രോളിനും ഡീസലിനും രാജ്യത്ത് കുറഞ്ഞ വിലയായതിനാലാണ് അതു വര്‍ധിപ്പിച്ചതെന്ന യുപിഎ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു. വികസിതരാഷ്ട്രങ്ങളിലെ നിരക്കിലുള്ള വില ഏതാണ്ട് ഇന്ത്യയിലും ഈടാക്കുന്നുവെന്നതാണ് വസ്തുത. പ്രമുഖ രാഷ്ട്രങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലേതിനേക്കാള്‍ വിലയുണ്ടെന്നും വന്‍ശക്തിയാകാന്‍ ഇന്ത്യയിലും വില ഉയര്‍ത്തണമെന്നുമാണ് പെട്രോളിയം മന്ത്രാലയം വാദിക്കുന്നത്. എന്നാല്‍, വര്‍ധിപ്പിക്കുംമുമ്പുതന്നെ വികസിത രാഷ്ട്രങ്ങളിലേതിനു തുല്യമായ വില ഇന്ത്യയിലും ഉണ്ടായിരുന്നെന്ന് കണക്ക് വ്യക്തമാക്കുന്നു.

അമേരിക്കയെ മാതൃകയാക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോള്‍ വിലയുടെ കാര്യത്തില്‍ അതു മറന്നു. അമേരിക്കയില്‍ ഒരു ലിറ്റര്‍ ഡീസലിന് 35 രൂപയും പെട്രോളിന് 34 രൂപയുമാണ്. മാത്രമല്ല, ഇന്ത്യയില്‍ പെട്രോളിനുമേലുള്ള നികുതിവിലയുടെ പകുതിയിലധികം വരുമ്പോള്‍ അമേരിക്കയില്‍ പെട്രോളിന് 0.11 ഡോളറും (5.65 രൂപ) ഡീസലിന് 0.12 ഡോളറും (5.10 രൂപ) മാത്രമാണ് നികുതി. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് നേരിയതോതില്‍ കൂടുതല്‍ വില. എന്നാല്‍, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ ഗുണനിലവാരമുള്ള പെട്രോളും ഡീസലുമാണ് വിതരണം ചെയ്യുന്നത്. ഗുണം കുറഞ്ഞ ഇന്ധനത്തിനു കൂടുതല്‍ വില നല്‍കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രാജ്യാന്തര നിലവാരത്തിലാക്കാന്‍ മത്സരിക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതനിലവാരം അതേ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിഐടിയു ദേശീയ സെക്രട്ടറിയും പെട്രോളിയം മേഖലയിലെ തൊഴിലാളികളുടെ നേതാവുമായ ദേവ്റോയ് പറഞ്ഞു. മനുഷ്യവികസന സൂചികയില്‍ 180 രാജ്യത്തിന്റെ പട്ടികയില്‍ 134-ാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ 70 ശതമാനം ജനങ്ങളും ദിവസം 20 രൂപപോലും വരുമാനമില്ലാത്തവരാണെന്ന് സര്‍ക്കാര്‍ നിയമിച്ച കമീഷന്‍ തന്നെയാണ് കണ്ടെത്തിയത്. അത്തരമൊരു രാജ്യത്ത് പെട്രോളിയം വിലമാത്രം രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് സ്വകാര്യ എണ്ണക്കമ്പനികളെ മാത്രം സഹായിക്കാനാണ്-ദേവ്റോയ് പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 28062010

2 comments:

  1. പെട്രോളിനും ഡീസലിനും രാജ്യത്ത് കുറഞ്ഞ വിലയായതിനാലാണ് അതു വര്‍ധിപ്പിച്ചതെന്ന യുപിഎ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു. വികസിതരാഷ്ട്രങ്ങളിലെ നിരക്കിലുള്ള വില ഏതാണ്ട് ഇന്ത്യയിലും ഈടാക്കുന്നുവെന്നതാണ് വസ്തുത. പ്രമുഖ രാഷ്ട്രങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലേതിനേക്കാള്‍ വിലയുണ്ടെന്നും വന്‍ശക്തിയാകാന്‍ ഇന്ത്യയിലും വില ഉയര്‍ത്തണമെന്നുമാണ് പെട്രോളിയം മന്ത്രാലയം വാദിക്കുന്നത്. എന്നാല്‍, വര്‍ധിപ്പിക്കുംമുമ്പുതന്നെ വികസിത രാഷ്ട്രങ്ങളിലേതിനു തുല്യമായ വില ഇന്ത്യയിലും ഉണ്ടായിരുന്നെന്ന് കണക്ക് വ്യക്തമാക്കുന്നു.

    ReplyDelete
  2. ചൈനയില്‍ പെട്രോളിന്റെയും ഡീസലിന്ടെയുമ് വില ഒന്ന് പറഞ്ഞു തരാമോ ? അറിയാന്‍ വേണ്ടി മാത്രമാണ്.

    ReplyDelete