Thursday, June 10, 2010

പകര്‍ച്ചപ്പനിയും ആയുധമോ?

ആരോഗ്യവകുപ്പിന് കീഴിലെ നൂറിലേറെ ആശുപത്രികളില്‍ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത് ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി. പകര്‍ച്ചപ്പനി പടര്‍ന്നുപടിക്കുന്നതിനിടയില്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് അത്തരക്കാര്‍ പ്രചാരണമാരംഭിച്ചു. അത് ഏറ്റുപിടിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞു. കേരളം പനിച്ച് വിറയ്ക്കുന്നു ; പനി നിലയന്ത്രണമില്ലാതെ പടരുന്നു; കൊടുംവിപത്ത് ഇതാ വന്നിരിക്കുന്നു എന്ന മട്ടിലാണ് ഭീതിജനിപ്പിക്കുന്ന പ്രചാരണം മുന്നേറിയത്. ഈ സ്ഥിതിയില്‍, ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാനത്ത് ഭീതിജനകമായ സ്ഥിതി ഇല്ലെന്നും പനി പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ ഭീതിയിലാക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് കേട്ടപാടെ പനി മാധ്യമസൃഷ്ടിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി പ്രചരിപ്പിച്ചായി തുടര്‍ആക്രമണം.

പനിയുടെ കണക്ക് പെരുപ്പിച്ചുകാണിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് തുടരുകയാണവര്‍. വിവിധതരം പനികള്‍ നാട്ടില്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. എല്ലാകാലത്തും ഉള്ളതാണത്. മഴക്കാലം വരുമ്പോള്‍ പനിപിടിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. എന്നാല്‍, പനിബാധയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉല്‍ക്കണ്ഠപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് വ്യക്തമാണ്.

ഉദാഹരണമായി 2003ല്‍ സംസ്ഥാനത്ത് ഡെങ്കുപ്പനി ബാധിച്ച് 68 പേര്‍ മരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഡെങ്കുപ്പനി മരണങ്ങള്‍ ഏറിയും കുറഞ്ഞും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ വര്‍ഷം മൂന്നുപേര്‍ മാത്രമാണ് ഡെങ്കുപ്പനി ബാധയെ തുടര്‍ന്ന് മരിച്ചതായി സംശയിക്കുന്നത്. എലിപ്പനിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ വര്‍ഷം ഇതാണ്. 2006ല്‍ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ചിക്കുന്‍ഗുനിയ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഭീതിപരത്തിയെങ്കിലും ഈ വര്‍ഷം ഇതുവരെ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണുണ്ടായിട്ടുള്ളത്. പകര്‍ച്ചപ്പനിയാകെ എടുത്താലും ഇതേതോതില്‍ കുറഞ്ഞുവരുന്നതായി കാണാം.

മന്ത്രി ഇക്കാര്യം പറഞ്ഞതിനാണ് ഇപ്പോള്‍ കുതിര കയറുന്നത്. കേരളത്തില്‍ ആശങ്കാജനകമായ സ്ഥിതിയിലില്ലെന്ന് മാത്രമല്ല, പൂര്‍ണമായും നിയന്ത്രണവിധേയവുമാണ്.

പകര്‍ച്ചപ്പനി കുറഞ്ഞെന്നുപറഞ്ഞ് നിഷ്ക്രിയമായി ഇരിക്കുകയല്ല ആരോഗ്യവകുപ്പും സര്‍ക്കാരും. മുന്‍കാല സര്‍ക്കാരുകളില്‍നിന്നു ഭിന്നമായി കാലേകൂട്ടി രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫോര്‍പ്ളസ് ക്യാമ്പയിന്‍ എന്ന പേരില്‍ നാല് മഴക്കാലരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടിയാണ് പനി പടരുന്നത് നിയന്ത്രിക്കാനായത്. ഏതെങ്കിലും പ്രദേശത്ത് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ആ പ്രദേശത്തേക്ക് വിദഗ്ധസംഘം തന്നെയെത്തി പ്രതിരോധ-ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മുഴുവന്‍ ആശുപത്രികളിലും മരുന്ന് ലഭ്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ആരോഗ്യവകുപ്പ് ഇത്രയേറെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്ന് ആരും പറയില്ല. എന്നിട്ടും പുകമറ സൃഷ്ടിക്കുകയാണ്.

നിര്‍മാര്‍ജനം ചെയ്തെന്ന് നാം കരുതിയ പല രോഗങ്ങളും എന്തുകൊണ്ട് കേരളത്തില്‍ വീണ്ടും വരുന്നു? ഇത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടല്ലേ? പകര്‍ച്ചപ്പനി അടിക്കടി വര്‍ധിച്ചുവരുന്നത് തടയാന്‍ എന്തുകൊണ്ട് ആരോഗ്യവകുപ്പിന് കഴിയുന്നില്ല- ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉയരുന്നത്. ഇതിന് കാരണം ജനങ്ങള്‍ അവരുടെ ആരോഗ്യത്തെ കുറിച്ച് അതീവമായ ജാഗ്രത പുലര്‍ത്തുന്നു; അല്ലെങ്കില്‍ ഉല്‍ക്കണ്ഠാകുലരാകുന്നു എന്നതാണ്. ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി സംസ്ഥാനത്തിന്റെ ഏതെങ്കിലും കോണിലുണ്ടാകുന്ന ചെറിയ സംഭവവികാസങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തുന്നു. ഈ അവസരം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ആയുധമാക്കുകയാണ് തല്‍പരകക്ഷികള്‍.

പകര്‍ച്ചപ്പനികളും ജന്തുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും പ്രതിരോധിക്കുന്നതിന് ഓരോ വ്യക്തിയും കര്‍മനിരതരാകേണ്ടതുണ്ട്. വ്യക്തിശുചിത്വത്തില്‍ അതീവജാഗ്രത കാട്ടുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും കാട്ടുന്ന നിരുത്തരവാദിത്തം ചെറുതല്ല. തന്റെ വീട്ടിലെ മാലിന്യം അയല്‍പക്കത്തെ ആളൊഴിഞ്ഞ പറമ്പിലേക്കോ റോഡരികിലെ ഓവുചാലിലേക്കോ വലിച്ചെറിയുമ്പോള്‍ വലിയൊരു വിപത്തിനെയാണ് നാം ക്ഷണിച്ചുവരുത്തുന്നത്. വീടുകളിലെ ഫ്രിഡ്ജിനടിയിലുള്ള ട്രേയിലെ വെള്ളം കൃത്യമായി മാറ്റാത്തതിനാല്‍ അതുപോലും കൊതുകുകളുടെ വിഹാരകേന്ദ്രമാകുന്നു. എന്റെ വീട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യവും വെള്ളവും നശിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വന്നില്ലെന്ന് പരാതി പറയുന്നതിന് പകരം സ്വയം അവ നശിപ്പിക്കാന്‍ തയ്യാറാകണം.

മഴക്കാലം പൊതുവെ കേരളത്തില്‍ പകര്‍ച്ചപ്പനി ശക്തിപ്പെടുന്ന കാലമാണ്. വൈറസുകള്‍ ശക്തി പ്രാപിക്കുന്നതും മനുഷ്യരുടെ പ്രതിരോധശക്തി കുറയുന്നതുമാണ് ഇതിന് കാരണം. ശക്തിപ്രാപിക്കുന്ന വൈറസുകള്‍ കൊതുകുകളിലൂടെ മനുഷ്യരെ ആക്രമിക്കുന്നു. കൊതുകുകള്‍ പെരുകുന്നത് തടയുകയും ഉറവിടനശീകരണം നടത്തുകയും ചെയ്താല്‍ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെയും ആരോഗ്യവകുപ്പിനെയും സഹായിക്കാന്‍ ബാധ്യതയുള്ള മാധ്യമങ്ങള്‍ രോഗം പരത്തുന്ന കൊതുകുകളുടെ നിലവാരത്തിലേക്ക് താഴുന്നത് ദുഃഖകരമാണ്.

ദേശാഭിമാനി മുഖപ്രസംഗം 10062010

4 comments:

  1. ആരോഗ്യവകുപ്പിന് കീഴിലെ നൂറിലേറെ ആശുപത്രികളില്‍ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് സ്പെഷ്യാലിറ്റി കാഡര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത് ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി. പകര്‍ച്ചപ്പനി പടര്‍ന്നുപടിക്കുന്നതിനിടയില്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് അത്തരക്കാര്‍ പ്രചാരണമാരംഭിച്ചു. അത് ഏറ്റുപിടിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞു. കേരളം പനിച്ച് വിറയ്ക്കുന്നു ; പനി നിലയന്ത്രണമില്ലാതെ പടരുന്നു; കൊടുംവിപത്ത് ഇതാ വന്നിരിക്കുന്നു എന്ന മട്ടിലാണ് ഭീതിജനിപ്പിക്കുന്ന പ്രചാരണം മുന്നേറിയത്. ഈ സ്ഥിതിയില്‍, ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാനത്ത് ഭീതിജനകമായ സ്ഥിതി ഇല്ലെന്നും പനി പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ ഭീതിയിലാക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് കേട്ടപാടെ പനി മാധ്യമസൃഷ്ടിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി പ്രചരിപ്പിച്ചായി തുടര്‍ആക്രമണം.

    ReplyDelete
  2. മാധ്യമസൃഷ്ടി...............???????????????????

    ReplyDelete
  3. മഴക്കാലം പൊതുവെ കേരളത്തില്‍ പകര്‍ച്ചപ്പനി ശക്തിപ്പെടുന്ന കാലമാണ്. വൈറസുകള്‍ ശക്തി പ്രാപിക്കുന്നതും മനുഷ്യരുടെ പ്രതിരോധശക്തി കുറയുന്നതുമാണ് ഇതിന് കാര... ഇങ്ങനെ തന്നെ എന്നും പറയണേ!

    ReplyDelete
  4. പന്നിപ്പനിയെക്കുറിച്ച് (എച്ച് വ എന്‍ വ) പഠനം നടത്താന്‍ വിദഗ്ധ സംഘത്തെ അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആരോഗ്യസെക്രട്ടറി മനോജ് ജോഷി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ജോയിന്റ് സെക്രട്ടറി വിനീത് ചൌധരിക്കയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. പന്നിപ്പനി ചികിത്സയ്ക്കായി സംസ്ഥാനത്തിന് ആവശ്യമായ 31000 വാക്സിന്‍, ആറ് ലക്ഷം ഒസൈല്‍ടാമിവിര്‍ ഗുളിക, 50000 മറ്റ് ഗുളിക, 20000 സിറപ്പ് എന്നിവയും ഗര്‍ഭിണികള്‍ക്ക് നല്‍കാനായി ഇറക്കുമതിചെയ്ത ഒരു ലക്ഷം വാക്സിന്‍ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തിങ്കളാഴ്ച 11 പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും രണ്ടുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചതായി ആരോഗ്യഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ എട്ടുപേര്‍ക്കും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് എലിപ്പനിയും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. സംസ്ഥാനത്തൊട്ടാകെ 18 പേര്‍ക്ക് പന്നിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധ നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലയിലും പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.~പ്രത്യേകം മൊബൈല്‍ ക്ളിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിനും ജില്ലാ ആശുപത്രികളില്‍ പരിശോധനാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും കൊതുകു നശീകരണത്തിനും നടപടികള്‍ സ്വീകരിച്ചു. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

    ReplyDelete