ബേക്കറിപാലവും എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് നല്‍കി മനോരമയുടെ നുണപ്രചാരണം
നഗരത്തിന്റെ മുഖച്ഛായ മാറ്റിയതിന്റെ ക്രെഡിറ്റ് യുഡിഎഫിന് ചാര്‍ത്തിക്കൊടുത്ത് യുഡിഎഫിന്റെ മുഖച്ഛായ മാറ്റാനായി മലയാള മനോരമയുടെ നുണക്കസര്‍ത്ത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഉടലെടുത്ത തലസ്ഥാന നഗരവികസനപദ്ധതി എ കെ ആന്റണിയുടെ തലയില്‍ മൊട്ടിടീക്കാനും പൂര്‍ത്തിയാക്കിയ പദ്ധതികള്‍ യുഡിഎഫിന് ചാര്‍ത്തിക്കൊടുക്കാനുമാണ് മനോരമയുടെ ശ്രമം.
1996-2001ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ തലസ്ഥാന നഗരവികസന പദ്ധതി തയ്യാറാക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. 2002ല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊതുമരാമത്തുവകുപ്പിന് നിര്‍ദേശം നല്‍കി. 2004ല്‍ പദ്ധതി ഏറ്റെടുത്ത ടിആര്‍ഡിസിഎ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. ഡിസംബറിനുമുമ്പ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 2006 നവംബറില്‍ പണി പൂര്‍ത്തിയാക്കാനും നിശ്ചയിച്ചു. എന്നാല്‍, യഥാസമയം യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ല. ഏറ്റെടുത്തതില്‍ 13 ശതമാനവും സര്‍ക്കാര്‍സ്ഥലമായിരുന്നു. 42 കിലോമീറ്റര്‍ റോഡ് വികസനത്തില്‍ ആകെ പണിതത് അണ്ടര്‍ പാസേജുമാത്രം. മറ്റു വികസനപ്രവര്‍ത്തനങ്ങളും നിശ്ചലമായി. അണ്ടര്‍ പാസേജിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ആവശ്യമില്ലാതിരുന്നതിനാല്‍ പറഞ്ഞ സമയത്ത് കമ്പനി പണി തീര്‍ത്തു. എന്നിട്ട് സമ്മാനമായി മോതിരം മുനീര്‍ മന്ത്രിക്കും.
അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു നല്‍കാത്തതാണ് ഫ്ളൈ ഓവറിന്റെ പണി തടസ്സപ്പെട്ടത്. ജനപ്രതിനിധിയായ മന്ത്രി കഴിവു തെളിയിക്കേണ്ടിയിരുന്നത് ഇവിടെയായിരുന്നു. കരാര്‍ വ്യവസ്ഥപ്രകാരം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചകാണിച്ചതിനാല്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നഗര റോഡുവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവനായി. സര്‍ക്കാര്‍ ഇടപെടലില്‍ നഷ്ടപരിഹാരത്തുക കുറയ്ക്കുന്നതിനും പുതിയ കരാര്‍പ്രകാരം പണി ആരംഭിക്കുന്നതിനും സാധിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്തു നല്‍കി. റോഡുവികസനത്തിനായി 98 ശതമാനം സ്ഥലവും ഏറ്റെടുത്തു. കഴിഞ്ഞവര്‍ഷം ജൂലൈ 31നാണ് മേല്‍പ്പാലത്തിന്റെ പണി പുനരാരംഭിച്ചത്. വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം വിജയംകാണുകയായിരുന്നു.
കര്‍ഷകരെ മറയാക്കി മനോരമയുടെ 'ചിത്രവധം'
സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള നുണപ്രചാരണം തുടര്‍ക്കഥയാക്കിയ മനോരമപത്രം നുണകള്‍ക്ക് കൊഴുപ്പേകാന്‍ വ്യാജചിത്രം ഉപയോഗിച്ച് വായനക്കാരെ വഞ്ചിച്ചതായി ആക്ഷേപം. വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കല്‍ മെയിന്‍കനാലില്‍ നീന്തുന്ന താറാവുകളുടെ ചിത്രമെടുത്ത് 'വന്‍ കൃഷിനാശം സംഭവിച്ച വെങ്കിടങ്ങ് പൊണ്ണമുത കോള്‍പ്പടവുകളിലെ ഇനിയും വിളവെടുക്കാത്ത പാടങ്ങളിലേക്ക് താറാവുകളെ ഇറക്കുന്നു' എന്ന അടിക്കുറിപ്പാണ് കൊടുത്തത്. ചൊവ്വാഴ്ചത്തെ പത്രത്തിലാണ് ചിത്രം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കോള്‍പ്പടവുകളില്‍ രണ്ടാംവിള കൃഷി ഇറക്കുകയും കാലാവസ്ഥാ വ്യതിയാനംമൂലം നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുറ്റമായി അവതരിപ്പിക്കാനുള്ള വ്യഗ്രതയാണ് മനോരമ പുറത്തെടുത്തത്.
പ്രതികൂല കാലാവസ്ഥമൂലമാണ് കൃഷിനാശമെന്ന കാര്യം കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ബോധ്യമുള്ളതാണ്. പടിഞ്ഞാറേ കരിമ്പാടത്തെ കര്‍ഷകര്‍ക്കൊഴിച്ച് ബാക്കി കൃഷിക്കാര്‍ക്ക് രണ്ടാംവിളയില്‍ കാര്യമായ നഷ്ടം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു ഹെക്ടറിന് 10,000 രൂപ സര്‍ക്കാര്‍ ചെലവാക്കും. ത്രിതല പഞ്ചായത്തുകള്‍, കൃഷിവകുപ്പ് എന്നിവയടെ സഹായങ്ങളും ലഭിച്ചു. ഏക്കറിന് 1,000 രൂപയാണ് കര്‍ഷകര്‍ക്ക് ചെലവു വന്നത്. സൌജന്യമായി വിത്ത്, പമ്പിങ് സബ്സിഡി, പ്രൊഡക്ഷന്‍ ബോണസ്, കുമ്മായ സബ്സിഡി എന്നിവയും ലഭ്യമാക്കിയിരുന്നു. പടിഞ്ഞാറേ കരിമ്പാടത്തെ കര്‍ഷകരില്‍നിന്നു മാത്രമാണ് ഏക്കറിന് 4080 രൂപ പാടശേഖരസമിതി ഈടാക്കിയത്. യന്ത്രനടീലിനും അടിസ്ഥാനസൌകര്യങ്ങള്‍ക്കുമാണ് ഇതു ചെലവാക്കിയത്. ഇന്‍ഷുറന്‍സ് ക്ളെയിമിനുള്ള രേഖകള്‍ നല്‍കിയാല്‍ 12,500 രൂപ വിള ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് സംയുക്ത കോള്‍പ്പാടശേഖര സമിതി സെക്രട്ടറി ടി വി ബാലകൃഷ്ണന്‍ പറഞ്ഞു.
പനിഭീതി പരത്താന്‍ കള്ളക്കഥകളുമായി മനോരമ
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് എരിവുപകരാന്‍ കള്ളക്കഥകളുമായി മനോരമ. പനിഭീതി പരത്താന്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറാത്തതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ തേജോവധം ചെയ്താണ് മനോരമ അരിശം തീര്‍ത്തത്. ജില്ലയിലെ പനിബാധിതരുടെ വ്യാഴാഴ്ചത്തെ കണക്ക് ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി പി സുധാകരനെ മനോരമ ലേഖകന്‍ ഫോണില്‍ ബന്ധപ്പെട്ടത്. ജില്ലാ എപ്പിഡമിക് സെല്ലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ അന്വേഷിക്കണമെന്നും ഓഫീസര്‍ ലേഖകനെ അറിയിച്ചു. ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടാണോ വിവരങ്ങള്‍ നല്‍കാത്തതെന്നായി ലേഖകന്റെ അടുത്ത ചോദ്യം. ഈ മെയ്മാസം കഴിഞ്ഞാല്‍ ടീച്ചര്‍ സ്ഥാനത്തുണ്ടാകില്ലെന്നും ലേഖകന്‍ വിധിയെഴുതി. എന്നിട്ടും ദേഷ്യം തീരാതെ 'ജില്ലാ മാസ് മീഡിയയുടെ പണി എന്താണാവോ?' എന്ന തലക്കെട്ടില്‍ ഉദ്യോഗസ്ഥനെ കരിതേച്ചു കാണിക്കാന്‍ വാര്‍ത്തയും മെനഞ്ഞുണ്ടാക്കി.
മാസ് മീഡിയ ഓഫീസറെന്ന ഉദ്യോഗപ്പേരാകാം ലേഖകനെ തെറ്റിദ്ധരിപ്പിച്ചതെന്ന് പി പി സുധാകരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്ന പഴയ ഉദ്യോഗപ്പേരാണ് മാസ് മീഡിയ ഓഫീസറായത്. ആരോഗ്യവകുപ്പിന്റെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഇവരുടെ പ്രവര്‍ത്തനം. ബോധവല്‍ക്കരണ ക്ളാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുകയും അവയ്ക്കാവശ്യമായ നോട്ടീസുകളും സിഡികളും തയ്യാറാക്കുകയുമാണ് പ്രധാന ജോലി. പനിഭീതിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് മനോരമ മതിയായ സ്ഥാനം നല്‍കി പ്രസിദ്ധീകരിക്കുകയും ചെയ്തു.
മരുന്നില്ലെന്ന പരാതി പഴങ്കഥ
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുപോലും മരുന്നില്ലെന്ന പരാതി പഴങ്കഥയാകുന്നു. മഴക്കാല രോഗങ്ങള്‍ മുതല്‍ മാരക രോഗങ്ങള്‍ വരെ നേരിടാന്‍ ആവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ഇന്ന് സുലഭമാണ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനു കീഴിലെ ജില്ലാ മരുന്നു വിതരണ കേന്ദ്രത്തില്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള മരുന്ന് നിലവില്‍ സ്റ്റോക്കുണ്ട്.
ആവശ്യമായ മരുന്നും ഡോക്ടര്‍മാരുമില്ലെന്നതായിരുന്നു സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിരം പരാതി. ഇവയ്ക്ക് രണ്ടിനും അറുതി വരുത്താനായി എന്നതാണ് ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രധാന നേട്ടം. മരുന്നു വിതരണത്തിലെ സുതാര്യതക്കൊപ്പം ലഭ്യതയും ഉറപ്പാക്കാന്‍ സര്‍ക്കാറിനായി. കഴിഞ്ഞവര്‍ഷം മൊത്തം 18 കോടി രൂപയുടെ മരുന്നുകളാണ് വെയര്‍ ഹൌസ് മുഖേന ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. ഇതില്‍ എട്ടു കോടി രൂപയും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും രണ്ടു കോടി ഐഎംസിഎച്ചിനുമായിരുന്നു. കമ്പ്യൂട്ടര്‍ ശൃംഖല വഴി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും മരുന്നിന്റെ ശേഖരണവും സ്ഥിതിവിവര കണക്കുകളും ജില്ലാ വിതരണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മനസിലാക്കാനാകും. ജില്ലയില്‍ ഏതെങ്കിലും മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടാല്‍ അന്യ ജില്ലകളിലെ വെയര്‍ ഹൌസുകളില്‍ നിന്നും അവ എത്തിക്കാന്‍ സൌകര്യമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആവശ്യത്തിനനുസരിച്ച് മരുന്ന് കൈമാറ്റം ചെയ്യാനാകും.
മഴക്കാല രോഗങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകള്‍ മുതല്‍ അടിയന്തര ശസ്ത്രക്രിയക്കുള്ള വിലപിടിച്ച മരുന്നുകള്‍ വരെ ഇന്ന് ആശുപത്രികളില്‍ ലഭ്യമാണ്. ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവ ആശുപത്രികളിലെത്തും. താലൂക്കാശുപത്രികള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും വെയര്‍ ഹൌസില്‍ നേരിട്ടെത്തി മരുന്ന് കൈപ്പറ്റാനാകും.
ഡോക്ടര്‍മാരില്ലെന്ന പ്രചാരണവും തെറ്റ്
സര്‍ക്കാര്‍ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കിയതിലൂടെ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉമാമഹേശ്വരി തങ്കച്ചി 'ദേശാഭിമാനി'യോട് പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് വരുമ്പോള്‍ ഏത് വകുപ്പിലും സംഭവിക്കുന്നതാണ് ആരോഗ്യവകുപ്പിലും സംഭവിച്ചത്. ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കുറച്ചു ദിവസമെടുക്കും. അത് പെരുപ്പിച്ചുകാട്ടി ഡോക്ടര്‍മാരില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലാ ആശുപത്രികളിലും മതിയായ ഡോക്ടര്‍മാരുമുണ്ട്. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന പിഎച്ച്സികളില്‍ രണ്ടും മൂന്നും പേരാണുള്ളത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം മുഖേന പലയിടത്തും അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെയും ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്തകള്‍
ബേക്കറിപാലവും എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് നല്‍കി മനോരമയുടെ നുണപ്രചാരണം
ReplyDeleteനഗരത്തിന്റെ മുഖച്ഛായ മാറ്റിയതിന്റെ ക്രെഡിറ്റ് യുഡിഎഫിന് ചാര്‍ത്തിക്കൊടുത്ത് യുഡിഎഫിന്റെ മുഖച്ഛായ മാറ്റാനായി മലയാള മനോരമയുടെ നുണക്കസര്‍ത്ത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഉടലെടുത്ത തലസ്ഥാന നഗരവികസനപദ്ധതി എ കെ ആന്റണിയുടെ തലയില്‍ മൊട്ടിടീക്കാനും പൂര്‍ത്തിയാക്കിയ പദ്ധതികള്‍ യുഡിഎഫിന് ചാര്‍ത്തിക്കൊടുക്കാനുമാണ് മനോരമയുടെ ശ്രമം.