Thursday, June 24, 2010

വോട്ടു കച്ചവടത്തിന് വീണ്ടും കച്ചമുറുക്കിയ ബിജെപി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനിയും ഏതാനും ആഴ്ചകളേയുള്ളൂ. ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം. അതിനിപ്പുറം തിരഞ്ഞെടുപ്പ് നടന്നേ മതിയാകൂ. ആ തിരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ നയം എന്തായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ ശക്തമായി യുഡിഎഫുമായി കൈകോര്‍ക്കും; അവര്‍ക്കുവേണ്ടി വോട്ടു മറിച്ചു നല്‍കും. വോട്ട് വ്യാപാരത്തെ ശക്തിയായി ന്യായീകരിച്ചുകൊണ്ട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ രംഗത്തുവന്നു കഴിഞ്ഞു. വോട്ട് തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് മറിച്ചു നല്‍കുന്നതു തെറ്റല്ല എന്നാണ് ബിജെപി നേതാവിന്റെ ഭാഷ്യം. ഈ തെരഞ്ഞെടുപ്പിലും അത്തരം 'നീക്കുപോക്കുകള്‍' ഉണ്ടാകുമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

ബിജെപിക്ക് പല സംസ്ഥാന പ്രസിഡന്റുമാര്‍ വരികയും പോകുകയും ചെയ്തിട്ടുണ്ട്. അവരാരും തന്നെ വോട്ടു വ്യാപാരത്തെ ഇത്ര പരസ്യമായി ന്യായീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല; രഹസ്യമായി യുഡിഎഫിന് അനുകൂലമായി വോട്ടു കച്ചവടം നടത്തിയതിന്റെ കഥകള്‍ അങ്ങാടിപ്പാട്ടാണെങ്കിലും.

പ്രാദേശികാടിസ്ഥാനത്തില്‍ 'ആരുമായും' ധാരണയുണ്ടാക്കാന്‍ ബിജെപിയുടെ ദേശീയ നേതൃത്വം പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അത് ആവര്‍ത്തിച്ചിട്ടുമുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ 'ആരുമായും സഖ്യം' എന്ന അവരുടെ പ്രസ്താവനയില്‍ വലിയ ഒരു കബളിപ്പിക്കല്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അറിയാവുന്ന ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം അവരുടെ ചങ്ങാത്തം ആരുമായിട്ടാണെന്ന്. കോണ്‍ഗ്രസും മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസും ഉള്‍പ്പെടെ യുഡിഎഫിലെ വലുതും ചെറുതുമായ കക്ഷികളുമായാണ് ബിജെപിക്കു ബന്ധം. കോണ്‍ഗ്രസിനനുകൂലമായി സംസ്ഥാനമൊട്ടാകെ വോട്ടു മറിക്കല്‍ നടക്കുന്നുണ്ട്. വോട്ടു മറിക്കല്‍ എന്നാല്‍ കണക്കുപറഞ്ഞ് വോട്ടു കച്ചവടം നടത്തുകയാണെന്ന വസ്തുത അങ്ങാടിപ്പാട്ടാണ്. വീതംവെയ്ക്കലില്‍ ഉണ്ടാകുന്ന ഭിന്നത ചില സമയങ്ങളിലെങ്കിലും അടികലശലില്‍ പര്യവസാനിച്ചിട്ടുമുണ്ട്.

ബിജെപിയുമായി മേല്‍പറഞ്ഞതുപോലെയുള്ള ബന്ധം വ്യാപകമായി കോണ്‍ഗ്രസ് ഉണ്ടാക്കും. മുസ്ളീംലീഗിന് ശക്തിയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപി കൂട്ടുകെട്ടിന് മുഖ്യകാര്‍മികത്വം വഹിക്കുന്നത് മുസ്ളീംലീഗാണ്. ഒരു വശത്ത് ഹൈന്ദവ ഫാസിസ്റ്റുകളായ ബിജെപിയുടെ വോട്ട് ഉറപ്പാക്കുന്ന അവര്‍ മറുഭാഗത്ത് എന്‍ഡിഎഫ് (ഇപ്പോള്‍ എസ്ഡിപിഐ) ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ പിന്തുണയും ഉറപ്പിക്കുന്നു. 2005ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ നടത്തിയ ഒത്തുകളി മറക്കാന്‍ തക്ക രാഷ്ട്രീയ സ്മൃതിനാശം വന്നവരല്ല കേരളത്തിലെ ജനങ്ങള്‍.

കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ബിജെപിയുമായി ബന്ധം സ്ഥാപിച്ചത് കെ എം മാണിയുടെ കാര്‍മികത്വത്തിലാണ്. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും മാണിയുടെ സ്ഥാനാര്‍ത്ഥികളെ ബിജെപി പരസ്യമായി തന്നെ പിന്തുണച്ചിരുന്നു. കോട്ടയം ജില്ലയിലെ വാകത്താനം, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നീ ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫും ബിജെപിയും പരസ്യമായ ബാന്ധവത്തിലായിരുന്നു. ഇതില്‍ കടുത്തുരുത്തിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി അംഗമായിരുന്നു.

ഇങ്ങനെ ബിജെപിയും യുഡിഎഫുമായി പരസ്യമായും രഹസ്യമായും ബന്ധങ്ങള്‍ ഒട്ടനവധിയാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് - ബിജെപി ബാന്ധവത്തിനുള്ള ചര്‍ച്ചകളും ചരടുവലികളും വ്യാപകമായി അരങ്ങു തകര്‍ക്കുന്നു. പ്രാദേശിക നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള പരസ്യമായ സൂചനയാണ് ബിജെപി സംസ്ഥാന പ്രസിഡന്റില്‍നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വോട്ടു വില്‍ക്കുക എന്നത് ബിജെപി നേതൃത്വത്തിന്റെ സ്ഥിരം തൊഴിലാണ്. ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ ജി മാരാര്‍ തന്റെ ആത്മകഥയില്‍, ബിജെപി യുഡിഎഫിന് വോട്ടു വില്‍പന നടത്തിയ കാര്യം വ്യക്തമായി പറയുന്നുണ്ട്. അതിന് മുഖ്യകാര്‍മികത്വം വഹിച്ച ആളുകളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് നല്‍കിയിട്ടുണ്ടെന്ന് മാരാര്‍ സമ്മതിക്കുന്നുണ്ട്. 1991ലെ തിരഞ്ഞെടുപ്പില്‍ വടകര, ബേപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണ് ജനവിധി നേടിയത്.

1995ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും പരസ്യവും രഹസ്യവുമായ ബന്ധം യുഡിഎഫും ബിജെപിയുമായി ഉണ്ടായിരുന്നു. പലയിടങ്ങളിലും അവര്‍ ഒന്നിച്ചിരുന്ന് ഭരണം നടത്തുകയും ചെയ്തു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ അവിശുദ്ധ ബന്ധം നിര്‍ബാധം തുടര്‍ന്നു. പിന്നീട് പാര്‍ലമെന്റിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തരാതരംപോലെ യുഡിഎഫ് ബിജെപിയുടെ വോട്ടുവാങ്ങി.

2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടി. എന്നാല്‍ 2005 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആ പാര്‍ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ നേടിയത് വെറും 25000 വോട്ടുകളാണ്. മല്‍സരിച്ചത് ബിജെപിയുടെ സമുന്നത നേതാവായിട്ടുപോലും യുഡിഎഫിന് വോട്ടു കച്ചവടം ചെയ്ത് പത്മനാഭനെ അപമാനിക്കയായിരുന്നു ബിജെപി നേതൃത്വം.

ജനസംഘം പിരിച്ചുവിട്ട് ബിജെപി രൂപവല്‍കരിക്കപ്പെട്ടിട്ട് മുപ്പതുവര്‍ഷമായി. മൂന്നു പതിറ്റാണ്ടായി തുടരുന്നതാണ് ബിജെപി - യുഡിഎഫ് അവിശുദ്ധബന്ധം. അത് പൂര്‍വ്വാധികം ശക്തിയായി തുടരും എന്നാണ് മുരളീധരന്റെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്.

വര്‍ഗീയ ശക്തികളെ ഏകോപിപ്പിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം മുന്‍കാലങ്ങളിലേക്കാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. എന്‍ഡിഎഫിന്റെ രാഷ്ട്രീയ പാര്‍ടിയായ എസ്ഡിപിഐ നേരത്തെ തന്നെ യുഡിഎഫിന്റെ ഉറച്ച ചങ്ങാതിയാണ്. ഇപ്പോള്‍ ജമാഅത്തെ ഇസ്ളാമിയും അകമഴിഞ്ഞ് യുഡിഎഫിനെ പിന്തുണയ്ക്കുന്നു. യുഡിഎഫിനുവേണ്ടി എല്ലാം മറന്ന് ക്രൈസ്തവ മതനേതൃത്വം രംഗത്തിറങ്ങിയതിന്റെ ഫലമാണല്ലോ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചത്?

ഇപ്പോള്‍ വലതുമുന്നണി എന്നത് യുഡിഎഫ് + ബിജെപി + എന്‍ഡിഎഫ് + ജമാഅത്തെ ഇസ്ളാമി എന്ന സമവാക്യമാണല്ലോ? എല്‍ഡിഎഫിനെ രാഷ്ട്രീയമായി നേരിടാനോ ഗവണ്‍മെന്റിനെ വിമര്‍ശിക്കാനോ ഈ വിശാല മുന്നണിക്ക് കഴിയുന്നില്ല. കാരണം ഈ സര്‍ക്കാര്‍ അവശ ജനവിഭാഗങ്ങള്‍ക്ക് ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ ജനതയുടെ മുന്നിലെ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളാണ്. കാര്യക്ഷമമായി മുന്നേറുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം നേടാന്‍ കഴിയില്ല എന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ഈ വര്‍ഗീയ തീക്കളി യുഡിഎഫ് നേതൃത്വം കളിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടമാടുന്ന യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിനെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ഏതൊരു കൊച്ചുകുട്ടിക്കും വ്യക്തമായ ധാരണയുണ്ട്. അതിനെയെല്ലാം തമസ്കരിച്ച് കേരളത്തിലെ ജനങ്ങള്‍ക്കൊന്നാകെ രാഷ്ട്രീയ സ്മൃതിനാശം സംഭവിച്ചു എന്നു തോന്നും, ജമാഅത്തെ ഇസ്ളാമിയുടെ ഉടമസ്ഥതയിലുള്ള 'മാധ്യമം' പത്രത്തിന്റെയും വാരികയുടെയും എഴുത്തുകണ്ടാല്‍. സംഘപരിവാറിന്റെ നുണ നിര്‍മ്മാണ ഫാക്ടറികളെ വെല്ലുന്ന തരത്തിലുള്ള നുണ നിര്‍മ്മാണമാണ് ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ പ്രസിദ്ധീകരണങ്ങളില്‍ അണിനിരക്കുന്ന ലേഖകര്‍ ചെയ്യുന്നത്. എല്ലാ വര്‍ഗീയതകളെയും ഏതളവുവരെയും പ്രോല്‍സാഹിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് യുഡിഎഫും മത - വര്‍ഗീയ ശക്തികളും. അത് രാഷ്ട്രീയത്തിനു തന്നെ ആപത്താണെന്ന് സിപിഐ എമ്മും ഇടതുപക്ഷവും ചൂണ്ടിക്കാണിച്ചാല്‍ നിങ്ങള്‍ മൃദുഹിന്ദുത്വ പ്രീണനമാണ് നടത്തുന്നത് എന്നാണ് ജമാഅത്തുകാരുടെ ആരോപണം. വസ്തുതകളെ തമസ്കരിച്ചുകൊണ്ട്, പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചു മൂടാന്‍ ശ്രമിച്ചുകൊണ്ട് ജമാഅത്തെ ഇസ്ളാമിക്കായി എഴുതിക്കൂട്ടുന്ന ലേഖകര്‍ക്ക് വിദൂഷകരുടെ തൊപ്പിയാവും കൂടുതല്‍ ഇണങ്ങുക.

ഒരു ഭാഗത്ത് ഹൈന്ദവ മത ഫാസിസ്റ്റുകളും മറുഭാഗത്ത് ഇസ്ളാം മത തീവ്രവാദികളും ഉള്‍പ്പെടെ എല്ലാ വര്‍ഗീയ ശക്തികളെയും കൂട്ടിച്ചേര്‍ത്തുള്ള യുഡിഎഫിന്റെ 'മഹാസഖ്യം' കേരളത്തിലെ ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയേയും പരീക്ഷിക്കുന്നതാണ്. സംസ്ഥാനത്തെ മതനിരപേക്ഷ മനസ്സിന് തീരാകളങ്കം ഏല്‍പിക്കുന്ന 'മഹാസഖ്യ'ക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്കറിയാം.

ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 25062010

1 comment:

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനിയും ഏതാനും ആഴ്ചകളേയുള്ളൂ. ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം. അതിനിപ്പുറം തിരഞ്ഞെടുപ്പ് നടന്നേ മതിയാകൂ. ആ തിരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ നയം എന്തായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ ശക്തമായി യുഡിഎഫുമായി കൈകോര്‍ക്കും; അവര്‍ക്കുവേണ്ടി വോട്ടു മറിച്ചു നല്‍കും. വോട്ട് വ്യാപാരത്തെ ശക്തിയായി ന്യായീകരിച്ചുകൊണ്ട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ രംഗത്തുവന്നു കഴിഞ്ഞു. വോട്ട് തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് മറിച്ചു നല്‍കുന്നതു തെറ്റല്ല എന്നാണ് ബിജെപി നേതാവിന്റെ ഭാഷ്യം. ഈ തെരഞ്ഞെടുപ്പിലും അത്തരം 'നീക്കുപോക്കുകള്‍' ഉണ്ടാകുമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

    ReplyDelete