Thursday, April 4, 2013

മോഡിയുടെ കോര്‍പറേറ്റ് പ്രീണനം ഗുജറാത്തിന് 1000 കോടി നഷ്ടമുണ്ടാക്കി


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കോര്‍പറേറ്റ് പ്രീണനം സംസ്ഥാന ഖജനാവിന് 1000 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് സിഎജി. മോഡിയെ പാര്‍ടിയുടെ ഉന്നതസമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെടുത്തതിനു&ാറമവെ;പിന്നാലെ വന്ന സിഎജി റിപ്പോര്‍ട്ട് ബിജെപി കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി. മോഡിയെ വികസനനായകനായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ട്. കോര്‍പറേറ്റുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ കുറഞ്ഞ തുകയ്ക്കാണ് കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്തതെന്നും അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ലാര്‍സന്‍ ആന്‍ഡ് ടുബ്രോ, ഫോര്‍ഡ് ഇന്ത്യ, എസാര്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഭൂമി വിതരണം ചെയ്തു. മോഡിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന അദാനി വൈദ്യുത കമ്പനിക്ക് അനധികൃതമായി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കൂട്ടുനിന്നു. പൊതുമേഖലാ കമ്പനിയുമായി ഒപ്പിട്ട കരാര്‍ ലംഘിച്ചാണ് അദാനി 160.26 കോടി രൂപ വെട്ടിച്ചത്. അമേരിക്കന്‍ കമ്പനിക്ക് അഹമ്മദാബാദില്‍ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഭൂമി നല്‍കിയതില്‍ ക്രമക്കേട് നടന്നെന്നും സിഎജി കണ്ടെത്തി. മോഡിയെ ഉയര്‍ത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറെടുക്കുമ്പോഴാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്.

കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്തത് അവര്‍ക്ക് നിര്‍ദിഷ്ട കമ്പനികളില്‍ ഓഹരികള്‍ നല്‍കിക്കൊണ്ടാണെന്ന് ബിജെപി വക്താവ് സയ്യദ് ഷാവാസ് ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, സിഎജി എണ്ണമിട്ടു നിരത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ നിഷേധിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതിനിടെ, ലോകായുക്തയുടെ നിഷ്പക്ഷ പ്രവര്‍ത്തനം തടയാന്‍ മോഡി കൊണ്ടുവന്ന നിയമവും ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്താക്കി. ലോകായുക്ത നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ണായക അധികാരം നല്‍കുന്നതും ഗവര്‍ണറുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും പ്രാധാന്യം വെട്ടിക്കുറയ്ക്കുന്നതുമാണ് പുതിയ നിയമം. ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കമല ബേനിവാളും മോഡിയും തമ്മില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരുന്നു. പത്തു വര്‍ഷമായി ഗുജറാത്ത് സര്‍ക്കാര്‍ ലോകായുക്ത നിയമനം നടത്താത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ബേനിവാള്‍ പുതിയ ലോകായുക്തയെ നിയമിച്ചത് മോഡിയെ പ്രകോപിപ്പിച്ചു. എന്നാല്‍, പത്തു വര്‍ഷം ലോകായുക്ത നിയമനം നടത്താത്തതിന് വിശദീകരണം നല്‍കാന്‍ മോഡിക്ക് കഴിഞ്ഞില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു.

deshabhimani 040413

No comments:

Post a Comment