Thursday, April 4, 2013

പ്രതിഷേധാഗ്നിയില്‍ ബംഗാള്‍; സുദീപ്ദയ്ക്ക് അന്ത്യാഞ്ജലി

 പൊലീസ് ഭീകരതയില്‍ കൊല്ലപ്പെട്ട ബംഗാളിലെ എസ്എഫ്ഐ നേതാവ് സുദീപ്ദ ഗുപ്ത(23)യുടെ മൃതദേഹം ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സുദീപ്ദയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളിലാകെ പ്രകടനങ്ങള്‍ നടന്നു. ബുധനാഴ്ച പകല്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ആദ്യം സുദീപ്ദ പഠിച്ച നേതാജി നഗര്‍ കോളേജിലും തുടര്‍ന്ന് വീട്ടിലും കൊണ്ടുപോയി. സഹപാഠികളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലോടെ മൃതദേഹം ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലുള്ള എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ചു. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചര്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്ത്മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അഭിവാദ്യമര്‍പ്പിച്ചു. അവിടെ നിന്ന് വിലാപയാത്രയായി ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡ്, പാര്‍ക്ക് സ്ട്രീറ്റ്, സയ്യദ് അലി അഹമ്മദ് റോഡ്, ഗരിയഹട്ട് റോഡ്, രാഷ്ബിഹാരി അവന്യു എന്നിവിടങ്ങളില്‍ക്കൂടി സഞ്ചരിച്ച് കെയ്രത്തല വൈദ്യുതി ശ്മശാനത്തില്‍ എത്തിച്ച് സംസ്കരിച്ചു. വിദ്യാര്‍ഥി-യുവജന സംഘടനകള്‍ മാത്രമല്ല രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ പ്രമുഖരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

സര്‍വകലാശാല, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തോട് പൊലീസ് സ്വീകരിച്ച ക്രൂരനടപടിയാണ് സുദീപ്ദയുടെ മരണത്തിന് കാരണമായത്. പ്രകടനത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്ത് ജയിലിലേക്ക് കൊണ്ടുപോകവെ പൊലീസ് വാഹനത്തില്‍നിന്ന് തെറിച്ചുവീണാണ് സുദീപ്ദ മരിച്ചത്. അറസ്റ്റുചെയ്ത വിദ്യാര്‍ഥികളെ വാഹനത്തില്‍ കുത്തിനിറച്ചുകൊണ്ടു പോകുമ്പോഴും പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഇത് ചോദ്യംചെയ്ത സുദീപ്ദയെ മര്‍ദിച്ച് പുറത്തേക്ക് തള്ളുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ സുദീപ്തദയുടെ രക്ഷിതാക്കളെ അനുശോചനം അറിയിക്കാനെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, പൊലീസ് നടപടി ന്യായീകരിക്കാനാണ് മമത ശ്രമിച്ചത്. സുദീപ്ദ ഗുപ്തയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിമന്‍ബസു ആവശ്യപ്പെട്ടു. സംഭവത്തെ ക്കുറിച്ച് അനേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടു.
(ഗോപി)

"കുറ്റവാളി സര്‍ക്കാരിന്റെ ഒരു സഹായവും വേണ്ട"

കൊല്‍ക്കത്ത: വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പൊലീസ് പിടികൂടി ജയിലിലേക്ക് കൊണ്ടുപോകവെ വാഹനത്തില്‍നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് മരിച്ച സുദീപ്ദയുടെ രക്ഷിതാക്കള്‍ അനുശോചനം അറിയിക്കാന്‍ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹായ വാഗ്ദാനം നിരസിച്ചു. സര്‍ക്കാരിന്റെ സഹായങ്ങള്‍ നല്‍കാമെന്ന് ഓരോന്നായി വാഗ്ദാനം ചെയ്ത മമതയോട് സുദീപ്ദയുടെ അച്ഛന്‍ പ്രണബ് ഗുപ്ത പറഞ്ഞു- "എന്റെ മകന്റെ മരണത്തിന് ഉത്തരവാദി നിങ്ങളുടെ സര്‍ക്കാരാണ്. കുറ്റവാളി സര്‍ക്കാരിന്റെ ഒരു സഹായവും ഞങ്ങള്‍ക്കാവശ്യമില്ല. വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടിയാണ് എന്റെ മകന്‍ ജീവന്‍ ബലിനല്‍കിയത്. ഒരു നഷ്ടപരിഹാരവും അവന്റെ ജീവന് പകരമാകില്ല" ധീരനായ അച്ഛന്റെ ധീരമായ ഈ വാക്കുകള്‍ ഏറ്റെടുത്തുകൊണ്ടാണ് പ്രതിഷേധാഗ്നി ബംഗാളിലാകെ പടര്‍ന്നത്.

ആശുപത്രിയില്‍ അനുശോചനം അറിയിക്കാനെത്തിയ മമതയ്ക്കെതിരെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. സുദീപ്ദയുടെ അമ്മ ഒരു വര്‍ഷംമുമ്പ് മരിച്ചു. ഒരു സഹോദരിയുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു ബുധനാഴ്ച രാവിലെ സുദീപ്ദയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വ്യാഴാഴ്ച സുദീപ്ദയുടെ വീട് സ്ഥിതിചെയ്യുന്ന നേതാജി നഗര്‍ പ്രദേശത്ത് ബന്ദ് ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. നേതാജി നഗര്‍ കോളേജ് മുതല്‍ സുദീപ്ദയുടെ വീടുവരെ പ്രതിഷേധപ്രകടനങ്ങളും റാലിയും സംഘടിപ്പിക്കും. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാല യൂണിയന്‍ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബംഗ്ലാഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

deshabhimani 040413

No comments:

Post a Comment