Wednesday, April 3, 2013
ശമ്പളമില്ലാതെ 1.6 കോടി തൊഴിലാളികള്‍
കേന്ദ്രസര്‍ക്കാരിന്റെ വിവിധ സാമൂഹ്യസേവന പദ്ധതികള്‍ക്ക് കീഴില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്നത് 1.6 കോടി തൊഴിലാളികള്‍. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകള്‍. സാമൂഹ്യ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിലാണ് ഈ കൊടുംചൂഷണം. മിനിമം കൂലിപോലും ലഭിക്കാത്ത ഇവര്‍ക്ക് താങ്ങാകുന്നത് സിഐടിയു സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ മാത്രം. മിനിമം കൂലിപോലും ഉറപ്പില്ലാത്ത എന്‍ആര്‍ഇജി പദ്ധതിയില്‍ ഒരു കോടിയോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ്(ഐസിഡിഎസ്), ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍(എന്‍ആര്‍എച്ച്എം), സ്കൂള്‍ ഉച്ചക്കഞ്ഞി എന്നീ പദ്ധതികളിലായി 60 ലക്ഷത്തോളം ആളുകള്‍ പണിയെടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ശമ്പളമില്ല. പകരം ഹോണറേറിയം, ഇന്‍സെന്റീവ് എന്ന പേരില്‍ നാമമാത്ര തുകയാണ് മാസം നല്‍കുന്നത്. ഐസിഡിഎസിന് കീഴിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍മാര്‍ക്കാണ് താരതമ്യേന മെച്ചപ്പെട്ട ഹോണറേറിയം. മാസത്തില്‍ 3,000 രൂപ. ഹെല്‍പ്പര്‍മാര്‍ക്ക് 1500 രൂപ. 1998ല്‍ വര്‍ക്കര്‍ക്ക് 500 രൂപയും ഹെല്‍പര്‍ക്ക് 300 രൂപയും കിട്ടിയത് തുടര്‍ച്ചയായ പ്രക്ഷോഭങ്ങളുടെ ഫലമായാണ്. 27 ലക്ഷം സ്ത്രീകളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്.
ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് കീഴിലുള്ള ആശ വര്‍ക്കര്‍മാരാണ് ചൂഷണത്തിന് വിധേയമാകുന്ന മറ്റൊരു വിഭാഗം. ഒമ്പത് ലക്ഷത്തോളം സ്ത്രീകളെയാണ് ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്നത്. മാസത്തില്‍ 400 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. വിവിധ ഇന്‍സന്റീവ് ഉള്‍പ്പടെ ഏറിയാല്‍ 1000 രൂപ ലഭിക്കും. അതില്‍തന്നെ പല തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തി തുക വെട്ടിക്കുറക്കുന്നതും പതിവാണ്. ബിപിഎല്‍ കുടുംബത്തില്‍പെട്ട സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതുമുതല്‍ ഒമ്പത് മാസം അവരുടെ ആരോഗ്യ പരിരക്ഷക്കുള്ള ചുമതല ഇവര്‍ക്കാണ്. ഇവരെ പിഎച്ച്സികളില്‍ എത്തിച്ചാല്‍ ലഭിക്കുന്നത് 150 രൂപയാണ്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയില്‍ പാചകക്കാരും സഹായികളുമായി രാജ്യത്താകെ പണിയെടുക്കുന്നത് 27 ലക്ഷം തൊഴിലാളികളാണ്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകള്‍. മാസത്തില്‍ 1000 രൂപയാണ് ഹോണറേറിയം. ഇതിനു പുറമെ എസ്എസ്എ, അനിമല്‍ ഹസ്ബന്ററി, ഹെല്‍ത്ത് സ്കീം തുടങ്ങിയ പദ്ധതികളിലും ആയിരകണക്കിനാളുകര്‍ ശമ്പളമില്ലാതെ പണിയെടുക്കുന്നു.
എന്‍ആര്‍എച്ച്എം, ഐസിഡിഎസ്, എംടിഎംഎസ് എന്നീ മുന്നു പദ്ധതികളില്‍ മാത്രമായി വര്‍ഷത്തില്‍ 69,930 കോടി രൂപയുടെ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി ചൂഷണമാണ് ഇന്ത്യയിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ കൊള്ളക്ക് നേതൃത്വം നല്‍കുന്നത്. ശമ്പളം കൊടുക്കാതെ പണിയെടുപ്പിക്കുന്ന കാടന്‍ നയത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 2012ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സിഐടിയു ദേശീയ കൗണ്‍സില്‍ യോഗം ഇവരുടെ പ്രശ്നം ഏറ്റെടുത്ത് ദേശീയ പ്രക്ഷോഭത്തിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ മഹാസത്യഗ്രഹം സമരചരിത്രത്തില്‍ പുതിയ അധ്യായമായി. കഴിഞ്ഞ നവംബര്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ അറുപതിനായിരത്തിലധികം തൊഴിലാളികളാണ് ഒത്തുകൂടിയത്.
(എം ഒ വര്‍ഗീസ്)
തൊഴില്‍ ചൂഷണത്തിന് പുതിയമുഖം
കണ്ണൂര്‍: മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കമ്പനി മാനേജ്മെന്റിന്റെ ചൂഷണരീതിയും മാറുന്നു. ടൈയും ഷൂസുമണിഞ്ഞ് നാല് ചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന "വൈറ്റ് കോളര്‍" തൊഴിലാളിയും കമ്പനി മേലാളന്മാരാല്‍ വേട്ടയാടപ്പെടുകയാണ്. പ്രവര്‍ത്തന സമയ വേളയില്‍ മാത്രമല്ല നട്ടപ്പാതിരയ്ക്ക് ഉറക്കറയില്‍പോലും ഇവര്‍ ഫോണിലൂടെ മേലാളന്റെ അസഭ്യവര്‍ഷത്തിന് വിധേയരാകാം. ടാര്‍ജറ്റ് അച്ചീവ് ചെയ്തില്ല എന്ന പേരില്‍ മാത്രമല്ല, ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയയാള്‍ പോലും ഒരു കാരണവും കൂടാതെ പിരിച്ചുവിടപ്പെടുന്നു. നാലിന് കണ്ണൂരില്‍ ആരംഭിക്കുന്ന സിഐടിയു ദേശീയ സമ്മേളനം ഇത്തരം പുത്തന്‍ കുടിലതയ്ക്കെതിരെയും പ്രതിരോധത്തിന്റെ പടവാളുയര്‍ത്തും. പുതുതലമുറ ബാങ്കിങ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍, ഐടി അനുബന്ധ സേവന സ്ഥാപനങ്ങള്‍, വില്‍പനയിലധിഷ്ഠിതമായ ഇതര സ്ഥാപനങ്ങള്‍ എന്നിവയിലാണ് ചൂഷണത്തിന്റെ പുതിയ മുഖം കൂടുതല്‍.
അവീവ ഇന്‍ഷുറന്‍സ് കമ്പനിയിലെ ആദ്യകാല സെയില്‍സ് മാനേജരായിരുന്ന അസീം എസ് ഡീനിന്റെ കഥ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണമാണ്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അസീം രാജ്യത്തുതന്നെ കമ്പനിക്ക് ഏറ്റവുമധികം പോളിസികള്‍ ചേര്‍ത്ത സെയില്‍സ് മാനേജരാണ്. ആദ്യ പ്രീമിയം ഒടുക്കപ്പെട്ട ഈ പോളിസികളില്‍ തുടര്‍ പ്രീമിയം അടക്കാതിരുന്നാല്‍ അതുവരെ അടച്ച തുകയുടെ ഭൂരിഭാഗവും കമ്പനിക്ക് സ്വന്തമാകുമെന്നതിനാല്‍ അസീമിനെ കമ്പനി പിരിച്ചു വിടുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് കീഴിലെ കമ്പനിയുടെ അഡൈ്വസര്‍മാരും ഇല്ലാതായി. ഇവര്‍ വഴി ചേര്‍ത്ത പോളിസികള്‍ നിലച്ചു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ന് ഈ തട്ടിപ്പാണ് പയറ്റുന്നത്. മുടങ്ങിയ പ്രീമിയം വകയില്‍ 12 വര്‍ഷത്തിനിടെ രാജ്യത്തെ ജീവസുരക്ഷാ ഇന്‍ഷുറന്‍സ് കമ്പനികള്‍ തട്ടിയത് അഞ്ച് ലക്ഷത്തോളം കോടി രൂപയാണ്. ഇന്‍ഷുറന്‍സ് പോളിസി തുക ഓഹരി കമ്പോളത്തില്‍ ബന്ധിപ്പിപ്പിച്ചിട്ടുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്പ്) പ്രകാരമുള്ള പോളിസികള്‍ക്കേ നിലവില്‍ പാഴായ പോളിസികളില്‍പോലും ആദ്യ വര്‍ഷങ്ങളില്‍ ഒടുക്കിയ പണം ഭൂരിഭാഗവും തിരികെ ലഭിക്കൂ. യുലിപ്പ് ഇതര പോളിസികള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം വരെ 70 ശതമാനംവരെ തുക നഷ്ടമാകും. ഇത് മുതലെടുത്താണ് തട്ടിപ്പ്.
നോണ്‍ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിലാകട്ടെ സമ്മര്‍ദത്തിന്റെ കുടില തന്ത്രമാണ് പയറ്റുന്നത്. സെയില്‍സ് മാനേജരായി ചുമതലയേല്‍ക്കുന്നവരെ കൊണ്ട് വായ്പയില്‍ വാഹനവും വ്യക്തിഗത ലോണും എടുപ്പിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടര്‍ന്ന് മാസംതോറും വായ്പയുടെ അടവ് മുടങ്ങാതിരിക്കാന്‍ ഇയാള്‍ കമ്പനിയുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് കഴിഞ്ഞുകൊള്ളുമെന്നാണ് സ്ഥാപനങ്ങള്‍ കണക്കു കൂട്ടുന്നത്. സാമ്പത്തിക ബാധ്യതയോര്‍ത്ത് ഭൂരിപക്ഷം പേര്‍ക്കും എല്ലാം സഹിക്കേണ്ടി വരുന്നു. ഈ മേഖലയില്‍ സിഐടിയു ആഭിമുഖ്യത്തിലുള്ള ന്യൂ ജനറേഷന്‍ ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ ഇത്തരം ജീവനക്കാര്‍ക്ക് പുതു പ്രതീക്ഷ പകരുന്നതാണ്. അസോസിയേഷന്‍ നേതൃത്വത്തില്‍ കൊച്ചിയിലുള്‍പ്പെടെ ചില സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരവും നടക്കുന്നുണ്ട്. ഇതര ഉല്‍പന്ന വിപണന മേഖലയിലും ഡയറക്ട് മാര്‍ക്കറ്റിങ് പോലുള്ള മേഖലയിലും ചൂഷണത്തിന് കുറവില്ല. ഇവരുടെ വേഷഭൂഷാദികളിലെ പളപളപ്പ് മൂലം ജനം അവരുടെ ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഇത്തരം ചൂഷണങ്ങളെക്കുറിച്ചും സിഐടിയു ദേശീയ സമ്മേളനം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
(ഷഫീക്ക് അമരാവതി)
deshabhimani 030413
Labels:
തൊഴില്‍മേഖല,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment