Wednesday, April 3, 2013

ഇന്ന് ചെങ്കൊടി ഉയരും സമ്മേളനം നാളെമുതല്‍


കണ്ണൂര്‍: നെയ്ത്തുകാരുടെയും ബീഡിതെറുപ്പുകാരുടെയും അവകാശസമരങ്ങളുടെ കനലണയാത്ത കണ്ണൂരില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് കാഹളം മുഴങ്ങുകയായി. ഇന്ത്യയിലെ കരുത്തുറ്റ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന്റെ പതിനാലാം ദേശീയ സമ്മേളനത്തിന് ബുധനാഴ്ച ചെങ്കൊടി ഉയരും. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്നുള്ള പതാകയും കയ്യൂര്‍ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും കര്‍ഷകപ്രക്ഷോഭത്തിന്റെ ഇതിഹാസഭൂമിയായ തില്ലങ്കേരിയില്‍നിന്നുള്ള ദീപശിഖയും ബുധനാഴ്ച വൈകിട്ട് അഞ്ചോടെ എ കെ ജി സ്ക്വയറില്‍ സംഗമിക്കും. തുടര്‍ന്ന്, ബാന്‍ഡ്സംഘത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വന്‍പ്രവാഹമായി സമ്മേളന നഗരിയിലേക്കു നീങ്ങും.

5.30ന് പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലെ "സി കണ്ണന്‍ നഗറി"ല്‍ സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തും. 1970ല്‍ രൂപംകൊണ്ട സിഐടിയുവിന്റെ ദേശീയ സമ്മേളനത്തിന് മൂന്നാംതവണയാണ് കേരളം ആതിഥ്യമേകുന്നത്. കണ്ണൂര്‍ ആദ്യമായും. ട്രേഡ്യൂണിയനുകളുടെ ലോക ഫെഡറേഷനില്‍(ഡബ്ല്യുഎഫ്ടിയു) അംഗത്വം ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനമാണ് ഇക്കുറി. 2010 മാര്‍ച്ച് 17 മുതല്‍ 21 വരെ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷമുള്ള ദേശീയ-സാര്‍വദേശീയ രാഷ്ട്രീയ സ്ഥിതികളും തൊഴില്‍മേഖലകളുടെ സങ്കീര്‍ണ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്ന സമ്മേളനം സംഘടനാകാര്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കും. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് പൊലീസ് മൈതാനിയിലെ "എം കെ പന്ഥെ നഗറി"ല്‍ വ്യാഴാഴ്ച രാവിലെ 9.30ന് പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തും.

രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്റെ നേതൃത്വത്തിലാണ് പതാകയെത്തിക്കുക. രാവിലെ 10ന് "ദീപാങ്കര്‍ മുഖര്‍ജി ഹാളി"ല്‍ പ്രതിനിധിസമ്മേളനം പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും ഡബ്ല്യുഎഫ്ടിയു, ഐഎല്‍ഒ പ്രതിനിധികളും സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന്, മൂന്നുദിവസം റിപ്പോര്‍ട്ടിന്മേലും ഏഴിന് നാലു കമീഷനായി തിരിഞ്ഞ് വിവിധ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച. എട്ടിന് കേന്ദ്ര കമ്മിറ്റി-ഭാരവാഹി തെരഞ്ഞെടുപ്പ്. എട്ടിന് വൈകിട്ട് സമാപനറാലിയില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും. കേന്ദ്രീകരിച്ച പ്രകടനമില്ല. പൊതുസമ്മേളനത്തില്‍ ജോര്‍ജ് മാവ്റിക്കോസ്, എ കെ പത്മനാഭന്‍, തപന്‍ സെന്‍, കോടിയേരി ബാലകൃഷ്ണന്‍, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം എന്നിവര്‍ സംസാരിക്കും.
(കെ ടി ശശി)

കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ ഇന്ന് സംഗമിക്കും

കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കൊടിമര, ദീപശിഖാ ജാഥകള്‍ ബുധനാഴ്ച രാവിലെ ആരംഭിക്കും. കൊടിമരം കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ദീപശിഖ തില്ലങ്കേരി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍നിന്നുമാണ് കൊണ്ടുവരുന്നത്. ഇതോടൊപ്പം പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥയും വൈകിട്ട് കണ്ണൂരിലെത്തും. രാവിലെ ഒമ്പതിന് തേജസ്വിനിപ്പുഴയോരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊടിമരം സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ സിഐടിയു സംസ്ഥാന ട്രഷറര്‍കൂടിയായ ജാഥാലീഡര്‍ കെ എം സുധാകരനെ ഏല്‍പ്പിക്കും. ദീപശിഖ തില്ലങ്കേരി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് പി കെ ഗുരുദാസന്റെ നേതൃത്വത്തിലാണ് കൊണ്ടുവരിക.

രാവിലെ പത്തിന് രക്തസാക്ഷി സി ഗോപാലന്റെ ഭാര്യ ചിരുത ജാഥാലീഡര്‍ക്ക് ദീപശിഖ കൈമാറും. തുടര്‍ന്ന് അത്ലറ്റുകള്‍ റിലേയായി കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ ജില്ലയിലെ 102 രക്തസാക്ഷി മണ്ഡപങ്ങളില്‍നിന്ന് അനുബന്ധ ദീപശിഖകളുമുണ്ടാകും. ഇവ 18 ഏരിയാ റാലികളായി കണ്ണൂരിലെത്തി പ്രധാന ദീപശിഖാറാലിയുമായി സംഗമിക്കും. വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളും ബഹുജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ സ്വീകരണം ഏറ്റുവാങ്ങിയാകും മൂന്നു ജാഥകളും കണ്ണൂരിലെത്തുക. കൊടിമര ജാഥയും വടക്കന്‍ മേഖലയിലെ എട്ട് ഏരിയാതല ദീപശിഖാ ജാഥകളും പള്ളിക്കുന്ന് വനിതാ കോളേജ് പരിസരത്തും പതാകജാഥയും തില്ലങ്കേരിയില്‍നിന്നുള്ള പ്രധാന ദീപശിഖാജാഥയും തെക്കന്‍ മേഖലയിലെ പത്ത് ഏരിയാതല ദീപശിഖാജാഥകളും മേലേ ചൊവ്വയിലും കേന്ദ്രീകരിച്ച് നഗരത്തിലേക്കു നീങ്ങി വൈകിട്ട് അഞ്ചിന് എ കെ ജി സ്ക്വയറില്‍ സംഗമിക്കും. തുടര്‍ന്ന് ബാന്‍ഡ് സംഘത്തിന്റെയും 500 അത്ലറ്റുകളുടെയും അകമ്പടിയോടെ വര്‍ണാഭ ഘോഷയാത്രയായി താവക്കര, പ്ലാസ ജങ്ഷന്‍, സ്റ്റേഷന്‍ റോഡ്, പഴയ ബസ്സ്റ്റാന്‍ഡ് വഴി മുനിസിപ്പല്‍ സ്റ്റഡിയത്തിലെ സി കണ്ണന്‍ നഗറില്‍ പ്രവേശിക്കും.

deshabhimani 030413

No comments:

Post a Comment