Tuesday, April 23, 2013
വൈദ്യുതി പ്രസരണനഷ്ടം 2 ശതമാനം കൂടി
പ്രതിസന്ധിയും വൈദ്യുതിദൗര്‍ലഭ്യവും രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി പ്രസരണനഷ്ടം ഏറുന്നു. മീറ്റര്‍ തകരാറുകളാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ആവശ്യത്തിന് മീറ്റര്‍ ലഭ്യമാക്കാത്തതിനാല്‍ പുതിയ കണക്ഷന്‍ നല്‍കുന്നതിന് താമസവും നേരിടുന്നു. അധികൃതരുടെ അനാസ്ഥ കാരണം വൈദ്യുതി സംരക്ഷണത്തിനുള്ള "ലാഭപ്രഭ" പോലുള്ള പദ്ധതികളും പ്രഹസനമായി. രണ്ടു ശതമാനം പ്രസരണനഷ്ടമാണ് ഇപ്പോള്‍ വര്‍ധിച്ചത്. എല്‍ഡിഎഫ് ഭരണത്തില്‍ പ്രസരണനഷ്ടം 15 ശതമാനമാക്കി കുറച്ചും മികച്ച കാര്യശേഷി പ്രകടിപ്പിച്ചും 2009ല്‍ മികച്ച മാനേജ്മെന്റിനുള്ള ദേശീയ അവാര്‍ഡ് കേരളം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രസരണനഷ്ടം 17 ശതമാനമാണ്. മീറ്റര്‍ തകരാറുകള്‍ വര്‍ധിക്കുമെന്നതിനാല്‍ നഷ്ടം ഇനിയും ഏറും. നേരത്തെ 21 ശതമാനത്തോളമുണ്ടായിരുന്ന പ്രസരണനഷ്ടമാണ് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 15 ശതമാനത്തില്‍ എത്തിച്ചത്.
സംസ്ഥാനത്ത് ഏതാണ്ട് 20 ലക്ഷത്തോളം ഉപയോക്താക്കളുടെ മീറ്റര്‍ കേടാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു. കേടായ ഒരു മീറ്ററും മാറ്റിനല്‍കേണ്ടെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. പുതിയ കണക്ഷന് വേണ്ടിയുള്ള മീറ്റര്‍പോലും ആവശ്യത്തിനു ലഭ്യമാക്കുന്നില്ല. ത്രീഫേസ് മീറ്ററുകളാകട്ടെ നല്‍കുന്നേയില്ല. നിലവില്‍ കേടായ മീറ്ററുകളുള്ളവര്‍ക്ക് അവരുടെ മുന്‍മാസത്തെ ബില്‍ത്തുകതന്നെ രേഖപ്പെടുത്തി നല്‍കുകയാണ്. തകരാറായ മീറ്റര്‍ മാറ്റിനല്‍കാത്തത് വൈദ്യുതി ഓഫീസുകളില്‍ പലപ്പോഴും ഉപയോക്താക്കളും ജീവനക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനും വഴിയൊരുക്കുന്നു.
മീറ്റര്‍ ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് പുതിയ കണക്ഷന്‍ നല്‍കാന്‍ കുറഞ്ഞത് രണ്ടു മാസമെങ്കിലും എടുക്കുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. എല്‍ഡിഎഫ് കാലത്ത് അപേക്ഷിച്ച് രണ്ടുദിവസത്തിനകം കണക്ഷന്‍ നല്‍കിയിരുന്ന സ്ഥാനത്താണിത്. രോഗികള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യമായി കണക്ഷന്‍ നല്‍കുന്നതും ഇല്ലാതാക്കി. ഏതാണ്ട് മുപ്പതിനായിരത്തിലേറെ പുതിയ അപേക്ഷകളാണ് കണക്ഷനുവേണ്ടി കെട്ടിക്കിടക്കുന്നത്. ഒരു സെക്ഷന്‍ ഓഫീസില്‍ പുതിയ കണക്ഷന് 50 മീറ്റര്‍ ആവശ്യമുണ്ടെങ്കില്‍ കിട്ടുന്നത്് ഏറിയാല്‍ 30 എണ്ണം മാത്രമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ത്രീഫേസ് കണക്ഷന് അതുപോലും നല്‍കുന്നില്ല. പലേടത്തും ഉപയോക്താക്കളെക്കൊണ്ടുതന്നെ പുറത്തുനിന്ന് മീറ്റര്‍ വാങ്ങിപ്പിക്കുകയാണ്. ഇതാകട്ടെ പെട്ടെന്ന് കേടാവുന്നതിനാല്‍ ഇവര്‍ക്കും വൈദ്യുതി മോഷണത്തിന് അവസരമൊരുങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്നു മാറി ചുരുങ്ങിയ നാള്‍ക്കുള്ളില്‍ത്തന്നെ ബോര്‍ഡ് ഇത്രയും പ്രതിസന്ധിയിലായതിന്റെ കാരണം ദുരൂഹമാണെന്ന് വൈദ്യുതി മേഖലയിലുള്ളവര്‍ തന്നെ പറയുന്നു.
ഷഫീഖ് അമരാവതി deshabhimani 230413
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment