Tuesday, April 23, 2013

ഓപ്പണ്‍ സ്കൂള്‍ സോഫ്റ്റ് വെയര്‍ നിര്‍മാണം സ്വകാര്യ ഏജന്‍സിക്ക്


സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷനുള്ള സോഫ്റ്റ്വെയര്‍ നിര്‍മാണചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറി. ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സിക്കാണ് സോഫ്റ്റ്വെയര്‍ നിര്‍മാണത്തിന്റെയും അറ്റകുറ്റപ്പണിയുടെയും ചുമതല കൈമാറിയത്. നിലവില്‍ ഐടി@സ്കൂളും സി-ഡിറ്റുമാണ് ഓപ്പണ്‍ സ്കൂള്‍ സോഫ്റ്റ്വെയര്‍ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുന്നത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെ വീണ്ടും ചുമതല ഏല്‍പ്പിച്ചാല്‍ ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനം മലപ്പുറത്തേക്ക് മാറ്റുന്നതിന് തടസ്സമാകും. ഇത് മറികടക്കാനാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. പരീക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ജീവനക്കാരനാണ് ഇടനിലക്കാരനായത്.

2009 മുതലാണ് ഓപ്പണ്‍സ്കൂളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബാങ്ക് പരീക്ഷാഭവനില്‍നിന്ന് ശേഖരിച്ചശേഷമാണ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെത് തരംതിരിച്ചെടുക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം 2009 മാര്‍ച്ച് മുതല്‍ ഇതുവരെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ സ്വകാര്യഏജന്‍സിയുടെ കൈകളിലെത്തും. എന്‍ട്രന്‍സ് പരിശീലനക്ലാസുകള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമംവഴി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. സംസ്ഥാന വിവരാവകാശ കമീഷന്‍ ഇടപെട്ടാണ് തടഞ്ഞത്. സ്വകാര്യ മാനേജ്മെന്റ് സ്കൂളില്‍നിന്നും ഓപ്പണ്‍സ്കൂളിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥന്‍ സ്വകാര്യസ്ഥാപനത്തിന് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതുസംബന്ധിച്ച പരാതി നിലനില്‍ക്കെയാണ് പുതിയ പരിഷ്കാരം. കരാര്‍ കൈമാറ്റം രഹസ്യമായി പൂര്‍ത്തിയാക്കിയതിലും ദുരൂഹതയുണ്ട്. കമ്പനിയിലെ രണ്ട് പ്രതിനിധികള്‍ കഴിഞ്ഞദിവസം ഓപ്പണ്‍സ്കൂള്‍ ആസ്ഥാനത്തെത്തി സോഫ്റ്റ്വെയറിന്റെയും ഡാറ്റാ ബാങ്കിന്റെയും വിവരങ്ങളുടെ പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. 2013-15 ബാച്ചിന്റെ രജിസ്ട്രേഷന്‍ ജൂണില്‍ ആരംഭിക്കുന്നതിന് മുമ്പ് സോഫ്റ്റ്വെയര്‍ പരിഷ്കരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

deshabhimani 230413

No comments:

Post a Comment